Friday, October 18, 2024

ad

Homeമാധ്യമംടെലിവിഷൻ വാർത്ത അരങ്ങിലും അണിയറയിലും

ടെലിവിഷൻ വാർത്ത അരങ്ങിലും അണിയറയിലും

കെ വി സുധാകരൻ

ഇംഗ്ലീഷ്‌ വാർത്താ ചാനലുകൾക്ക്‌ പ്രായേണ ദീർഘമായ ചരിത്രമുണ്ടെങ്കിലും, മലയാളത്തിൽ ഇതിന്റെ സാന്നിധ്യമുണ്ടായിട്ട്‌ കേവലം രണ്ടു പതിറ്റാണ്ടുമാത്രമേ ആയിട്ടുള്ളൂ. 1936ൽ ബിബിസി പ്രവർത്തിച്ചു തുടങ്ങിയെങ്കിലും, 2003 ആകുമ്പോഴാണ്‌ മലയാളത്തിൽ മുഴുവൻസമയ വാർത്താചാനൽ യാഥാർഥ്യമാക്കിക്കൊണ്ട്‌ ഇന്ത്യാ വിഷൻ ന്യൂസ്‌ ചാനൽ പ്രവർത്തനമാരംഭിച്ചത്‌. ആധുനിക ശാസ്‌ത്ര‐സാങ്കേതികരംഗങ്ങളിലുണ്ടായ അത്ഭുതകരമായ കുതിച്ചുചാട്ടങ്ങളുടെ ഫലമായി മലയാള വാർത്താ ചാനലുകളുടെ പ്രവർത്തനം വിസ്‌മയകരമായി മുന്നേറുകയാണ്‌.

കെന്നഡിവധവും ടെലിവിഷൻ അവതരണവും
വാർത്തകളും വാർത്താധിഷ്‌ഠിത പരിപാടികളും മുഴുവൻസമയവും സംപ്രേഷണം ചെയ്‌ത്‌ പ്രേക്ഷകരെ ആകർഷിക്കാമെന്ന്‌ ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത്‌ 1963 നവംബർ 22നുണ്ടായ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡി കൊല്ലപ്പെട്ട സംഭവമാണ്‌. ഇതേപ്പറ്റി വിശ്രുത മാധ്യമപ്രവർത്തകയും അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലെ റെയ്‌മണ്ട്‌ വില്യംസ്‌ കമ്യൂണിക്കേഷൻ അധ്യക്ഷയുമായ പ്രൊഫ. ബാർബി സെലിസെർ (Prof. Barbie Zelizer) എഴുതിയിട്ടുണ്ട്‌. വളരെ ചുരുക്കം ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ടെലിവിഷൻ സ്‌റ്റേഷനുകൾ മാത്രമുള്ള കാലമായിരുന്നു അത്‌. സിബിഎസ്‌ ന്യൂസിന്റെ വിശ്രുത അവതാരകൻ വാൾട്ടർ ക്രോൺകൈറ്റാണ്‌ (Walter Cronkite) നവംബർ 22ന്‌ സെൻട്രൽ സ്‌റ്റാൻഡേർഡ്‌ സമയം ഒരുമണിക്ക്‌ നടന്ന കൊലപാതകവാർത്ത ബ്രേക്കിംഗ്‌ ന്യൂസായി അവതരിപ്പിച്ചത്‌. ഇതേത്തുടർന്നുള്ള നാലുദിവസം തുടർച്ചയായി അമേരിക്കയിലെ ചാനലുകളായ സിബിഎസ്‌, എൻബിസി, എബിസി എന്നിവ തത്സമയ വാർത്താവതരണമാണ്‌ നടത്തിയത്‌. മറ്റൊരു വാർത്തയ്‌ക്കും ചാനലുകൾ ഇടംനൽകിയില്ല. പരസ്യങ്ങളുടെ സംപ്രേഷണംപോലും പൂർണമായും ഒഴിവാക്കി. അന്ന്‌ അമേരിക്കയിലെ ചാനലുകൾ കേവലം 15 മിനിറ്റുമാത്രം വാർത്തകൾക്കായി നീക്കിവയ്‌ക്കുന്ന ഘട്ടത്തിലാണ്‌ നാലുദിവസം തുടർച്ചയായി കെന്നഡി വധവുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം സംപ്രേഷണം ചെയ്‌തത്‌. കെന്നഡിയെ പ്രവേശിപ്പിച്ച പാർക്ക്‌ലാൻഡ്‌ സ്‌മാരക ആശുപത്രി (Parkland Memorial Hospital)യിലെ ദൃശ്യങ്ങളിൽ തുടങ്ങി, കൊലയാളി ലീ ഹാർവെ ഓസ്‌വാൾഡി (Lee Harvey Oswald)നെ പൊലീസ്‌ പിടികൂടിയതും, രണ്ടാംദിവസം വെടിവെച്ചുകൊന്നതും, കെന്നഡിയുടെ വിലാപയാത്രയും, തുടർന്ന്‌ വൈസ്‌ പ്രസിഡന്റായിരുന്ന ലിൻഡൻ ബി ജോൺസൺ (Lindon. B. Johson) പ്രസിഡന്റായി സ്ഥാനമേറ്റതും നവംബർ 25ന്‌ വെർജീനിയയിലെ ആർലിംഗ്‌ടൺ നാഷണൽ സെമിത്തേരി (Arlington National Cemetry)യിൽ സംസ്‌കാരം നടന്നതുംവരെയുള്ള സംഭവങ്ങളെല്ലാം വാങ്‌മയവിവരണമായി ചാനലുകൾ സംപ്രേഷണം ചെയ്‌തു. നാലുദിവസം ഇടതടവില്ലാതെ നടത്തിയ ഈ സംപ്രേഷണം അമേരിക്കൻ ജനതയുടെ 96 ശതമാനവും കണ്ടുവെന്നാണ്‌ പിന്നീട്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. ടെലിവിഷൻ വാർത്തയുടെ അനിതരസാധാരണമായ സാധ്യതകളെ ഏറെ ഉയരങ്ങളിലേക്കു കൊണ്ടുപോയ ചരിത്രസംഭവമാണ്‌ കെന്നഡി വധമെന്നും ചരിത്രകാരർ നിരീക്ഷിച്ചിട്ടുണ്ട്‌.

