Monday, May 6, 2024

ad

Homeലേഖനങ്ങൾനവലോകക്രമത്തിലെ മതവംശീയ പുനരുത്ഥാനം

നവലോകക്രമത്തിലെ മതവംശീയ പുനരുത്ഥാനം

കെ ടി കുഞ്ഞിക്കണ്ണൻ

ഗോള മുതലാളിത്തപ്രതിസന്ധിയെ അതിജീവിക്കാനുള്ള സമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ നീചവും കുത്സിതവുമായ ശ്രമങ്ങളെന്ന നിലയിലാണ് സമകാലീന ലോകത്തിൽ മതവംശീയഭീകരതയുടെയും വർഗീയതയുടെയും ഹിംസാത്മകമായ വളർച്ചയുണ്ടായിരിക്കുന്നത്. നവലോകക്രമമെന്നത് ആഗോള ഫൈനാൻസ് മൂലധനത്തിന്റെ അധിനായകനായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള ലോകക്രമമാണ്. സ്വതന്ത്രദേശീയരാഷ്ട്രങ്ങളെയും സമ്പദ്ഘടനകളെയും വിഭവസ്രോതസ്സുകളെയും ആഗോളമൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിന് ഭീഷണിയാവുന്ന പ്രസ്ഥാനങ്ങളെയും സംഘടനകളെയും രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കാനും ശിഥിലമാക്കാനുമാണ് മതവംശീയ പുനരുജ്ജീവനശക്തികളെ അഴിച്ചുവിട്ടിരിക്കുന്നത്. മതവംശാധിഷ്ഠിതമായ രാഷ്ട്രീയമാണ് ഫാസിസം, അത്‌ ധനമൂലധനത്തിന്റെ പിൻബലത്തിലുമാണ്‌.

1920-കളിലും 1930-കളിലും യൂറോപ്പിൽ നരഹത്യകൾ സൃഷ്ടിച്ച ഫാസിസ്റ്റ് നാസി പ്രസ്ഥാനങ്ങൾ കുത്തകമൂലധനത്തിന്റെ പ്രതിസന്ധിയിൽ നിന്ന് ജന്മംകൊണ്ട പ്രതിലോമരാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ പ്രകടനങ്ങളായിരുന്നു.

ദേശരാഷ്ട്രങ്ങളെയും മുതലാളിത്ത ഉൽപാദനവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തുവരുന്ന തൊഴിലാളിവർഗത്തെയും അസ്ഥിരീകരിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് മതജാതിവംശീയ വിഘടനവാദപ്രസ്ഥാനങ്ങളെ സാമ്രാജ്യത്വശക്തികൾ അസൂത്രിതമായി വളർത്തിക്കൊണ്ടുവന്നിട്ടുള്ളത്. നിയോലിബറൽ പരിഷ്‌കാരങ്ങളോട് ചേർന്നാണ് സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും ശിഥിലമാക്കാനുള്ള മതവംശീയ വിധ്വംസകസംഘങ്ങളെ സാമ്രാജ്യത്വമൂലധനകേന്ദ്രങ്ങൾ വളർത്തിയെടുത്തതും തങ്ങളുടെ അധിനിവേശപദ്ധതികൾക്ക് അനുസൃതമായ രീതിയിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സജ്ജീകരിച്ച് വിന്യസിച്ചതും. 1981 ൽ ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധനചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് റീഗൺ പ്രഖ്യാപിച്ചത് യു.എസ്.എസ്.ആറിനെ 1990-കളാവുമ്പോഴേക്കും ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുമെന്നും അതിനായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ വ്യത്യസ്ത വംശീയ വിഭാഗങ്ങളെയും ദേശീയ സമൂഹങ്ങളെയും ഇളക്കിവിടുമെന്നായിരുന്നു.

നിയോലിബറലിസത്തിന് താത്വികാടിസ്ഥാനമിട്ട ലുദ്‌വിഗ്‌വോൺമൈസസ് 1930-കളിലെ മുതലാളിത്തപ്രതിസന്ധിയെ അതിജീവിക്കാനുള്ള കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്ര സങ്കൽപങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ ‘ലിബറലിസം’ എന്ന ലഘുപുസ്തകം പ്രസിദ്ധീകരിക്കുന്നത്. കെയ്ൻസ് നിർദ്ദേശിക്കുന്ന സ്റ്റേറ്റ് ഇടപെടലുകളും ക്ഷേമപദ്ധതികളുമൊക്കെ സോവിയറ്റ് സോഷ്യലിസത്തിലേക്ക് മുതലാളിത്തരാജ്യങ്ങളെ കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പാണ് മൈസസ് യൂറോപ്പിലെ മുതലാളിത്ത ഭരണകൂടങ്ങൾക്ക് നൽകിയത്. മുസോളിനി ചെയ്യുന്നതുപോലെ മുതലാളിത്തത്തിനെതിരായി ഉയർന്നുവരുന്ന തൊഴിലാളിവർഗപ്രസ്ഥാനങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തി ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മൈസസ് മുന്നോട്ടുവെച്ചത്.

