Sunday, September 8, 2024

ad

Homeമാധ്യമംവാൾട്ടർ ബെഞ്ചമിൻ ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല

വാൾട്ടർ ബെഞ്ചമിൻ ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല

റൂബിൻ ഡിക്രൂസ്

‘ട്രാൻസ്അറ്റ്ലാൻറിക്’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പര- ഒരു പരിചയം

ട്രാൻസ്അറ്റ്ലാൻഡിക് (നെറ്റ്ഫ്ലിക്സിൽ വരുന്ന ഒരു മിനി ടിവി പരമ്പര) ജൂലി ഓറിങറുടെ ദ ഫ്ലൈറ്റ് പോർട്ഫോളിയോ (2019) എന്ന നോവലിനെ ആധാരമാക്കി തയ്യാറാക്കിയത്. ഏഴ് എപ്പിസോഡുകൾ. നിർമാണം അന്നാ വിൻഗെർ, ഡാനിയെൽ ഹെൻഡ്ലെർ. സംവിധാനം- സ്റ്റെഫാൻ ഷുവാട്ട്, വെറോണിക് റെയ്മോണ്ട്, മിയ മെയർ. മുഖ്യ അഭിനേതാക്കൾ- ഗില്ലിയൻ ജേക്കബ്സ്, കോറി മൈക്കൽ സ്മിത്ത്. ഏഴ് മണിക്കൂർ ദൈർഘ്യം.

രണ്ടാം ലോകമഹായുദ്ധത്തിൽ 1940 മേയ്, ജൂൺ മാസങ്ങളിൽ നടന്ന ബാറ്റ്ൽ ഓഫ് ഫ്രാൻസിൽ ഫ്രാൻസ് വീണു. ഹിറ്റ്ലർ ഷാംസ് എലീസെയുടെയും ഈഫൽ ടവറിന്റെയും മുന്നിലൂടെ മാർച്ച് ചെയ്തു. തുടർന്ന് ഫ്രാൻസിൽ അഭയം തേടിയിരുന്ന ജൂതരും ബുദ്ധിജീവികളും പലായനം തുടരാൻ വഴിതേടി. അതിനുമുമ്പ് ജർമനിയിൽ നിന്നും പോളണ്ടിൽ നിന്നും ലക്സംബർഗിൽ നിന്നും ഹോളണ്ടിൽ നിന്നുമൊക്കെ അഭയം തേടി സുരക്ഷിതമെന്നു കരുതിയ ഫ്രാൻസിൽ എത്തിയവരായിരുന്നു അവർ. അമേരിക്ക ഇവരോട് ഇരട്ടത്താപ്പാണ് കാണിച്ചത്. നാസി ജർമനിക്കെതിരായ നിലപാടല്ല, പുരകത്തുമ്പോൾ വാഴവെട്ടുന്ന രീതിയിൽ അവർക്ക് ആവശ്യമുള്ള യൂറോപ്യൻ ശാസ്ത്രജ്ഞർ, ധനികജൂതർ എന്നിവരെ സ്വീകരിക്കുകയായിരുന്നു അമേരിക്കൻ നയം. ഇതിന്റെ പേരിൽ കമ്യൂണിസ്റ്റുകാർ രക്ഷപ്പെടരുതെന്നും അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.

