Sunday, May 19, 2024

ad

Homeപുസ്തകംചരിത്രത്തിലേക്കൊരു യാത്ര

ചരിത്രത്തിലേക്കൊരു യാത്ര

ആര്യ ജിനദേവൻ

യാത്രകൾ പലപ്പോഴും ചരിത്രാന്വേഷണം കൂടിയാണ്; അതുപോലെതന്നെ സൂക്ഷ്മാർത്ഥത്തിൽ അവ രാഷ്ട്രീയാന്വേഷണംകൂടി ആകാറുണ്ട്. അത്തരത്തിൽ ഒരു ലഘുയാത്രാവിവരണ ഗ്രന്ഥമാണ് ഡോ. ഷിജൂഖാൻ രചിച്ച് ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച “ധാക്ക എക്സ്പ്രസ്: അഭയാർത്ഥികൾ വന്ന വഴിയിലൂടെ” എന്ന പുസ്തകം. തന്റെ യാത്രയുടെ ആനന്ദം വായനക്കാരിലേക്ക് പകർന്നു നൽകുന്നത്ര മനോഹരമായി കാവ്യാത്മകമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതുമാണ് ധാക്ക എക്സ്പ്രസ്.

ധാക്ക സർവകലാശാലയിൽ നടന്ന രാജ്യാന്തര ചരിത്ര പൈതൃക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡോ. ഷിജൂഖാൻ ബംഗ്ലാദേശിലേക്ക് പോയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെകുറിച്ചുള്ള പ്രബന്ധാവതരണത്തിനായാണ് അദ്ദേഹം ആ സമ്മേളനത്തിലേക്ക് നിയോഗിക്കപ്പെട്ടത്. യാത്രയെകുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് തുടക്കത്തിൽതന്നെ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: “മനസ്സിലാണ് യാത്രകൾ സംഭവിക്കുന്നത് ഭൂമിയുടെ, ആകാശത്തിന്റെ, വായുവിന്റെ, ജലത്തിന്റെ, മനുഷ്യരുടെയാകെ സാമ്യവും ഭേദവും മനസ്സിലാക്കിത്തരുന്ന മഹാപുസ്തകങ്ങൾ കൂടിയാണ് ഓരോ യാത്രയും”. ബംഗ്ലാദേശിനെക്കുറിച്ചുള്ള, അവിടുത്തെ ജനതയെയും സംസ്കൃതിയെയുംകുറിച്ചുള്ള ധാരണ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്: “ഇങ്ങനെയാണ് ഒരു ജനത എന്ന നിലയിൽ രൂപംകൊണ്ട കാലംമുതൽ സാംസ്കാരികമായ ആഴങ്ങളാൽ, ചടുലമായ രാഷ്ട്രീയ സഞ്ചലനങ്ങളാൽ സജീവമായ ഭൂമിയാണിത്.

ബംഗാളിലെ അഭയാർത്ഥി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ അരവിന്ദൻ സംവിധാനം ചെയ്ത ‘വാസ്തുഹാര’യിലെ കഥാപാത്രങ്ങളെ, കഥാസന്ദർഭങ്ങളെ ഓർത്തെടുത്താണ് ഗ്രന്ഥകാരൻ കൽക്കത്തയിലേക്കുള്ള തന്റെ വിമാനയാത്ര ആവേശകരമാക്കിയത്. കൽക്കത്തയിൽനിന്നും ധാക്കയിലേക്കുള്ള യാത്രയ്ക്കിടയിലെ ഇടവേളയിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ലഭിച്ച സന്ദർഭം ഉപയോഗിക്കവേതന്നെ സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ ആളിപ്പടർന്ന വർഗീയ സംഘർഷങ്ങളെ തല്ലിക്കൊടുത്താൻ ഗാന്ധിജി നടത്തിയ പദയാത്രയേയും സത്യാഗ്രഹത്തെയും അനുസ്മരിക്കാനും ഷിജൂഖാൻ മറക്കുന്നില്ല. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആ ഓർത്തെടുക്കലിന് വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും, വർഗീയ ചേരിതിരിവിന്റെപേരിൽ ഉണ്ടായ വിഭജനത്തെതുടർന്ന് ഇന്ത്യയിൽനിന്നും മുറിച്ചുമാറ്റപ്പെട്ടതാണല്ലോ ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന പഴയ കിഴക്കൻ പാകിസ്ഥാൻ.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ വിമാനമിറങ്ങി വിശപ്പകറ്റാൻ ആദ്യം കണ്ട ഹോട്ടലിൽ കയറിയ എഴുത്തുകാരന് തുടക്കത്തിലേതന്നെ ഇന്ത്യക്കാരോടുള്ള ബംഗ്ലാദേശുകാരുടെ സ്നേഹം അളവറ്റതാണെന്ന് ബോധ്യപ്പെട്ടു. റിക്ഷകളുടെ നഗരമായ ധാക്കയിലെ കാഴ്ചകളാണ് തുടർന്ന് അദ്ദേഹം വിവരിക്കുന്നത്. സാർവലൗകികമായ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി കാണാനാവുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാൻപോയ അദ്ദേഹത്തിന് ധാക്കയിലെ ജനങ്ങളിൽനിന്ന്, പ്രത്യേകിച്ച് സർവ്വകലാശാല വിദ്യാർത്ഥികളിൽനിന്നും ലഭിച്ച സ്നേഹംനിറഞ്ഞ പെരുമാറ്റവും അടുപ്പവമെല്ലാം മനംകുളിർപ്പിക്കുന്നവയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.

