Wednesday, May 22, 2024

ad

Homeരാജ്യങ്ങളിലൂടെചൈന-അറബ് സഹകരണം കൂടുതൽ ശക്തമാകുമ്പോൾ

ചൈന-അറബ് സഹകരണം കൂടുതൽ ശക്തമാകുമ്പോൾ

ദിയ ആയിഷ

ചൈനയും അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക വ്യാപാര സഹകരണം എല്ലാ മേഖലകളിലും അതിവേഗം വ്യാപിക്കുകയാണ്. ജൂൺ 11,12 തീയതികളിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ചൈനയിലെയും അറബ് രാജ്യങ്ങളിലെയും ഭരണാധികാരികളും ബിസിനസ് പ്രതിനിധികളും ഉൾപ്പെടെ 3500ൽ അധികം പേർ പങ്കെടുത്ത സമ്മേളനം തന്നെ ഇതിന്റെ തെളിവാണ്. റിയാദിൽ ശതകോടിക്കണക്കിന് ഡോളറിന്റെ ഡസൻ കണക്കിന് ഇടപാടുകളാണ് ഒപ്പുവയ്ക്കപ്പെട്ടത്. വ്യാപാര ബന്ധങ്ങളിൽ മാത്രമല്ല, നയതന്ത്ര ഇടപാടുകളിലും ചൈനയും അറേബ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണെന്നതിന്റെ തെളിവാണ് 2022 അവസാനം നടന്ന ഒന്നാമത്തെ ചൈന-അറബ് രാഷ്ട്ര ഉച്ചകോടിയും തുടർന്ന് ചൈനീസ് മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കപ്പെട്ടത്.

2023 ജൂൺ 11ന് നടന്ന പത്താമത് അറബ്-ചൈന ബിസിനസ് സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ ആയിരം കോടി ഡോളറിന്റെ 30 നിക്ഷേപ കരാറുകൾ ആണ് ഒപ്പിട്ടത്. കൃഷി, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, മിനറലുകൾ, ചില്ലറ വില്പന, ടൂറിസം, ആരോഗ്യപരിരക്ഷ തുടങ്ങി നാനാമേഖലകളിലുമായാണ് ഈ നിക്ഷേപം. സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയവും ചൈനയിലെ കാർ നിർമ്മാണ കമ്പനിയായ ഹ്യൂമൻ ഹൊറൈസണും തമ്മിൽ ഒപ്പുവെച്ച 560 കോടി ഡോളറിന്റെ നിക്ഷേപ കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. മറ്റൊന്ന്, സൗദി അറേബ്യയും ഹോങ്കോങ് ആസ്ഥാനമായ ആൻഡ്രോയിഡ് ഡെവലപ്പർ കമ്പനിയായ ഹിബോബി ടെക്നോളജിയും തമ്മിൽ ഒപ്പുവെച്ച ടൂറിസം വികസനത്തിനും മറ്റുമുള്ള ആപ്പുകൾ വികസിപ്പിക്കാൻ 26.6 കോടി ഡോളറിന്റെ നിക്ഷേപ കരാറാണ്. ഈ സമ്മേളനം കൃഷി, മൈനിങ്, ധനകാര്യം, നിർമ്മിത ബുദ്ധി, ഇ-കോമേഴ്സ് തുടങ്ങിയ 16 വ്യവസായ മേഖലയിലാണ് കേന്ദ്രീകരിച്ചത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസം ജൂൺ 12ന് അതിൽ ഇടപെട്ട് സംസാരിച്ച ബഹ്റൈനിലെ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രു ചൈനയുമായുള്ള സഹകരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. സമ്മേളനത്തിന്റെ ഏതാനും ദിവസം മുൻപ് ജൂൺ എട്ടിന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവിച്ചത്, അമേരിക്കയുമായോ ചൈനയുമായോ ഏതെങ്കിലും ഒരു രാജ്യവുമായോ വ്യാപാര ബന്ധം സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നാണ്. പക്ഷേ പേർഷ്യൻ-ഗൾഫ് മേഖലയുടെ മിക്ക രാജ്യങ്ങളുടെയും ഒന്നാമത്തെ പങ്കാളി അമേരിക്കയാണ് എന്ന് ആ രാജ്യങ്ങളെ ഓർമ്മിപ്പിക്കാനും മറന്നില്ല. എന്നാൽ അറബ് രാജ്യങ്ങൾ പൊതുവേ ആ ആഖ്യാനത്തിന് ചെവികൊടുക്കാൻ തയ്യാറായില്ല. സൗദി അറേബ്യയുടെ ഊർജ്ജമന്ത്രി അബ്ദുൽ അസീസ് സൽമാൻ പറഞ്ഞത് ബ്ലിങ്കന്റെ വാക്കുകളെ ‘ഞാൻ പാടെ അവഗണിക്കുന്നു’ എന്നാണ്. “ഇനിയുള്ള കാലത്ത് ചൈനയായിരിക്കും മുന്നിൽ നിന്നു നയിക്കുക എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ചൈനയുമായി സഹകരിക്കുകയാണ് ഞങ്ങളുടെ നയം, പോരടിക്കുകയല്ല’’.

“സൗദി അറേബ്യയുടെ പ്രതികരണം യഥാർത്ഥത്തിൽ ബ്ലിങ്കന്റെ പ്രസ്താവനയെ പ്രത്യക്ഷത്തിൽതന്നെ തള്ളിക്കളയലാണ്” എന്നാണ് ചൈനീസ് പ്രതിനിധി സംഘത്തിലെ മാധ്യമങ്ങളോട് പറഞ്ഞത്. ചൈനയെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുമ്പോൾ ചൈനയാകട്ടെ പശ്ചിമേഷ്യയിൽ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ജൂൺ ആദ്യവാരം അറബ് ലീഗിന്റെ പ്രതിനിധി സംഘം വടക്കുപടിഞ്ഞാറും ചൈനയിലെ സിഞ്ചിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖല സന്ദർശിച്ചു; അവിടെ “വംശഹത്യ”യും “മതപരമായ വിവേചന”വും നടക്കുകയാണെന്നുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചരണം പച്ചക്കള്ളമാണെന്ന ആ പ്രതിനിധി സംഘത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular