Tuesday, April 30, 2024

ad

Homeഗവേഷണംപരിസ്ഥിതിഭാഷാശാസ്ത്രത്തിന്റെ സാധ്യതകൾ

പരിസ്ഥിതിഭാഷാശാസ്ത്രത്തിന്റെ സാധ്യതകൾ

ഡോ. ലിജിഷ എ. ടി

ർമൻ ജീവശാസ്ത്രജ്ഞനും ചിന്തകനുമായ ഏണസ്റ്റ് ഹേക്കലിന്റെ ഇക്കോളജി (1866) എന്ന ആശയം ജീവശാസ്ത്രപഠനത്തിലെ ഒരു നാഴികകല്ലായിരുന്നല്ലൊ. മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളും അവയുടെ ഭൗതികപരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് പരിസ്ഥിതിശാസ്ത്രം (ഇക്കോളജി). ഈയൊരു ആശയം അക്കാലത്ത് വികാസം പ്രാപിച്ചുകൊണ്ടിരുന്ന വൈജ്ഞാനികശാഖകളെയെല്ലാം വളരെധികം സ്വാധീനിച്ചിരുന്നു. സാമൂഹികശാസ്ത്രപഠനങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. മനുഷ്യസമൂഹവും അവരുടെ പരിസരവും തമ്മിലുള്ള വിനിമയബന്ധമെന്ന അർഥത്തിലാണ് സാമൂഹ്യശാസ്ത്രജ്ഞർ ഇക്കോളജിയെ സ്വാംശീകരിച്ചത് (Hawley: 1950). ഇതേ വിധത്തിൽ തന്നെയാണ് മനഃശാസ്ത്ര- ഭാഷാശാസ്ത്രം, വംശീയഭാഷാശാസ്ത്രം, നരവംശഭാഷാശാസ്ത്രം, സാമൂഹ്യഭാഷാശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മണ്ഡലങ്ങളും ഇക്കോളജി എന്ന പദത്തെ സ്വീകരിച്ചത്.

ഭാഷാപരിസ്ഥിതി
പരിസ്ഥിതി എന്ന രൂപകത്തെ ഭാഷകസമൂഹത്തിന്റെ ഭൗതികപരിസ്ഥിതിയും ഇതര ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യമെന്ന അർഥത്തിലാണ് ഭാഷാശാസ്ത്രം പരിഗണിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനുമായ എഡ്വേർഡ് സപീറിന്റെ ‘ഭാഷയും പരിസ്ഥിതിയും’ (1912) എന്ന പ്രബന്ധത്തിൽ നിന്നാണ് ഭാഷാപരിസ്ഥിതി (Language Ecology) എന്ന ആശയത്തിന്റെ തുടക്കം. ഈ പ്രബന്ധത്തിൽ എഡ്വേർഡ് സപീർ പരിസ്ഥിതിയുടെ (Environment)2 അവസ്ഥാന്തരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭൗതിക പരിസ്ഥിതി (Physical Environment), സാമൂഹ്യപരിസ്ഥിതി (Social Environment) എന്നിവയാണവ. ഭൗതികപരിസ്ഥിതി എന്നുപറയുന്നത്, ഭാഷകസമൂഹത്തിന്റെ ഭൗമസവിശേഷതകൾ, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയും മനുഷ്യരുടെ സാമ്പത്തികസ്രോതസുകളായ സസ്യവൈവിധ്യം, ജീവിവൈവിധ്യം, ധാതുലവണങ്ങൾ തുടങ്ങിയവയുമാണ്. സാമൂഹ്യപരിസ്ഥിതിയിൽ ഉൾപ്പെടുന്ന പ്രധാനഘടകങ്ങൾ മതം, നീതിബോധം, രാഷ്ട്രീയസംഘടനകൾ, കല തുടങ്ങിയവയാണ്. ഒരു സമൂഹത്തിന്റെ ഭൗതികവും സാമൂഹികവുമായ പരിസരങ്ങളെ പ്രതിഫലിപ്പിക്കാൻ ഭാഷയ്ക്കു കഴിയുമെന്നാണ് സപീർ ഈ ലേഖനത്തിൽ പറയുന്നത്. ഭാഷയുടെ സ്വനതലത്തിലും പദാവലിയിലും വ്യാകരണത്തിലുമെല്ലാം ഈ പ്രതിഫലനം കാണാൻ സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതിൽത്തന്നെ പദാവലിയിലാണ് പരിസ്ഥിതിസ്വാധീനം കൂടുതൽ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രദേശത്തെ ഭാഷ, ആ പരിസ്ഥിതിയിലെ ജീവികളേയും സാഹചര്യങ്ങളേയും പ്രതിഫലിപ്പിക്കുക മാത്രമല്ല, ആ ഭാഷകസമൂഹത്തിന് തങ്ങളുടെ ഭൗതികപരിസ്ഥിതിയോടുള്ള സമീപനമെന്തെന്ന് വ്യക്തമാക്കുകകൂടിയാണ് ചെയ്യുന്നതെന്ന് സപീർ അഭിപ്രായപ്പെട്ടു.

