കാസർകോട് ബന്തടുക്കയ്ക്കടുത്ത് സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കൊച്ചേരിയിൽ അപ്പച്ചൻ എന്നറിയപ്പെട്ടിരുന്ന അഗസ്റ്റിനെ കോൺഗ്രസുകാർ 1990 ഏപ്രിൽ 14ന് വിഷുദിനത്തിൽ കൊലക്കത്തിക്കിരയാക്കി.
ഡിവൈഎഫ്ഐയുടെയും കർഷകത്തൊഴിലാളി യൂണിയന്റെയും ബന്തടുക്ക വില്ലേജ് കമ്മിറ്റി അംഗമായിരുന്നു ഈ മുപ്പത്തിനാലുകാരൻ. അരമന പാപ്പച്ചന്റെ നേതൃത്വത്തിലുള്ള ഒരു കോൺഗ്രസ് സംഘമാണ് അപ്പച്ചനെ കൊലപ്പെടുത്തിയത്. ആസൂത്രിതമായ കൊലപാതകമായിരുന്നു അത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ആ പ്രദേശത്തുനിന്ന് ആയിടെ നിരവധി കോൺഗ്രസ് കുടുംബങ്ങൾ രാജിവെച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ഇങ്ങനെ സിപിഐ എം പക്ഷത്തേക്ക് വന്ന ഒരു കുടുംബത്തിലെ ബെന്നി എന്ന ചെറുപ്പക്കാരൻ മാർച്ച് 28നു നടന്ന ഡിവൈഎഫ്ഐയുടെ തൊഴിലില്ലായ്‌യ വിരുദ്ധ മാർച്ചിൽ പങ്കെടുത്തതോടെ കോൺഗ്രസുകാർ കൂടുതൽ പ്രകോപിതരായി. ബെന്നിയെയും കു ടുംബാംഗങ്ങളെയും തുടർന്ന് കോൺഗ്രസ് ഗുണ്ടകൾ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഏപ്രിൽ 14ന് വിഷുദിവസം രാവിലെ 10 മണിക്ക് സ്ഥലത്തെ സി പിഐ എം പ്രവർത്തകരായ, കുറ്റിക്കോൽ എൽസി അംഗം ചന്ദു, ബാഞ്ച് സെക്രട്ടറി ശശിധരൻ, അപ്പച്ചൻ എന്നിവർക്കൊപ്പം മലാംകുണ്ട് ഹരിജൻ കോളനിയിലെ സാക്ഷരതാ സർവെ പൂർത്തിയാക്കുന്നതു സംബന്ധിച്ച് പഞ്ചായത്തു മെമ്പർ കൊറ്റക നായിക്കിനെ വിളിക്കാൻ പോവുകയായിരുന്നു.
കോൺഗ്രസ് നേതാവ് അരമന പാപ്പച്ചന്റെ വീട്ടിനടുത്ത് ഈ സാക്ഷരതാ സ്ക്വാഡ് എത്തിയപ്പോൾ അവിടെ സംഘംചേർന്നിരുന്ന പാപ്പച്ചനും കൂട്ടരും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണുണ്ടായത്. സ്ക്വാഡിൽ ഉണ്ടായിരുന്ന ബെന്നി ഒരുവിധം ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. കുത്തേറ്റ് അപ്പച്ചൻ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയാണുണ്ടായത്. കുത്തേറ്റു വീണ അപ്പച്ചനെയും കല്ലേറുകൊണ്ട് പരിക്കേറ്റ ചന്തുവിനെയും ശശിധരനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അക്രമിസംഘം അനുവദിച്ചില്ല. മണിക്കൂറുകളോളം അവർ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കലിതുള്ളിനിന്ന അക്രമിസംഘം അപ്പച്ചന്റെ ശവശരീരത്തിൽ തിളച്ച വെ ള്ളം ഒഴിക്കുകപോലുമുണ്ടായി. ഒടുവിൽ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്. അപ്പച്ചൻ വിവാഹിതനായിരുന്നു. അപ്പച്ചന്റെ മരണം ഏൽപിച്ച ആഘാതത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് മാനസിക അസ്വാസ്ഥ്യം ബാധിച്ചു. ♦