1935-ൽ ബെർലിനിൽ നാസികൾ യഹൂദരോട് കാണിച്ച ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച ഒരു ലിബറൽ അമേരിക്കൻ പത്രപ്രവർത്തകനായിരുന്നു വേരിയൻ ഫ്രേ, 1940 ജൂണിൽ ന്യൂയോർക്കിൽ എലീനർ റൂസ്‌വെൽറ്റിന്റെയും 200 പ്രമുഖ ബുദ്ധിജീവികളുടെയും പിന്തുണയോടെ ഫ്രേ അമേരിക്കൻ എമർജൻസി റെസ്ക്യൂ കമ്മിറ്റി (ERC) രൂപീകരിച്ചു. ഫ്രാൻസിലെ തുറമുഖനഗരമായ മാഴ്സെ (Marseille)യിൽ ഈ കമ്മിറ്റി നടത്തിയ പ്രവർത്തനത്തെക്കുറിച്ചാണ് സ്തോഭവും രോഷവും നിരാശയും പ്രതീക്ഷയുമുണർത്തുന്ന ഈ പരമ്പര. ഫ്രേയും അദ്ദേഹത്തിന്റെ അനുയായികളും നാസികളിൽ നിന്ന് 2,000-ത്തിലധികം ആളുകളെ രക്ഷിച്ചു. അവരിൽ ശ്രദ്ധേയരായ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും ഒരുകൂട്ടം ഉൾപ്പെടുന്നു, പലരും ജൂതന്മാരും ജൂത അഭയാർത്ഥികളും. അവരിൽ ഹന്ന അരെൻഡ് (ജർമനിയിൽ ജനിച്ച മതരഹിതയായ ജൂതവംശജ. അമേരിക്കൻ ചരിത്രകാരിയും രാഷ്ട്രീയ പണ്ഡിതയും. If one is attacked as a Jew, one must respond as a Jew. എന്നു പറഞ്ഞത് അന്ന അരെൻഡ് ആണ്), ആന്ദ്രേ ബ്രെട്ടൻ (ഫ്രെഞ്ച് സർറിയലിസ്റ്റ് എഴുത്തുകാരൻ.), ജാക്വലിൻ ലാംബ (ഫ്രെഞ്ച് സർറിയലിസ്റ്റ് കലാകാരി.) വാൾട്ടർ മെഹ്റിംഗ് (ജർമൻ ജൂതനായ സറ്റയർ എഴുത്തുകാരൻ.), മാക്സ് ഏണസ്റ്റ് (ജർമൻ ചിത്രകാരനും ശില്പിയും. കത്തോലിക്കകുടുംബത്തിൽ ജനിച്ചു.), ക്ലോഡ് ലെവി-സ്ട്രോസ് (ഘടനാവാദചിന്തകൻ. ജർമനിയിൽ ജൂതകുടുംബത്തിൽ ജനിച്ച മതരഹിതൻ. ഇദ്ദേഹത്തെ ഈ പരമ്പരയിൽ കാണിക്കുന്നില്ല.) എന്നിവർ ഉൾപ്പെടുന്നു. വഴിയിൽ വീണുപോയവരിൽ മാർക്സിസ്റ്റ് ചിന്തകനായ വാൾട്ടർ ബെഞ്ചമിനും. (ഇദ്ദേഹവും അവിശ്വാസിയെങ്കിലും ജൂതമതത്തിൽ ജനിച്ചയാളായിരുന്നു.)

