കാൻസർ രോഗികൾക്ക്, തനിക്ക് കഴിയുന്ന സഹായവുമായി എത്തിയ അഭിഷേക് എന്ന ബാലചിത്രകാരനെക്കുറിച്ചാണ് കഴിഞ്ഞ ലക്കം സൂചിപ്പിച്ചത്. അതിനോട് ചേർത്തുവയ്‌ക്കാവുന്നതും രോഗശമനത്തിന് കലാരംഗം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നുമുള്ള ചില ചിന്തകളാണിവിടെ കുറിക്കുന്നത്. കലാമേഖലകളിലെല്ലാം സാന്ത്വനത്തിന്റെ സർഗാത്മക വെളിച്ചം പകരുന്ന അനുഭവങ്ങൾ ധാരാളമുണ്ട്. സർഗാത്മകതയിലൂടെ ഒരു കലാസൃഷ്ടി ജന്മമെടുക്കുമ്പോൾ നമ്മുടെ ചിന്താധാരകളെയും അന്തർദർശനങ്ങളെയും എങ്ങനെ ഉദാത്തമായി ആവിഷ്‌കരിക്കാനാവുമെന്നും അതൊരു സാന്ത്വനമായി രൂപപരിണാമം സംഭവിക്കുന്നതിന്റെ സാധ്യതകളെയുമൊക്കെ ചില വായനാനുഭവങ്ങളിലൂടെ പങ്കുവയ്‌ക്കുകയാണിവിടെ.
വിപുലമായ അടിസ്ഥാനസൗകര്യങ്ങളുള്ള അമേിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മനുഷ്യരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സാവിധികൾ ഫലപ്രദമാകുന്ന രീതിവ്യത്യാസങ്ങളെക്കുറിച്ചുമൊക്കെ അവലോകനം ചെയ്യുന്ന സ്ഥാപനമാണ്. കലയും പൊതുജനാരോഗ്യവും രോഗമുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവർ പ്രസിദ്ധീകരിച്ച ജേർണൽ ഇങ്ങനെ പറയുന്നു: ‘മനസ്സിന്റെ സമ്മർദം ലഘൂകരിക്കാനും വിഷാദമകറ്റാനും കടുത്ത രോഗങ്ങളുടെ ആഘാതം കുറയ്‌ക്കാനും കലകൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സർഗാത്മകചിന്തകളാലും ക്രിയാത്മകമായ സദ്‌ഭാവനകളാലുമാണ് നാം നമ്മുടെ സ്വത്വത്തെ കണ്ടുമുട്ടുന്നതും സാന്ത്വനത്തിന്റെ തെളിനീരുറവകളെ തിരിച്ചറിയുന്നതും. രോഗശമനവും സാന്ത്വനവും സർഗാത്മകതയും തമ്മിലുള്ള ബന്ധം കൂടുതൽ മനസ്സിലാകുമ്പോഴാണ് കലയുടെ ശക്തിചൈതന്യം സമൂഹത്തിലേക്കും പകരാനാകുന്നത്. സംഗീതം, ചിത്രകല, സാഹിത്യം തുടങ്ങിയ കലകളുടെ കാഴ്‌ചയും അനുഭവവും രോഗികളുടെ തലച്ചോറിൽ/മനസ്സിൽ പുതുചലനങ്ങളുണ്ടാക്കാൻ കഴിയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു’.
സൗന്ദര്യശാസ്‌ത്രത്തെ വിശകലനം ചെയ്യുകയും പ്രത്യേകിച്ച് ചിത്രകലയുമായി ബന്ധപ്പെട്ട സൗന്ദര്യത്തെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുകയും ചെയ്‌ത ബ്രിട്ടണിലെ ഡോക്ടർമാരുടെ സംഘം ‘ടെലഗ്രാഫി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ പറയുന്നു.
‘നാം നല്ലൊരു പെയിന്റിങ്ങിൽ നോക്കിനിൽക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന ചലനങ്ങൾ സവിശേഷമാർന്നതാണ്. പ്രകൃതിദൃശ്യങ്ങളോ, സ്റ്റിൽ ലൈഫോ, ഛായാചിത്രമോ കാണുമ്പോൾ തലച്ചോറിൽ ശക്തമായ പ്രവർത്തനം നടക്കുന്നുവെന്നാണ് ചിത്രങ്ങൾ കണ്ടവരുടെ തല സ്‌കാൻ ചെയ്‌ത റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നമുക്ക് പ്രിയമുള്ളവരായ വ്യക്തികളെ കാണുമ്പോഴുള്ള ആനന്ദമാണ് വിശ്വോത്തര ചിത്രകാരരുടെ രചനകൾ കണ്ടപ്പോൾ രോഗികളായ അവർ പ്രകടിപ്പിച്ചത്. പത്ത് ചിത്രകാരരുടെ രചനകളിൽ പ്രകൃതിദൃശ്യ ചിത്രകാരനായ ജോൺ കോൺസ്റ്റബിൾ, ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ ക്ലാഡ് മോനെ, ലിയനാർഡോ ഡാവിഞ്ചി എന്നിവരുടെ ചിത്രങ്ങൾ കണ്ടപ്പോൾ കൂടുതൽ പേരിലും ഈയൊരു ആനന്ദം തലച്ചോറിലൂടെ പ്രകടമായിരുന്നെന്നും പിന്നീട് അവരുടെ അഭിപ്രായങ്ങളിലും അതു ശരിയായി രേഖപ്പെടുത്തിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആ ചിത്രങ്ങൾ അവരെ ആനന്ദിപ്പിക്കുകയും മനസ്സിന് കുളിർമ നൽകുകയും ചെയ്‌തുവത്രെ. ഈ കാഴ്‌ചാനുഭവങ്ങളിൽ നിന്നുള്ള വികാരങ്ങൾ അവർ അനുഭവിക്കുമ്പോൾ ശരീരം ഉൽപാദിപ്പിക്കുന്ന രാസവസ്‌തുക്കൾ (സൈറ്റോകൈൻ) ശരീരാരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. പ്രകൃതിദൃശ്യം (പ്രകൃതി സൗന്ദര്യം) ആസ്വദിച്ച് യാത്രചെയ്യുമ്പോൾ, അതുപോലുള്ള ചിത്രങ്ങൾ കാണുമ്പോഴും സംഗീതം ആസ്വദിക്കുമ്പോഴുമുള്ള ആസ്വാദനാനുഭവമാ (വികാരാനുഭവം)ണ് ഈ രണ്ടു പ്രക്രിയയിലൂടെയും ലഭിക്കുക. സർഗാത്മകകലകൾ ആസ്വദിക്കുകവഴി നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ ഒരു പരിധിവരെ സഹായകമാവുമെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം കലകളിലൂടെ പരിപോഷിപ്പിക്കപ്പെടുന്ന ശാരീരികഘടകങ്ങളിൽ ഇന്ദ്രിയങ്ങൾ, ശ്രദ്ധ…, വികാരവിചാരങ്ങൾ, അവബോധം, ചലനശേഷി എന്നിവയും പ്രധാനമായി ഉൾപ്പെടുന്നുണ്ട്.