വളരെ ചുരുങ്ങിയ കാലം (മൂന്നുവർഷത്തിൽ താഴെ) മാത്രം രാഷ്‌ട്രത്തെ നയിച്ച പ്രസിഡന്റ്‌, പ്രസിഡന്റ്‌ പദവിയിലെത്തിയപ്പോഴും, കൊല്ലപ്പെട്ടപ്പോഴും ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ്‌, (41‐ാം വയസ്സിൽ പ്രസിഡന്റായി, 44‐ാമത്തെ വയസ്സിൽ വെടിയേറ്റു മരിച്ചു) ശീതസമരകാലത്ത്‌ അമേരിക്കയെ നയിച്ച ഭരണാധികാരി എന്നീ നിലകളിലെല്ലാം അമേരിക്കൻ ജനതയ്‌ക്ക്‌ ഏറെ പ്രിയപ്പെട്ടവനായിരുന്നു ഡെമോക്രാറ്റായ ജോൺ ഫിറ്റ്‌സ്‌ജെറാൾഡ്‌ കെന്നഡി. അവർ അദ്ദേഹത്തെ ജെഎഫ്‌കെ എന്ന ചുരുക്കപ്പേരിലും, ‘ജാക്ക്‌’ എന്ന ചെല്ലപ്പേരിലും വിളിച്ച്‌ ആദരവ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, 1865ൽ എബ്രഹാം ലിങ്കനെ (അമേരിക്കയുടെ 16‐ാമത്തെ പ്രസിഡന്റ്‌) വെടിവെച്ചു കൊലപ്പെടുത്തിയപ്പോഴുണ്ടായതിനേക്കാൾ വലിയ ഷോക്കായിരുന്നു അമേരിക്കൻ ജനതയ്‌ക്ക്‌ കെന്നഡി വധം.