മാതൃഭാഷയ്ക്കുവേണ്ടി നടത്തിയ പോരാട്ടമാണ് മതാധിഷ്ഠിതമായ പാകിസ്ഥാനിൽനിന്ന് ഇന്നത്തെ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. 1952 ഫെബ്രുവരി 21ന് പാകിസ്ഥാൻ ഉറുദു ഭാഷയെ രാഷ്ട്ര ഭാഷയാക്കിയതിനെതിരെയും പാകിസ്ഥാനിലെ 50 ശതമാനത്തിലധികം ആളുകൾ സംസാരിച്ചിരുന്നു.

ബംഗാളി ഭാഷയെകൂടി ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട്‌ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തെ ഭരണാധികാരികൾ അടിച്ചമർത്തുകയാണ് ഉണ്ടായത്. അനേകം വിദ്യാർത്ഥികൾ ആണ് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചത്. അതിനെത്തുടർന്ന് ബംഗ്ലാദേശുകാർ (ബംഗ്ലാദേശ് രൂപീകരണത്തിന് മുൻപ് കിഴക്കൻ പാകിസ്ഥാൻകാർ) ഫെബ്രുവരി 21ന് മാതൃഭാഷാ ദിനമായി ആചരിച്ചു തുടങ്ങി. 2000 മുതൽ ഐക്യരാഷ്ട്രസഭ തന്നെ ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനമായി ആചരിച്ച തുടങ്ങി. ബംഗ്ലാദേശുകാരെ സംബന്ധിച്ചിടത്തോളം ‘എകുഷി പഥിക്’ എന്ന ഫെബ്രുവരി 21 ഏറ്റവും പ്രധാനപ്പെട്ട മതേതര ആഘോഷദിനമാണ്.

ഫെബ്രുവരി 21ന്റെ രക്തസാക്ഷിത്വ ഓർമ്മ നിലനിർത്താൻ 1952 ഫെബ്രുവരി 23ന് അർദ്ധരാത്രിയിൽ ആരംഭിച്ച സ്മാരക നിർമ്മാണം (അതാണ് ധാക്കയിലെ ഷഹീദ് മിനാർ) ഒറ്റദിവസം കൊണ്ട്‌ 24ന് പൂർത്തിയായി. ആയിരക്കണക്കിനാളുകളാണ് അതിന്റെ നിർമ്മാണത്തിൽ പങ്കാളിത്തം വഹിച്ചത്; തികച്ചും ജനകീയമായ ഒരു നിർമ്മിതി. പല ഘട്ടങ്ങളിലും ഇരുളിന്റെ മറവിൽ പിന്തിരിപ്പന്മാർ അത് തകർത്തെങ്കിലും അപ്പോഴെല്ലാം ജനങ്ങൾ കയ്യോടെ പുതുക്കി പണിയുകയും ചെയ്തു. ഒടുവിൽ 1971ൽ പാക് പട്ടാളം ഈ സ്മാരകം പാടെ തകർത്തു. പിന്നീട് ബംഗ്ലാദേശ് രൂപീകരണത്തിനു ശേഷമാണ് അത് പുതുക്കി പണിതത്. 1952 മുതൽ ബംഗ്ലാദേശ് രൂപീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഭാഷാദേശീയത ഉയർത്തി നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളിലും സ്മാരക നിർമ്മിതിയിലുമെല്ലാം അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച നിർണായകവും ധീരോദാത്തവുമായ പങ്കിനെക്കുറിച്ചും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്.

