Wednesday, May 22, 2024

ad

Homeലേഖനങ്ങൾഹിന്ദുത്വരാഷ്‌ട്ര ഭാഗം‐ 2

ഹിന്ദുത്വരാഷ്‌ട്ര ഭാഗം‐ 2

കെ എ വേണുഗോപാലൻ

ഭാഗം 2

മനുവാദം
നുസ്മൃതിയിൽ സംക്ഷേപിച്ചു പറഞ്ഞിട്ടുള്ള സനാതന ധർമ്മത്തിനാലാണ് സാമൂഹ്യ വ്യവസ്ഥ നിയന്ത്രിക്കപ്പെടേണ്ടത് എന്നാണ് ആർ എസ് എസിന്റെ കാഴ്ചപ്പാട്. മനുഷ്യത്വവിരുദ്ധമായ ജാതിവ്യവസ്ഥയേയും പുരുഷാധിപത്യത്തേയും ന്യായീകരിക്കുന്നതാണ് മനുസ്മൃതി. അതനുസരിച്ച് ജാതിവ്യവസ്ഥ ദൈവേച്‌ഛയും പ്രകൃത്യാലുള്ള വൈവിധ്യങ്ങളെ അംഗീകരിക്കലുമാണ്. ഈ വൈവിധ്യങ്ങളെ സാമൂഹ്യ ജീവിതത്തിൽ അംഗീകരിക്കുക മാത്രമാണ് അവ ചെയ്യുന്നത്. ലിംഗത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ അടിച്ചമർത്തലും വിവേചനവും അസമത്വവും ഉണ്ടെന്നത് സനാതന ധർമ്മത്തിന്റെ ശത്രുക്കളുടെ ഭാവനയോ വൈദേശിക  മുസ്ലിം പാശ്ചാത്യ സ്വാധീനങ്ങളുടെ ഫലമോ ആണ്.

ദേവഭാഷയാണ് സംസ്കൃതമെന്നും അതിന്റെ ഏറ്റവും പ്രിയപ്പെട്ട സന്തതിയും എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയാണ് ഹിന്ദിയെന്നും അതിനാൽ ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും ആധിപത്യം വഹിക്കുന്ന ഭാഷയായി അംഗീകരിക്കണം എന്നുമാണ് ആർ എസ് എസ് അവകാശപ്പെടുന്നത്. മാത്രവുമല്ല മുസ്ലിംവിരോധത്തിന്റെ പേരിൽ ഇന്ത്യയിൽ ജന്മം കൊണ്ട ഭാഷയായിട്ടും അവർ ഉറുദുവിനെ വിദേശ ഭാഷ എന്ന് പറഞ്ഞ് എതിർക്കുകയും ചെയ്യുന്നു.

യുക്തി, വിവേകം, ശാസ്ത്രീയ അവബോധം എന്നിവയെ ആർ എസ് എസ് തള്ളിക്കളയുന്നു. അവർ യുക്തിയെ യുക്തിരാഹിത്യം കൊണ്ടും വിവേകത്തെ അവിവേകം കൊണ്ടും പകരംവെക്കാൻ ശ്രമിക്കുകയും അതുവഴി ജനങ്ങളെ ശാസ്ത്രീയ വീക്ഷണവും പ്രവർത്തന രീതിയും ഇല്ലാത്തവരാക്കി മാറ്റിത്തീർക്കാനും ശ്രമിക്കുന്നു. “ഹിന്ദുത്വവർഗീയ പ്രത്യയ ശാസ്ത്രം അശാസ്ത്രീയവും ചരിത്ര വിരുദ്ധവും ആയതിനാൽ അത് യുക്തിബോധത്തെയും വിവേകത്തെയും ശാസ്ത്രീയ അവബോധത്തെയും പരിക്കേൽപ്പിക്കുന്നു. വിജ്ഞാന വിരുദ്ധത, അന്ധവിശ്വാസം എന്നിവയുടെ വ്യാപനവും പിന്നോക്കാവസ്ഥയും ഹിന്ദു പാരാണികതയെ എളുപ്പത്തിൽ ദഹിപ്പിക്കുകയും അത് യഥാർത്ഥ ചരിത്രമെന്ന നിലയിൽ അതിവേഗം പ്രചരിപ്പിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു. ജനങ്ങൾക്കിടയിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ കാര്യങ്ങൾ എളുപ്പം സ്വീകരിക്കുന്നതിന് ഇടയാക്കുന്നു.’ (23ാം കോൺഗ്രസ് രാഷ്ട്രീയപ്രമേയം)

വേദങ്ങളിലും പൗരാണിക കൃതികളിലുമുള്ള അന്ധവിശ്വാസങ്ങളെ ആർ എസ് എസ് പ്രചരിപ്പിക്കുകയും ശാസ്ത്രവും ഐതിഹ്യവും തമ്മിലുള്ള വ്യത്യാസത്തെ മായ്ച്ചുകളയുകയും ചെയ്യുന്നു. നമുക്ക് ഇന്നറിയാവുന്ന ശാസ്ത്രീയമായ കാര്യങ്ങളെല്ലാം പൗരാണികരായ മുനിമാർക്ക് അറിയാമായിരുന്നുവെന്നും ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ ഒക്കെത്തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നു എന്നുമാണ് അവർ അവകാശപ്പെടുന്നത്. ഇത് പുതിയ ശാസ്ത്രീയ അറിവുകൾ തേടുന്നതിനുള്ള ത്വരയിൽനിന്ന് ജനങ്ങളെ വിമുഖരാക്കുക മാത്രമല്ല വിദേശ ശാസ്ത്ര സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യുന്നതിൽ പ്രകടമാകുന്ന നമ്മുടെ ആശ്രിതത്വത്തെയും വിധേയത്വത്തെയും മറച്ചുവെക്കുകയും ചെയ്യുന്നു.

ബിജെപിയുടെ പുത്തൻ വിദ്യാഭ്യാസ നയം “യുക്തിയുടേയും വിവേകത്തിന്റെയും അടിസ്ഥാനത്തിലുള്ള അറിവുനേടലിനെ ബോധപൂർവ്വം അട്ടിമറിക്കുന്നു. വിജ്ഞാനവിരോധത്തിനും അന്ധവിശ്വാസത്തിനും യുക്തിരാഹിത്യത്തിനും അവിവേകത്തിനും പ്രാധാന്യം കൊടുക്കുന്നതുവഴി ശാസ്ത്രീയ അവബോധം പുറന്തള്ളപ്പെടുന്നു. നമ്മുടെ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള തത്വങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള യുവാക്കളുടെ അവബോധം ശക്തിപ്പെടുത്തുന്നതിന് പകരം വർഗീയ ഹിന്ദുത്വ അജൻഡയുടെ ആശയപ്രചാരണത്തിനും സമ്പന്നമായ ഇന്ത്യാ ചരിത്രം പഠിപ്പിക്കുന്നതിന് പകരം ഹൈന്ദവ ഐതിഹ്യങ്ങൾ പഠിപ്പിക്കുന്നതിനും ഇന്ത്യൻ ദർശനത്തിന്റെ വൈവിധ്യപൂർണ്ണമായ ധാരകളെ പഠിപ്പിക്കുന്നതിനുപകരം ഹൈന്ദവ ദൈവശാസ്ത്രം പഠിപ്പിക്കുന്നതിനും ഊന്നൽ കൊടുക്കുന്നു.(23ാം കോൺഗ്രസ് രാഷ്ട്രീയ പ്രമേയം)

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിനുവേണ്ടി സ്കൂൾ പാഠപുസ്തകങ്ങളിൽ കൃത്രിമത്വം കാണിക്കാൻ ആർഎസ്എസ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ 2500 വർഷങ്ങളായി വിദേശ ഭരണാധികാരികൾക്കെതിരായി നടത്തിയ പോരാട്ടങ്ങളെ മുഴുവൻ, സ്വാതന്ത്ര്യസമരം എന്ന രീതിയിൽക്കണ്ട്‌, ചരിത്രം പഠിപ്പിക്കണം എന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഹിന്ദു മൂല്യങ്ങൾ മുഴുവൻ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലായി സിലബസിന്റെ ഭാഗമാക്കി വിദ്യാർത്ഥികളെ പഠിപ്പിക്കണം എന്നും അവർ ആവശ്യപ്പെടുന്നു. ബിജെപിക്ക് എപ്പോഴൊക്കെ തന്നെ സംസ്ഥാനങ്ങളിൽ ഫലം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തന്നെ സ്കൂൾ പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തി ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം യുവജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടി അവർ ശ്രമിച്ചിട്ടുണ്ട്.