ഈയൊരു പശ്ചാത്തലത്തിലായിരുന്നു കെന്നഡിവധം അമേരിക്കൻ ചാനലുകൾ നാലുദിവസം തുടർച്ചയായ തത്സമയ സംപ്രേഷണത്തിലൂടെ ‘ആഘോഷമാക്കിയത്‌’. അതിൽ അന്നത്തെ വിരലിലെണ്ണൊവുന്ന ചാനലുകൾ തമ്മിലുള്ള കിടമത്സരത്തിന്റേയോ, റേറ്റിങ്‌ ലക്ഷ്യമാക്കിയുള്ള അവതരണത്തിന്റേയോ അംശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമേരിക്കൻ ജനതയ്‌ക്ക്‌ ഏറെ പ്രിയപ്പെട്ടവനായിരുന്ന കെന്നഡിയുടെ, തികച്ചും അപ്രതീക്ഷിതമായുണ്ടായ വേർപാടും, അത്‌ സൃഷ്ടിച്ച ശൂന്യതയുടെ വിങ്ങലുകളും അൽപംപോലും വിട്ടുകളയാതെ ജനങ്ങളിലേക്ക്‌ എത്തിക്കുകയെന്ന നിഷ്‌കളങ്കമായ ലക്ഷ്യമേ അന്ന്‌ അമേരിക്കൻ ചാനലുകൾക്ക്‌ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അത്രയേറെ മിതത്വവും പക്വതയും സമചിത്തതയും വെളിപ്പെടുത്തുന്നതായിരുന്നു അവയുടെ വാർത്താ സംപ്രേഷണവും. സിബിഎസ്‌ ന്യൂസിന്റെ ആർക്കൈവ്‌സിൽ ഇപ്പോഴും ലഭ്യമായ വാൾട്ടർ ക്രോംങ്കൈറ്റിന്റെ അവതരണം മാത്രം ശ്രദ്ധിച്ചാൽ ഇതു ബോധ്യപ്പെടും.

മലയാളത്തിലും ആവർത്തനം
മലയാളത്തിലും ടെലിവിഷൻ വാർത്താ ചാനലുകൾ ചരിത്രം ആവർത്തിക്കുന്നു. അമേരിക്കയിൽ ഒരു ഡസനിൽ താഴെവരുന്ന ചാനലുകൾ കെന്നഡി വധം സംബന്ധിച്ച വാർത്തകൾക്കു മുന്നിൽ ആളുകളെ പിടിച്ചിരുത്തിയതുപോലെ, ഇവിടെയും ഏകദേശം അത്രത്തോളം വാർത്താചാനലുകളാണ്‌ ഉമ്മൻചാണ്ടിയുടെ നിര്യാണവും, തുടർ സംഭവവികാസങ്ങളും മൂന്നുദിവസം ഇടതടവില്ലാതെ സംപ്രേഷണം ചെയ്‌തത്‌. വാർത്താചാനലുകളുടെ എണ്ണം പരിമിതമാണെങ്കിലും, സാങ്കേതികവിദ്യയുടെ വിസ്‌മയകരമായ സാധ്യതകൾ ഉപയോഗിച്ച്‌ ആ ജനനേതാവിന്റെ വേർപാടിന്റെ അനുഭവങ്ങൾ, അതിന്റെ സ്ഥൂല‐സൂക്ഷ്‌മ ഭാവങ്ങളിൽ ഒപ്പിയെടുക്കുകയും, അവയുടെ തത്സമയ തുടർ സംപ്രേഷണത്തിലൂടെ ജനങ്ങളെ വശീകരിക്കപ്പെട്ട മാനസികാവസ്ഥയിൽ മൂന്നു രാപകലുകളിൽ നിർത്തുകയും ചെയ്‌തു. ഉമ്മൻചാണ്ടി എന്ന നേതാവിനു നൽകിയ ആദരവിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കുകയല്ല, ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്‌ വാർത്താചാനലുകളും വാർത്താവതാരകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങളെ തികച്ചും അക്കാദികമായി പരിശോധിക്കണമെന്നേ ഉദ്ദേശിക്കുന്നുള്ളൂ.