എന്തുകൊണ്ട് പാകിസ്ഥാനിൽനിന്ന് വേർപെട്ട് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടു എന്ന് ചോദ്യത്തിന് ഗ്രന്ഥകാരൻ നൽകുന്ന മറുപടിയും ശ്രദ്ധേയമാണ്, “മതമല്ലാതെ മറ്റൊന്നുമേ പൊതുവായി ഉണ്ടായിരുന്നില്ല കിഴക്കൻ ബംഗാളിനും പാകിസ്ഥാനും തമ്മിൽ. സംസ്കാരംകൊണ്ട്, ജീവന രീതികൾകൊണ്ട്, ഭൂവിഭാഗങ്ങൾകൊണ്ടൊക്കെയും വിഭിന്നരായിരുന്നു ഒരു ദേശമായി സങ്കൽപ്പിക്കപ്പെട്ട ഇരു ദേശങ്ങളും. മതത്തിന്റെ പേരിലെ ദേശീയതകൾ അസ്ഥിരമാണെന്നതിന് നമ്മിൽനിന്ന് പിരിഞ്ഞ ഈ ഭൂവിടങ്ങളുടെ കഥയും വർത്തമാനവും പരിശോധിച്ചാൽ മതിയാകും. പാഠങ്ങൾ പഠിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് ചരിത്രം”. സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സമസ്യയും ഇതുതന്നെയാണല്ലോ. 1972 ജനുവരി 11ന് ആധുനിക ബംഗ്ലാദേശ് പിറക്കുന്നതിനിടയാക്കിയ മഹത്തായ പോരാട്ടത്തിന്റെ ചരിത്രവും ഗ്രന്ഥകാരൻ ഹ്രസ്വമായി രേഖപ്പെടുത്തുന്നുണ്ട്. ബംഗ്ലാദേശ് മോചനത്തിന്റെ അമരക്കാരനും ആ രാജ്യത്തിന്റെ രാഷ്ട്രപിതാവുമായ ബംഗബന്ധു മുജിബുർ റഹ്മാന്റെ വീട് ഇന്ന് അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. അവിടം സന്ദർശിക്കാൻ സുഹൃത്തുക്കൾക്കൊപ്പം (അതായത് സെമിനാറിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നും മറ്റും എത്തിയവരും സെമിനാർ സംഘാടകരും ആയവർക്കൊപ്പം) പോയതും അദ്ദേഹം വിവരിക്കുന്നുണ്ട്. അവിടെയും കേവലം യാത്രയുടെ ആഹ്ലാദം വായനക്കാർക്ക് പങ്കിടുന്നതിലുപരി ഗ്രന്ഥകാരൻ ഷെയ്ഖ് മുജീബുർ റഹ്മാനെകുറിച്ചും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സാമ്രാജ്യത്വ പിണിയാളുകളായ വർഗീയ ഭീകരവാദികളുടെ പിന്തുണയോടെ പട്ടാള മേധാവികൾ കൂട്ടക്കൊല നടത്തിയ ദുഃഖകരമായ സംഭവത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. 1975 ആഗസ്റ്റ് 15നാണ് ബംഗബന്ധുവിനെയും വിദേശത്ത് വിദ്യാഭ്യാസത്തിന് പോയിരുന്ന മകൾ ഷെയ്ഖ് ഹസീന (ഇപ്പോഴത്തെ പ്രധാനമന്ത്രി) ഒഴികെ മുഴുവൻ കുടുംബാംഗങ്ങളെയും ഒന്നടങ്കം പട്ടാളം അതിനീചമായി കൊന്നൊടുക്കിയത് അദ്ദേഹം അപകടത്തിൽ ആണെന്നറിഞ്ഞ സഹോദരങ്ങളും കുടുംബസമേതം ആ സമയം ആ വീട്ടിലെത്തിയിരുന്നു; ആരും ഒഴിവാക്കപ്പെട്ടില്ല. ഇന്നാ വീട് ദേശീയ സ്മാരകമായി സംരക്ഷിക്കുകയാണ്. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ നായികയായാണ് ഷേക്ക് ഹസീന ബംഗ്ലാദേശിൽ എത്തുന്നത്. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ട ശേഷം ഷേക്ക് ഹസീനയുടെ സർക്കാർ അധികാരത്തിലെത്തി.. അങ്ങനെ ഒരു ജനതയുടെ മോചനത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുംവേണ്ടി ബംഗ്ലാദേശിൽ നടന്ന പോരാട്ടങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് ഷിജുഖാൻ തന്റെ യാത്രയുടെ ഓരോ ഘട്ടത്തെയും ഓരോ ദിവസത്തെ സന്ദർശനത്തെയും അടയാളപ്പെടുത്തുന്നത്. വിഭജനത്തിന്റെയും പിന്നീട് ബംഗ്ലാദേശ് മോചന യുദ്ധത്തിന്റെയും വേളകളിൽ നടന്ന അഭയാർത്ഥി പ്രവാഹത്തെ കുറിച്ചും അടയാളപ്പെടുത്തിയാണ് ഡോക്ടർ ഷിജുഖാൻ ധാക്ക എക്സ്പ്രസ്സിൽനിന്നും പുറത്തിറങ്ങുന്നത്. ഓരോ യാത്രയും അതിന്റെ വിവരണവും, ചരിത്രത്തെ ഓർത്തടുക്കലും രാഷ്ട്രീയ ഇടപെടലും ആണെന്നും അദ്ദേഹം ഈ കൃതിയിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. കാവ്യാത്മകമായ രചനാശൈലിയിലൂടെ വായനസുഖം വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഈ ലഘു ഗ്രന്ഥം പ്രസിദ്ധീകരിച്ച ചിന്താ പബ്ലിഷേഴ്സും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + seventeen =

Most Popular