“ഈ ഭ്രാന്തെന്നു പറയുമ്പോൾ ലോകത്തിലുള്ള സർവമാന സ്ത്രീ പുരുഷന്മാർക്കും ഭ്രാന്തുണ്ട്. (സോറി, സ്ത്രീജനങ്ങൾക്കില്ല. തീരെ ഇല്ല!) ഒറ്റനാക്കന്മാരായ ആണുങ്ങൾക്കെല്ലാമുണ്ട്. ശതമാനക്കണക്കിന്. എനിക്ക് തൊണ്ണൂറ്റൊമ്പതു ശതമാനവും ഉണ്ടായിരുന്നു,’
-വൈക്കം മുഹമ്മദ് ബഷീർ.
(നൂറ്റൊന്ന് നാക്കുകൾ)
ഭൂമിമലയാളത്തിൽ ബഷീറിന്റെ ശുദ്ധ സുന്ദരമായ ഭ്രാന്തിനെക്കുറിച്ച് നിരവധി കെട്ടുകഥകൾ ജനിച്ചിട്ടുണ്ട്. യാഥാർഥ്യത്തെ കെട്ടുകഥയാക്കി അവതരിപ്പിക്കുന്നതിൽ സുഖം കണ്ടിരുന്ന ബഷീർ തന്നെ തന്റെ ഭ്രാന്തിനെക്കുറിച്ച് കഥകളിലും കത്തുകളിലും കുറേ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. തന്റെ മാനസികാവസ്ഥയെ ബഷീർ ആദിപുരാതനമായ കിറുക്കെന്നും ശുദ്ധസുന്ദരമായ ഭ്രാന്ത്, മാനസികരോഗം, മനോവിഭ്രാന്തി, മനോവേദന, ഉന്മാദം എന്നിങ്ങനെ പല രീതിയിൽവിശേഷിപ്പിച്ചിട്ടുണ്ട്.
ബഷീറിന്റെ ഇത്തരം വിശേഷണങ്ങളും പ്രസ്താവനകളും സൂചിപ്പിക്കുന്നത് ഭ്രാന്തമായ ഭാവനയ്ക്കുവേണ്ടി ഭ്രാന്തലോകത്തേക്ക് സഞ്ചരിക്കാനുളള ഒരു ജീനിയസ്സായ എഴുത്തുകാരന്റെ ഉന്മത്തമായ അഭിലാഷത്തെയാണ്. മാനസികരോഗത്തിന് ആയുർവേദ ചികിത്സ നൽകിയിരുന്ന തൃശൂരിലെ പ്രസിദ്ധ വൈദ്യൻ വല്ലപ്പുഴ ഗോവിന്ദൻ നായരുടെ മനോരോഗ ചികിത്സാലയമായ “സാനിട്ടോറിയ’ത്തിൽ ചികിത്സയിൽ കഴിയുമ്പോൾ ഈ ലോകത്തേക്കു ബഷീറിന്റെ പ്രമേയ ഭാവന സഞ്ചരിച്ചിട്ടുണ്ട്. “ഭ്രാന്തലോകം’ എന്ന പേരിൽ ഒരു നോവൽ തന്നെ ബഷീർ രചിക്കുകയുണ്ടായി. ഭ്രാന്തലോകത്തെ വർത്തമാനങ്ങൾ ബഷീർ പെരുന്നതോമസിനോട് പറയുകയും തോമസ് മുന്നൂറു പേജുള്ള ഒരു തടിയൻ നോട്ടുപുസ്തകത്തിൽ ബഷീർ പറഞ്ഞതെല്ലാം കുറിച്ചെടുക്കുകയും ചെയ്തു.
എഴുതി പൂർത്തിയാക്കിയ നോവൽ ദിവസങ്ങൾ കഴിഞ്ഞ് വായിച്ചു നോക്കിയ ബഷീർ അതു വായിക്കുന്ന വായനക്കാരനും ഭ്രാന്താകുമെന്ന ഭയത്തോടെ നോവൽ നശിപ്പിക്കുകയുണ്ടായി. അത്രമാത്രം ഭ്രാന്ത് ആ നോവലിലുണ്ടായിരുന്നു, ബഷീറുമായി തമിഴ് നോവലിസ്റ്റും പ്രശസ്ത കഥാകൃത്തുമായ ശിവശങ്കരി നടത്തിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. രണ്ടായിരത്തി രണ്ടിൽ ഈ നോവലിന്റെ നേരറിയാനുള്ള അന്വേഷണ കിറുക്കിന്റെ ഭാഗമായി തൃശൂർ ചിയ്യാരത്തെ വല്ലപ്പുഴയുടെ ഭവനത്തിലുംതൃശൂരിലെ ബഷീറിന്റെ സുഹൃത്തുക്കളെയും ഈ ലേഖകൻ കണ്ടപ്പോൾ ” ഭ്രാന്തലോകം’ എന്ന നോവലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു.
