Saturday, June 22, 2024

ad

Homeമാധ്യമംമഴ ഉണ്ട്, മഴ ഇല്ല: എന്താണ് സത്യം ‘സ്‌കൂപ്' അത് പറയുന്നു

മഴ ഉണ്ട്, മഴ ഇല്ല: എന്താണ് സത്യം ‘സ്‌കൂപ്’ അത് പറയുന്നു

ആർ പാർവതി ദേവി

നെറ്റ്ഫ്ലിക്സിൽ ആറ് എപ്പിസോഡുകളിലായി വന്നുകൊണ്ടിരിക്കുന്ന സ്‌കൂപ് എന്ന പരമ്പര സത്യാനന്തരകാലത്തെ മാധ്യമ ലോകത്തെ കൃത്യമായി ചിത്രീകരിക്കുന്നു. മൂല്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ആവശ്യമാണ് എന്ന് കരുതുന്ന വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗത്തിന്റെ പ്രതിനിധിയാണ് പരമ്പരയിലെ ഇമ്രാൻ എന്ന പത്രാധിപർ. അദ്ദേഹത്തിന്റെ ഒരു പ്രയോഗമാണ് ശ്രദ്ധേയം . “ഒരാൾ മഴ ഉണ്ടെന്നും മറ്റൊരാൾ മഴ ഇല്ലെന്നും പറയുമ്പോൾ ഇത് രണ്ടും പ്രസിദ്ധീകരിക്കുകയല്ല മാധ്യമ പ്രവർത്തകരുടെ ധർമം. ജനാലയിലൂടെ നോക്കി അതിന്റെ സത്യം ജനങ്ങളോട് പറയുകയാണ് വേണ്ടത്’. സ്‌കൂപ് ഇതാണ് പറയാൻ ശ്രമിക്കുന്നത്.

ഊഹാപോഹങ്ങളും ഭാവനയും പൈങ്കിളിയും ചേർത്ത് മസാല പരുവത്തിൽ വാർത്തകൊടുക്കുന്ന പത്രപ്രവർത്തന രീതിയോടുള്ള വിമർശനമായും സ്‌കൂപ്പിനെ കാണാം. വസ്തുതകളുടെ പിൻബലമില്ലാതെ തെറ്റായ വിവരങ്ങൾ ആധികാരികമായി പടച്ചുവിടുന്ന ഇന്നത്തെ സെൻസേഷണൽ രീതിയെ ചിത്രം വിമർശനവിധേയമാക്കുന്നു. വ്യക്തിയുടെ സ്വകാര്യതയ്ക്ക് തെല്ലും വിലകൽപ്പിക്കാതെ ക്യാമറയുമായി ആക്രമിക്കുന്നത് ഒരു കുടുംബത്തെ മുഴുവൻ ആണ്. ഒരാൾ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിക്കപ്പെടുംവരെ ആ വ്യക്തി നിരപരാധിയാണെന്ന അടിസ്ഥാന മനുഷ്യാവകാശതത്വം മാധ്യമങ്ങൾ ബോധപൂർവം വിസ്മരിക്കുന്നതാണല്ലോ നടപ്പുരീതി.

ഒരു പത്രപ്രവർത്തക തന്നെ മാധ്യമങ്ങളുടെ വേട്ടയാടലിനു ഇരയായ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഹൻസാൽ മേത്ത പരമ്പര തയാറാക്കിയിരിക്കുന്നത് . 2011 ൽ സഹ പത്രപ്രവർത്തകനായ ജ്യോതിർമൊയ് ദേ യുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മിഡ് ഡേ എന്ന പത്രത്തിന്റെ ക്രൈം റിപ്പോർട്ടർ ജിഗ്‌ന വോറയെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലാക്കി. എട്ടു മാസത്തെ തടവിനുശേഷം കുറ്റവിമുക്തയായി അവർ പുറത്ത് വന്നു. ‘Behind The Bars In Byculla: My Days In Prison’ എന്ന ജിഗ്നയുടെ പുസ്തകം ആണ് സ്കൂപ്പിന്റെ അടിസ്ഥാനം.

