Saturday, November 23, 2024

ad

Homeനാടകംപെൺ മുറിവുകൾ

പെൺ മുറിവുകൾ

ബഷീർ മണക്കാട്

(ഏകപാത്ര നാടകം)

രംഭം: നറുനീലവിരിച്ച പിന്നരങ്ങ്. മുന്നിൽ കറുമി. ചൂട്ടാച്ചിക്കറുപ്പുള്ള പെണ്ണ്. മുറിവുകളേറെ ഏറ്റുവാങ്ങേണ്ടിവന്നവൾ. മുഖത്ത് വട്ടക്കറുപ്പ്. പ്രായം പതിനെട്ടിന്റെ കടവു കടന്നു. കണ്ണുകളിൽ ദുഃഖത്തിന്റെ തിരിനാളം.മുഷിഞ്ഞു കീറിയ വേഷം. മുനയൊടിഞ്ഞ നോട്ടം.

ആരംഭത്തിൽ അലറുന്ന പുരുഷശബ്ദത്തോടെ അരങ്ങു തെളിയുന്നു. ചലിക്കുന്ന പുരുഷനിഴലുകൾക്ക് നടുവിൽ പേടിച്ചുവിറച്ച് കണ്ണിറുക്കെ അടച്ച് കറുമി നേർത്ത വെട്ടത്തിൽ ഇരിക്കുന്നു.

മുഖമുയർത്താതെ തല കാൽമുട്ടുകൾക്കിടയിൽ മറച്ച് കൈകൾകാലുകളെ വരിഞ്ഞ് ഒരു നിശ്ചല ചിത്രമായി ഇരിക്കുന്നു.

(ദുഃഖസാന്ദ്രമായ നേർത്ത സംഗീതം)
പൊടുന്നനെ കോവണിപ്പടികളിൽ ആഞ്ഞുചവിട്ടി ഭൂകമ്പങ്ങൾ സൃഷ്ടിച്ചുവരുന്ന പുരുഷവേട്ടക്കാരുടെ കാലൊച്ചകൾ. വർദ്ധിച്ച ഭീതിയോടെ അവൾ തലയുയർത്തി നാലുപാടും നോക്കുന്നു. ഭീതിയോടെവിറയ്ക്കുന്നു.

അല്പനേരം!

സീൻ ഒന്ന്

കറുമി: (സങ്കടത്തോടെ – പ്രേക്ഷകരോടായി)
കരളിലെ കനവെല്ലാം കരിഞ്ഞു പോയി. ഉടലെല്ലാം മുറിഞ്ഞ് മുളകിൻ എരി പോലെ നീറ്റൽ. ഉള്ളുരുകി… ഉള്ളുരുകി ജീവനില്ലാത്തോളായി. വേദനയുടെ ചൂളയിലെരിയും ഈ തെരുവിൻ മകൾക്ക് ആരുണ്ട് രക്ഷയായി ?

(തെല്ലിട മൗനം)

ഞാൻ തെരുവിന്റെ മകൾ. ആർക്കും വേണ്ടാത്തവൾ. ജാതിയും മതവുമില്ലാത്തവൾ. പണവും സ്വാധീനവുമില്ലാത്തവൾ. എന്റെ മുറിവുകൾ ആരു കാണാൻ? ഞാൻ പറയുന്നത് ആരു കേൾക്കാൻ?

(അല്പനേരത്തെ മൗനത്തിന് ശേഷം)
തെരുവിന്നോരത്ത് ചോരണ കൂരയിൽ ഞാനും അമ്മയും മാത്രം. അപ്പനാരെന്നറിയില്ല. അമ്മയോടുചോദിക്കുമ്പോ ചോരച്ചുവയുള്ള കണ്ണുകളോടെ അമ്മയെന്നെ തുറിച്ചുനോക്കും. ആ നോട്ടത്തിൽ ചോദ്യത്തിന്റെ മുനയൊടിയും.

(പോസ്)

നേരം പുലരുമ്പോ എന്നെ ഒറ്റയ്ക്കാക്കി അമ്മ അടുക്കളപ്പണിയ്ക്കു പോകും. അന്തിയാകുമ്പോ പണി കഴിഞ്ഞ് വിയർത്തു വരുന്ന അമ്മയുടെ കൈയിൽ ചോറുപൊതിയുണ്ടാവും. വിശപ്പ് പെരുകിയ വയറോടെ ഞാനത് ആർത്തിയോടെ കഴിക്കും.

(മൗനം)

വളരുന്തോറും അമ്മയ്ക്കെന്നെ പേടിയാണ്. പള്ളിക്കൂടത്തീ പോലും പോയിട്ടില്ല.
(ഭീതിയും സങ്കടവും)

വേട്ടനായ്ക്കളെ പേടിച്ചിട്ടാണ് അമ്മ എന്നെ പുറത്തുവിടാത്തത്.
(മുറിവേറ്റ ഓർമ്മകളോടെ)

ഒരു ദിവസം അമ്മ പുറത്തുപോയനേരത്ത് ഒരു വേട്ടനായ കൂരയ്ക്കകത്തു കയറി. പിന്നെ… പിന്നെ… ഹ്ഹോ…

(വർദ്ധിച്ച ഭീതിയോടെ കണ്ണുകൾ കൈകൾ കൊണ്ട് മറയ്ക്കുന്നു.തെല്ലിട കഴിഞ്ഞ്)
എന്റെ അടുത്തേക്കടുത്ത ഓരോ നിഴലും എന്നെ ഞെരുക്കുന്നു. ഓരോ മുറിവുകളും പൊള്ളിക്കുന്നു. അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത വേട്ടനായ്ക്കൾ. അവരെന്നെ തുടരെ തുടരെ മുറിപ്പെടുത്തി മുറിവേറ്റ് മുറിവേറ്റ് കണ്ണിലെ നിലാവിളകിപ്പോയി. കണ്ണീരിൽ മുലപ്പാലൊലിച്ചു പോയി.

(ഭീതിയും സങ്കടവും വർദ്ധിച്ച് ഉറക്കെ കരയുന്നു)

സീൻ രണ്ട്

(കറുമിയായി വന്ന നടി ചെറുവേഷമാറ്റത്തോടെ അമ്മയായി മാറുന്നു)
അമ്മ: (പ്രേക്ഷകരോട്) തോരാത്ത കണ്ണീരും പ്രാർത്ഥനയുമായി ഞാനെന്റെ മോളെ നാലഞ്ചു നാളു കാത്തിരുന്നു. ഒരുദിവസം തോരാത്ത മഴയിൽ നനഞ്ഞ് പാതി ജീവനോടെ എന്റെ കുട്ടി തിരിച്ചെത്തി. അവളുടെ തകർന്ന ആ കോലം കണ്ട് ഹൃദയം നൊന്ത് ഞാൻ കരഞ്ഞു പോയി. (പോസ്)

കരിനീലിച്ച കവിളുകൾ മാന്തിക്കീറിയ മുഖം ഹോ … ഞാൻ മാറോട് ചേർത്ത് കാത്തുസൂക്ഷിച്ച എന്റെ പൊന്ന് മോള്…. മുറിവേറ്റ് നടക്കാനാവാതെ…

(പോസ്)

പിന്നെ… ശരീരത്തിനും മനസ്സിനും മുറിവേറ്റ എന്റെ കുട്ടിയുമായി ഞാൻ പൊലീസ് സ്റ്റേഷൻകയറി ഇറങ്ങി. തെളിവെടുപ്പുകൾ, മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ക്രൂരമായ വിചാരണകൾ… പഴിചാരലുകൾ…

എന്റെ കുട്ടിക്ക് തീരെ വയ്യാണ്ടായി. വേദന പെരുത്ത് രാത്രികളിൽ അവൾ അലറി വിളിച്ചു. കേസും വിചാരണയുമായി എത്ര ദിനങ്ങൾ… മൃഗത്തെ പോലെ കൂട്ടിലടച്ച് പ്രദർശനവസ്തു പോലെ നാടുമുഴുവൻ കൊണ്ടുനടന്നു. ചിരിച്ചു കളിച്ചു നടന്ന എന്റെ കുട്ടിയുടെ മുന്നിൽ നീതിയുടെവാതിലടഞ്ഞു. അവളുടെ കരിഞ്ഞ മുഖം കാണുമ്പോ എന്റെ ചങ്ക്പൊടിയുകയാണ്.

(വർദ്ധിച്ച രോഷത്തോടെ) മാംസക്കച്ചവടത്തിന് ഇരയെ തിരയുന്ന കാപാലികന്മാരുടെ കാലം…

ഇരകളെ വേട്ടയാടി ജീവച്ഛവങ്ങളാക്കി മാറ്റുന്ന ദുഷ്ടപ്പിശാചുക്കൾ… (കാർക്കിച്ചു തുപ്പുന്നു.)

(അരങ്ങിലെ ദീപങ്ങൾ പൊലിയുന്നു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × one =

Most Popular