സപീറിന് ശേഷം ഭാഷയേയും പരിസ്ഥിതിയേയും ബന്ധിപ്പിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത് 1960-‐1970 കാലഘട്ടങ്ങളിലാണ്. റേച്ചൽ കാർസന്റെ (1962) നിശബ്ദവസന്തം (Silent Spring) എന്ന പ്രായോഗികശാസ്ത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം സാമ്രാജ്യത്വം, വ്യവസായമുതലാളിത്തം, കുത്തകമുതലാളിത്തം തുടങ്ങി മുതലാളിത്തവികാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലോകത്താകെ സംഭവിച്ച പാരിസ്ഥിതികപ്രതിസന്ധികളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ജൈവവ്യൂഹം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങൾ പോലെ ഭാഷാലോകവ്യൂഹവും ഭീഷണി നേരിടുന്നുണ്ടെന്ന ആശയം ഭാഷാശാസ്ത്രജ്ഞർക്കിടയിൽ ഉയർന്നുവന്നു. സാംസ്കാരിക അധിനിവേശവും മുതലാളിത്തവും ജൈവവൈവിധ്യനാശത്തിനു മാത്രമല്ല തദ്ദേശീയഭാഷാസമൂഹങ്ങളുടെ വംശനാശഭീഷണിയ്ക്കും കാരണമാകുന്നുണ്ട് എന്നതായിരുന്നു ഈ ചർച്ചകളുടെ കാതൽ. പരിസ്ഥിതിസംരക്ഷണത്തിനായി ലോകപരിസ്ഥിതി സമ്മേളനം സംഘടിപ്പിച്ച അതേ വർഷം (1972) തന്നെയാണ് അലാസ്കയിലെ തദ്ദേശീയഭാഷകളെക്കുറിച്ച് പഠനം നടത്തിയ മൈക്കേൽ ക്രൗസ് അപകടത്തിലായ ഭാഷകൾക്കു വേണ്ടി Alaska Native Language Centre (1972) സ്ഥാപിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച അദ്ദേഹം സ്ഥാപിച്ച Alaska Native Language Centre എന്ന ഗവേഷണസ്ഥാപനം തദ്ദേശീയഭാഷകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകി.

ജൈവവൈവിധ്യനാശവും ഭാഷാനാശവും പരസ്പരപൂരകങ്ങളാണെന്ന കണ്ടെത്തലുകളും ജൈവവൈവിധ്യമേഖലകളിലാണ് ഭാഷാവൈവിധ്യം കാണപ്പെടുന്നതെന്നുള്ള നിരീക്ഷണങ്ങളും ഈ വിഷയത്തിന്റെ ആഗോളപ്രസക്തി വർധിപ്പിച്ചു. ഈ പഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു, അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ എയ്നർ ഹോഗന്റെ ‘ഭാഷാപരിസ്ഥിതി’ (1972) എന്ന പഠനം. ഭാഷയും അതു നിലനിൽക്കുന്ന പരിസരവും തമ്മിലുള്ള പാരസ്പര്യത്തെയാണ് ‘ഭാഷാപരിസ്ഥിതി’ എന്ന് ഹോഗൻ വിളിക്കുന്നത്. ഒരു ഭാഷയെ പഠിക്കുകയും ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന സമൂഹമാണ് ഭാഷാപരിസ്ഥിതിയെ നിർണയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കോളജിയെന്നത് ഒരു വെറും വിവരണാത്മകശാസ്ത്രമല്ലെന്നും പാരിസ്ഥിതികാരോഗ്യത്തെ നിലനിർത്താനുള്ള മുദ്രാവാക്യമാണെന്നും ഹോഗൻ വ്യക്തമാക്കുന്നുണ്ട്. മറ്റെല്ലാ ശാസ്ത്ര-സാമൂഹ്യമേഖലകളുമായി ചേർന്നു പ്രവർത്തിക്കാൻ ഭാഷാശാസ്ത്രത്തെ കൂട്ടിയിണക്കുന്ന ഒരു രൂപകമായിട്ടാണ് അദ്ദേഹം ഭാഷാപരിസ്ഥിതിയെ പരിഗണിച്ചത്. ഭാഷകളുടെ പോഷണം, സംരക്ഷണം എന്നിവയോടൊപ്പം ചെറുഭാഷകളുടെ പ്രാധാന്യത്തെക്കുറിച്ചു മനസിലാക്കാനും മനുഷ്യരുടെ സാമൂഹികാഭിവൃദ്ധിയ്ക്കുതകുംവിധം അവയെ ഉൾക്കൊള്ളാനും കഴിയുന്ന നിലയിൽ ഈ ആശയത്തെ വികസിപ്പിക്കാൻ എയ്നർ ഹോഗന് സാധിച്ചു.

എയ്നർ ഹോഗന്റെ ഭാഷാപരിസ്ഥിതിയ്ക്ക് 1980കളിൽ വലിയ പ്രസക്തി ലഭിച്ചു. 1990കളിൽ ഭാഷാവൈവിധ്യവും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾ ആഗോള തലത്തിൽ സജീവമായി. ടൊലീഡൊ, ഡേവിഡ് ഹാർമർ, ടോവ് സ്കട്നാബ് കാംഗാസ്, പീറ്റർ മുൽഹസർ, ഡോവിഡ് അബ്രഹാം, ഡാനിയേൽ നെറ്റിൽ, സൂസന്ന റൊമെയ്ന, ലൂയിസ് മാഫി തുടങ്ങിയവരുടെ പഠനങ്ങൾ ഇവയിൽ ഏറെ ശ്രദ്ധേയമാണ്. ഒരു ഭാഷ നശിക്കുമ്പോൾ അപൂർവവും ദുർബലവുമായ പ്രകൃതിയെക്കുറിച്ചും തദ്ദേശീയ സസ്യ-ജന്തു വർഗങ്ങളെക്കുറിച്ചുള്ള അറിവുകളും കൂടി നഷ്ടപ്പെടുന്നുണ്ട് എന്ന നിരീക്ഷണത്തിലേക്കാണ് ഇത്തരം പഠനങ്ങൾ എത്തിച്ചേർന്നത്. ഒരു പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് ആ പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക-ഭാഷാസംരക്ഷണം കൂടിയാണ് എന്ന ആശയമാണ് ഭാഷാപരിസ്ഥിതിപഠനങ്ങളിൽ നിന്നു ലഭിക്കുന്ന വെളിച്ചം. തദ്ദേശീയഭാഷകളുടെ പ്രാധാന്യത്തെ ലോകശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിനോടനുബന്ധിച്ച് 2019 അന്താരാഷ്ട്ര തദ്ദേശീയഭാഷാവർഷമായി (International Year of Indigenous Languages) ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയും ചെയ്തു. മാത്രമല്ല, 2022 മുതൽ 2032 വരെയുള്ള കാലഘട്ടത്തെ അന്താരാഷ്ട്ര തദ്ദേശീയഭാഷാദശകമായി ആചരിക്കുവാനാണ് യുനെസ്കൊ തീരുമാനിച്ചിരിക്കുന്നത്.