ബഷീർ എന്ന ജ്ഞാനിയായ എഴുത്തുകാരൻ ഭ്രാന്തമായ ഭാവനക്കു വേണ്ടി മാനസികരോഗിയായി. ഭ്രാന്തിനെ വിഷയമാക്കി തമാശകൾ എഴുതി. ഭ്രാന്തലോകം എന്ന സാഹിത്യ സൃഷ്ടി നശിപ്പിക്കപ്പെടാതെ പ്രകാശം കണ്ടിരുന്നെങ്കിൽ ബഷീറെന്ന ഹൃദയാലുവായ കലാകാരന്റെ ഭ്രാന്തലോകത്തിലേക്കുള്ള സുന്ദരമായ അനുഭവ സഞ്ചാരമായി ഈ നോവൽ മാറുമായിരുന്നു.
ബഷീറെന്ന ജ്ഞാനിയായ എഴുത്തുകാരന് തന്റെ ഭ്രാന്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ഒരു ചികിത്സ കൂടിയായിരിക്കാം ഭ്രാന്തിനെ പ്രമേയമാക്കിയുള്ള നോവൽ രചന. ഭ്രാന്തിൽനിന്ന് ബഷീർ സ്വതന്ത്രനായപ്പോൾ ഭ്രാന്തിന്റെ ചേഷ്ടകൾ അക്ഷരങ്ങളിലൂടെ പകർത്തിയസൗന്ദര്യമുള്ള തന്റെ സാഹിത്യ നിർമിതിയും നശിപ്പിക്കേണ്ടി വന്നു.
ഫലിതംകൊണ്ട് ഭ്രാന്തിനെ നേരിട്ട ബഷീർ തന്റെ നോവൽ നശിപ്പിച്ചുവെങ്കിൽ ബഷീറിന്റെ ഭ്രാന്തിനെ പ്രമേയമാക്കി പെരുന്നതോമസ് “ഭ്രാന്ത് മോഷണം’ എന്നപേരിൽ ഒരു നോവൽ രചിച്ചിട്ടുണ്ട്. പുസ്തകരൂപത്തിലായ ഈ നോവൽ തൃശൂർ സാഹിത്യ അക്കാദമി ലൈബ്രറിയിൽനിന്ന് ഈ ലേഖകന് വായിക്കാനുള്ള ഭാഗ്യം ലഭിച്ചു.
ഏഴുലോകങ്ങൾക്കുമപ്പുറത്തുനിന്നെത്തിയ അദൃശ്യരായ കഥാപാത്രങ്ങളുമായി നിരന്തര സംഭാഷണത്തിലേർപ്പെടുന്ന ബഷീർ. കൃഷ്ണൻകുട്ടിപ്പിശാചിനേയും പാപ്പിപ്പിശാചിനേയും കൊല്ലാൻ പോഞ്ഞിക്കര റാഫിയേയുംകൂട്ടി നെട്ടൂർക്ക് പോയി മന്ത്രവാദി തങ്ങളെ കാണുകയും അറബിയിൽ മന്ത്രാക്ഷരങ്ങളെഴുതിയ കോഴിമുട്ടകളുമായി പിശാചുക്കളെ ദഹിപ്പിക്കാൻ ശ്രമിക്കുന്നതുമായ രസകരമായ കാര്യങ്ങളാണ് പെരുന്ന തോമസ്സിന്റെ ഭ്രാന്ത് മോഷണത്തിലുള്ളത്.
“സാഹിത്യകാരൻ കത്തിക്കൊണ്ടിരുന്ന ബീഡി ബലമായി അമർത്തിപ്പിടിച്ചു. അത്ഭുതം!! ബീഡി വായ്ക്കുള്ളിൽ. “പുസു’ “പുസു’ എന്ന് പുകവിട്ടുകൊണ്ട് വാതുറക്കുമ്പോൾ ഒരു കേടുമില്ലാതെ ബീഡി വായ്ക്കുള്ളിൽ കത്തിക്കൊണ്ടിരിക്കും’.
മനോനില തെറ്റിയ അവസ്ഥയിൽ ഇങ്ങനെ കുറേ ലൊട്ടുലൊടുക്ക് വേലകൾ ബഷീർ കാഴ്ചവെയ്ക്കും. കത്തുന്ന ബീഡി ആട് പ്ലാവില ചവച്ചരയ്ക്കുന്നതു പോലെ ചുണ്ടും കവിളും മനോഹരമായി ചലിപ്പിച്ച് ചവച്ചുതിന്നും. അപ്പോൾ ബീഡിയുടെ തുമ്പിലെ തീവെട്ടം ഒരു ചുവന്ന രത്നക്കട്ടപോല ചലിക്കും. ഇത്തരം ചെപ്പടിവിദ്യകളൊക്കെ ഭ്രാന്തിന്റെ അവസ്ഥയിൽ ബഷീർ കാഴ്ചവെയ്ക്കും.