അസമത്വവും അസന്തുലിതാവസ്ഥയുമൊക്കെ പ്രകൃതിയുടെ ഒഴിവാക്കാനാവാത്ത അനിവാര്യതയാണെന്നും അതൊന്നും സമൂഹത്തിൽനിന്നും മാറ്റാനാവില്ലെന്നും വാദിച്ച വിൽഫ്രഡ്‌പെരേറ്റയുടെ സാമ്പത്തികശാസ്ത്രസിദ്ധാന്തങ്ങളെ പിൻപറ്റിക്കൊണ്ടാണ് മുസോളിനി തന്റെ ഫാസിസ്റ്റ് അധികാരപ്രയോഗങ്ങൾ നടത്തിയത്. ജനങ്ങളെ തൊഴിലാളിപ്രസ്ഥാനങ്ങളിൽ നിന്നും ജനാധിപത്യചിന്താഗതികളിൽ നിന്നും അകറ്റി മതവംശീയ ചിന്തകളിലേക്കും പ്രാചീന ഭൂതകാലമഹിമകളിലേക്കും കൊണ്ടുവരണമെന്നതായിരുന്നു വിൽഫ്രഡ്‌പെരേറ്റയെപോലുള്ള ഫാസിസ്റ്റ് ചിന്തകന്മാരുടെ നിലപാട്. ഈയൊരു ചരിത്രപശ്ചാത്തലത്തിൽനിന്നുവേണം സമകാലീന ലോകത്തെ രക്തപങ്കിലമാക്കുന്ന മതഭീകരപ്രസ്ഥാനങ്ങളെയും വംശീയതയെയും മനസ്സിലാക്കുന്നത്. മത ഭീകരവാദത്തിന്റെയും വംശീയതയുടെയുമൊക്കെ രൂപത്തിൽ സ്വതന്ത്ര സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ശിഥിലമാക്കുന്നത് മൂലധനശക്തികൾ തന്നെയാണ്. അതായത് വർഗീയത വംശീയതയെന്നൊക്കെ വിവക്ഷിക്കുന്ന മാനവികതക്കെതിരായ വിധ്വംസക പ്രസ്ഥാനങ്ങൾ സാമ്രാജത്വത്തിന്റെ സൃഷ്ടിയാണ്.

ദക്ഷിണാഫ്രിക്കയിലെ ദർബനിൽ 2001-ൽ നടന്ന വംശീയതക്കെതിരായ അന്താരാഷ്ട്ര ഉച്ചകോടി ലോകമാസകലം നരഹത്യകൾ സൃഷ്ടിച്ച് പടരുന്ന വംശീയയുദ്ധങ്ങളെ മനുഷ്യരാശിക്കെതിരായ മഹാപാതകമാണെന്നാണ് വിശേഷിപ്പിച്ചത്. വംശീയതയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും മൂലസ്രോതസ്സ് സാമ്രാജ്യത്വ മൂലധന വ്യവസ്ഥയാണെന്ന യാഥാർത്ഥ്യം ആർക്കും മൂടിവെക്കാനാവാത്തവിധം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ വംശീയയുദ്ധത്തിനും മനുഷ്യക്കുരുതിക്കും വിത്തിട്ടത് ഈ മേഖലയിലെ സാമ്രാജ്യത്വ താല്പര്യങ്ങളാണ്. ട്രിങ്കോമാലി തുറമുഖത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള വൻശക്തികളുടെ കളികളാണ് സിംഹള തമിഴ് വംശീയ വിഭജനത്തിനും അക്രമാസക്ത തീവ്രവാദപ്രവർത്തനങ്ങൾക്കും മണ്ണൊരുക്കിയത്. ആഫ്രിക്ക തൊട്ട് അമേരിക്ക വരെ ഭീഷണമായ മാനങ്ങളിൽ പടരുന്ന വംശീയപ്രസ്ഥാനങ്ങളും നവനാസി സംഘടനകളും അമേരിക്കൻ മൂലധനതാൽപര്യങ്ങളുമായി ചേർന്ന് ജന്മമെടുത്തതാണ്.

വിവിധ രാജ്യങ്ങളിലും ലോകത്തിന്റെ വിവിധപ്രദേശങ്ങളിലും ഭിന്നരൂപങ്ങളിൽ പ്രകടമാവുന്ന ‘സ്വത്വരാഷ്ട്രീയ’ പ്രസ്ഥാനങ്ങൾക്ക് പൊതുവായൊരു ചരിത്രമുണ്ട്. മതം, വംശം, ഗോത്രം, ജാതി തുടങ്ങിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാവിധ ഭീകരസംഘങ്ങളും മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് വളർന്നത്. മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് സമകാലീന ലോകത്തിലെ വംശീയ പ്രസ്ഥാനങ്ങളെല്ലാം ജന്മമെടുത്തത്.

