നാടകത്തിനൊരു മുഖക്കുറിപ്പ്
സ്വതന്ത്ര ഇന്ത്യയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ നടുക്കം സൃഷ്ടിക്കുന്ന സ്ത്രീ പീഡനങ്ങളാണ് നടക്കുന്നത്. മാനസികവും ശാരീരികവുമായ അടിമത്തം പേറി വീർപ്പുമുട്ടുന്ന സ്ത്രീകൾ വീടുകളിൽ തന്നെ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.ഇവർക്ക് നേരിടേണ്ടി വരുന്ന, സ്വന്തം ശരീരത്തിനുമേലുള്ള അതിക്രമങ്ങൾ സ്ത്രീസംരക്ഷണ നിയമങ്ങളെ പരിഹസിക്കും വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാ എന്നാണ് ഞെട്ടിക്കുന്ന കണക്കുകൾ. ഇത്തരം വാർത്തകളിൽ പെടാത്ത സംഭവങ്ങൾ നിരവധിയാണ്. സ്‌ത്രീകളും പെൺകുട്ടികളും കൂട്ട ബലാത്സംഗത്തിനിരയാകുകയും ജീവനോടെ തീവെച്ചു കൊല്ലപ്പെടുകയും ചെയ്യുന്നു.
പ്രത്യേകിച്ച് യുപി പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നു. ശിക്ഷാഭയമില്ലാതെ പ്രതികളായവർ പലരും അധികാരസ്ഥാനങ്ങളിൽ തുടരുന്നു. ഇപ്പോൾ ഏറ്റവുമൊടുവിൽ നാടിന്റെ അഭിമാനമായ ഗുസ്തി താരങ്ങളും പീഡനങ്ങൾക്ക് ഇരയായിരിക്കുന്നു. അവർ നീതിക്കായി തെരുവിലിറങ്ങിയപ്പോൾ പൊലീസും കേന്ദ്രസേനയും ക്രൂരമായി മർദ്ദിച്ചു ഒതുക്കാൻ ശ്രമിച്ചു. ഇപ്പോൾ താരങ്ങളെ അധിക്ഷേപിക്കുകയും മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.ഈ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമായി തയ്യാറാക്കിയതാണ് ഈ ചെറുനാടകം.
ഭീതിയും നുണപ്രചരണങ്ങളും വർദ്ധിക്കുന്ന ഇക്കാലത്ത് മതരാഷ്ട്ര വാദം ശക്തിപ്പെടുകയും അക്രമവും അഴിമതിയും, സ്ത്രീ പീഡനങ്ങളും കൊലകളും വർദ്ധിച്ചുവരികയും ന്യൂനപക്ഷങ്ങളും ദളിതരും അതിക്രൂരമായി അക്രമിക്കപ്പെടുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് ഒരു നാടകകൃത്തിന്റെ ധർമമെന്താണ്? നിസ്വവർഗത്തോട് ചേർന്നു നിന്നു കൊണ്ട് നേരെഴുതുകയും നേരിനൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഉത്തരം.രാജ്യം നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളികൾക്ക് മുന്നിൽ നിശ്ശബ്ദനായിരിക്കുക എന്നത് കുറ്റകൃത്യമാണ്. മതേതര സംസ്കാരത്തെ സംരക്ഷിക്കാൻ ഓരോ വ്യക്തിക്കും എന്ന പോലെ എഴുത്തുകാരനും കലാകാരനും ഉത്തരവാദിത്തമുണ്ട്.സമൂഹത്തിന്റെ പ്രതിനിധിയായ എഴുത്തുകാർക്ക് ഇതിൽ നിന്ന് മാറിചിന്തിക്കാനോ നിൽക്കാനോ ആവില്ല. നേരിന്റെ കരുത്തുറ്റ കലാരൂപമായ നാടകത്തിലൂടെ പ്രതികരിക്കുന്നവനാണ് നേരിനൊപ്പം നിൽക്കുന്ന നാടക പോരാളി ശ്രമിക്കേണ്ടത്. വർഗീയതയ്ക്കും വംശീയതയക്കും ജാതീയതയ്ക്കും ഫാസിസത്തിനും എതിരെ ചൂണ്ടുവിരലായി ഓരോ വാക്കും മൂർച്ച കൂട്ടി നിവർന്നു നിൽക്കുക തന്നെ വേണം.
(ഐക്യദാർഢ്യ നാടകം)
രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമായി തയ്യാറാക്കിയ ഒരു ലഘു നാടകം.
തളരാത്ത പോരാട്ട വീറുമായി നമുക്കൊത്തുചേരാം. നേരിന്റെ കലയായ നാടകത്തിലൂടെ നീതിക്കായ് പൊരുതുന്ന ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കാം.
ദൃശ്യം ഒന്ന്:
ഇരുളിൽ ചെറുവെളിച്ചത്തിൽ അനീതിക്കെതിരെയുള്ള ഒരു പെൺകരുത്തിന്റെ ചൂണ്ടുവിരൽ കാണാം. സംഗീതത്തിന്റെ തിരകൾ അലയടിച്ചുയരുന്നു.അനന്തരം അരങ്ങിന്റെ വിവിധ ദിക്കുകളിൽ കത്തിച്ചു പിടിച്ച പന്തം പോലെ കുറെചൂണ്ടുവിരലുകൾ മൂർച്ചയുള്ള അസ്ത്രങ്ങളായി പ്രേക്ഷകർക്ക് നേരെ ചൂണ്ടപ്പെടുന്നു.സംഗീതത്തിന്റെ അലർച്ച ഉയർന്ന് പതിയെ താഴുന്നു. രംഗഭൂമി പൂർണ ഇരുളിൽ.
ദൃശ്യം രണ്ട്:
പ്രതീകാത്മകമായി പ്രത്യേകം സജ്ജീകരിച്ച റെസ്ലിംഗ് ബെഡിൽ പ്രതിഷേധ ഗുസ്തി പ്രദർശനം അരങ്ങേറുകയാണ്. പശ്ചാത്തലത്തിൽ ഇടിമുഴക്കം പോലെ പ്രശസ്ത കവി കുരീപ്പുഴയുടെ വരികൾ കേൾക്കാം:
“തപസ്സിലാഗ്രഹങ്ങൾ പോൽ
ഹിമത്തിലഗ്നിയുണ്ടെടോ
തകർന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം.
പടക്കളത്തിലെത്തണം
പരുക്കനായ പൗരുഷം
തകർത്തെറിഞ്ഞു നിൽക്കണം
വില്ലെടുക്കബലയല്ല പെണ്ണുനീയറിയണം
കല്ലുപോൽ പ്രബലയായുറച്ചു
തന്നെ നിൽക്കണം”
( റെസ്ലിംഗ് ബെഡിൽ കരുത്തോടെ ഉയർന്നു നില്ക്കുന്ന ഒരു വനിതാ ഗുസ്തി താരം. )
ദൃശ്യം മൂന്ന്:
ചടുലമായ സംഗീതത്തോടൊപ്പം പിന്നരങ്ങിലെ വെള്ളത്തിരശ്ശീലയിൽ തെരുവിൽ ഗുസ്തി താരങ്ങളെ പോലീസ് ക്രൂരമായി തല്ലി ചതക്കുന്ന ദൃശ്യങ്ങൾ. നാടിന്റെ അഭിമാനതാരങ്ങൾ കുറ്റവാളികളെ പോലെ വേട്ടയാടപ്പെടുന്ന നടുക്കം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾക്കൊടുവിൽ ക്രൂര വേട്ടക്കാരനായ ഒരു ഗുണ്ടാ നേതാവ് വിജയാഹ്ളാദത്തോടെ ചിരിക്കുന്ന ദൃശ്യം.പ്രതിഷേധ ഭാവത്തോടെ കടന്നു വരുന്ന ഒരു വനിതാ ഗുസ്തി താരം തിരശ്ശീലയിലെ അയാളുടെ ക്രൂര മുഖത്തിന് നേരെ രോഷം കത്തുന്ന കണ്ണുകളോടെ കരുത്തോടെ കാർക്കിച്ചു തുപ്പുന്നു.
