Sunday, April 28, 2024

ad

Homeഗവേഷണംഉയരട്ടെ ഗവേഷണാത്മകത പൊതുബോധം

ഉയരട്ടെ ഗവേഷണാത്മകത പൊതുബോധം

ആരതി രാജൻ

കേരളസർവ്വകലാശാല 2023 ജൂൺ മാസം 19 മുതൽ 22 വരെ നടത്തിയ റിസേർച്ചേഴ്‌സ് ഫെസ്റ്റ് പൊതുജനങ്ങൾക്കിടയിലും ഗവേഷണ തത്പരരായി പഠനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികൾക്കിടയിലും വിജ്‍ഞാനത്തിന്റെയും അവബോധത്തിന്റെയും വാതായനങ്ങൾ തുറന്നിടുകയാണ്. ഗവേഷണം എന്നതിനെ സംബന്ധിച്ചു നിലനിന്നുപോരുന്ന മുൻധാരണകളെ തിരുത്തിക്കുറിക്കുന്ന രീതിയിലാണ് ഗവേഷകോത്സവം സംഘടിപ്പിച്ചത്. ജൂൺ 19ന്‌ ഡി.ആർ.ഡി.ഒ എയ്‌റോനോട്ടിക്കൽ വിഭാഗം ഡയറക്ടർ ജനറൽ ശ്രീമതി ടെസ്സി തോമസ് ഉദ്‌ഘാടന ചടങ്ങ് നിർവഹിച്ചതോടു കൂടിയാണ് ഗവേഷകോത്സവത്തിന് ഔപചാരികമായി നാന്ദികുറിക്കപ്പെട്ടത്. പ്രഗത്ഭരും പണ്ഡിതരുമായ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് അർത്ഥവത്തായ റിസേർച്ചേഴ്‌സ് ഫെസ്റ്റ് സർവ്വകലാശാലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക സംരംഭങ്ങളിൽ ഒന്നാണ്. സർവകലാശാലയുടെ ഗവേഷണ ഫലങ്ങൾ പൊതുജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത്തരത്തിൽ ഒരു ഫെസ്റ്റ് പ്രധാനമായും സംഘടിപ്പിച്ചത്. കാലിക പ്രസക്തിയുള്ള പ്രശ്നങ്ങളിലും ഇതര വിഷയങ്ങളിലും ഗവേഷണം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതിലും ഇത് ഊന്നൽ നൽകുന്നുണ്ട്.