ജിന്നുകൾ തന്നെ ആക്രമിക്കാൻ വരുമെന്ന ഭയമാണ് ചില ഘട്ടങ്ങളിൽ ബഷീറിനെ ഉന്മാദത്തിന്റെ അവസ്ഥയിലെത്തിക്കുന്നത്. ആത്മരക്ഷക്കായി അപ്പോഴെല്ലാം ബഷീർ തന്റെ സ്ഥിരം സ്റ്റൈലൻ കത്തി കൈയിലെടുത്ത് അലറും:
“നിന്നെ ഞാൻ കാച്ചിക്കളയും…….. ഓർത്തോ’
ചിലപ്പോൾ ബഷീറിന്റെ മുറി യരുശലേം തെരുവായി മാറും. അദൃശ്യരായ കുട്ടികൾ കുരുത്തോലയും പിടിച്ച് ഓശാന പാടി മലകയറും. അവർക്ക് നടുവിൽ മല കയറാൻ ഒപ്പം കൂടുന്ന ബഷീർ. ഇതിന് ബഷീറിയൻശൈലിയിൽ യറൂശ്ശലേം കൂടുക എന്നാണ്.
ബഷീറിന്റെ ഇത്തരം ഭ്രാന്തൻ കാഴ്ചകൾ പെരുന്ന തോമസിന്റെ നോവലിൽ നാടകഭാഷണങ്ങളായി ധാരാളമുണ്ട്. ബഷീറിന്റെ ഭ്രാന്തു ചികിത്സാക്കാലത്ത് ഒപ്പം സഹായിയായി ഉണ്ടായിരുന്ന സാഹിത്യകാരനാണ് പെരുന്ന തോമസ്. ബഷീർകൃതിപോലെ ഒറ്റ ഇരുപ്പിൽ രസകരമായി വായിക്കാവുന്ന നോവലാണ് ഭ്രാന്ത് മോഷണം.
1954ലാണ് ബഷീറിന് ആദ്യമായി മനോവിഭ്രാന്തിവരുന്നത്. കുഴഞ്ഞുമറിഞ്ഞ ചിന്തകളും ഉറക്കമില്ലായ്മയും എല്ലാറ്റിനോടുമുള്ള വെറുപ്പും ഭീകരസ്വപ്നങ്ങൾ നിറഞ്ഞ ഇരുട്ടും ആകെയുള്ള സംഭ്രമവും കൊണ്ട് മനോവിഭ്രാന്തി വന്ന ബഷീറിനെ സുഹൃത്തുക്കൾ തൃശൂരിലെ മനോവിദഗ്ധൻ വല്ലപ്പുഴ ഗോവിന്ദൻനായരുടെ മനോരോഗചികിത്സാലയത്തിലെത്തിക്കുന്നു. ആദ്യം മിഷൻ ക്വാർട്ടേഴ്സിനു സമീപത്തായിരുന്നു സാനിട്ടോറിയം. ഇവിടെയാണ് ബഷീർ 1954-ൽ ആദ്യം എത്തുന്നത്. ചിയ്യാരത്ത് പുതിയ കെട്ടിടം പണിതപ്പോൾ ബഷീറിനെ ചിയ്യാരത്തേക്കു മാറ്റുകയുണ്ടായി. വല്ലപ്പുഴയുടെ സാനിട്ടോറിയത്തിലെ ചികിത്സാരീതികളെക്കുറിച്ചു ബഷീർ “പാത്തുമ്മയുടെ ആടി’ലെ മുഖവുരയിൽ പറയുന്നുണ്ട്.
ബഷീറിന്റെ ഭ്രാന്തുകളെ ഡോ.എം.എം.ബഷീർ “ഭ്രാന്തുകൾ, ഗർത്തങ്ങൾ’ എന്ന ഓർമക്കുറിപ്പിൽ എഴുതിയതു പോലെ “കാര്യകാരണബന്ധത്തോടു കൂടി, യുക്തിഭദ്രതയോടു കൂടി കൂട്ടിയിണക്കാനോ വിശകലനം ചെയ്യാനോ വ്യാഖ്യാനിക്കാനോ വിഷമമാണ്. ശരിക്കും ബഷീർ ഒരു സൂഫി മട്ടുകാരൻതന്നെയാണ്’. ♦