ദക്ഷിണാഫ്രിക്കൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇതാദ്യമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് (എഎൻസി) കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുന്നു. കഴിഞ്ഞ മൂന്നു ദശകങ്ങളായി ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിൽ ശക്തമായ മുന്നേറ്റം കൈവരിച്ചുകൊണ്ടിരുന്ന എൻസിക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് കേവലം 40% വോട്ടാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ഇത് ഏതാണ്ട് 58%ത്തോളം ആയിരുന്നു; അതായത് ഈ തിരഞ്ഞെടുപ്പിൽ എഎൻസിക്ക് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 71 സീറ്റുകളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പാർട്ടിക്ക് നേരിട്ട തിരിച്ചടി അംഗീകരിക്കുമ്പോൾതന്നെ പാർട്ടിയുടെ നേതാവായ സിറിൽ രാമഫോസ രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയുടെ ജനാധിപത്യ സ്വഭാവമാണ് ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഭരണം തുടരുന്നതിന് മറ്റ് രാഷ്ട്രീയ കക്ഷികളുമായി കൂട്ടുചേർന്ന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് എഎൻസി.
അതേസമയം ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് മുൻ പ്രസിഡൻറ് ജേക്കബ് സുമയുടെ എംകെ പാർട്ടിയാണ്. ജേക്കബ് സുമയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഈ പാർട്ടി ദേശീയ അസംബ്ലിയിലേക്ക് ആദ്യമായി പ്രവേശിക്കുകയാണ്. എല്ലാ തിരഞ്ഞെടുപ്പ് സർവ്വേകളെയും മലർത്തിയടിച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ എംകെ പാർട്ടി കൈവരിച്ചത് 14 ശതമാനം വോട്ടുകളാണ്. തിരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയിട്ടുള്ളത് യാഥാസ്ഥിതിക രാഷ്ട്രീയ കക്ഷിയായ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടിയാണ്. 22 ശതമാനത്തിനടുത്താണ് അവരുടെ വോട്ട് വിഹിതം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലത്തെ അതേപടിതന്നെ നിലനിർത്താൻ ഈ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഈ പാർട്ടിയുടെ അടിത്തറ യാഥാസ്ഥിതികരായിട്ടുള്ള വെള്ള വംശജരാണ്. കഴിഞ്ഞ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പാർട്ടിക്ക് ഇത്തവണ 9.5 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്.
കൂട്ടുകക്ഷി ഭരണം എന്ന നിലയിൽ എഎൻസി കൈക്കൊള്ളുന്ന ഏത് തീരുമാനവും രാജ്യത്ത് നിർണായകമായ ചലനങ്ങൾക്ക് വഴിവയ്ക്കും. ഡെമോക്രാറ്റിക് അലയൻസ് എ എൻ സി യുമായി ചേർന്ന് മുന്നോട്ടു പോകുവാൻ തയ്യാറാണ്, ദേശീയ ആരോഗ്യ ഇൻഷുറൻസും കറുത്ത വംശജരെ ശാക്തീകരിക്കുന്ന പരിപാടിയും പോലെയുള്ള എഎൻസിയുടെ പദ്ധതികളോട് എതിർപ്പുണ്ടെങ്കിലും. ഇനി മറ്റു രണ്ടു പാർട്ടികളാകട്ടെ എഎൻസിയിൽ നിന്ന് ഭിന്നിച്ച് ഉണ്ടായവയാണ്. എഎൻസിയെ പിന്താങ്ങുവാൻ എം കെ പാർട്ടി തയ്യാറാകണമെങ്കിൽ എഎൻസി രാമഫോസയെ കയ്യൊഴിയണമെന്ന് സുമ ആവശ്യപ്പെടുന്നു. എന്തുതന്നെയായാലും മുതലാളിത്ത ലോകത്തിന് എഎൻസിയും ഡിഎ യും ഒന്നിച്ചുള്ള കൂട്ടുകക്ഷി ഗവൺമെന്റിനോടാണ് താത്‌പര്യം. കാരണം അത് കൂടുതൽ നിർണായകമായ കമ്പോള കേന്ദ്രത നയങ്ങൾ കൈക്കൊള്ളുന്ന ഒന്നായിരിക്കും എന്നതുതന്നെ. കൂടുതൽ ശക്തമായ സ്വകാര്യവൽക്കരണം നടപ്പാക്കുവാനും ചെലവുചുരുക്കൽ നയങ്ങൾ നടപ്പിലാക്കുവാനും അതേസമയം ബ്രിക്സുമായിട്ടുള്ള ബന്ധം സ്തംഭിപ്പിക്കുന്നതിനും ക്യൂബയും പലസ്തീനും ആയിട്ടുള്ള അന്താരാഷ്ട്ര ബന്ധം കൈവെടിയുന്നതിനും ഒക്കെ തയ്യാറാകുന്ന ഒരു ഗവൺമെന്റ് ആയിരിക്കും അത് എന്ന് മുതലാളിത്ത ശക്തികൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ഈ കൂട്ടുകക്ഷി ഗവൺമെന്റിനോടാണ് താല്പര്യം. അതേസമയം ഈ ഇഎഫ്എഫുമായോ എംകെയുമായോ ചേർന്നുള്ള ഒരു കൂട്ടുകക്ഷി ഭരണം എഎൻസിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തും. എഎൻസിക്കുള്ളിലെ മുതലാളിത്താനുകൂല ശക്തികൾ ഈ രണ്ട് പാർട്ടുകളുമായുള്ള സഖ്യത്തെയും ഭയപ്പെടുന്നുണ്ട്. ഇഎഫ്എഫുമായുള്ള സഖ്യം ഗവൺമെന്റിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ ശക്തിപ്പെടുത്തുമെന്ന് അവർ ആശങ്കപ്പെടുന്നു. ചുരുക്കത്തിൽ ആകെ പിരിമുറുക്കമേറിയ ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ളത്.