വിജ്‍ഞാനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും സമ്മേളനം
മൂന്നു ദിവസം നീണ്ടു നിന്ന ഗവേഷകോത്സവം കേവലം ഗവേഷണത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ടല്ല ക്രമീകരിച്ചിരുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള വിദഗ്ദ്ധർ, വ്യവസായികൾ, സാമൂഹികപ്രവർത്തകർ തുടങ്ങി അനേകം പേർ ഫെസ്റ്റിന്റെ ഭാഗമായി തീർന്നു. രണ്ടാം ദിവസം മുതൽ സംഘടിപ്പിക്കപ്പെട്ട പ്രഭാഷണ പരമ്പര ഒരു വിഷയത്തെ നൂലിഴ കീറി പരിശോധിക്കുന്ന ഒരു കൂട്ടം പ്രഭാഷകരുടെ സംഗമവേദി എന്നതിനുമപ്പുറത്തേക്ക് ഉന്നതവിദ്യാഭ്യാസരംഗത്തെ ഗൗരവമേറിയ വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യപ്പെട്ട വേദികളായി പരിണമിച്ചു എന്നതാണ് വാസ്തവം. പദ്മഭൂഷൺ പ്രൊഫ. പി. ബൽറാം, ഡോ. ശശി തരൂർ എം. പി., മുൻമന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നാകരൻ, ഡോ വി. ശിവദാസൻ എം. പി., രാഷ്ട്രീയ നിരീക്ഷകനും ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’ എഡിറ്ററും ആയ പ്രൊഫ. ഗോപാൽ ഗുരു എന്നിവർ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെ സംബന്ധിച്ചും ഗവേഷണം സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കപ്പെടേണ്ടതിനെപ്പറ്റിയും പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ഇതു കൂടാതെ നാല്പത്തിനാല് പഠനവിഭാഗങ്ങളിലായി അധ്യാപകർ പങ്കെടുത്തുകൊണ്ട് അവതരിപ്പിച്ച വിഷയാവതരണവും അറിവ് പകരുന്നതായിരുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഉതകുന്ന രീതിയിലാണ് മിക്ക പരിപാടികളും ക്രമീകരിച്ചിരുന്നത്. ഇത് കൂടാതെ ഹൈഡ്രജൻ ഉൽപ്പാദനം മുതൽ താളിയോല ഗ്രന്ഥങ്ങൾ വരെ പ്രദർശിപ്പിച്ച ഗവേഷക ഗാലറിയും ഫെസ്റ്റിലെ കൗതുക കാഴ്ചയായി മാറി. വായനദിനത്തിനു മാറ്റേകിക്കൊണ്ട് ക്യാമ്പസ്സിലെ മുഖ്യവേദിക്ക് സമീപമായി നടന്ന ‘‘ഹൈറ്റ്സ്” പുസ്തകോത്സവവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഫെസ്റ്റിന്റെ ഭാഗമായി നടന്ന റിസർച്ച് ആൻഡ് ഡെവലെപ്മെന്റ് പ്രദർശനം വൈദഗ്ധ്യത്തിന്റെ വേറിട്ട നേർക്കാഴ്ചയായി. ഇന്ത്യൻ സൈന്യത്തിന്റെ വിവിധ റൈഫിളുകൾ, ഗ്രനേഡുകൾ, ലോഞ്ചറുകൾ തുടങ്ങിയവ, കേരള സ്റ്റാർട്ടപ്പ് മിഷൻ, വി. എസ്. എസ്. സി, സെൻട്രൽ മറൈൻ ഫിഷറീസ്, ചലച്ചിത്ര അക്കാദമി, അഗ്നിശമന സേന, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പുരാവസ്തു വകുപ്പ്, ഇന്ത്യൻ എയർഫോഴ്സ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങളുടെ പ്രദർശനം എന്നിവ ഒരുക്കിയിരുന്ന ആർ & ഡി പ്രദർശനം ജൂൺ 19ന് രാജ്യസഭാ എം. പി. എ. എ. റഹീം ആണ് ഉദ്‌ഘാടനം ചെയ്തത്. നവീന സംരംഭകരേയും ബിസിനസ് മേഖലയിലേക്ക് നീങ്ങാൻ താൽപ്പര്യപ്പെടുന്ന യുവത്വങ്ങളേയും ഏറെ ആകർഷിക്കുന്ന തരത്തിൽ സംഘടിപ്പിച്ച ഇൻഡസ്ട്രീസ് മീറ്റ്, ഫെസ്റ്റിന്റെ മറ്റൊരു വലിയ പ്രത്യേകത ആയിരുന്നു. ഇരുപതിലേറെ വ്യവസായിക സംരംഭകർ തങ്ങളുടെ നേട്ടങ്ങൾ വിശദീകരിച്ചു. സർവകലാശാലാ ഗവേഷണങ്ങളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ഇൻഡസ്ട്രിയൽ മീറ്റിന്റെ പ്രധാന ഉദ്ദേശ്യം. ഇൻഡസ്ട്രിയൽ മീറ്റിന്റെ ഉദ്‌ഘാടനം ജൂൺ 21ന് മന്ത്രി പി.രാജീവ് നിർവഹിച്ചു. ഇതോടൊപ്പം തന്നെ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

‘ഒപ്പം’ ഒരു കൈത്താങ്ങാകുമ്പോൾ
സർവകലാശാല ഫെസ്റ്റിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കാണി, മണിതൂക്കി ആദിവാസി വിഭാഗങ്ങൾ സോഷ്യോളജി ഡിപ്പാർട്മെന്റിന്റെ ‘ഒപ്പം’ പദ്ധതിയുടെ സഹായത്തോടെ തുടങ്ങിയ സ്റ്റാർട്ടപ്പിന്റെയും ഈറ-, മുള ഉൽപ്പന്നങ്ങളുടെ വിപണനത്തിന്റെയും ഉദ്‌ഘാടനം. ഏറെ വേറിട്ടതും അവബോധമുണ്ടാക്കുന്നതുമായ രീതിയിൽ സംഘടിപ്പിച്ച ഈ ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് പട്ടികജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ്.