സ്വത്വരാഷ്ട്രീയ പ്രയോഗത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകമായ മാതൃക ജർമ്മനിയിലെ നാസി രാഷ്ട്രീയമാണ്. മുപ്പതുകളിലും നാൽപ്പതുകളിലും വംശവിരോധത്തിന്റെ വിഭ്രാന്തിയിൽ അടിപ്പെട്ട നാസികൾ ജർമ്മനിയെയും ലോകത്തെയും ശവപ്പറമ്പാക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്.

ലോകം ഭരിക്കാൻ പ്രാപ്തിയും അർഹതയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്നും ആര്യവംശമേധാവിത്വം പുനഃസ്ഥാപിക്കലാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്നും ഹിറ്റ്‌ലറും നാസികളും പ്രചരിപ്പിച്ചു. ആര്യൻ വംശാഭിമാനത്തിന്റെ പ്രവാചകനെന്നറിയപ്പെടുന്ന ബ്ലെൻചിലിയെപ്പോലുള്ളവർ വംശീയ സ്വത്വത്തെ രാഷ്ട്രമായി സമർത്ഥിച്ചു. സിവിൽ സമൂഹ ഉള്ളടക്കത്തോടെയുള്ള ദേശീയ രാഷ്ട്രസങ്കൽപങ്ങളത്തന്നെ നിഷേധിക്കുന്ന ചിന്താപദ്ധതികളാണ് ‘ദി തിയറി ഓഫ് ദി സ്റ്റേറ്റ്’ (Theory of the State) പോലുള്ള നാസികളുടെ ദാർശനിക കൃതികൾ മുന്നോട്ടുവെച്ചത്. ലോകത്തെ മറ്റെല്ലാ വംശങ്ങളെയും സമൂഹങ്ങളെയും അടക്കി ഭരിക്കാൻ കെൽപ്പും പദവിയും അധികാരവുമുള്ള ആര്യന്മാരുടെ ‘സ്വത്വ’ത്തെ ഒരിക്കൽക്കൂടി കണ്ടെത്താനാണ് വംശീയ ഫാസിസ്റ്റുകൾ ആഹ്വാനം ചെയ്തത്. ഇതരവംശങ്ങളെ തങ്ങൾക്കവകാശപ്പെട്ട അധികാരത്തിന് കീഴ്‌പ്പെടുത്താൻ ബലപ്രയോഗവും വംശഹത്യയും വരെ ന്യായീകരിക്കത്തക്കതാണെന്ന ഫാസിസ്റ്റ് യുക്തിയിലാണ് ആര്യവംശമേധാവിത്വബോധം ജർമ്മനിയിൽ വളർന്നത്.

ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസവും ഇതേരീതി അവലംബിച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും വംശാഭിമാനത്തിലധിഷ്ഠിതമായ രാഷ്ട്രീയവും സംസ്‌കാരവും സ്റ്റാലിനും ദിമിത്രോവുമെല്ലാം വിശദമായ വിശകലനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്വത്തിന്റെ ജീർണരാഷ്ട്രീയം തന്നെയാണ് ജർമ്മൻ വംശീയാഭിമാനത്തിന്റെ രാഷ്ട്രീയവുമെന്ന് അവർ തുറന്നുകാട്ടി. ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം അധമമെന്ന് വിശേഷിപ്പിച്ച വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കുംമേലുള്ള വംശാധിപത്യ രാഷ്ട്രീയം ജർമ്മനിയിലെയും ഇറ്റലിയിലെയും കുത്തകകൾക്ക് പ്രകൃതിവിഭവങ്ങൾക്കും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകൾക്കുംമേൽ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയം തന്നെയായിരുന്നു. മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ സർവാധിപത്യ പ്രവണതകൾ തന്നെയാണ് വംശീയ സ്വത്വബോധത്തിന്റെ പേരിൽ ലോകമെമ്പാടും അരങ്ങേറുന്ന കൂട്ടക്കൊലകളും വംശീയ യുദ്ധങ്ങളും പ്രകടിപ്പിക്കുന്നത്.

മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മധ്യത്തിലാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തിരോധാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ ചിരകാല സ്വപ്നമായ ‘നവലോകക്രമം’ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ത്വരിതഗതിയിലാക്കിയിരിക്കയാണ്. അതിനായി അവർ ആരംഭിച്ച ആഗോളവൽക്കരണ-ഉദാരവൽക്കരണനയങ്ങൾ വൻതോതിലുള്ള തിരിച്ചടികളാണ് നേരിടുന്നത്. 2008-ലാരംഭിച്ച മുതലാളിത്ത പ്രതിസന്ധിയിൽ നിന്ന് ലോകസമ്പദ്ഘടനയ്ക്ക് കരകയറാനാവുന്നില്ല. കോവിഡും അടച്ചുപൂട്ടലും കഴിഞ്ഞിട്ടും സമ്പദ്ഘടനകൾ മാന്ദ്യത്തിൽതന്നെയാണ്. പ്രതിസന്ധി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയോടെ അടിച്ചേൽപ്പിക്കപ്പെടുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായിട്ടു തന്നെയാണ് സാമ്രാജ്യത്വം വംശീയഭീകരവാദപ്രസ്ഥാനങ്ങളെയും വളർത്തിയെടുക്കുന്നത്. ജനകീയശക്തികളെ ഭിന്നിപ്പിക്കാനും ദേശീയരാഷ്ട്രഘടനകളെ ശിഥിലമാക്കാനുമുള്ള സാമ്പത്തിക, സാംസ്‌കാരിക പദ്ധതികൾ തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. സി.ഐ.എ, പെന്റഗൺ, യു.എസ് വിദേശകാര്യ വിഭാഗം എന്നിവ ചേർന്ന് രഹസ്യാന്വേഷണപരവും സൈനികവും നയതന്ത്രപരവുമായ സംവിധാനങ്ങൾ ഇതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഫൗണ്ടേഷനുകളും സന്നദ്ധസംഘടനാ ശൃംഖലകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

മതം, വംശീയത, ജാതീയത തുടങ്ങിയ എല്ലാതരം ശിഥിലീകരണ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ വിഭജിച്ച് നിർത്തുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭാഷാപരവും പ്രാദേശികവുമായ എല്ലാവിധ സങ്കുചിതത്വങ്ങളെയും വളർത്തിയെടുത്ത് ദേശീയഘടനകളെ തകർക്കുന്ന വിഘടനവാദ പ്രസ്ഥാനങ്ങളെ വളർത്തുകയും രാഷ്ട്രം ഉൾപ്പെടെയുള്ള എല്ലാവിധ ആധുനികാർത്ഥത്തിലുള്ള ബൃഹദ്ഘടനകളെയും തിരസ്‌കരിക്കുന്ന പ്രത്യയശാസ്ത്രപദ്ധതികളാണ് സാമ്രാജ്യത്വമൂലധനശക്തികൾ ലോകമാസകലം പ്രയോഗിക്കുന്നത്.

ആഫ്രിക്കയിൽ ഹുടു- ടുട്‌സി തർക്കങ്ങൾ പോലുള്ള ഗോത്രവൈരങ്ങളും അൾജീരിയയിലും ഇന്തോനേഷ്യയിലും ഇസ്ലാം- അനിസ്ലാമിക ഭിന്നതകളും ഇന്ത്യയിൽ ഹിന്ദു -അഹിന്ദു വ്യത്യാസങ്ങളും വളർത്തുന്നു. സാർവദേശീയതലത്തിൽ തന്നെ ഇസ്ലാമോഫോബിയ പടർത്തുന്നു. അറബ് നാടുകളിൽ ഇസ്ലാമികലോകത്തിലെ സുന്നി- ഷിയാ പോലുള്ള അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ പലസ്തീൻകാർക്കെതിരെ സയണിസത്തെ കയറൂരിവിടുന്നു. ഇസ്രായേൽ ഭരണകൂടത്തിന് യുഎസ് സർക്കാർ ഡോളറുകൾ ഒഴുക്കി സയണിസ്റ്റ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. പൂർവയൂറോപ്പിലും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളിലും വംശീയസംസ്‌കാര വൈവിധ്യങ്ങളെ സംഘർഷഭരിതമാക്കുന്നു. നാറ്റോ സേനയെ വിന്യസിച്ചും നവനാസി പ്രസ്ഥാനങ്ങളെ കയറൂരിവിട്ടും യൂറോപ്പിലാകെ യുദ്ധവും അസ്ഥിരീകരണവും സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു. ഉക്രൈനിലെ സെലൻസ്‌കി ഭരണകൂടത്തെ കയ്യിലെടുത്ത് റഷ്യൻ വംശജർക്കെതിരായ സംഘർഷം പടർത്തുകയാണ്. ബാൾക്കൻ രാജ്യങ്ങളെ കല്ലോട് കല്ല് ചേരാതെ വംശീയഭീകരത അഴിച്ചുവിട്ടു തകർത്തുകളഞ്ഞിരിക്കുന്നു. എല്ലാവിധ ജനാധിപത്യ സംവിധാനങ്ങളെയും നിരാകരിക്കുന്ന മത-വംശീയ പ്രസ്ഥാനങ്ങൾ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണപരിപാടിക്കുള്ള സ്വത്വരാഷ്ട്രീയപ്രയോഗത്തിന്റെ ഉപകരണങ്ങൾ മാത്രമാണ്. അല്ലാതെ ഉത്തരാധുനികർ പ്രചരിപ്പിക്കുംപോലെ ജനങ്ങളുടെ സ്വത്വബോധത്തിന്റെ പ്രകാശനങ്ങളല്ല. സ്വത്വബോധത്തെ സ്വത്വരാഷ്ട്രീയമായി വളർത്തി വംശീയസംഘർഷങ്ങൾ പടർത്താനാണ് നവലിബറൽ മൂലധനത്തിന്റെ സാംസ്‌കാരികയുക്തിയെന്ന രീതിയിൽ പ്രവർത്തിക്കുന്ന ഉത്തരാധുനിക ദാർശനികർ ശ്രമിക്കുന്നത്.

