Saturday, November 23, 2024

ad

Homeരാജ്യങ്ങളിലൂടെസെനഗലിൽ രാഷ്ട്രീയ പ്രതിസന്ധി

സെനഗലിൽ രാഷ്ട്രീയ പ്രതിസന്ധി

സിയ റോസ

ശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ഉസ്മാനെ സോങ്കൊയെ രണ്ടു വർഷത്തേക്ക് ജയിലിൽ അടയ്ക്കാനുള്ള കോടതിവിധിയെ തുടർന്നാണ് ഈ പ്രതിസന്ധി ഉരുണ്ടുകൂടിയത്. പ്രസിഡന്റ് മാക്കി സാളിന്റെ ഭരണത്തിനെതിരെ ജനങ്ങളിൽ അതൃപ്തിയും പ്രതിഷേധവും വർദ്ധിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷത്തെ പ്രമുഖനായ നേതാവിനെ ജയിലിൽ അടയ്ക്കാനുള്ള കോടതിവിധിയുംകൂടി വന്നത് എരിതീയിൽ എണ്ണ ഒഴിക്കൽ ആയി.

ഉസ്മാനെ സോങ്കൊ

48 കാരനായ, പാസ്റ്റഫ് (PASTEF – Patriots For Work, Ethics and Fraternity) കക്ഷി നേതാവായ ഉസ്മാനെ സോങ്കൊയ്ക്കെതിരെ സ്വീറ്റ് ബ്യൂട്ടി എന്ന പേരിലുളള മസാജ് പാർലറിൽ ജോലി ചെയ്യുന്ന ഒരു യുവതിക്കുനേരെ വധഭീഷണി നടത്തി എന്നും അവരെ ബലാൽസംഗം ചെയ്തു എന്നുമാണ് കേസ്. എന്നാൽ, സോങ്കൊയ്ക്കെതിരെ ആരോപിക്കപ്പെട്ട ബലാൽസംഗം, വധഭീഷണി എന്നീ കുറ്റകൃത്യങ്ങൾ അദ്ദേഹം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കിയ കോടതി പക്ഷേ മറ്റൊരു കുറ്റം ചാർത്തി അദ്ദേഹത്തെ രണ്ടു വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയാണുണ്ടായത്. 21 വയസ്സിൽ താഴെ പ്രായമുള്ള ചെറുപ്പക്കാരെ അധാർമികമായ പെരുമാറ്റത്തിന് പ്രേരിപ്പിച്ച്‌ അവരെ വഴിതെറ്റിക്കുകയാണ് സോങ്കൊ എന്നാണ് കോടതി കണ്ടെത്തിയ കുറ്റകൃത്യം. പ്രസിഡന്റ് മാക്കി സാളിന്റെ താല്പര്യപ്രകാരമാണ് കോടതി സോങ്കൊയെ രണ്ടുവർഷം ജയിലിൽ അടയ്ക്കാൻ വിധിച്ചത് എന്നാണ് ജനങ്ങൾ കരുതുന്നത്. അതിനുകാരണമായി പ്രതിപക്ഷവും ജനങ്ങളും കരുതുന്നത് 2024ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മൂന്നാമതും മത്സരിക്കാൻ പ്രസിഡൻറ് മാക്കി സാൾ ആലോചിക്കുന്നുവെന്ന സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത വാർത്തയാണ്. നിലവിലുള്ള ഭരണഘടന പ്രകാരം രണ്ടിൽ കൂടുതൽ തവണ തുടർച്ചയായി മത്സരിക്കാൻ ആർക്കും അവകാശമില്ല. എന്നാൽ, പുതിയ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പാണ് താൻ ആദ്യതവണ പ്രസിഡന്റ് ആയതെന്നും അതുകൊണ്ട് പുതിയ ഭരണഘടനപ്രകാരം രണ്ടുതവണ മത്സരിക്കാമെന്ന് വ്യവസ്ഥപ്രകാരം തനിക്ക് ഒരുവട്ടംകൂടി മത്സരിക്കാം എന്നുമാണ് സാൾ വാദിക്കുന്നത്. അങ്ങനെ മത്സരിക്കാൻ ഭരണഘടന കോടതിയുടെ അനുമതി ലഭിച്ചാൽ തനിക്ക് ജയിക്കണമെങ്കിൽ പ്രതിപക്ഷത്തെ പ്രമുഖനും കൂടുതൽ ജനപിന്തുണയുള്ള ആളുമായ സോങ്കൊയെ രംഗത്തുനിന്നും മാറ്റിനിർത്തണം. അതുകൊണ്ടാണ് സോങ്കൊയെ ജയിലിൽ അടയ്ക്കാനുള്ള വിധിക്ക് പിന്നിൽ പ്രസിഡന്റ്‌ മാക്കി സാൾ ആണുള്ളത് എന്ന് ജനങ്ങൾ കരുതുന്നത്.

കോടതി സോങ്കൊയ്ക്കെതിരെ വിധി പ്രസ്താവിച്ച ജൂൺ ഒന്നിന് അദ്ദേഹം കോടതി നടപടികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ജുഡീഷറി ക്കെതിരെ ‘സിവിൽ നിസ്സഹകരണം’ ആരംഭിക്കാൻ തന്റെ അനുയായികളോട് അദ്ദേഹം നേരത്തെതന്നെ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം സുഗ്വിൻ ഘോർ എന്ന നഗരത്തിന്റെ മേയറുമാണ്. ആ നഗരത്തിൽ നിന്ന് തലസ്ഥാനമായ ധാക്കറിലേക്ക് അനുയായികൾക്കൊപ്പം പദയാത്ര നടത്തവേ മെയ് 27ന് സെനഗൽ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് തടഞ്ഞുവെക്കുകയും വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. കോടതിയുടെയും പോലീസിന്റെയും ഈ നടപടികൾ ജനങ്ങളെ കൂടുതൽ പ്രകോപിതരാക്കുകയാണുണ്ടായത്.

ജൂൺ ഒന്നിന് കോടതി വിധി വന്നതോടെ തലസ്ഥാന നഗരം ഉൾപ്പെടെ സെനഗൾ നഗരങ്ങളിൽ എല്ലാം ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. ജൂൺ രണ്ടിലെ ഔദ്യോഗിക കണക്കുപ്രകാരം പ്രകടനങ്ങൾക്ക് നേരെയുള്ള പോലീസ് നടപടിയിൽ 16 ആളുകൾ കൊല്ലപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എന്നാൽ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 20ലധികം ആളുകൾ ജൂൺ 2 ന്റെ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സെനഗളിലാകെ സൈന്യത്തെയും സായുധ പോലീസിനെയും വിന്യസിച്ചിരുന്നു .അവർ ടിയർ ഗ്യാസ് ഷെല്ലുകൾ പൊട്ടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതിനെയെല്ലാം അവഗണിച്ചാണ് ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.

ജൂൺ ഒന്നിനും മൂന്നിനും നടന്ന പ്രതിഷേധ പ്രകടനം 2021 മാർച്ചിൽ സോങ്കൊ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം ഉണ്ടായ പ്രധാന പ്രക്ഷോഭമാണ്. 2021 മാർച്ചിൽ അഞ്ചുദിവസത്തോളം നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ പോലീസ് അടിച്ചമർത്തിയപ്പോൾ 146 പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ജനരോഷം തണുപ്പിക്കാൻ മാക്കി സാൾ സർവകക്ഷി സമവായത്തിന് തയ്യാറായി മുന്നോട്ടുവന്നെങ്കിലും പാസ്റ്റെഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ അത്തരത്തിലുള്ള സമവായ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തനിക്ക് മൂന്നാമതും മത്സരിക്കാൻ നിയമ തടസമില്ലെന്ന് ഭരണഘടനാ കൗൺസിൽ തീർപ്പാക്കിയിട്ടുണ്ട് എന്നും മൂന്നാമതും മത്സരിക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണെങ്കിൽ 2026 വരെ അധികാരത്തിൽ തുടരാൻ തന്നെ അനുവദിക്കണം എന്നുമാണ്, അതായത്, 2024ലെ തിരഞ്ഞെടുപ്പ് 2026ലേക്ക് മാറ്റണമെന്നും ആണ് പ്രസിഡന്റു ല എക്സ്പ്രസ് എന്ന ഫ്രഞ്ച് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇതുകൊണ്ടാണ് പ്രതിപക്ഷം സമവായ ചർച്ചയ്ക്ക് തയ്യാറാകാത്തത്.

അഴിമതി നിറഞ്ഞ സാളിന്റെയും മുൻഗാമികളുടെയും ജനവിരുദ്ധ ഭരണങ്ങളിൽ മടുത്താണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. മുൻ ഫ്രഞ്ച് കോളനിയായ സെനഗളിൽ ഇപ്പോഴും ഫ്രാൻസിന്റെ നിയന്ത്രണം തുടരുന്നുണ്ട്. സെനഗളിന്റെ സാമ്പത്തിക മേഖലയാകെ ഫ്രാൻസിന്റെ കൈപ്പിടിയിലാണ്. 80 ശതമാനത്തിലധികം ആളുകളും തദ്ദേശീയ ഭാഷയായ വൊളോഫാണ് സംസാരിക്കുന്നതെങ്കിലും ഇപ്പോഴും ഫ്രഞ്ച് ഭാഷയാണ് ഔദ്യോഗിക ഭാഷ. അത്രത്തോളം ശക്തമാണ് ഫ്രാൻസിന്റെ നിയോ കൊളോണിയൽ നീരാളിപിടുത്തം.

മുൻ ചീഫ് ടാസ്ക് ഇൻസ്പെക്ടർ ആയിരുന്ന ഉസ്മാനെ സോങ്കൊ ഭരണത്തിലാകെ വേരൂന്നിയിട്ടുള്ള അഴിമതിയിൽ മനംമടുത്താണ് ജോലി രാജിവെച്ച് 2014ൽ പാസ്റ്റഫ് എന്ന പാർട്ടി സ്ഥാപിച്ചത്. 2017ൽ അദ്ദേഹം പാർലമെന്റംഗമായി. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് 16 ശതമാനം വോട്ട് നേടിയ സോങ്കൊ ഇന്ന് ഏറ്റവും അധികം ജനപിന്തുണയുള്ള സെനഗൽ നേതാവാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്താൻ പ്രസിഡന്റ്‌ സാൾ ശ്രമിക്കുന്നത്. സോങ്കൊ ഫ്രാൻസിന്റെ നിയോ കോളോണിയൽ നീരാളിപിടുത്തത്തെയും ശക്തമായി എതിർക്കുന്നതിനാൽ ഫ്രാൻസിന്റെ പിന്തുണയും സാളിന് ഉണ്ട്. ഇതാണ് സെനഗലിനെ രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെടുത്തിയിരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 13 =

Most Popular