ഫാസിസവുമായുള്ള ബന്ധം
തുടക്കകാലം മുതൽ തന്നെ ആർ എസ് എസിന് ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. 1931 മാർച്ചിൽ ആർ എസ് എസിന്റെ സ്ഥാപകരിൽ ഒരാളായ ബി എസ് മൂഞ്ചെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി യൂറോപ്പിൽ പോയിരുന്നു. അവിടത്തെ താമസത്തിനിടയിൽ അദ്ദേഹം ഇറ്റലി സന്ദർശിച്ചു. ഇറ്റാലിയൻ ഫാസിസ്റ്റ് യുവജന സംഘടനയായ ബല്ലിലയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവരുടെ സംഘടനാരീതികൾ പഠിക്കാനും ആണ് പോയത്. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായ ബെനിറ്റോ മുസോളിനിയെയും അദ്ദേഹം മാർച്ച് മാസത്തിൽ സന്ദർശിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിലും സംഘടനാ രൂപത്തിലും നിരവധി ഫാസിസ്റ്റ് തത്വങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. 1938 ൽ ആർഎസ്എസ് മഹാരാഷ്ട്രയിലെ നാസിക്കിൽ അവരുടെ ബോൺസ്ലെ സൈനിക സ്കൂൾ പ്രവർത്തനമാരംഭിച്ചു. അത് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. 1938 ൽ ഹിറ്റ്ലർ സുഡറ്റൻ ലാന്റ് പിടിച്ചടക്കിയതിനെ സവർക്കർ പിന്തുണയ്‌ക്കുന്നുണ്ട്. ഗോൾവാൾക്കർ തന്റെ ആശയങ്ങളിൽ പലതും സ്വാംശീകരിച്ചതും ആവേശം കൊണ്ടതും നാസി ആശയങ്ങളെ പിന്തുണച്ചിരുന്ന ജർമ്മൻ എഴുത്തുകാരിൽ നിന്നായിരുന്നു. സാംസ്കാരിക ദേശീയത എന്ന തന്റെ ആശയ സംഹിത രൂപപ്പെടുത്തുന്നതിൽ ഗോൾവാൾക്കർ ഈ എഴുത്തുകാരിൽ നിന്ന് ഏറെ കടം കൊണ്ടിട്ടുണ്ട്.

ആർ എസ് എസിന് ഇന്ത്യൻ ഭരണഘടനയോട് താല്പര്യമില്ല. ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ എഴുതിയത് ഇങ്ങനെയാണ്. “എന്നാൽ നമ്മുടെ ഭരണഘടനയിൽ പൗരാണിക ഭാരതത്തിൽ നടന്ന അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് യാതൊരു പരാമർശവുമില്ല. പേർഷ്യയിലെ സൊളോണിനും സ്പാർട്ടയിലെ ലിക്കർ ഗസിനും മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങൾ. ഇന്നേ ദിവസം വരെ മനുസ്മൃതിയിൽ പറഞ്ഞിട്ടുള്ള നിയമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റുകയും സ്വാഭാവികമായി അത് അംഗീകരിക്കാനും അനുസരിക്കാനും തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതർ മാത്രം അതിനൊരു വിലയും കല്പിക്കുന്നില്ല.’ അതുകൊണ്ടു തന്നെ ഈ ഭരണഘടനയെ തുരങ്കം വെക്കാൻ വഴിയന്വേഷിക്കുകയാണവർ.

ആർ എസ് എസിന്റെ രാഷ്ട്രീയോപകരണം മാത്രമായ ബിജെപി, മോദിയുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ഭരണഘടനയിൽ ഉയർത്തിപ്പിടിക്കുന്ന മഹത്തായ മൂല്യങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യ നീതി, സ്വയം പര്യാപ്തത എന്നിവയ്‌ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനയെ അതിന്റെ അകത്തു നിന്ന് തകർക്കുന്നതിനു വേണ്ടി എല്ലാ ഭരണഘടനാ അധികാര സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും  നിയമസഭകൾ, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പു കമ്മീഷൻ, സിവിൽ സർവീസ്, സായുധ സേന മുതലായവ  തകർക്കാനാണവർ ശ്രമിക്കുന്നത്. ഫെഡറലിസത്തെ തകർക്കുന്നതിനായി ഗവർണർമാരുടെ പദവി ദുരുപയോഗം ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും തകർക്കുന്നതിന് കേന്ദ്ര ഏജൻസികൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ബിജെപി നയങ്ങൾക്കെതിരായ ഏതൊരു വിമർശനത്തെയും ദേശദ്രോഹകരമായി ചിത്രീകരിക്കുന്നു. എതിരഭിപ്രായം രേഖപ്പെടുത്തുന്നവർക്കെതിരായി സ്ഥിരമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നു. ജനാധിപത്യപരമായ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നു.

ഭൂരിപക്ഷാധിപത്യമാണ് ജനാധിപത്യം എന്ന് ആർഎസ്എസ് കരുതുന്നു. അവർക്ക് ആവശ്യം നേതാവിൽ അധിഷ്ഠിതമായിട്ടുള്ള ഏകാധിപത്യ രൂപത്തിലുള്ള ഒരു ഭരണകൂടത്തെയാണ്. ജനാധിപത്യം എന്നത് ഒരു പാശ്ചാത്യ നിർമ്മിതിയാണെന്നും അത് ഇന്ത്യയ്ക്ക് യോജിച്ചതല്ല എന്നുമാണ് ആർഎസ്എസ് കരുതുന്നത്. ഗുരുജി ഗോൾവാൾക്കർ എഴുതിയിട്ടുള്ളത് “നിസ്വാർത്ഥരും ത്യാഗിവര്യരുമായ ഒരുകൂട്ടം ആളുകളാണ് ഹിന്ദുരാഷ്ട്രത്തെ നീതിപൂർവ്വകമായി ഭരിക്കേണ്ടത്’ എന്നാണ്. ഇതിന് ഫാസിസ്റ്റ് വീക്ഷണത്തിന്റേതായ ഒരു സ്വാദുണ്ടെന്ന് മാത്രമല്ല പഴക്കം ചെന്ന വർണാശ്രമ വ്യവസ്ഥയുടെ സ്വഭാവം കൂടിയുണ്ട്. ഉന്നതാധികാരികളായി ബ്രാഹ്മണരും അവരാൽ ഭരിക്കപ്പെടുന്ന സൈനികരും വ്യാപാരികളും തീർച്ചയായും അതിനു കീഴിൽ അധ്വാനിക്കുന്ന വർഗങ്ങളിൽപ്പെട്ട എല്ലാവരും.

ഇതൊക്കെത്തന്നെയാണ് അംബേദ്കറെക്കൊണ്ട് ഇങ്ങനെ എഴുതിച്ചത്. “ഹിന്ദുരാജ് പ്രാബല്യത്തിൽ വന്നാൽ യാതൊരു സംശയവുമില്ല ഈ രാജ്യത്തിന് അതൊരു വൻദുരന്തം തന്നെയായിരിക്കും…… സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്‌ക്കൊക്കെ അതൊരു വൻഭീഷണിയായിരിക്കും. അക്കാര്യത്തിൽ അതിന് ജനാധിപത്യവുമായി പൊരുത്തപ്പെടാനാവില്ല. ഹിന്ദുരാജിനെ എന്തു വില കൊടുത്തും തടയണം.’

കെട്ടിച്ചമയ്ക്കപ്പെട്ട ചരിത്രം
കെട്ടിച്ചമയ്ക്കപ്പെട്ട ചരിത്രം, ഐതിഹ്യങ്ങൾ, പച്ചക്കള്ളം എന്നിവയ്‌ക്കുമേൽ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഹിന്ദുത്വ സിദ്ധാന്തം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആര്യന്മാർ ഇന്ത്യയിൽ ജനിച്ചു വളർന്നരാണ് എന്ന വാദം. ഹിന്ദുമതത്തിൽ പെട്ടവരുടെ പൂർവ്വികരെല്ലാം ഇന്ത്യൻ മണ്ണിൽ ജനിച്ചു വളർന്നവരാണ് എന്ന് സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്ക് വിജയം കണ്ടെത്താനാവൂ. അല്ലാത്ത പക്ഷം മുസ്ലീങ്ങൾ കടന്നുകയറ്റക്കാരും വിദേശികളുമാണ് എന്ന ആക്ഷേപവും ആര്യന്മാർ കെട്ടിപ്പടുത്ത മഹത്തായ ഹിന്ദു സംസ്കാരം തകർത്തവരാണ് അവർ എന്ന ഹിന്ദുത്വവാദികളുടെ അവകാ വാദവും തകർന്നുപോകും.

അവർ അവകാശപ്പെടുന്നത് ആര്യന്മാർ ഇന്ത്യയിലെ ആദിമ നിവാസികളാണെന്നും മറ്റേതെങ്കിലും രാജ്യത്തു നിന്ന് കുടിയേറിയവരല്ലെന്നുമാണ്. ഇന്നത്തെ ഇന്ത്യൻ അതിർത്തിക്ക് പുറത്ത് ജനിച്ചവരും ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്ത് കുടിയേറിയവരുമാണ് ആര്യന്മാർ എന്ന വാദം അംഗീകരിച്ചാൽ അവർ കെട്ടിപ്പൊക്കിയിട്ടുള്ള ആശയസംഹിതയാകെ തകർന്നടിയും. അതുകൊണ്ട് ആര്യന്മാർ ഇന്ത്യയിലെ ആദിമ നിവാസികളായിരുന്നു എന്ന് തെളിയിക്കേണ്ടത് ഈ അവകാശവാദത്തെ പിന്തുണയ്‌ക്കുന്നതിനാവശ്യമാണ്.

ആര്യന്മാർ ഇന്ത്യയിൽ ജനിച്ചുവളർന്നവരാണ് എന്നു പറയുന്ന ഈ സിദ്ധാന്തം ശാസ്ത്രീയമായ എല്ലാ തെളിവുകൾക്കും വിരുദ്ധമാണ്. വേദകാല സംസ്കൃതം സംബന്ധിച്ച ഭാഷാപരമായ തെളിവുകൾ ആര്യന്മാർ പുറമേനിന്ന് വന്നവരാണ് എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. ഹാരപ്പൻ സംസ്കാരം സംബന്ധിച്ച തെളിവുകളും ആര്യന്മാർ ഇന്ത്യയിലെ ആദിമ നിവാസികളാണ് എന്ന വാദത്തെ സാധൂകരിക്കുന്നില്ല.

ആര്യന്മാർ ഇന്ത്യയിലെ ആദിമ നിവാസികളായിരുന്നുവെന്ന് മാത്രമല്ല അനാദികാലം മുതൽ ഹിന്ദു രാഷ്ട്രം നിലനിന്നിരുന്നുവെന്നും ആർ എസ് എസ് അവകാശപ്പെടുന്നുണ്ട്. പുരാതനകാലത്തെ ഏറ്റവും മഹത്തായ സംസ്കാരങ്ങളിൽ ഒന്നായ ഹാരപ്പൻ സംസ്കാരം ആര്യന്മാരുടെതായിരുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ചരിത്രപരവും പുരാവസ്തു ശാസ്ത്ര സംബന്ധവുമായ എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് ഈ സംസ്കാരം ഇന്ത്യയിൽ ആര്യന്മാർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നതാണ്. ഹാരപ്പൻ ജനത ആര്യന്മാരായിരുന്നില്ല.

ജനിതകവും പുരാവസ്തു ശാസ്ത്രാനുസരണവും നരവംശ ശാസ്ത്രാനുസരണവും ചരിത്രപരവും ആയി ഏറ്റവും അവസാനം നടത്തിയ കണ്ടെത്തലുകൾ അനുസരിച്ച് മാനവരാശിയുടെ ആഗോള തലത്തിലുള്ള കുടിയേറ്റം രേഖപ്പെടുത്തിയപ്പോഴും ആര്യന്മാർ ഇന്ത്യയിലെ ആദിമ നിവാസികളായിരുന്നു എന്ന സിദ്ധാന്തം തെളിയിക്കാനായിട്ടില്ല. 2019 ലാണ് ലോക പ്രശസ്തരായ 117 ശാസ്ത്രജ്ഞർ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനവും ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്ന വസ്തുത അംഗീകരിച്ചിരിക്കുകയാണ് (സെപ്തംമ്പർ 14 ‘ഹിന്ദു)

ഹിന്ദു മതത്തിലെ ബഹുസ്വരത
സംസ്കാരം, മതവിശ്വാസം, സാമൂഹ്യ മാനദണ്ഡം, ആചാരങ്ങൾ എന്നിവയിലൊക്കെ ഏകതാനത പുലർത്തുന്നതും എല്ലാ പ്രദേശങ്ങൾക്കും ജാതികൾക്കും ഒരുപോലെ ബാധകവുമായ ഒന്നാണ് ഹിന്ദു മതം എന്ന ആർഎസ്‌എസിന്റെ ആശയത്തിന് ചരിത്രപരമായ തെളിവുകളുടെ യാതൊരു അടിത്തറയുമില്ല. ഹിന്ദു മതം എന്ന പേരിൽ അവർ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ വളർന്നുവന്ന നിരവധി ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒന്നുമാത്രമായ ബ്രാഹ്മണമതത്തെയാണ്. ഹിന്ദുമതം ഏതെങ്കിലുമൊരു പ്രവാചകനാൽ സൃഷ്ടിക്കപ്പെട്ട ഒന്നല്ല. മനുസ്മൃതിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള വർണ  ജാതിവ്യവസ്ഥയാണ് അതിന്റെ കേന്ദ്ര സങ്കൽപനം.

തുടക്കം മുതൽ ഇന്ത്യയിൽ മതവിഭാഗങ്ങൾ ഒന്നുംതന്നെ ചരിത്രപരമായി ഏതെങ്കിലും ഒരു ഏകീകൃത മതത്തിന്റെ ഭാഗമായിരുന്നില്ല. ബ്രാഹ്മണമതവും ശ്രമണ മതവും പോലെ സമാന്തരമായി വളർന്നുവന്നവയായിരുന്നു അവ പലതും. ബുദ്ധമതവും ജൈനമതവും അങ്ങനെ സമാന്തരമായി വളർന്നവയാണ്. ഇതുകൂടാതെ തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ത മുതലായ നിരവധി വിഭാഗങ്ങളും ആരാധനാക്രമങ്ങളുമൊക്കെ ഇവിടെ വളർന്നുവന്നിരുന്നു. അവയിൽ പലതും ബ്രാഹ്മണാധിപത്യത്തെ തള്ളിക്കളയുകയും ജാതി വിവേചനത്തെ എതിർക്കുകയും ബ്രാഹ്മണാധിപത്യത്തിന് എതിരു നിൽക്കുകയും ചെയ്തിരുന്നു. വളരെ കാലം കഴിഞ്ഞതിന് ശേഷമാണ് ഈ മത പാരമ്പര്യങ്ങളെയൊക്കെ കൂട്ടി യോജിപ്പിക്കുകയും അത്‌ ഹിന്ദുമതം എന്ന് അറിയപ്പെടാൻ ആരംഭിക്കുകയും ചെയ്തത്.

പണ്ട് ഇങ്ങനെ എല്ലാ മതവിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് ഹിന്ദു എന്ന് പേരിട്ടു വിളിച്ചിരുന്നില്ല. അന്ന് ഹിന്ദു എന്ന പദം പോലും ഉപയോഗിക്കപ്പെട്ടിരുന്നില്ല. ആദ്യകാലത്ത് ഹിന്ദുധർമ്മം എന്ന പ്രയോഗം പോലുമുണ്ടായിരുന്നില്ല. ഈ സങ്കൽപ്പനങ്ങളൊക്കെത്തന്നെ പിന്നീട് രൂപപ്പെടുത്തപ്പെട്ടതാണ്.ചരിത്രാതീത കാലം മുതൽ തന്നെ ഹിന്ദുമതത്തിന്റെ വേരുകൾ ഇന്ത്യയിൽ ആഴ്ന്നുകിടക്കുന്നുണ്ട് എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിൽ ആർഎസ്എസിന് ഒരു രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. അക്കാലം മുതൽ തന്നെ നിയമസാധുതയുള്ള ഒന്നാണ് ഹിന്ദുമതം എന്നും മറ്റുള്ളവരൊക്കെത്തന്നെ വിദേശ മതത്തിന്റെ അനുയായികളും അനുചരന്മാരും ആണ് എന്നും അവർ ദേശദ്രോഹികളാണ് എന്നും വരുത്താനുള്ള ഒരു ശ്രമമാണ് ഇത്.

ആദിമകാലം മുതൽ തന്നെ ഇന്ത്യൻ സമൂഹം സാംസ്കാരികമായി സംയുക്തമായ ഒരു സമൂഹമാണ്. ഈ സംയുക്തസമൂഹത്തിൽ വിവിധധാരകൾ അലിഞ്ഞുചേർന്നിട്ടുണ്ട്. മതപരമായ കൊടുക്കൽവാങ്ങലുകളിലൂടെയും സങ്കലനത്തിലൂടെയും വളർന്നുവന്ന ഇന്ത്യൻ പാരമ്പര്യത്തിന്റെ ഈ സമ്മിശ്ര സ്വഭാവമാണ് അതിന്റെ കരുത്ത്.

മതത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ രണ്ടു സമ്മിശ്ര പ്രവണതകളാണ് ഹിന്ദു മതത്തിന്റെ ഭാഗത്തുനിന്നുള്ള ഭക്തിപ്രസ്ഥാനവും മുസ്ലിം മതത്തിന്റെ ഭാഗത്തു നിന്നുള്ള സൂഫി പ്രസ്ഥാനവും. ഈ രണ്ട് പാരമ്പര്യങ്ങളും മനുഷ്യസ്വഭാവമായ ഉൾക്കൊള്ളൽ പ്രവണത പ്രകടിപ്പിക്കുന്നവയാണ്. ഹിന്ദു മതത്തിന്റെയും ഇസ്ലാമിന്റെയും ആചാരങ്ങളുടെ പ്രവർത്തനപ്രതിപ്രവർത്തനത്തിലൂടെയാണ് ഭക്തി പ്രസ്ഥാനവും സൂഫി പ്രസ്ഥാനവും രൂപം കൊള്ളുന്നത്. സ്നേഹവും ഭക്തിയുമാണ് ആ മതപരമായ പ്രവണതകൾ.

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി ആർഎസ്എസ് ആധുനികതയ്‌ക്ക് മുമ്പുള്ളതും വൈവിധ്യ പൂർണവുമായ ഹിന്ദു മതത്തെയും അതിന്റെ ആചാരങ്ങളെയും ഏകമുഖവും ഏകതാനവും ആക്കിത്തീർക്കാൻ ശ്രമിക്കുന്നു. സാധു, ആചാര്യ, മഹന്ത് എന്നൊക്കെ അറിയപ്പെടുന്ന വിവിധയിനം പുരോഹിതന്മാരെ സംഘടിപ്പിക്കാനും അവരെ ഇതിനായി ഉപയോഗിക്കാനും ശ്രമിക്കുന്നു; ഭഗവത്ഗീതയെ വിശുദ്ധ ഗ്രന്ഥമായി ഉയർത്തിക്കൊണ്ടുവരുന്നു; മറ്റെല്ലാ ദൈവങ്ങളിൽ നിന്നും രാമനെ വിശുദ്ധ ദൈവമായി ഉയർത്തിക്കാണിക്കുന്നു.

അങ്ങനെ ഇന്ത്യൻ ജനതയുടെ പൊതുബോധത്തെ ഹിന്ദുത്വത്തിന് കീഴിലുള്ള സീമാതീതമായ ഐക്യം എന്നതിലേക്ക് നയിക്കാൻ ആർ എസ് എസ് പരിശ്രമിക്കുന്നു. സംസ്കാരം, പാരമ്പര്യം, ഭാഷ, ആചാരങ്ങൾ എന്നിവയിലൊക്കെ നൂറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങളിൽ ഉള്ള വൈവിധ്യത്തെ വെട്ടിയൊതുക്കി ഏകശിലാത്മകമായ ബ്രാഹ്മണാധിപത്യ മനുവാദി ഫാസിസ്റ്റിക് ഹിന്ദുത്വരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്.

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − six =

Most Popular