അതേസമയം ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്നതിലേക്ക് ജനങ്ങളെ നയിച്ച കാരണങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശോധിക്കേണ്ട ഒന്നാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉയർന്ന ജീവിതച്ചെലവും അഴിമതിയും കൂടുതൽ ശക്തമായി നിലനിൽക്കുന്ന ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളിൽ ഉണ്ടായ വിശ്വാസമില്ലായ്മയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ ധാതു സമ്പത്തിൽ നിന്നുമാത്രം ഒരു വർഷം കുറഞ്ഞത് 12500 കോടി ഡോളർ ഉത്പാദിപ്പിക്കപ്പെടുന്നു. അതിസമ്പന്നമായ പ്രകൃതിവിഭവങ്ങളും മറ്റുമുള്ള ഈ രാജ്യത്തുനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യം കണക്കറ്റതാണ്. എന്നാൽ ഈ സമ്പത്തിന്റെ 80 ശതമാനവും രാജ്യത്തെ 10% സമ്പന്നരുടെ കയ്യിലാണ്. ബാക്കിവരുന്ന 90% ജനങ്ങളും ദുരിതം നേരിടുന്നവരാണ്. തൊഴിലില്ലായ്മ ഔദ്യോഗിക കണക്കുകളിൽ 32.9% ആണ്. 55% കുടുംബങ്ങൾക്കും വെള്ളമില്ല. 34 ശതമാനം കുടുംബങ്ങൾക്കും ആധുനിക ശൗചാലയങ്ങൾ ഇല്ല. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ജനങ്ങളിൽ 50 ശതമാനവും ദാരിദ്ര്യത്തിൽ ജീവിക്കുന്നു, ഗ്രാമീണമേഖലകളിൽ ഇത് 65% ആണ്. മറ്റുചില കണക്കുകൾ അനുസരിച്ച് ഭൂമിയിലെതന്നെ ഏറ്റവും ഉയർന്ന വരുമാന അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. പോരാത്തതിന് 75 ശതമാനം കൃഷിഭൂമിയും വെള്ള വംശജരുടെ കൈവശമാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള അസമത്വമാണ് ദക്ഷിണാഫ്രിക്കൻ സമൂഹത്തിൽ നിലവിലുള്ളത്. എല്ലാ തിരഞ്ഞെടുപ്പിലും തുടർച്ചയായി നൽകുന്ന വാഗ്ദാനം പോലെ ഈ തിരഞ്ഞെടുപ്പിൽ എഎൻസി വോട്ടർമാരോട് പറഞ്ഞത് 2030 ഓടുകൂടി ദാരിദ്ര്യം ഇല്ലായ്മ ചെയ്യുമെന്നാണ്. എന്നാൽ ഇത്തവണ ഈ വാഗ്ദാനത്തിൽ രാജ്യത്ത് ജനങ്ങൾ വീണീല്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്, മുതലാളിത്ത മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ കേവലം എഎൻസി ഗവൺമെന്റിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പ് അല്ല, മറിച്ച് രാജ്യത്ത് നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന മുതലാളിത്ത നയങ്ങളോടുള്ള, മൊത്തം രാഷ്ട്രീയ വ്യവസ്ഥയോടുള്ള എതിർപ്പാണ്; രാജ്യത്തിന്റെ, ജനങ്ങളുടെ പരിതാപകരമായ സാഹചര്യത്തിൽ നിന്ന് ഒരു മാറ്റം ഉണ്ടാവണമെന്നുള്ള ജനങ്ങളുടെ അഭിലാഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ♦