ജൂതസഹോദരങ്ങളായ ആൽബർട്ടും ഉർസുല ഹിർഷ്മാനും ഉൾപ്പെടെയുള്ളവർ, യാത്രാ വിസ ഇല്ലാതെ അമേരിക്കയിലേക്കുള്ള ഒരു കപ്പലിൽ രക്ഷപ്പെടാൻ നടത്തുന്ന ശ്രമം പരാജയപ്പെടുന്ന ഹതാശനിറഞ്ഞ രംഗങ്ങളോടെയാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. റെസ്ക്യൂ കമ്മിറ്റി പ്രവർത്തകരായ മേരി ജെയ്ൻ ഗോൾഡും (ഒരു അമേരിക്കൻ ധനിക, അച്ഛന്റെ സമ്പാദ്യം ഈ ഉദ്യമത്തിനായി നിർലോഭം ചെലവഴിക്കുന്നു. കമ്മിറ്റിയുടെ പ്രധാന ധനസ്രോതസ്.) വേരിയൻ ഫ്രേയും ഇവരെ സഹായിക്കാൻ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. എന്നിട്ട്, അഭയാർത്ഥികളെ ലിസ ഫിറ്റ്കോ പൈറനീസ് മലനിരകളിലെ ഒരു മലമ്പാതയിലൂടെ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് സ്പാനിഷ് അതിർത്തിയിലെത്തിക്കുന്നു. (ലിസ ഫിറ്റ്കോയുടെ ഭർത്താവ് ഹാൻസ് ഫിറ്റ്കോ ഹംഗേറിയൻ ജൂത സോഷ്യലിസ്റ്റും ദീർഘകാലമായി വിവിധരാജ്യങ്ങളിൽ നാസികൾക്കെതിരായ പ്രവർത്തനത്തിൽ പങ്കെടുക്കുന്നയാളുമായിരുന്നു. ഹാൻസ് സ്പെയിൻ അതിർത്തിക്കുള്ളിൽ ഇരുന്നാണ് ലിസയുമായി ഒത്തു പ്രവർത്തിച്ചത്. ഹാൻസ് ഈ പരമ്പരയിൽ ഇല്ല. ഇവരുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയം പരാമർശിക്കപ്പെടുന്നുമില്ല.) ഉർസുല സുരക്ഷിതമായി യാത്ര തുടരുന്നു, പക്ഷേ ആൽബർട്ടും ലിസയും മാർസെയിലിലേക്ക് മടങ്ങുന്നു, മലമ്പാതയെക്കുറിച്ച് വേരിയനെ അറിയിക്കുന്നു. ഇതിനിടയ്ക്ക് കമ്മിറ്റിയുടെ പ്രധാന താമസസ്ഥലമായ ഹോട്ടൽ സ്‌പ്ലെൻഡൈഡ് പൊലീസ് റെയ്ഡ് ചെയ്യുന്നു. സ്വവർഗാനുരാഗിയായ വേരിയന്റെ പഴയ കാമുകൻ, തോമസ് ലവ്ഗ്രോവ്, തന്റെ നാട്ടുമ്പുറമാളികയായ വില്ല എയർ-ബെൽ ഒരു സുരക്ഷിത താവളമായി വാഗ്ദാനം ചെയ്യുന്നു. വാൾട്ടർ ബെഞ്ചമിൻ ഉൾപ്പെടെയുള്ള ഒരുകൂട്ടം അഭയാർഥികളെ ലിസ മലനിരകളിലൂടെ നയിക്കുന്നു. പ്രായവും ഡിപ്രഷനും കാരണം അവശനായ ബഞ്ചമിൻ കഠിനമായ മലമ്പാത കടക്കാൻ നടത്തുന്ന ശ്രമം ഈ പരമ്പരയിൽ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളാണ്. ഇനിയും മല കയറിയാലേ രാത്രി തങ്ങാനുള്ള താവളത്തിലെത്തൂ എന്ന് കേട്ട ബഞ്ചമിൻ വഴിയിൽ, തണുപ്പത്ത് ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. കറുപ്പ് കഴിച്ച് അവിടെ കിടന്നുറങ്ങിയ അദ്ദേഹം പിറ്റേന്ന് രാവിലെ തന്നെത്തേടി വന്ന ലിസയോടൊപ്പം യാത്ര തുടർന്നു. പക്ഷേ, സ്പെയിൻ അതിർത്തിയിൽ സ്പാനിഷ് പട്ടാളക്കാർ അവരെ തടഞ്ഞു. കടലാസുകൾ പരിശോധിക്കാൻ ഒരു ദിവസം തങ്ങാൻ ആവശ്യപ്പെട്ടു. സ്പെയിൻ അതിർത്തിയിലെ ഹോട്ടലിൽ തങ്ങിയ അവർക്ക് പ്രവേശനാനുമതി കിട്ടുകയും ചെയ്തു. ഈ സന്തോഷവർത്തമാനം പറയാൻ ബഞ്ചമിന്റെ മുറിയിൽ ചെന്ന ലിസ കാണുന്നത് അമിതമായി കറുപ്പ് കഴിച്ച് മരിച്ചുകിടക്കുന്ന ബഞ്ചമിനെയാണ്. സ്പെയിനിലേക്കും അതുവഴി അമേരിക്കയിലേക്കും പോകാൻ മാർക്സിസ്റ്റ് ആയ തനിക്ക് അനുമതി കിട്ടില്ലായിരുന്നു എന്ന് അദ്ദേഹം കരുതിക്കാണും. നിരാശനായ ഈ പണ്ഡിതൻ ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ!

ബ്രിട്ടീഷ് യുദ്ധത്തടവുകാരെ ഫ്രഞ്ച് ജയിലിൽ നിന്ന് പുറത്തെത്തിക്കാൻ സഹായിക്കുന്ന സ്തോഭജനകമായ നീക്കവും ഹോട്ടൽ സ്പ്ലെൻഡൈഡ് സഹായികളായ കറുത്ത വർഗക്കാരായ സഹോദരന്മാർ പോളും പെറ്റിറ്റും ഒരു റെസിസ്റ്റൻസ് സെൽ ആരംഭിക്കുന്നതുമാണ് മൂന്നാം എപ്പിസോഡിലെ പ്രധാനസംഭവം. വില്ല എയർ-ബെല്ലിൽ കലാകാരനായ മാക്സ് ഏണസ്റ്റ് സ്വയം ഒരു സർറിയലിസ്റ്റ് ജന്മദിന പാർട്ടി നടത്തുന്നത് ചിരിയുണർത്തും. ഇങ്ങനെ നിരവധി സംഭവങ്ങൾക്കുശേഷം അവസാന എപ്പിസോഡിൽ, ജർമ്മനി ഫ്രാൻസിൽ സ്വാധീനം ചെലുത്തുകയും രക്ഷപ്പെടാനുള്ള വഴികൾ അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ പിരിമുറുക്കം വർദ്ധിക്കുന്നു. ഒടുവിൽ യുഎസിലേക്ക് തിരിച്ചുപോകാൻ പോകാൻ വേരിയൻ തീരുമാനിക്കുന്നു. അമേരിക്കൻ കമ്മിറ്റിയിലെ മേരി ജെയിൻ ഗോൾഡും സ്വകാര്യവിമാനത്തിൽ കയറി തിരിച്ചുപോകുന്നതോടെ പരമ്പര അവസാനിക്കുന്നു.

