നാറ്റോയുടെ എയർ ഡിഫൻസ് 23 എന്ന വ്യോമാഭ്യാസം ജൂൺ 12ന് ജർമ്മനിയിൽ ആരംഭിച്ചു. ജൂൺ 23 വരെ അത് തുടരും. തികച്ചും പ്രകോപനപരമായാണ്, റഷ്യക്ക് നേരെ കടുത്ത വെല്ലുവിളി ഉയർത്തുന്ന രീതിയിലാണ് ഈ വർഷത്തെ നാറ്റോ വ്യോമാഭ്യാസം സംഘടിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, ജർമ്മനിയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ സജീവമായി അതിനെതിരെ അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനിയും ഡൈ ലിങ്കേയും മറ്റു സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളും അതിൽ മുൻനിര പങ്കുവഹിച്ചു.
നാറ്റോയിലെ 25 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം സൈനികരും 250 യുദ്ധവിമാനങ്ങളുമാണ് ജർമനിയിലെ ഹാനോവറിലെ വുണ്സ്റ്റോഫ് വ്യോമസേന താവളം കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്. നാറ്റോ രൂപീകരണത്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ വ്യോമാഭ്യാസവും ആണിത്. ഇതിനെതിരെ ജൂൺ 10ന് തന്നെ വുൻസ്റ്റോഫ് വ്യോമസേന താവളത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഈ വ്യോമാഭ്യാസം ട്രയറിനടുത്തുള്ള സ്പാങ്ഡഹോം വ്യോമസേന താവളത്തിലും ഉണ്ടായേക്കാം എന്ന വാർത്തയെത്തുടർന്ന് ജൂൺ 11ന് അവിടെയും ജനകീയ പ്രതിരോധം ആരംഭിച്ചു.
ഉക്രൈനിൽ യുദ്ധമല്ല, കൂടിയാലോചനയും സമാധാനവുമാണ് വേണ്ടതെന്നും യുദ്ധഭീഷണി മുഴക്കുന്ന വ്യോമാഭ്യാസങ്ങൾ അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമീപകാലത്ത് ജർമ്മനിയിൽ നടന്ന ഏറ്റവും വലിയ യുദ്ധവിരുദ്ധ റാലിയാണിത്. ഉക്രൈനിലെ നാറ്റോ ഇടപെടലിനെതിരെ ജർമൻ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നതിന്റെ ദൃഷ്ടാന്തവുമാണിത്. ♦