മറ്റൊന്ന് വായനയാണ്. സാഹിത്യത്തിലും കലാരംഗത്തുമൊക്കെ വൻവിജയമായി മാറിയ കലാകാരർ എഴുതിയ പുസ്‌തകങ്ങളും കുറിപ്പുകളും വായിക്കുന്നത് നല്ലതാണ്. കലയിലൂടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടവരുടെ കലയും ജീവിതവും വായിക്കുമ്പോൾ മനസ്സിന് പുതിയൊരുണർവ് നൽകാൻ സഹായിക്കുന്നു. അത്തരം കൃതികൾ വായിച്ച ഒരു ചിത്രകാരൻ പറയുന്നു.
‘‘കഴിഞ്ഞ കുറേ വർഷങ്ങളായി വിഷാദരോഗത്തിനും മാനസിക പിരിമുറുക്കത്തിനും പരിഹാരമായത് വായനയിലൂടെയായിരുന്നു; പുതിയ പെയിന്റിങ്ങുകളിലൂടെയായിരുന്നു’’. ‘ജീവൻ രക്ഷിക്കാനുള്ള ശക്തി ചിത്രകലയ്‌ക്കും സംഗീതത്തിനുമുണ്ട്’. ‘താളംതെറ്റിയ മനസ്സിന്റെ ഉടമയും ആത്മഹത്യയുടെ വഴിയിൽനിന്ന് മനസ്സു മാറുകയും ചെയ്‌ത ഒരു വ്യക്തിയുടെ വാക്കുകളാണിത്.
മറവിരോഗത്തിന് ആശ്വാസമേകാൻ ചിത്രരചനയ്‌ക്കു കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ഓർമശക്തി ബലപ്പെടുത്താനും ജീവിതത്തിന്റെ ചെറിയൊരു കോണിൽനിന്ന് വിശാലമായ പ്രപഞ്ചത്തിലേക്ക് കൂടുതൽ കടന്നുചെല്ലാനും ചിത്രകല സഹായിക്കുന്നു. അതുപോലെ വാർധക്യത്തിന്റെ അവശതകളിൽനിന്ന് കലയിലൂടെ സമാശ്വാസമനുഭവിക്കുന്ന നിരവധിപേരെ ഈ ലേഖകനറിയാം. സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങളും മനസിക പ്രശ്‌നങ്ങളുമൊക്കെയുള്ളവർക്ക് ചിത്രരചന (കലയിൽ മിടുക്കു കാണിച്ചില്ലെങ്കിൽ പോലും)യിലൂടെ നിറങ്ങളും രൂപങ്ങളുമൊക്കെ അവർക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്നു.
സംഗീതവും രോഗശമനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങൾ ധാരാളമുണ്ട്. പുരാതന ഗ്രീസിൽ വേദന കുറയ്‌ക്കുന്നതിനും മനസികസമ്മർദം ലഘൂകരിക്കുന്നതിനും ഉറക്കത്തിന് ശക്തിപകരാനും സംഗീതം ഉപയോഗപ്പെടുത്തിയതായി കാണാം. അമേരിക്കയിലും ആഫ്രിക്കയിലും ചില അനുഷ്‌ഠാനങ്ങളുടെ ഭാഗമായി ഇന്നും നടന്നുവരുന്ന സംഗീതാലാപനം മനസ്സ് ശാന്തമാക്കുകയും നല്ല ചിന്തയേേലക്കും പ്രവൃത്തിയിലേക്കും മനസ്സിനെ നയിക്കുകയും ചെയ്യുമെന്നും അവകാശപ്പെടുന്നുണ്ട്. ലോകമെമ്പാടും ‘മ്യൂസിക് തെറാപ്പി’ സാന്ത്വനമായും ചികിത്സയുടെ ഭാഗമായും നടത്തിവരുന്നുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുഗമമായ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് കലയുടെ വഴിയേ ഒപ്പം ചേർന്ന് സഞ്ചരിക്കുകയാണ് ഇന്നത്തെ കാലത്തിന് യോജിച്ചത്. ആരോഗ്യപരിരക്ഷയിൽ കലയ്‌ക്ക് നിർണായകമായ പങ്കും സ്വാധീനവുമുണ്ടെന്ന വസ്‌തുത മറക്കാതിരിക്കുക. ♦