സ്കൂപ്പിൽ കരിഷ്മ ടന്ന ആണ് ജാഗൃതി പഥക് എന്ന ക്രൈം റിപ്പോർട്ടർ ആയി തന്റെ ഭാഗം ഗംഭീരമാക്കിയത്. പത്രപ്രവർത്തക എന്ന നിലയിൽ വിജയിക്കുന്നതിനു വേണ്ടിയുള്ള തത്രപ്പാടുകൾക്കിടയിൽ ആകസ്മികമായാണ് ജാഗൃതി കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നത്. പോലീസും മാഫിയയും മാധ്യമലോകവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥ കൂടിയായി സ്‌കൂപ് മാറുന്നു. മാധ്യമപ്രവർത്തനം ബിസിനസ് ആണ് എന്ന് മുതലാളിമാർ നിരന്തരം ഓർമിപ്പിക്കുന്നു. അതിനായി എന്ത് തന്ത്രം പയറ്റിയും പിടിച്ചുനിൽക്കണം. അതിനൊപ്പം നില്ക്കാൻ തയാറാകുന്ന മാധ്യമപ്രവർത്തകർക്കു മാത്രമേ തന്റെ തൊഴിലിൽ തുടരാൻ കഴിയുന്നുള്ളൂ. ജാഗൃതിയുടെ കീഴിൽ പരിശീലനം നേടിയ ജൂനിയർ തന്നെ ജാഗൃതിയെ കുഴിയിൽ ചാടിക്കുന്നു. പോലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ താത്പര്യത്തിനായി പത്രപ്രവർത്തകരെ ഉപയോഗിക്കുന്നു. അവരുടെ കരുക്കളായി മാറുന്ന പത്രപ്രവർത്തകരെ കേരളത്തിലും കാണാറുണ്ട്.

മറ്റൊരു പത്രത്തിലെ ക്രൈം റിപ്പോർട്ടർ ആയ ജയ്‌ദേബ് സെന്നിനെ (ദാദ) കൊലചെയ്യുവാൻ ഛോട്ടാ രാജൻ എന്ന മാഫിയ തലവന് സഹായം ചെയ്തു കൊടുത്തു എന്നാണ് ജാഗൃതിയെക്കുറിച്ചുള്ള ആരോപണം. പോലീസും മാഫിയയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാനുള്ള ഉള്ള അടവ്. ജാഗൃതിയുടെ അസൂയാവഹമായ വളർച്ചയിൽ അസ്വസ്ഥരായ സഹപ്രവർത്തകരും അവൾക്കെതിരെ വാർത്ത കൊടുക്കാൻ മുന്നിട്ടു നിൽക്കുന്നു. ജാഗൃതിയോട് അനുഭാവപൂർവമായ സമീപനം എഡിറ്റർ ആയ ഇമ്രാന് മാത്രമാണ്.ഇമ്രാന് ജീവൻ നൽകിയ മുഹമ്മദ് സീഷൻ അയൂബ് ആണ് സ്കൂപ്പിലെ താരം .ധാർമികത മാധ്യമപ്രവർത്തനത്തിന് അന്യമല്ലെന്ന് ഇമ്രാൻ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്.

എട്ടുമാസത്തെ തടവ് ജാഗൃതിക്ക് പുതിയ അവബോധം നൽകുന്നു. ദാദയെ കൊന്നില്ലെങ്കിലും ജേർണലിസത്തെ താൻ കൊലചെയ്തു എന്ന് അവൾ തിരിച്ചറിയുന്നു. സ്ത്രീ എന്ന നിലയിലുള്ള അപവാദ പ്രചാരണത്തിന്റെയും ഇര ആയി ജാഗൃതി മാറുന്നു . ഛോട്ടാ രാജന്റെ കാമുകിയായി പത്രങ്ങൾ അവളെ ചിത്രീകരിക്കുന്നു. 36 തവണ ഇവർ പരസ്പരം സംസാരിച്ചുവെന്നാണ് കുറ്റപത്രം . (യഥാർത്ഥത്തിൽ ഒരൊറ്റ തവണ മാത്രമാണ് ജാഗൃതി രാജനുമായി ഫോണിൽ സംസാരിച്ചത്).

കോടതിയും ജയിലും അല്പം കൂടുതൽ നാടകീയമാക്കിയിട്ടുണ്ടെങ്കിലും നിയമവ്യവസ്ഥയുടെ പരിമിതികളും മനുഷ്യാവകാശ ലംഘനങ്ങൾ തുടർ കഥയാകുന്ന ഇന്ത്യൻ ജയിലുകളും ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണ്.

സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനത്തിന്റെ അശ്‌ളീല മുഖം ധീരമായി അനാവരണം ചെയ്ത ഹൻസൽ മേത്ത അഭിനന്ദനം അർഹിക്കുന്നു. ചിലർക്കെങ്കിലും ഈ പരമ്പര കാണുമ്പൊൾ സ്വയം ലജ്ജിക്കാതിരിക്കാനാവില്ല. മറ്റു ചിലർക്ക് പ്രതീക്ഷയും. ആദർശം എന്നത് പറഞ്ഞുതേഞ്ഞ, അർത്ഥരഹിതമായ ഒന്നായി വിസ്മൃതിയിലേക്ക് പോയിട്ടില്ല എന്ന പ്രതീക്ഷ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular