അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഇറിയിൽ പ്രവർത്തിക്കുന്ന ജനറൽ ഇലക്ട്രിക്കൽസിന്റെ ലോക്കോമോട്ടിവ് പ്ലാന്റിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ വാബ്ടെക്കും (Wabtec) തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഇലക്ട്രിക്കൽ വർക്കേഴ്‌സ് ലോക്കൽ 506 ഉം തമ്മിൽ പുതിയൊരു തൊഴിൽ കരാർ ഉണ്ടാക്കുന്നതിനായി കൂടിയാലോചനകൾ ആരംഭിച്ചിരിക്കുകയാണ്. കൂട്ടായ വിലപേശലിനുള്ള അവസാന ആയുധം എന്ന നിലയിൽ പണിമുടക്കുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികളും യൂണിയനും. പണിമുടക്കിയാൽ പിഴ ഈടാക്കുമെന്ന അമേരിക്കൻ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പണിമുടക്കവകാശം തൊഴിൽ കരാറിന്റെ ഭാഗമാക്കി മാറ്റണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയാണ് തൊഴിലാളികൾ.
2019 ലാണ് ജനറൽ ഇലക്ട്രിക്കൽസിന്റെ ഇറി ലോകോമോട്ടീവ് പ്ലാന്റ് വാബ്ടെക് ഏറ്റെടുത്തത്. അപ്പോൾ ഒപ്പിട്ട തൊഴിൽ കരാറിൽ കൂലിക്കും മറ്റാനുകൂല്യങ്ങൾക്കുംവേണ്ടി പണിമുടക്കവകാശം അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ കരാർ ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ കാലാവധി തീരുംവരെ പണിമുടക്കാൻ പാടില്ല; ഇടയ്ക്കുണ്ടാകുന്ന തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ പരാതി പരിഹാര സംവിധാനം ഉണ്ടാകും എന്നാണ് വ്യവസ്ഥ. എന്നാൽ വാബ്ടെക് മാനേജ്മെന്റ് ആവർത്തിച്ച് ഇത് ലംഘിക്കുകയാണ്. അതിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കരാർ ചർച്ച നടക്കുന്നത്.
ജനറൽ ഇലക്ട്രിക്കൽസിന്റെ ഉടമസ്ഥതയിൽ ഈ പ്ലാന്റ് പ്രവർത്തിച്ചിരുന്ന അവസാന നാലു വർഷക്കാലത്ത് പ്രതിപക്ഷം 125 പരാതികൾമാത്രം ഉണ്ടായിരുന്നിടത്ത് പുതിയ ഉടമസ്ഥർക്കുകീഴിൽ (വാബ്ടെക്കിനുകീഴിൽ) പ്രവർത്തിക്കുന്ന കഴിഞ്ഞ നാലുവർഷത്തിൽ ശരാശരി പ്രതിവർഷം 1200ൽ അധികം പരാതികൾ മാനേജ്മെന്റ് കരാർ ലംഘിക്കുന്നത് സംബന്ധിച്ച് ഉയരുന്നുണ്ട്. വാബ്ടെക്കിന്റെ എച്ച് ആർ മാനേജർ തന്നെയായിരിക്കും എല്ലാ തർക്ക പ്രശ്നങ്ങളിലും അന്തിമ തീർപ്പ് കൽപ്പിക്കുന്നത് എന്ന നിലപാടിലാണ് മാനേജ്മെന്റ്. ഇത് അംഗീകരിക്കാൻ തൊഴിലാളികൾ തയ്യാറല്ല. മനുഷ്യത്വരഹിതവും നീതിരഹിതവുമായ മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കരാർ ലംഘനങ്ങൾക്കെതിരെ കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള അവകാശം അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്; ആ ജന്മാവകാശത്തിൽ നിന്നും പിന്നോട്ടുപോകാൻ പറ്റില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൊഴിലാളികൾ. ♦