Making Transatlantic എന്ന പേരിൽ ഈ പരമ്പരയുടെ നിർമാണത്തെക്കുറിച്ച് ഒരു എപ്പിസോഡും നെറ്റ്ഫ്ലിക്സിൽ ഉണ്ട്.

ഫിക്ഷനെ ചരിത്രവൽക്കരിക്കുകയും ചരിത്രത്തെ സാങ്കൽപ്പികമാക്കുകയും ചെയ്യുന്നതാണ് ഈ പരമ്പര എന്ന് വിമർശനമുണ്ട്. യഥാർത്ഥ ചരിത്രസംഭവങ്ങളിൽ എരിവും പുളിയും കലർത്തുകയും വ്യക്തിപരമായ കാര്യങ്ങളിൽ വർണങ്ങൾ കൂട്ടിച്ചേർക്കുകയും മാത്രമല്ല, ചരിത്രസംഭവങ്ങളുടെ കാലക്രമത്തെയും വസ്തുതകളെയും ഫിക്ഷന്റെ സ്വാതന്ത്ര്യത്തോടെ മാറ്റിയെഴുതുകയും ചെയ്തിരിക്കുന്നു. വേരിയൻ ഫ്രേ സ്വവർഗാനുരാഗിയാണെന്ന് ചിത്രീകരിച്ചതും, ഹോട്ടൽ സ്‌പ്ലെൻഡൈഡിലെ ജീവനക്കാരായ ബെനിൻ സ്വദേശികളായ കറുത്ത വർഗക്കാരാണ് റെസിസ്റ്റൻസിന് മുൻകൈ എടുത്തത് എന്ന് കാണിക്കുന്നതും വസ്തുതകളല്ല എന്നു മാത്രമല്ല അമേരിക്കൻ സ്വത്വവാദരാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലുമാണ്. വേരിയൻ ഫ്രേയുടെ കാമുകനായി അവതരിപ്പിച്ചിരിക്കുന്ന തോമസ് ലെവ്ഗ്രോവിനെ കൃതാവ് വെട്ടാത്ത ആചാരം പാലിക്കുന്ന തീവ്രജൂതൻ ആയി കാണിക്കുന്നതിലൂടെ, ഫാസിസ്റ്റ് വിരുദ്ധചരിത്രത്തിലേക്ക് സയണിസ്റ്റുകളെയും ഒളിച്ചുകടത്തുന്നു. അമേരിക്കയിലേക്ക് വിമാനത്തിൽ കയറുന്ന മേരി ജെയിൻ ഗോൾഡിനെ വിട്ട് കാമുകനായ ആൽബർട്ട് ഹിർഷ്മാൻ റെസിസ്റ്റൻസിനായി ഫ്രാൻസിൽ തുടരുന്നതും അവാസ്തവമാണ്. അദ്ദേഹം മേരി ജെയിൻ ഗോൾഡിന്റെ കാമുകനും ആയിരുന്നില്ല, റെസിസ്റ്റൻസിൽ പങ്കെടുത്തും ഇല്ല. അമേരിക്കയിൽ പോയി നാല്പതുവർഷം അക്കാദമിക്ക് ആയി ജീവിച്ചയാളാണ്. ഇതിനോടൊപ്പം റെസിസ്റ്റൻസിൽ മുൻകൈയെടുത്ത സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തകരെയും തമസ്കരിക്കുകയും ചെയ്യുന്നതോടെ ചിത്രം പൂർത്തിയാവുന്നു.

വേരിയൻ ഫ്രേയുടെ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ആദ്യ ചിത്രമല്ല ഇത്. വില്യം ഹർട്ട് അഭിനയിച്ച 2001 ലെ കേബിൾ സിനിമയായ വരിയൻസ് വാർ ഇതേ കഥയാണ് പറയുന്നത്. കൂടാതെ ഫ്രഞ്ച് റെസിസ്റ്റൻസിനെക്കുറിച്ച് ഒരു ഡസൻ സിനിമകളെങ്കിലുമുണ്ട്. അവയുടെ സമീപത്തെത്താൻ പോലും വാണിജ്യവിജയമായ ഈ പരമ്പരയ്ക്ക് ആയില്ല.

ഫാസിസം ലോകത്തിന് മുന്നിൽ ഒരു ഭീഷണിയായി ഉയർന്നുനിന്ന കാലത്തെ, ഈ പരമ്പര ഓർമയിലേക്ക് കൊണ്ടുവരും, അതിനെതിരെ പൊരുതിയ മനുഷ്യരെയും. പക്ഷേ ഇതിനെ ചരിത്രമായോ ഫാസിസ്റ്റ് വിരുദ്ധരാഷ്ട്രീയപരമ്പരയായോ കാണരുത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 4 =

Most Popular