വിമർശനാത്മകപരിസ്ഥിതിഭാഷാശാസ്ത്രം
ഭാഷകളുടെയും തദ്ദേശീയമായ പാരിസ്ഥിതികജ്ഞാനങ്ങളുടെയും നാശം ബന്ധപ്പെടുത്തിയുള്ള ഭാഷാപരിസ്ഥിതിചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ മറ്റൊരു വിജ്ഞാനധാര കൂടി വികാസം പ്രാപിക്കുന്നുണ്ടായിരുന്നു. വിമർശനാത്മകപരിസ്ഥിതിഭാഷാശാസ്ത്രം എന്ന ഈ വൈജ്ഞാനികധാര, വിമർശനാത്മകഭാഷാശാസ്ത്രത്തിൽ (Critical linguistics) നിന്നും ഉരുത്തിരിഞ്ഞ വിമർശനാത്മകവ്യവഹാരാപ ഗ്രഥനത്തിന്റേയും (Critical discourse Analysis) പാരിസ്ഥിതിക വിമർശനത്തിന്റെയും (Eco criticism) സംയോജിതാശയമായിരുന്നു. നവമാർക്സിയൻ പരികൽപനകളുടെ വെളിച്ചത്തിൽ ഭാഷയ്ക്കുള്ളിലെ പ്രത്യയശാസ്ത്രം, അധികാരം തുടങ്ങിയവയെ നിർവചിക്കുവാനുള്ള ശ്രമമെന്ന നിലയിലാണ് വിമർശനാത്മകഭാഷാശാസ്ത്രം രൂപപ്പെട്ടത്. ഭാഷാവ്യവഹാരങ്ങളിലെ സാമൂഹ്യസാഹചര്യങ്ങളെ അടിസ്ഥാനമാക്കി പാഠത്തെ അപഗ്രഥിക്കുകയാണ് ഈ സമീപനത്തിന്റെ രീതി. ഇതിന്റെ വികസിച്ച രൂപമെന്ന നിലയിലാണ് വിമർശനാത്മകവ്യവഹാരാപഗ്രഥനത്തെ കാണുന്നത് (Wodak Ruth: 1989). വായ്മൊഴിയിലൊ വരമൊഴിയിലൊ അന്തർലീനമായ വ്യത്യസ്ത ലോകവീക്ഷണങ്ങളെയാണ് വ്യവഹാരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് (Norman Fairclough: 1989).

സാഹിത്യത്തിൽ പൗരാണിക കാലം മുതൽ തന്നെയുണ്ടായിരുന്ന പ്രകൃതിവർണനകൾക്കും പ്രകൃതിപൂജകൾക്കും പ്രകൃത്യാവബോധത്തിനുമപ്പുറം വ്യവസായവിപ്ലവം സൃഷ്ടിച്ച നാനാവിധ പ്രതിസന്ധികൾ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായി വളർന്നതായിരുന്നു പാരിസ്ഥിതികവിമർശനം (വില്യം റുക്കേർട്ട്: 1978) എന്ന പഠനമേഖലയുടെ പശ്ചാത്തലം (മധുസൂധനൻ, ജി: 2015). ഈ രണ്ട് ആശയധാരകളും കൂടിക്കലർന്നാണ് വിമർശനാത്മകപരിസ്ഥിതിഭാഷാശാസ്ത്രം പതിയെ രൂപപ്പെടുന്നത്. വായ്മൊഴി, വരമൊഴി, ചിത്രങ്ങൾ, ഇന്റർനെറ്റ് എന്നിങ്ങനെ സമൂഹത്തിലെ വിവിധങ്ങളായ വ്യവഹാരങ്ങളെ പാരിസ്ഥിതികമായ വീക്ഷണത്തിൽ പരിശോധിക്കുന്നതിനെയാണ് വിമർശനാത്മക പരിസ്ഥിതിഭാഷാശാസ്ത്രം എന്നു പറയുന്നത്. ഒരു പദം, ആ പദം രൂപപ്പെടുന്ന സാഹചര്യം, അതു സൃഷ്ടിക്കുന്ന അർഥമേഖലകൾ എന്നിവ പരിസ്ഥിതിബോധസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു ഈ മേഖലയിൽ നടക്കുന്ന പഠനങ്ങളുടെ സ്വഭാവം. ഉദാഹരണത്തിന് വില്യം ട്രംപ് (1991) ഭാഷയിലെ മനുഷ്യകേന്ദ്രിതത്വത്തേയും വാണിജ്യവൽക്കരണത്തേയും വിമർശനാത്മകമായി സമീപിക്കുന്നത രീതി പരിശോധിക്കാം.

കൃഷിയുമായി ബന്ധപ്പെട്ട ഭാഷാലോകവ്യൂഹത്തെയാണ് അദ്ദേഹം തന്റെ പഠനത്തിനായി സ്വീകരിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട പദങ്ങളിലെ ന്യൂനോക്തികൾ, രൂപകങ്ങൾ, നാമപദങ്ങൾ എന്നിവയെ വിമർശനാത്മകമായി വിശകലനം ചെയ്തുകൊണ്ട് പരിസ്ഥിതി സൗഹൃദപദങ്ങളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട ഭാഷാലോകവ്യൂഹത്തിൽ ജീവനുള്ളവയെ വസ്തുവൽകരിച്ച്‌ കാണുന്ന ഭാഷാപ്രയോഗങ്ങൾ (ഉദാഹരണം: meat production, horse material, livestock, slaughter stock, cattle production etc..) രാസ-വ്യവസായശാലകളുടേയും വാണിജ്യസ്ഥാപനങ്ങളുടേയും സ്വാധീനത്താലാണെന്നാണ് വില്യം ട്രംപ് കണ്ടെത്തിയത്. അതുപോലെ കീടം (pest), കള (weed) തുടങ്ങിയ പദങ്ങളും പരിസ്ഥിതിവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യരുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു വസ്തുവിന്റെ /ജീവിയുടെ മൂല്യവും നിലനിൽപും നിശ്ചയിക്കുന്ന രീതി പ്രകൃതിയ്ക്കും മനുഷ്യകുലത്തിനും അനുഗുണമല്ലെന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്. ബെത്ത് ഷൂട്സിന്റെ (1992) പഠനത്തിൽ പരമ്പരാഗത പദങ്ങളുടെ ന്യൂനോക്തി (Euphemism) പരിശോധിച്ച്, ചില ബദൽരൂപങ്ങൾ നിർദേശിക്കുകയാണ് ചെയ്യുന്നത്. Alien species എന്ന പദത്തിന് Introduced Species എന്നാണ് അദ്ദേഹം ബദലായി നിർദേശിക്കുന്നത്. ടിമ്പേർഡ് (തടിയായിട്ടുള്ള) എന്ന പദത്തിൽ ഒരു മരത്തിന്റെ മനുഷ്യപ്രയോജനത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഈ പദപ്രയോഗത്തിലൂടെ മരത്തിന്റെ മറ്റു മൂല്യങ്ങളും അസ്തിത്വവും വിസ്മരിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പരിസ്ഥിതിവിരുദ്ധതയുടെ രൂക്ഷത കുറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾക്കും ന്യൂനോക്തികൾക്കും പകരം പ്രശ്നരൂക്ഷത വ്യക്തമാക്കുന്ന പദങ്ങളാണ് ഉപയോഗിക്കേണ്ടതെന്നാണ് അദ്ദേഹം വാദിക്കുന്നത്. മാത്തിയാസ് യുങ്ങിന്റെ (1996) പഠനത്തിലും പദങ്ങളിലെ ന്യൂനോക്തി, മനുഷ്യകേന്ദ്രിതത്വം, ഭാഷയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കൽ (manipulation) എന്നിവയെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ചെയ്യുന്നത്. ആണവോർജമെന്ന പദത്തിന്റെ ആവിർഭാവത്തോടെ ആണവബോംബ്, ആണവമാലിന്യങ്ങൾ, ആണവദുരന്തം എന്നിങ്ങനെ മനുഷ്യരാശിയുടെ നാശത്തിനു കാരണമാകുന്ന പദങ്ങളും സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പത്രവാർത്തകളിലെ പദാവലി ശേഖരിച്ചുകൊണ്ട് മാത്തിയാസ് യുങ് (2001) നടത്തിയ മറ്റൊരു പഠനത്തിൽ പറയുന്നത്; ആരോഗ്യകരമായ പ്രകൃതിദത്ത ഊർജത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രേരണ ഭാഷയുടെ കൂടി ഇടപെടലാണെന്നാണ്. ഭാഷയിലെ സ്ത്രീവിരുദ്ധത, പുരുഷമേൽക്കോയ്മ തുടങ്ങിയവയെ വിമർശനവിധേയമാക്കുന്നതിന് മേഖലയിൽ ചർച്ച ചെയ്യപ്പെട്ടത്, സമാനമായി ഭാഷയിലെ പാരിസ്ഥിതികവിരുദ്ധതയാണ് അന്തർദേശീയ പരിസ്ഥിതിഭാഷാശാസ്ത്ര സംഘടനയുടെ (2012) (International Ecolinguistics Association) പ്രാരംഭകനും Language and Ecology എന്ന ജേർണലിന്റെ നടത്തിപ്പുകാരനുമായ ആരൻ സ്റ്റിബെ, Language and Ecology Research Forum (MEA) സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റേയും ജൈവവ്യൂഹത്തിന്റേയും നിലനിൽപിനാവശ്യമായ ഭാഷാശാസ്ത്രസിദ്ധാന്തങ്ങൾ വികസിപ്പിക്കുക, കാലാവസ്ഥാമാറ്റം, ജൈവവൈവിധ്യശോഷണം തുടങ്ങിയ പരിസ്ഥിതിപ്രശ്നങ്ങൾക്കെതിരെ പാരിസ്ഥിതികനീതി ഉറപ്പു വരുത്തുന്ന താക്കോൽ വാക്കായി പരിസ്ഥിതിഭാഷാശാസ്ത്രത്തെ ഉപയോഗിക്കുക തുടങ്ങിയവയാണ് ഇന്റർനാഷണൽ ഇക്കോലിംഗ്വിസ്റ്റിക്സ് അസോസിയേഷന്റെ പ്രധാനലക്ഷ്യങ്ങൾ. പരിസ്ഥിതിവിരുദ്ധമായ കഥകളെ, ജീവിതവീക്ഷണങ്ങളെ നിരുൽസാഹപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹാർദമായ ജീവിതവീക്ഷണങ്ങളെ പുനർനിർമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് സ്റ്റിബെ പറയുന്നത്. പരിസ്ഥിതിസൗഹൃദവും സകലജീവികേന്ദ്രിതവുമായ ഭാഷാപ്രയോഗങ്ങളിലൂടെയും വ്യാകരണനിർമിതികളിലൂടെയും സുസ്ഥിരമായ സാമൂഹ്യജീവിതം സാധ്യമാകുമെന്ന പ്രത്യാശയാണ് വിമർശനാത്മകപരിസ്ഥിത ഭാഷാശാസ്ത്രം പങ്കുവെയ്ക്കുന്നത്.

പരിസ്ഥിതിഭാഷാശാസ്ത്രം
ഭാഷാപരിസ്ഥിതി, വിമർശനാത്മകപരിസ്ഥിതിഭാഷാശാസ്ത്രം എന്നീ ധാരകൾ കൂടിച്ചേർന്നാണ് 1990കളിൽ പരിസ്ഥിതിഭാഷാശാസ്ത്രം എന്ന വൈജ്ഞാനികധാര രൂപം കൊള്ളുന്നത്. മനുഷ്യരടക്കമുള്ള ജീവജാലങ്ങളും അവയുടെ സ്വാഭാവിക പരിസ്ഥിതിയും തമ്മിലുള്ള അടിസ്ഥാനബന്ധങ്ങളിൽ ഭാഷയുടെ സ്വാധീനത്തെക്കുറിച്ചന്വേഷിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് പരിസ്ഥിതിഭാഷാശാസ്ത്രം. വികസനം, ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയിൽ ഭാഷയുടെ ഇടപെടൽ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണം കൂടിയാണിത്. അതോടൊപ്പം ഭാഷാവൈവിധ്യത്തെ സംരക്ഷിക്കാനുള്ള പ്രയുക്തഭാഷാശാസ്ത്രത്തിന്റെ നവീനശാഖ കൂടിയായി ഈ മേഖല പ്രവർത്തിക്കുന്നു (Ammaria Derni: 2008). പരിസ്ഥിതിഭാഷാശാസ്ത്രത്തിന്റെ പ്രധാനലക്ഷ്യം ഭാഷയിലെ പ്രകൃതിവിരുദ്ധപ്രയോഗങ്ങളേയും മനുഷ്യകേന്ദ്രിതത്വത്തേയും ഒഴിവാക്കി, പരിസ്ഥിതിസൗഹൃദപരമായി ഭാഷയെ പുനർനിർമിക്കുകയും തദ്ദേശീയഭാഷയിലെ ജ്ഞാനത്തെ നിലനിർത്തിക്കൊണ്ട് ജൈവവൈവിധ്യ-‐ഭാഷാവൈവിധ്യ സമൃദ്ധമായൊരു സംസ്കാരത്തെ രൂപപ്പെടുത്തുക എന്നതുമാണ്.

പരിസ്ഥിതിഭാഷാശാസ്ത്രം ഇന്ത്യയിൽ
ഇന്ത്യയിൽ ഭാഷാവൈവിധ്യങ്ങളെക്കുറിച്ചും ഭാഷാനാശങ്ങളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഭാഷയെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങൾ വളരെ കുറവാണ്. എം. ശ്രീനാഥന്റെ പഠനങ്ങളിൽ ഇന്ത്യയിലെ ആദിവാസിഭാഷകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും തദ്ദേശീയ ജ്ഞാനങ്ങളുടെ നഷ്ടത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആന്തമാനിലെ ആദിവാസിഗോത്രങ്ങളുടെ ഭാഷയും പരിസ്ഥിതിയും സംസ്കാരവും തമ്മിലുള്ള വിനിമയബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ പഠനങ്ങൾ. അൻവിത അബിയുടെ (2006) പഠനത്തിൽ ആന്തമാനിലെ ആദിവാസിവിഭാഗങ്ങളുടെ തദ്ദേശീയജ്ഞാനത്തെക്കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 2004‐08ൽ ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ സുനാമിയിൽ നിന്നും ആന്തമാനിലെ ആദിവാസിവിഭാഗങ്ങൾ അൽഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ടാണ് അൻവിത അബി തദ്ദേശീയ ജ്ഞാനങ്ങളുടേയും വായ്മൊഴികളുടേയും പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

വായ്മൊഴിഭാഷകൾ
മലയാളത്തിൽ പരിസ്ഥിതിഭാഷാശാസ്ത്രത്തെ മുൻനിർത്തി വിരളമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ടി. ശ്രീവൽസന്റെ 2 ലേഖനങ്ങളും (2000, 2006) ഒരു ഗ്രന്ഥവും (2013) ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിഭാഷാശാസ്ത്രത്തെക്കുറിച്ച് ആഗോളതലത്തിൽ നടന്ന പഠനങ്ങളുടെ ചർച്ചയും മലയാളത്തിൽ പരിസ്ഥിതിഭാഷാശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. എൽ. സുഷമയുടെ (2010) പരിസ്ഥിതിഭാഷാശാസ്ത്രം എന്ന ലേഖനത്തിൽ പരിസ്ഥിതിഭാഷാശാസ്ത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്.

‘വംശീയഭാഷകളും ജൈവവൈവിധ്യ നഷ്ടവും’ എന്ന പേരിൽ പി. രഞ്ജിത്ത് (2013) രചിച്ച ലേഖനത്തിൽ ജൈവവൈവിധ്യവും ഭാഷാവൈവിധ്യനഷ്ടവും പരസ്പരപൂരകമാണെന്നും ഗോത്രഭാഷകൾ പരിസ്ഥിതിസംരക്ഷണത്തിന്റെ കൂടി ആവശ്യമാണെന്നും പറയുന്നുണ്ട്. അനുഭവങ്ങളുടെ നഷ്ടം ഭാഷാനഷ്ടത്തിനു കാരണമാകുന്നുവെന്ന് ഈ പഠനത്തിൽ വ്യക്തമാക്കുന്നു.

സംപ്രീത കെയുടെ (2015) പി. എച്ച്‌. ഡി പ്രബന്ധം അട്ടപ്പാടി കുറുമ്പരുടെ ഭാഷയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ളതാണ്. ചോലനായ്ക്കഭാഷ; പരിസ്ഥിതിഭാഷാശാസ്ത്രപഠനം (2020) എന്ന പിഎച്ഛ്ഡി പ്രബന്ധമാണ് ഒരു ഗോത്രഭാഷയെ മുൻനിർത്തിയുള്ള കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിഭാഷാശാസ്ത്രപഠനം. ആദിവാസിഭാഷകളുടെ പരിസ്ഥിതിയേയും ഭാഷയേയും ബന്ധപ്പെടുത്തിയുള്ള പഠനങ്ങൾ കേരളത്തിലും വളരെ ശുഷ്കമാണെന്നാണ് ഇവ തെളിയിക്കുന്നത്. ഏതാണ്ട് നാലു പതിറ്റാണ്ടു കാലത്തെ ചരിത്രം പരിസ്ഥിതിഭാഷാശാസ്ത്രമെന്ന അന്വേഷണമണ്ഡലത്തിനുണ്ടായിട്ടും മലയാളത്തിലടക്കം മുഖ്യമായ ഒരു ഇന്ത്യൻഭാഷയിലും പരിഗണനാർഹമായ ഇടം പാരിസ്ഥിതികഭാഷാശാസ്ത്രത്തിന് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.കേരളത്തിൽ 37 ആദിവാസിഗോത്രങ്ങളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. കേരളത്തിലെ ഒട്ടുമിക്ക ആദിവാസിഗോത്രങ്ങളും പശ്ചിമഘട്ടത്തിലെ വനങ്ങളിലും പർവതപ്രദേശങ്ങളിലും ജീവിക്കുന്നവരാണ്. ജൈവവൈവിധ്യസമ്പന്നമായ പശ്ചിമഘട്ടത്തിന്റെ വനപ്രദേശങ്ങളിലും വനത്തോടു ചേർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനവിഭാഗം എന്ന നിലയിലും ഭാഷാനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജനത എന്ന നിലയിലും ഗോത്രഭാഷകളുടെ പരിസ്ഥിതിഭാഷാശാസ്ത്രപഠനം വളരെ പ്രസക്തമാണ്. ഗോത്രഭാഷകളിലെ തദ്ദേശീയജ്ഞാനങ്ങൾ ശേഖരിച്ച് അവയെ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഇത്‌ പുതിയ സ്പീഷിസുകളുടെ കണ്ടെത്തലിലേയ്ക്ക് നയിക്കാനും, ഭക്ഷണവൈവിധ്യത്തെ സമൃദ്ധമാക്കാനും ഔഷധങ്ങൾ കണ്ടുപിടിക്കാനും മനുഷ്യപരിണാമചരിത്രത്തിലെ കണ്ണികൾ കണ്ടെത്താനും ഇത്തരം അറിവുകൾ ഒരുപക്ഷേ നമ്മെ സഹായിച്ചേക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 5 =

Most Popular