ജൂലൈ 18ന്‌ വെളുപ്പിന്‌ 4.30ന്‌ ഉമ്മൻചാണ്ടിയുടെ മരണവിവരം അറിഞ്ഞതുമുതൽ 21ന്‌ വെളുപ്പിന്‌ ഒരുമണിവരെ ഏകദേശം 70 മണിക്കൂറിലേറെ സമയവും, മറ്റെല്ലാ വാർത്തകൾക്കും അവധി നൽകി, ഇടവേളകളിലെ പരസ്യങ്ങൾപോലും ഒഴിവാക്കി മുഴുവൻസമയവും തത്സമയ റിപ്പോർട്ടിങ്ങും അവതരണവും നടത്തുകയാണ്‌ മലയാള ടെലിവിഷനുകൾ ചെയ്‌തത്‌. ബഹുഭൂരിപക്ഷം പത്രങ്ങളും സമാനവിധത്തിൽ ഉമ്മൻചാണ്ടിയുടെ മരണവാർത്തകൾ തന്നെയായിരുന്നു ഏറെയും അവതരിപ്പിച്ചത്‌. ഒരു രാഷ്‌ട്രീയനേതാവിന്റെ മരണം സൃഷ്ടിച്ച ദുഃഖവും വേദനയും ആവുന്നത്ര സമഗ്രതയിൽ എല്ലാ മാധ്യമങ്ങളും നൽകുകയും ചെയ്‌തു. അന്തരിച്ച നേതാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ പിന്നിട്ട വഴികളിലെ ജനങ്ങൾ എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഹൃദയത്തോടു ചേർത്തുപിടിച്ചു. വിലാപയാത്രയുടെ സഞ്ചാരപഥങ്ങളിലെ കാഴ്‌ചകൾ കേവലമായി ഒപ്പിയെടുത്തതിനൊപ്പം, ഓരോ ചാനലും തങ്ങളുടെ എക്സ്‌ക്ലൂസിവ്‌ എന്ന നിലയ്‌ക്ക്‌ അന്തരിച്ച നേതാവിനെപ്പറ്റിയുള്ള പലരുടെയും അനുഭവസാക്ഷ്യങ്ങളുടെ വിവരണവും സംപ്രേഷണം ചെയ്‌തു. ചാനൽ സ്റ്റുഡിയോകളിൽ ഇതെല്ലാം അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട അവതാരകരാകട്ടെ, വിലാപയാത്രയുടെ ദുഃഖം ഘനീഭവിച്ച ഭാവം പരമാവധി പ്രേക്ഷകരിലേക്ക്‌ സംക്രമിപ്പിക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്‌തു. മറ്റേതെങ്കിലും വിഷയത്തിലേക്ക്‌ ശ്രദ്ധതിരിക്കാൻ അവതാരകനെയോ, ക്യാമറക്കണ്ണുകളെയോ അനുവദിക്കാത്തവണ്ണം ഇക്കാര്യത്തിൽ ചാനലുകളും പത്രങ്ങളും മത്സരബുദ്ധി പ്രകടിപ്പിക്കുകയും ചെയ്‌തു. കത്തുകയും കേഴുകയും ചെയ്‌ത മണിപ്പൂരിന്റെ കണ്ണീരും ഏറെപ്പേർ കണ്ടില്ല. കൈരളി ചാനലും ദേശാഭിമാനി പത്രവും ഒഴിച്ചുനിർത്തിയാൽ, മറ്റെല്ലാ മാധ്യമക്കണ്ണുകളും ഉമ്മൻചാണ്ടിയുടെ മരണം സൃഷ്ടിച്ച അന്തരീക്ഷത്തിൽതന്നെയായിരുന്നു. അങ്ങനെ, മലയാള മാധ്യമചരിത്രത്തിലെ അപൂർവത നിറഞ്ഞ അനുഭവമായി മാറി ഉമ്മൻചാണ്ടിയുടെ മരണവും മരണാനന്തര വാർത്താസംപ്രേഷണവും.