പശ്ചിമഘട്ട വനഭാഗങ്ങളിൽ കണ്ടുവരുന്ന ആദിവാസി വിഭാഗമാണ് കാണി വിഭാഗം. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. വനത്തെയും വനസമ്പത്തിനേയും കുറിച്ച്‌ അഗാധമായ അറിവുകളുള്ള ഈ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർവകലാശാല സോഷ്യോളജി വിഭാഗം 2023 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയാണ് ‘ഒപ്പം ‘. തിരുവനന്തപുരം വിതുര പഞ്ചായത്തിലെ മണിതൂക്കിയിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മണിതൂക്കിയിലെ കാണി വിഭാഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മുളയും ഈറയും ഉപയൊഗിച്ചുകൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു. കേരള സ്റ്റേറ്റ് ബാംബൂ മിഷനിലെ വിദഗ്‌ദ്ധ പരിശീലകരുടെ സഹായത്തോടെയാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനം നൽകിയത്. സ്ത്രീകളും യുവാക്കളും വൃദ്ധജനങ്ങളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത ഈ പരിശീലന പരിപാടി നാല്പത്തിമൂന്ന്‌ ദിവസം നീണ്ടുനിന്നിരുന്നു. ഈ കാലയളവിൽ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുത്തു കൊണ്ട് അതിൽ പ്രാവീണ്യം തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞു എന്നുള്ളത് ഈ പദ്ധതിയുടെ വലിയ നേട്ടമാണ്. അതിന്റെ വിപുലീകരണം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ വിപണനമേള കേരള സർവകലാശാല കാമ്പസ്സിന്റെ സോഷ്യോളജി വിഭാഗത്തിന് സമീപമായുള്ള ചോലയിൽ ഒരുക്കിയത്.

സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സാമ്പത്തികമായ അടിത്തറ നൽകിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ‘ഒപ്പം’ പദ്ധതി പ്രവർത്തിച്ചുവരുന്നത്. സാമൂഹികമായ ഉന്നമനത്തിനു സാമ്പത്തികമായ അടിസ്‌ഥാനം പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടുത്തുക എന്നതും പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങളിൽ ഒന്നാണ്. പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പുമായി സഹകരിച്ചുകൊണ്ട് സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുവാനുള്ള സന്നദ്ധത ‘ഒപ്പം’ പദ്ധതിയുടെ സംഘാടകർ പ്രകടിപ്പിക്കുന്നത് ഏറെ ആശാവഹമാണ്.

കലാസാംസ്കാരിക വേദികൾ ഉണർന്നപ്പോൾ
അക്കാദമിക പ്രവർത്തനങ്ങൾ അനുബന്ധ പ്രദർശനങ്ങൾ എന്നിവയ്ക്കപ്പുറത്തേക്ക് വളരെ വിപുലമായ ഒരു കലാവിരുന്നു കൂടി ഗവേഷകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഫെസ്റ്റിന്റെ ഉദ്‌ഘാടനദിവസം വൈകിട്ട് മുഖ്യവേദിയിൽ സംഘടിപ്പിച്ച ഷഹബാസ് അമന്റെ സംഗീതവിരുന്ന് വൻ ജനപങ്കാളിത്തത്താൽ സമൃദ്ധമായിരുന്നു. പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടി കൂടുതൽ സജീവമാക്കി തീർത്തു. ഫെസ്റ്റിന്റെ രണ്ടാം ദിനം സർവകലാശാല വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ക്യാമ്പസ്സിന്റെ കലാസമ്പന്നമായ മറ്റൊരു മുഖം കൂടി തുറന്നുകാട്ടുകയായിരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രദർശിപ്പിക്കുന്നതിനൊപ്പം അവർക്ക് മികച്ച രീതിയിൽ തങ്ങളെത്തന്നെ തുറന്നുകാട്ടുവാനുള്ള ഒരു വേദി ഒരുക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യത്തിൽ ഏറെ പ്രാധാന്യം ഉൾക്കൊള്ളുന്നവയാണ് നാടകങ്ങൾ. ഫെസ്റ്റിന്റെ മൂന്നാം ദിവസം അവതരിപ്പിക്കപ്പെട്ട ‘രണ്ടു നക്ഷത്രങ്ങൾ ‘ എന്ന നാടകം ഏറെ ആസ്വാദ്യകരമായിരുന്നു. തൃശൂർ വള്ളുവനാട് ബ്രഹ്മ അവതരിപ്പിച്ച ഈ നാടകം മികഹാ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കത്തക്ക രീതിയിൽ ആവിഷ്‌ക്കരിക്കപ്പെട്ട ഈ നാടകം ഒരേ സമയം രസകരവും ചിന്തിപ്പിക്കുന്നതുമായിരുന്നു. ഫെസ്റ്റിന്റെ അവസാനദിവസം പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് ക്യാമ്പസ്സിനെയാകെ ആവേശത്തിലാഴ്ത്തി. നാടൻ പാട്ടിനൊപ്പം തന്നെ തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളുടെ ചെറിയ രീതിയിലുള്ള ആവിഷ്കരണവും വേദിയിൽ അരങ്ങേറി.

ഉത്സവത്തിനു കൊടിയിറങ്ങുമ്പോൾ
നാലുദിവസം നീണ്ടുനിന്ന ഗവേഷണ മാമാങ്കത്തിന് കൊടിയിറങ്ങുമ്പോൾ ചിന്തിക്കുവാനും അപഗ്രഥിക്കുവാനും ഏറെ കാര്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഗവേഷണം എന്നത് കേവലം അക്കാദമിക തലത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടുന്ന ഒന്നല്ല. ഓരോ രാജ്യത്തിന്റെയും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയിൽ ഗവേഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം തലച്ചോറും ഇതര രാജ്യങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഗവേഷണ സാദ്ധ്യതകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഗൗരവമേറിയ ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണ്. ഗവേഷണം പലരീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഗവേഷണം സാമൂഹിക നന്മയ്ക്ക് എന്ന ആശയം നാം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഗവേഷണം പൊതുജനങ്ങൾക്കുള്ളതാണ് എന്ന ധാരണയോടെ പ്രവർത്തിക്കണം എന്നാണ് ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടത്.

സർവകലാശാലകളുടെ ഗവേഷണഫലങ്ങൾ പൊതുജനങ്ങളുടെ സമക്ഷത്തിലേക്ക് തുറന്നുകൊടുക്കുന്നത് ഗവേഷണം ജനകീയവൽക്കരിക്കുന്നതിന്‌ സംബന്ധിച്ച് ഒരു വലിയ ചുവടുവെയ്പ് തന്നെയാണ്. സർവ്വകലാശാലകൾ അക്കാദമിക കേന്ദ്രങ്ങൾ എന്നതിലുപരിയായി ജനനന്മയ്ക്കു വേണ്ടി കുട്ടികളെ വാർത്തെടുക്കുവാൻ അക്ഷീണം പരിശ്രമിക്കുന്ന സ്ഥാപനങ്ങളാണ് എന്ന ബോധം ജനങ്ങളിൽ ഉണ്ടാകാൻ അത് സഹായിക്കും. ഇന്ത്യയിലെവിടെയും കാണാൻ കഴിയാത്ത തരത്തിൽ ഇത്തരത്തിലൊരു ഗവേഷകോത്സവം കേരള സർവകലാശാല സംഘടിപ്പിച്ചതിലൂടെ കേരളം ഉന്നതവിദ്യാഭ്യാസത്തിന് കല്പിച്ചുകൊടുക്കുന്ന പ്രാധാന്യത്തിന്റെ വലിപ്പം കൂടിയാണ് വെളിവാകുന്നത്. ഇതിലൂടെ ഇന്ത്യയിലുടനീളം ഗവേഷണ രംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular