ചൈനയിലെ ചുവർചിത്ര പാരമ്പര്യത്തിന് മൂകസാക്ഷ്യംവഹിക്കുന്ന മനുഷ്യനിർമ്മിതമായ ഗുഹാസങ്കേതങ്ങളാണ് മൊകാവോ. സുൻഹുവാങ് പട്ടണപ്രാന്തത്തിലുള്ള സാൻവി മരുഭൂമിയിലെ മിൻഗ്ഷാ പർവ്വതത്തിന്റെ കീഴ്‌ക്കാംതൂക്കായ ചരുവിൽ ഇവ സ്ഥിതിചെയ്യുന്നു. സുലോഹാനദിക്കു തെക്കുഭാഗത്താണ് ഈ ഗുഹാസങ്കേതങ്ങൾ. ഇതിന്റെ സാംസ്കാരിക ചരിത്രവും കലാപ്രാധാന്യവും അവിടെ കണ്ടെത്തിയ ചുവർചിത്രങ്ങൾ, പ്രതിമാശിൽപങ്ങൾ, പട്ട് ചിത്രങ്ങൾ, കൊടി ചിത്രങ്ങൾ, തുന്നൽ ചിത്രങ്ങൾ എന്നിവയിലായി വ്യാപിച്ചിരിക്കുന്നു.
മണൽക്കല്ല് കൊത്തിത്തുരന്ന് നിലകളിലായി ഗുഹാമുഖം പണിതിരിക്കുന്നു. 1500 മീറ്ററോളം ഉയരത്തിലുള്ള മലഞ്ചരിവിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ കവാടഗോപുരത്തെ “പറക്കുന്ന ഗുഹാഗോപുര’’മായി വിശേഷിപ്പിക്കുന്നു. ഇവിടെ 402 ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. അജന്താ ഗുഹകളുടെ എണ്ണം 30 ആയിരിക്കെ, ഇതിന്റെ വലിപ്പം ഊഹിക്കാവുന്നതാണ്.
ചന്ദ്രക്കലാകൃതിയിൽ റിലീഫ് ചിത്രാലംകൃതമായ പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ബുദ്ധപ്രതിമ സമസ്ത ഗർഭഗൃഹങ്ങളിലെയും പൊതുരീതിയാണ്. ഇവയ്ക്കു പിന്നിലായി ശിലാനിർമ്മിതവും ചിത്രാലംകൃതവുമായ ഒരു മറയുണ്ട്. ബുദ്ധപ്രതിമയ്ക്കു ചുറ്റും ബോധിസത്വന്മാരുടെയും ശിഷ്യന്മാരുടെയും ചെറുപ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ മൂലകളിൽ ലോകപാലകന്മാരായ വൈശ്രവണൻ, ധൃതരാഷ്ട്രർ, വിരൂധകൻ, വിരൂപാക്ഷൻ എന്നിവരുടെ പ്രതിമകളുമുണ്ട്.
മിക്ക ഗുഹകളിലും കാണുന്ന തടികൊണ്ടുള്ള ഗോവണികളുടെയും പാനലുകളുടെയും അലങ്കരണം ടങ് രാജവംശത്തിന്റേതാണെന്ന് അവിടെനിന്നും കണ്ടെടുത്ത ശിലാലിഖിതങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും അടിഭാഗത്തെ ഗുഹയുടെ തറ വിവിധ വർണ്ണങ്ങളിലുള്ള ടെറാക്കോട്ട് തറയോടുകൾ പാകി അലങ്കരിച്ചിരിക്കുന്നു. ഇതിലെ കാവിച്ചുവപ്പ്, ഇലപ്പച്ച, ഹരിതനീലം എന്നീ നിറങ്ങൾ മാഞ്ഞുംമങ്ങിയും പോയിട്ടുണ്ടെങ്കിലും ചുവപ്പും ബ്രൗൺ വർണ്ണങ്ങളും അവശേഷിക്കുന്നു. ഈ ഹാളിലെ ചുവർചിത്രങ്ങൾ സിംഹഭാഗവും മാഞ്ഞുപോയിരിക്കുന്നു. ലോകമെമ്പാടും കീർത്തികേട്ട ചൈനീസ് മൺഭരണികളുടെ വലിയൊരുശേഖരം ഇവിടെയുണ്ട്.
ചുവർചിത്രങ്ങൾ മൊകാവോയിലെ ചെറു ഗുഹാ ചുവരുകളിലും മച്ചിലും ചതുരാകൃതിയിലും ഡൈമൻ ആകൃതിയിലും ചെയ്തിട്ടുള്ള ഡിയപ്പർ അലങ്കാരങ്ങളുണ്ട്. ഇവയ്ക്കിടയിൽ ബുദ്ധന്റെ അനേകം വർണ്ണചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്നതിനാലാണ് സഹസ്രബുദ്ധ ഗുഹാക്ഷേത്രം എന്ന പേരുണ്ടായത്.
ഇടത്തരം പാനലിന്റെ മധ്യഭാഗത്തായി ബുദ്ധൻ പത്മാസനത്തിൽ ഉപവിഷ്ടനായും ചുറ്റും ബോധിസത്വന്മാരെയും ശിഷ്യഗണങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു. ഒരു സ്വർഗ്ഗരംഗചിത്രീകരണത്തിൽ അപ്സരസ്സുകൾ നൃത്തംചെയ്യുന്നു. കടും വർണ്ണത്തിലുള്ള അതിർത്തിരേഖയ്ക്കുള്ളിൽ ലോലമായി പൂശിയിട്ടുള്ള അനിയന്ത്രിത വർണ്ണപ്രയോഗത്തിൽ ചീനകലാ രീതിയുടെ സ്വാധീനംകാണം.
ഗുഹാന്തർഭാഗത്തെ വലിയ ചുവരുകളെ 4×3 മീറ്റർ അളവിൽ പാനലുകളായി തിരിച്ചും ശേഷഭാഗങ്ങളിൽ ലഭ്യമായ സ്ഥലത്തും ചിത്രണം നിർവ്വഹിച്ചിരിക്കുന്നു. ഗുഹാമുഖത്തിന് അഭിമുഖമായ പാനലുകളിൽ ബുദ്ധന്റെ പൂർവ്വജന്മകഥാഖ്യാനങ്ങളായ ജാതകകഥകളാണ് ആഖ്യാനം ചെയ്തിട്ടുള്ളത്.
ഒരു ബോധിസത്വൻ ശിഷ്യരുമായി സംവാദത്തിലേർപ്പെട്ടിരിക്കുന്ന രംഗചിത്രീകരണം ടാങ് രാജവംശ (618-907) ഗുഹയിലുള്ളത് അതീവ ശ്രദ്ധേയമാണ്. ഒരു ചക്രവർത്തിയുടെ പിന്നിലായി നിരവധി ശ്രോതാക്കൾ ഭവ്യതയോടെ നിൽക്കുന്നതായും മധ്യകിഴക്കനേഷ്യയിലെ ഒരുകൂട്ടം വ്യാപാരികൾ ഈ സംഭാഷണം ശ്രദ്ധിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ പിൻതലത്തിൽ പടുകൂറ്റൻ കെട്ടിടങ്ങളും അതിനുപിന്നിലുള്ള മേഘപാളികൾക്കിടയിലൂടെ ആകാശത്തിൽ നിന്നും പറന്നുപോകുന്ന പക്ഷികളെയും കാണാം.
പ്രധാനഗുഹാക്ഷേത്രച്ചുവരിൽ നിറഞ്ഞുനിൽക്കുന്ന 9 മീറ്റർ നീളമുള്ള ചുവർചിത്രം കൊടുങ്കാറ്റിന്റെ ഭീകരതാണ്ഡവത്തിന്റെ ആവിഷ്കാരമാണ്. രാജകീയ വേഷഭൂഷാദികളണിഞ്ഞ് സിംഹാസനാരൂഢനായ രാജാവ് കാറ്റിന്റെ ഗതിവേഗത്താൽ ഒരുവശത്തേക്ക് ചരിയുന്നു. പിന്നിലെ വാതിൽ പടുതകളും തോരണങ്ങളും കാറ്റിൽ ഉയർന്നു പാറുന്നു. പരിചാരകരുടെയും മറ്റും അംഗവസ്ത്രങ്ങളും തലമുടിയും ഒരേദിശയിൽ പാറിനിൽക്കുന്നു.
ആ ഭിത്തിയുടെ ഇടതുവശത്ത് കാഷായ വസ്ത്രം ധരിച്ച് പ്രശാന്തഭാവത്തിലുള്ള ബുദ്ധനെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രാലംകൃത മേൽവിതാനത്തിനുകീഴിൽ ആസനസ്ഥനായ ബുദ്ധന്റെ ശാന്തഭാവം ചിത്രമധ്യത്തെ കൊടുങ്കാറ്റ് വിതച്ച ഭീകരാവസ്ഥയ്ക്കു വിപരീതവും ആദർശവൽകൃതവുമാണ്. കൊടുങ്കാറ്റിൽ വലയുന്ന മനുഷ്യരെ ചൂണ്ടിക്കാണിച്ചു വിലപിക്കുന്ന മനുഷ്യരെ ഈ പാനലിന്റെ വലതുഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നു.
കൊടുങ്കാറ്റിന്റെ പൈശാചികതാണ്ഡവവും ബുദ്ധന്റെ ശാന്ത പ്രകൃതവും ഒരേപാനലിൽ ആവിഷ്കരിച്ച് ആത്മീയവും ഭൗതികവുമായ ജീവിതാവസ്ഥകളെ ബോധ്യപ്പെടുത്തുകയാണ് ചിത്രകാരന്മാരുടെ ലക്ഷ്യം. ഇത്തരം ആശയങ്ങൾ ആവിഷ്കരിച്ചിട്ടുള്ള സമാന ചിത്രങ്ങൾ മധ്യേഷ്യയിലെ ബുദ്ധഗുഹാസങ്കേതങ്ങളിലുണ്ട്.
കിഴക്കുപടിഞ്ഞാറൻ ദേശത്തെ ടിസിൻ രാജവംശത്തിന്റെ (എ.ഡി. 265 – 420) കാലത്ത് ബുദ്ധമതപ്രചരണാർത്ഥമുള്ള കലകൾക്കു പൂർവ്വാധികം പുരോഗതി കൈവന്നു. ഇതിലേക്ക് നിരവധി സന്യാസിമഠങ്ങളും പ്രാർത്ഥനാലയങ്ങളും ഗുഹാവിഹാരങ്ങളും സ്ഥാപിക്കപ്പെട്ടു. ഇതിൽ സഹസ്രബുദ്ധഗുഹയെന്ന പേരിൽ മൊകാവോ എ.ഡി. 4‐-ാം നൂറ്റാണ്ടിൽ കീർത്തികേട്ട ബുദ്ധമത തീർത്ഥാടനകേന്ദ്രമായി രൂപാന്തരപ്പെട്ടിരുന്നു.
ഭാരതത്തിലെ അജന്താ ചുവർചിത്രങ്ങളെക്കാൾ വിശിഷ്ടമായ കലാപാരമ്പര്യം മൊകാവോയ്ക്കുണ്ട്. 1949 മുതലാണ് മൊകാവോയെക്കുറിച്ചുള്ള അറിവ് ലോകത്തിനു ലഭിക്കുന്നത്. പ്രകൃതി പ്രതിഭാസങ്ങളുടെ പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് അംഗഭംഗം നേരിട്ട നിലയിലാണ് ഈ ഗുഹാക്ഷേത്രം. അതോടെ ചൈനയിലെ ജനകീയ റിപ്പബ്ലിക്കിന്റെ സജീവപരിഗണന പതിയുകയും 1968-ൽ ചൗ എൻ ലായിയുടെ പ്രത്യേക താൽപര്യപ്രകാരം സംരക്ഷണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ചിൻ എന്ന കൺസർവേഷൻ ഓഫീസർ സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചു.
സർജു മൊകാവോയിലെ നാലായിരത്തഞ്ഞൂറു ചതുരശ്രമീറ്റർ സ്ഥലത്ത് ചുവർ ചിത്രങ്ങളും 2500 ചതുരശ്രമീറ്റർ സ്ഥലത്ത് പെയിന്റ് ചെയ്തത പ്രതിമാശില്പങ്ങളും ഗവേഷണപഠനത്തിൽ കണ്ടെത്തി. നിരവധി കലാകാരരുടെ നെടുനാളത്തെ കഠിനാധ്വാനത്താൽ രൂപപ്പെട്ട മൊകാവോയിൽനിന്നും കലാകാരരെക്കുറിച്ചുള്ള നാമമാത്രമായ അറിവേ ലഭിച്ചിട്ടുള്ളൂ. ഈ ഗുഹാന്തർഭാഗത്തുനിന്നും ലഭിച്ച ശിലാലിഖിതരേഖ പ്രകാരം ചായോ സെങ്, റ്റഷു എന്നീ രണ്ടു കലാകാരന്മാരുടെ പേര് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വൈശദ്യപൂർണ്ണമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ♦