പൊടുന്നനെ രംഗ ദീപങ്ങൾ പൊലിയുന്നു.
ദൃശ്യം നാല്:
ഇരുളിൽ വസ്ത്രാക്ഷേപത്തിന് ഇരയായ പാഞ്ചാലിയുടെ രോദനം. അത് അനേകം പാഞ്ചാലിമാരുടെ രോദനമായി പടരുന്നു.
ദൃശ്യം അഞ്ച്:
അരങ്ങിലെ പ്രകാശ വൃത്തത്തിൽ മെഡലുയർത്തി നിൽക്കുന്ന ഒരു വനിതാ ഗുസ്തി താരം.
താരം:( പ്രേക്ഷകരോടായി)
കഷ്ടപ്പാടിലൂടെയും കടുത്ത പരിശീലനത്തിലൂടെയും ഞങ്ങൾ ഈ രാജ്യത്തിനായി നേടിയ മെഡലുകൾ………ഇതിനായി ഞങ്ങൾ ഒഴുക്കിയ വിയർപ്പിന്റെ വില …….. ഞങ്ങൾ അനുഭവിച്ച സംഘർഷങ്ങൾ ….. വേദനകൾ …….. (സങ്കടം പെരുകി വാക്കുകൾ മുറിയുന്നു.തെല്ലിട മൗനത്തിന് ശേഷം ഉയർത്തിപ്പിടിച്ച മെഡലിലേക്ക് നോക്കി) ഒളിമ്പിക്സ് വേദികളിൽ, അന്തർദേശീയ കായിക വേദികളിൽ നിന്നൊക്കെ ഞങ്ങൾ നേടിയ ഈ മെഡലുകൾ ഗംഗയിലേക്ക് ഒഴുക്കിക്കളയുകയാണ്.ഈ നാടിന്റെ മാനം ഗംഗയിൽ ഒഴുകിപ്പോകട്ടെ.
(പൊടുന്നനെ ഇരു ദിക്കുകളിൽ നിന്നും പ്രത്യക്ഷപ്പെടുന്ന കർഷക നേതാക്കൾ തടയുന്നു.)
ഒരാൾ: അരുത്……… നിങ്ങൾ വിയർപ്പൊഴുക്കി നേടിയ പതക്കങ്ങൾ ആറ്റിലൊഴുകി പോകാനുള്ളതല്ല.
രണ്ടാമൻ: ചെങ്കോലിനെക്കാളും പൊൻകിരീടത്തെക്കാളും വിലപ്പെട്ടവയാണ് നിങ്ങൾ വിയർപ്പൊഴുക്കി നേടിയ പതക്കങ്ങൾ.
മൂന്നാമൻ: വീരസഹോദരിമാരെ, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. ഈ മണ്ണിൽ പണിയെടുത്ത് അമൃതം വിളയിക്കുന്ന കർഷകരായ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.
നാലാമൻ: ഇനി നിങ്ങളുടെ മാനം തെരുവിൽ വലിച്ചിഴയ്ക്കപ്പെടില്ല. നിങ്ങൾക്ക് കരുത്തായി ഒരേ മനസ്സായി ഞങ്ങളുണ്ട്.
അഞ്ചാമൻ: ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിനായി ഞങ്ങളും ഒപ്പമുണ്ട്.
സംഘമായി: (ഒരേസ്വരം) നിങ്ങൾ തോൽക്കരുത്; തോറ്റു പോകരുത്. തോല്ക്കാൻ ഞങ്ങൾ വിടില്ല. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. നീതിക്കായ് പൊരുതുന്ന നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്.
(കർഷക സംഘം വീരവനിതകൾക്ക് കാവലായി കോട്ടപണിത് നിൽക്കുന്നു.)
ശുഭം. ♦