അന്തരിച്ച നേതാവിനോടുള്ള ആദരവ്‌ മാത്രമോ?
എന്നാൽ, ഈ വാർത്താവതരണ പിന്നാന്പുറങ്ങളിലേക്കു കടക്കുമ്പോഴാണ്‌ ചാനലുകളും പത്രങ്ങളും അന്തരിച്ച നേതാവിനോടുള്ള ആദരവും സ്നേഹവും കേവലമായി പ്രകടിപ്പിക്കുക മാത്രമായിരുന്നില്ല ചെയ്‌തത്‌ എന്നും, അതിനു പിന്നിലെ മത്സരങ്ങൾക്ക്‌ സ്വന്തം ചാനലിന്റെ റേറ്റിങ്ങും, പത്രത്തിന്റെ സർക്കുലേഷനും വർധിപ്പിക്കുക എന്ന കച്ചവടക്കണ്ണുണ്ടായിരുന്നു എന്നും മനസ്സിലാകുന്നത്‌. ഏറ്റവും കൗതുകകരവും അന്പരപ്പിക്കുന്നതുമായ കാര്യം മലയാള മനോരമ പത്രവുമായി ബന്ധപ്പെട്ടു വന്ന ഫേസ്‌ബുക്ക്‌ പോസ്റ്റിലെ ഒരു പരാമർശമാണ്‌. ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ധാരാളം സ്‌പെഷ്യൽ പേജുകൾകൂടി ഉള്ളതുകൊണ്ട്‌ ‘‘കൂടുതൽ കോപ്പികൾ അയയ്‌ക്കുന്നൂവെന്നും അവസരം പരമാവധി പ്രയോജനപ്പെടുത്തണ’’മെന്നും മനോരമയുടെ സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ കുര്യൻ വി മാത്യൂസ്‌ ഏജന്റുമാർക്ക്‌ അയച്ച കത്തിലെ പരാമർശമാണ്‌ അത്‌. കണ്ണീർ വിറ്റിട്ടാണെങ്കിലും കാശുണ്ടാക്കണമെന്ന തത്വശാസ്‌ത്രത്തിന്റെ അരങ്ങുവാഴലാണിത്‌. വിൽപനസാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ എന്നും ആശ്വസിച്ചുകൊണ്ടെന്നവണ്ണം മാനേജർ ഇതിൽ പറയുന്നുമുണ്ട്‌.

‘ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏറ്റവുമധികം ആളുകൾ കണ്ടത്‌ തങ്ങളുടെ ചാനലിലൂടെയാണ്‌’ എന്നു മേനിനടിക്കുന്നതിനുവേണ്ടി ചാനൽ റിപ്പോർട്ടർമാർ നടത്തിയ തെരുവുയുദ്ധങ്ങളായിരുന്നു ഏറെ വിചിത്രം. അത്‌ പരിശോധിക്കുമ്പോഴാണ്‌ ഉമ്മൻചാണ്ടി എന്ന ജനനേതാവിന്‌ ജനങ്ങൾ നൽകിയ ആദരം അതേപടി ജനങ്ങളിലെത്തിക്കുകയെന്ന തികച്ചും നിഷ്‌കളങ്കവും വിശുദ്ധവുമായ ലക്ഷ്യമായിരുന്നോ ചാനലുകളെയും അവയുടെ റിപ്പോർട്ടർമാരെയും ഭരിച്ചത്‌ എന്നതാണ്‌ തർക്കവിഷയം.

ജൂലൈ 19ന്‌ രാവിലെ ഏഴരയോടെ തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെട്ട വിലാപയാത്ര ഒന്നരമണിക്കൂറിലേറെ പിന്നിട്ടപ്പോഴാണ്‌ മണ്ണന്തല പിന്നിട്ട്‌ അരുവിയോട്‌ ജംഗ്‌ഷനിലെത്തിയത്‌. അപ്പോൾ, മൃതദേഹം വഹിക്കുന്ന ബസിനുള്ളിൽനിന്ന്‌ ദൃശ്യങ്ങൾ പകർത്താൻ ചാനലുകളെ അനുവദിക്കാമെന്ന തീരുമാനത്തിലെത്തി. ബസിനുള്ളിൽ സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കും, കോൺഗ്രസ്‌ നേതാക്കൾക്കും അവർക്ക്‌ ഏറെ പ്രിയപ്പെട്ടതെന്നു കരുതുന്ന ഒന്നോ രണ്ടോ ചാനലുകളെ മാത്രമേ ബസിനുള്ളിൽ കയറ്റാൻ താൽപര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ചാനലുകളും ബസിൽ കയറിപ്പറ്റുക പ്രായോഗികവുമായിരുന്നില്ല. ഇങ്ങനെ വന്നപ്പോൾ ചാനൽ പ്രവർത്തകർ തമ്മിൽ അടിയായി. മൃതദേഹം കിടത്തിയിരിക്കുന്ന ബസിനുള്ളിൽനിന്ന്‌ ദൃശ്യങ്ങൾ ആദ്യം പകർത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതു തങ്ങളാണെന്ന മേനിപറച്ചിലിനുള്ള യുദ്ധമായിരുന്നു ഇത്‌. ഏതായാലും കലശലായ അടി നടന്നില്ലെന്നു മാത്രം! അഥവാ, നടന്നാൽതന്നെ ചാനലുകളും പത്രങ്ങളുമൊന്നും തങ്ങളെ ജനങ്ങൾക്കു മുന്നിൽ മോശക്കാരാക്കുന്ന കാര്യങ്ങളൊന്നും അവതരിപ്പിക്കുകയില്ല എന്നുറപ്പുള്ളതുകൊണ്ട്‌, ജനങ്ങൾ ഇതൊന്നും അറിയുകയുമില്ല. ഏതായാലും ‘സർവൈവൽ ഓഫ്‌ ദ ഫിറ്റസ്റ്റ്‌’ എന്നു പറയുന്നതുപോലെ, ബസിനുള്ളിൽ കയറിപ്പറ്റാൻ കഴിഞ്ഞത്‌ രണ്ടോ മൂന്നോ ചാനലുകൾക്കു മാത്രമാണ്‌. ബാക്കിയുള്ളവർ ഇടികൊണ്ടത്‌ മിച്ചം.

‘ഉമ്മൻചാണ്ടിയുടെ ശവമഞ്ചത്തിനടുത്തിരുന്ന്‌ റിപ്പോർട്ട്‌ ചെയ്യാനുള്ള മത്സരം സകല ഔചിത്യവും കടന്നപ്പോൾ ക്ഷമകെട്ട്‌ ജില്ലാ കോൺഗ്രസ്‌ നേതാക്കൾക്കുതന്നെ ഇടപെടേണ്ടിവന്നു’വെന്ന്‌ മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ ഫേസ്‌ബുക്കിൽ കുറിക്കുകയുണ്ടായി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മുതിർന്ന മാധ്യമപ്രവർത്തകർതന്നെ ഉന്താനും തള്ളാനും വെല്ലുവിളി നടത്താനും തയ്യാറായി. കോട്ടയം തിരുനക്കര മൈതാനിയിൽ ജില്ലാ കോൺഗ്രസ്‌ നേതൃത്വം സ്ഥാപിച്ചിരുന്ന ടെലിവിഷൻ സെറ്റുകളിൽ ഏതു ചാനലിന്റെ ദൃശ്യങ്ങളായിരിക്കണം പ്രദർശിപ്പിക്കേണ്ടത്‌ എന്നതിനെച്ചൊല്ലിയും വിവിധ ചാനൽ പ്രവർത്തകർ തമ്മിൽ തർക്കവും ബഹളവുമുണ്ടായി. കയ്യാങ്കളിയുടെ വക്കോളമെത്തിയ ചീത്തവിളി അരങ്ങേറിയതായും ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. തശ്ശൂർ പൂരമോ, നെഹ്‌റു ട്രോഫി വള്ളംകളിയോ റിപ്പോർട്ട്‌ ചെയ്യുന്ന വീറും വാശിയും കാട്ടി ഒരു ജനനേതാവിന്റെ അന്ത്യരംഗങ്ങൾ ഒപ്പിയെടുക്കാൻ പരസ്‌പരം പോർവിളി നടത്തിയ നമ്മുടെ ‘ചാനൽപ്പരുന്തുകളെ’ (മുരുകൻ കാട്ടാക്കടയോട്‌ കടപ്പാട്‌)പ്പറ്റി എന്തുപറയാനാണ്‌? ‘നടി ശ്രീദേവി ബാത്ത്‌ ടബ്ബിൽ മരിച്ചുകിടന്ന വാർത്ത ബാത്ത്‌ ടബ്ബിൽ കിടന്ന്‌ റിപ്പോർട്ട്‌ ചെയ്‌ത മാധ്യമപ്രവർത്തകന്റെ ഫോട്ടോ ഇപ്പോഴത്തെ റിപ്പോർട്ടിങ്‌ അക്രമങ്ങളുടെ പരിഹാസ്യതയെ വിമർശിക്കാൻ പോന്ന ഒന്നാണെന്നാണ്‌ ഇപ്പോഴും എന്റെ തോന്നൽ’ എന്നും ഹർഷൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നുണ്ട്‌.

ഔചിത്യമില്ലായ്‌മയും അരങ്ങത്ത്‌
ഔചിത്യമില്ലാതെയും അന്തസ്സാരശൂന്യമായും ചാനൽ റിപ്പോർട്ടർമാർ പ്രവർത്തിക്കുന്നത്‌ ഇപ്പോൾ വാർത്തപോലുമല്ലാതെയായിരിക്കുകയാണ്‌. മറ്റ്‌ പല സന്ദർഭങ്ങളിലുമെന്നതുപോലെ ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ഘട്ടത്തിലും സ്വന്തം പവർത്തനത്തിലെ ഔചിത്യമില്ലായ്‌മ ചിലരെങ്കിലും മറച്ചുവച്ചില്ല. മാതൃഭൂമി ചാനൽ റിപ്പോർട്ടർ മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീറിനോട്‌ ഉമ്മൻചാണ്ടിയെ അനുകരിച്ചു കാണിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഏതായാലും, റിപ്പോർട്ടർ സകല മര്യാദകളും ലംഘിച്ചുകൊണ്ടു നടത്തിയ പ്രകടനത്തോട്‌ എത്ര സൗമ്യമായും, ഔചിത്യത്തോടെയും, പക്വതയോടെയുമാണ്‌ ആ കലാകാരൻ പ്രതികരിച്ചതെന്ന്‌ ഈ ജനുസ്സിൽപെട്ട മാധ്യമപ്രവർത്തകർ ചിന്തിച്ചാൽ അവർക്ക്‌ നല്ലത്‌ എന്നേ പറയാൻ കഴിയൂ.

മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റുവാങ്ങിയ നടൻ ഇന്നസെന്റിന്റെ മരണവാർത്തകൾക്കിടയിൽ ‘അദ്ദേഹം വിമോചനസമരത്തിൽ പങ്കെടുത്തു’ എന്ന തീർത്തും വസ്‌തുതാവിരുദ്ധമായ വാർത്ത നൽകിയ മനോരമയും സമാനമായ ഔചിത്യമില്ലായ്‌മയും അപരാധവും പ്രകടിപ്പിച്ച്‌ വായനക്കാർക്കു മുന്നിൽ അപഹാസ്യരാവുകയായിരുന്നു. ഇനി വാദത്തിനുവേണ്ടി, ഇന്നസെന്റ്‌ വിമോചനസമരത്തിൽ പങ്കെടുത്തിരുന്നു എന്നുതന്നെ കരുതുക. അങ്ങനെയാണെങ്കിൽപോലും ആ വിശ്രുതനടന്റെ വേർപാട്‌ സൃഷ്ടിച്ച കദനഭാരത്തിനു നടുവിൽ ഇത്തരമൊരു പരാമർശം നടത്താൻ ഉളുപ്പില്ലായ്‌മ കാട്ടിയ മനോരമയെക്കുറിച്ച്‌ എന്തുപറയാനാണ്‌? പണ്ട്‌ കാളിദാസൻ പറഞ്ഞ ഒരു ശ്ലോകം ഓർത്തുപോകുകയാണ്‌.

‘‘ഇതരദോഷ ഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന
അരസികേഷു കവിത്വ നിവേദനം
ശിരസി മാലിഖ, മാലിഖ, മാലിഖ!
(ഇഷ്ടംപോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ. അവയെ ഞാൻ സഹിച്ചുകൊള്ളാം. പക്ഷേ, അരസികന്മാരെ കവിത പഠിപ്പിക്കുന്ന കാര്യം മാത്രം എന്റെ തലയിൽ എഴുതരുതേ!)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − nine =

Most Popular