മുതലാളിത്തചൂഷണം സൃഷ്ടിക്കുന്ന അസമത്വങ്ങളെയും അസന്തുലിതത്വങ്ങളെയും മനുഷ്യത്വവിരുദ്ധമായ സാമൂഹ്യവ്യവസ്ഥയെയും മത-വംശീയശക്തികൾ ഉയർത്തുന്ന മിഥ്യാപൂർണമായ പുനരുജ്ജീവനവാദം വഴി അതിജീവിക്കാമെന്ന വ്യാമോഹമാണ് സൃഷ്ടിക്കപ്പെടുന്നത്. തങ്ങളുടെ വംശീയ സ്വത്വവും ഭൂതകാലവും പുനരാനയിക്കുക വഴി വർത്തമാനകാല ദുരിതങ്ങളെ അതിജീവിക്കാമെന്നാണ് വംശീയവാദികൾ ഉദ്‌ബോധിപ്പിച്ചിരുന്നത്. അയഥാർത്ഥമായ സങ്കൽപങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ തിന്മകളിൽ മനംമടുത്തവരെയും അതിന്റെ വികസനം സൃഷ്ടിച്ച അസന്തുലിതത്വങ്ങളുടെ ഇരകളെയും വംശീയഭീകരപ്രസ്ഥാനങ്ങൾ തങ്ങളോടൊപ്പം നിർത്തുകയാണ്. ഈ ‘സ്വത്വരാഷ്ട്രീയ’ വാദികൾ തങ്ങൾ സൃഷ്ടിക്കുന്ന അയഥാർത്ഥലോകത്തിൽ അയഥാർത്ഥ ശത്രുക്കളെയും അയഥാർത്ഥ മിത്രങ്ങളെയും സൃഷ്ടിച്ചെടുക്കുന്നു. തങ്ങളുടെ മതവും വംശവും ജാതിയുമെല്ലാം മറ്റുള്ളവരെക്കാൾ ഉയർന്നതും ശ്രേഷ്ഠവുമാണെന്ന ആധിപത്യബോധമാണ് ഇവർ വളർത്തുന്നത്. മറ്റുള്ളവരെല്ലാം മ്ലേച്ഛരും അധമരുമാണെന്ന പ്രത്യയശാസ്ത്രബോധം വളർത്തുന്ന വംശീയത ഒരു കൊളോണിയൽ നിർമിതിയാണെന്ന യാഥാർത്ഥ്യം പുരോഗമനശക്തികൾ തുറന്നു കാട്ടേണ്ടതുണ്ട്.

വംശീയതക്കെതിരായ സാർവദേശിയ സമ്മേളനവേദികൾ പലപ്പോഴും അമേരിക്കയും മറ്റിതര സാമ്രാജ്യരാജ്യങ്ങളും തങ്ങളുടെ താല്പര്യരാജ്യങ്ങൾക്കെതിരാവാതെയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ദർബൻ സമ്മേളനത്തിൽ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയതയെ വിമർശിക്കുന്നതും പലസ്തീൻ ജനത നേരിടുന്ന വിവേചനങ്ങൾ പരാമർശിക്കുന്നതുമായ പ്രഖ്യാപനത്തെ അമേരിക്കയും സഖ്യരാജ്യങ്ങളും എതിർത്തു. അവസാനം അമേരിക്കയുടെ അഭീഷ്ടമനുസരിച്ച് ഇന്ത്യ ഇടപെട്ടുകൊണ്ടാണ് ദർബൻ സമ്മേളന പ്രഖ്യാപനത്തിൽ ഇസ്രായേലിനെതിരായ പരാമർശങ്ങൾ ഒഴിവാക്കിച്ചത്. സാമ്രാജ്യത്വത്തിനും അവരുടെ ശിങ്കിടികളായ സിയോണിസ്റ്റുകൾക്കും മേൽക്കൈയുള്ള ഒരു ലോകവേദിയിൽ അങ്ങനെയൊക്കെ സംഭവിക്കുന്നതിൽ അസ്വാഭാവികത ഇല്ല. എന്നാൽ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളും സജീവമായിരുന്ന 1978-ലെയും 1983-ലെയും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമ്മേളനങ്ങളിൽ നിന്നും ഇസ്രായേലിനെ സിയോണിസ്റ്റ് വംശീയരാഷ്ട്രമായി വിലയിരുത്തുന്നതിൽ പ്രതിഷേധിച്ച് അമേരിക്ക വിട്ടുനിൽക്കുകയാണ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയും ഔട്ട്‌പോസ്റ്റുമായി നിലനിൽക്കുന്ന ഇസ്രായേൽ ഭരണകൂടത്തെ വിമർശിക്കുന്ന ഒരു പ്രഖ്യാപനത്തോടും അമേരിക്കക്ക് യോജിക്കാനാവില്ലല്ലോ. സയണിസത്തെ വംശീയതയായി നിർവചിക്കുന്ന പരാമർശങ്ങൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നപക്ഷം അമേരിക്കക്ക് പുറമെ ഫ്രാൻസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ബഹിഷ്‌കരിക്കുമെന്ന് ദർബൻ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുകയുണ്ടായി. ‘യുദ്ധകുറ്റങ്ങൾക്കും വംശീയ ശുദ്ധീകരണത്തിനും കൂട്ടക്കൊലകൾക്കും ഉത്തരവാദിയായ വംശീയകുറ്റവാളി’യായി ഇസ്രായേലിനെ വിശേഷിപ്പിക്കണമെന്ന വാദത്തിൽ പ്രതിഷേധിച്ചാണ് അമേരിക്കയും ഇസ്രായേലും സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കുവഴങ്ങി സമ്മേളനത്തിന്റെ സെക്രട്ടറി ജനറൽ മേരിറോബിൻ ഇസ്രായേലിനെതിരായ പരാമർശങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയായിരുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങളെ രണ്ടാംകിട പൗരരായി കാണുന്ന സാംസ്‌കാരിക ദേശീയത ഇന്ത്യയിൽ വംശഹത്യകൾ സൃഷ്ടിക്കുന്നതാണ് ഗുജറാത്തിലും ഒറീസയിലുമെല്ലാം നാം ദർശിച്ചത്. ഇപ്പോൾ മണിപ്പൂരിൽ മെയ്ത്തി വംശജരെ കൂടെനിർത്തിക്കൊണ്ട് കുക്കികൾക്കെതിരായി വംശഹത്യയ്ക്ക് സമാനമായ കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നവഉദാരവൽക്കരണനയവും തീവ്രഹിന്ദുത്വവാദവും തമ്മിലുള്ള പാരസ്പര്യം ഇന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ വംശഹത്യയോളം വളർന്ന ഹിന്ദുത്വരാഷ്ട്രീയത്തെ അമേരിക്കൻ ഏജൻസികൾ ഡോളറുകൾ ഒഴുക്കിക്കൊണ്ട് കൂടിയാണ് വളർത്തിയെടുത്തത്. ‘ഇന്ത്യാ റിലീഫ് ആൻഡ് ഡവലപ്‌മെന്റ്’ പോലുള്ള സംവിധാനങ്ങൾ വഴി ഗുജറാത്തിലേക്ക് ഒഴുകിയെത്തിയ വിദേശഫണ്ടുകളാണ് ആക്രമണോത്സുകമായ ഹിന്ദുത്വവാദത്തെ പരിപോഷിപ്പിച്ചെടുത്തത്. വിദ്വേഷത്തിന്റെയും വംശീയ ഉച്ചാടനത്തിന്റെയും രാഷ്ട്രീയവും സംസ്‌കാരവും ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിൽ നിരവധി അമേരിക്കൻ ഫണ്ടിംഗ് ഏജൻസികളും ബുദ്ധികേന്ദ്രങ്ങളും ബദ്ധശ്രദ്ധരാണ്. വംശമഹിമയുടെയും അന്യമത വിരോധത്തിന്റെയും പ്രത്യയശാസ്ത്രവൽക്കരണമാണ് സംഘപരിവാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

വർത്തമാന ലോകത്തെയാകമാനം കുരുതിക്കളമാക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമായ ‘ക്രൂരതീർത്ഥാടന’ങ്ങളുടേതാണ്. തദ്ദേശീയരായ റെഡ് ഇന്ത്യൻ വംശജരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അമേരിക്ക വംശശുദ്ധീകരണത്തിന്റെ മഹാപാതകങ്ങൾക്ക് തുടക്കം കുറിക്കുന്നതുതന്നെ. വംശഹത്യയുടെ നിഷ്ഠൂരതകളിലാണ് അമേരിക്കയെന്ന രാജ്യം തന്നെ സ്ഥാപിക്കപ്പെട്ടത്. ആംഗ്ലോ-സാക്‌സൺ വംശമേധാവിത്വ മനോഭാവമാണ് എക്കാലത്തും അമേരിക്കയുടെ പൊതബോധത്തെ നയിച്ചിട്ടുള്ളത്. കറുത്തവനായ ഒബാമ പ്രസിഡന്റ് പദത്തിലേക്ക് വന്നപ്പോൾ അമേരിക്കയിലെ ആംഗ്ലോ-സാക്‌സൺ വെള്ളവികാരം അമർഷം പ്രകടിപ്പിച്ചത് ലോകം കണ്ടതാണ്. ഒരിക്കലും അമേരിക്കയുടെ വംശീയ മേധാവിത്വത്തിലധിഷ്ഠിതമായ കോർപ്പറേറ്റ് മോഹങ്ങൾ അവസാനിക്കുന്നില്ല. തുർക്കിയിലും കിഴക്കൻ തിമോറിലും ഗ്വാട്ടിമാലയിലും സി.ഐ.എ നടത്തിയ വംശശുദ്ധീകരണങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. ബാൾക്കൻ രാജ്യങ്ങളെ സമ്പൂർണമായി തകർത്തതും വംശീയഭ്രാന്ത് കെട്ടഴിച്ചുവിട്ടുകൊണ്ടായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഭ്രാതൃഹത്യകൾ സൃഷ്ടിച്ചത് പ്രകൃതിവിഭവങ്ങളും സമ്പത്തും കൈയടക്കുകയെന്ന അധിനിവേശ ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു.

സ്വന്തം രാജ്യത്തുപോലും കറുത്ത വംശജരെ വംശീയമായി വേട്ടയാടിയ ചരിത്രമാണ് അമേരിക്കയുടേത്. കറുത്തവംശജരായ യുവതലമുറയെ മയക്കുമരുന്നിന് അടിമയാക്കി ക്രിമിനലൈസ് ചെയ്യുകയാണ് സി.ഐ.എ ചെയ്തത്. ബ്ലാക്ക്പാന്തർ ഉൾപ്പെടെയുള്ള വർണവെറിക്കെതിരായ കറുത്തവരുടെ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയാണ് അമേരിക്കൻ ഭരണകൂടം എന്നും ചെയ്തത്.

ലോകത്തിലെ ഏക വൻശക്തിയായി തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്ന അമേരിക്ക ഭൂമണ്ഡലത്തിലാകെ തങ്ങൾക്കഭിമതരല്ലാത്ത ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യുകയും തകർക്കുകയുമാണ്. നാനാവിധമായ വംശവെറിയൻ പ്രസ്ഥാനങ്ങളിലൂടെ ലോകത്തെ കുരുതിക്കളമാക്കുന്ന അമേരിക്ക മനുഷ്യരാശിക്കെതിരായ പാതകങ്ങളിലൂടെയാണ് നവലോകക്രമം രൂപപ്പെടുത്തുന്നത്. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള ആഗോളശ്രമങ്ങൾ മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളുടെയും വംശീയയുദ്ധത്തിന്റെയും മാനം കൈവരിച്ചിരിക്കുന്നു.

വൻകിട കോർപ്പറേറ്റ് മൂലധന കുത്തകകൾ സാമ്പത്തികപ്രവർത്തനത്തിന്റെ ദേശീയരൂപങ്ങളെ ഭേദിക്കാനും ആധിപത്യം സ്ഥാപിക്കാനും നടത്തുന്ന നീചമായ നീക്കങ്ങളാണ് എല്ലാവിധ അസ്ഥിരീകരണപരിപാടികളുടെയും ലക്ഷ്യം. ദേശീയതയെ സാമ്പത്തികജീവിതത്തിൽനിന്നടർത്തിമാറ്റി വർഗീയവും വംശീയവുമായ ഒരു പ്രതിലോമപരമായ സംവർഗമാക്കി ദൃഢീകരിക്കാനുള്ള ശ്രമങ്ങളാണ് യൂഗോസ്ലാവ്യയിലും പഴയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിലുമെല്ലാം കണ്ടത്. ദേശീയതയെ വിഘടിപ്പിച്ച് മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളിൽ ജനങ്ങളെ വിഭ്രാന്തമായ കലാപങ്ങളിലേക്ക് നയിക്കുന്ന മൂലധനശക്തികൾ കോർപ്പറേറ്റ് കുത്തകകളുടെ ജന്മദേശമായ സാമ്രാജ്യത്വ രാജ്യങ്ങളുടെ ദേശീയതയുടെ ആധിപത്യഭാവത്തെ പരമാവധി വിജൃംഭിതമാക്കുകയും ചെയ്യുന്നു.

ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും എല്ലാവിധ ദർശനങ്ങളെയും നിരാകരിക്കുന്ന ‘സ്വത്വരാഷ്ട്രീയവാദി’കളാണ് സമകാലിക വംശീയ വിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാർ. സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ വക്താക്കൾ എല്ലാവിധ സാംസ്‌കാരിക സ്വത്വങ്ങളെയും സാമ്രാജ്യത്വ അധിനിവേശത്തിനനുഗുണമാകുന്ന ചിന്താപദ്ധതികളായി ആവിഷ്‌ക്കരിച്ച് പ്രയോഗിക്കുകയാണ്. സംസ്‌കാരവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന, ബഹുസ്വരതയെ അംഗീകരിക്കുന്ന ജനാധിപത്യ ദർശനങ്ങളുടെ നിഷേധത്തിലാണ് ഹണ്ടിങ്ടൺ സിദ്ധാന്തങ്ങൾ മുളപൊട്ടുന്നത്. മൗലികമായ മതം, വംശം, ജാതി, ഗോത്രം, ദേശം തുടങ്ങിയ എല്ലാവിധ ഘടകങ്ങളുമായി ചേർന്ന് വിവിധ രൂപത്തിലുള്ള മൗലികവാദസിദ്ധാന്തങ്ങളെയാണ് സാമ്രാജ്യത്വത്തിന്റെ ‘സാംസ്‌കാരസംഘർഷ’ സൈദ്ധാന്തികർ ശക്തിപ്പെടുത്തുന്നത്. നവോത്ഥാനത്തിനും ആധുനികതക്കുമെതിരായ വിമർശനമെന്ന നിലയിൽ രൂപപ്പെട്ടുവരുന്ന ഉത്തരാധുനിക ചിന്താപദ്ധതികളെയാണ് എല്ലാവിധ വർഗീയ, വംശീയവാദികളും പിൻപറ്റുന്നത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ജീവിതങ്ങൾ തമ്മിലും ഇവയെല്ലാം ബന്ധപ്പെട്ട വിവിധ ജ്ഞാന രൂപങ്ങൾ തമ്മിലുള്ള ബന്ധത്തെ അത് നിഷേധിക്കുന്നു. മനുഷ്യചിന്തയെയും ജീവിതത്തെയും സംബന്ധിച്ച സമഗ്രദർശനങ്ങളെ അത് നിരസിക്കുന്നു. യഥാർത്ഥത്തിൽ ചരിത്രത്തെ തന്നെ നിഷേധിക്കുകയും ഉൽപാദന-പ്രത്യൽപാദന ബന്ധങ്ങളിൽ നിന്നും പ്രക്രിയയിൽ നിന്നും വേറിട്ട വിമോചനത്തിന്റെ ബഹു സാധ്യതകളെന്ന നിലയിൽ വിവിധ മൗലികവാദ രൂപങ്ങളെ വളർത്തുകയാണ് ഉത്തരാധുനികരും നവലിബറൽ മൂലധനശക്തികളും.

സമൂഹത്തെയും രാഷ്ട്രസ്വത്വത്തെയും ശിഥിലീകരിക്കുക (fragamentise) എന്നതാണ് സാമ്രാജ്യബുദ്ധികേന്ദ്രങ്ങളുടെ ഈ ഉത്തരാധുനിക നയത്തിന്റെയും ലക്ഷ്യം. തീവ്രമാകുന്ന സാമ്രാജ്യത്വ ചൂഷണത്തെയാണ് ആഗോളവൽക്കരണനയങ്ങൾ പ്രതിനിധീകരിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നവ ഉദാരവൽക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്നും ഉയിർക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള മറുവിദ്യകൾ എന്ന നിലയിലുമാണ് മതവർഗീയതയെയും വംശീയ വിഘടനവാദ പ്രസ്ഥാനങ്ങളെയും സാമ്രാജ്യത്വം ആയുധവും അർത്ഥവും നൽകി ശക്തിപ്പെടുത്തുന്നത്. സോഷ്യലിസത്തെയും ജനാധിപത്യ ദേശീയതയെയും ആക്രമിച്ച് നശിപ്പിക്കുകയും അധിനിവേശത്തിന്റെയും ദേശീയ അടിമത്വത്തിന്റെയും ചിന്താധാരകളെ നിരന്തരം പുനരുൽപാദിപ്പിക്കുകയും ചെയ്തുകൊണ്ടാണ് എല്ലാവിധ സാമ്രാജ്യത്വപ്രോക്ത മത, വംശ, ജാതി പ്രസ്ഥാനങ്ങളും നാനാവിധത്തിലുള്ള മൗലികവാദ സംഘടനകളും പ്രവർത്തിക്കുന്നത്. മനുഷ്യക്കുരിതികൾ സൃഷ്ടിക്കുന്ന വംശീയ യുദ്ധങ്ങൾ സാമ്രാജ്യത്വമൂലധന വ്യവസ്ഥയുടെ അതിജീവനത്തിനുള്ള സാർവദേശീയ പരിപാടിയായി ഇന്ന് മൂലധനശക്തികൾ വികസിപ്പിച്ചിരിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular