Tuesday, September 17, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബീഹാറിൽ ചെങ്കൊടി പാറിച്ച്‌ ഇടതുപക്ഷം

ബീഹാറിൽ ചെങ്കൊടി പാറിച്ച്‌ ഇടതുപക്ഷം

കെ ആർ മായ

ജാതി സമവാക്യങ്ങളെയും ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തെയും തൂത്തെറിഞ്ഞ്‌ ബീഹാറിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിധിയെഴുതി. ഇടതുപക്ഷ സഖ്യത്തിലുൾപ്പെട്ട സിപിഐ (എംഎൽ) രണ്ടു സീറ്റുകളിൽ നേടിയ വിജയത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. ഭരണകക്ഷിയായ ബിജെപിയുടെ വർഗീയ പ്രചരണങ്ങളെയും പണക്കൊഴിപ്പിനെയും നേരിട്ട്‌ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ ഫലശ്രുതിയാണ്‌ രണ്ടു സീറ്റുകളിൽ ഇടതുപക്ഷത്തിന്‌ ചെങ്കൊടി പാറിക്കാൻ കഴിഞ്ഞത്‌. മോദിതന്നെ നേരിട്ട്‌ തിരഞ്ഞെടുപ്പ്‌ റാലികളെ അഭിസംബോധന ചെയ്‌ത്‌ ജനങ്ങൾ തങ്ങൾക്കൊപ്പമെന്ന്‌ വീന്പിളക്കിയ മണ്ഡലങ്ങളായ ആരയിലും കാരക്കാട്ടുമാണ്‌ ഇടതുപക്ഷം (സിപിഐ (എംഎൽ)) വിജയിച്ചത്‌. പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യുടെടൊഗമായ മഹാഗഡ്‌ബന്ധന്റെ പ്രധാന സഖ്യകക്ഷികളായ ഇടതുപക്ഷത്തിന്റെ വിജയത്തിന്‌ ബീഹാറിന്റെ രാഷ്‌ട്രീയഭൂമികയിൽ വലിയ പ്രാധാന്യമുണ്ട്‌.

ബിജെപിയുടെ നിലവിലെ എംപിയും കേന്ദ്രമന്ത്രിയുമായ ആർ കെ സിങ്ങിനെയാണ്‌ ഇടതുപക്ഷത്തിന്റെ സുദാമ പ്രസാദ്‌ തോൽപിച്ചത്‌. ജാതി സമവാക്യങ്ങളും മോദി ഗ്യാരന്റിയുമൊക്കെ വലിയതോതിൽ ബിജെപി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഉപയോഗിച്ചു. രജപുത്‌ വിഭാഗത്തിൽപെട്ട സിങ്‌ സവർണ വോട്ടുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ അടിത്തട്ടിലുള്ള പ്രവർത്തനവും കർഷകരുടെ പിന്തുണയും സുദാമ പ്രസാദിനെ വിജയത്തിലെത്തിക്കുകയാണുണ്ടായത്‌.

കരക്കാട്ട്‌ മണ്ഡലത്തിൽനിന്നും വിജയിച്ച രാജാറാം സിങ്‌ സ്വതന്ത്രനായി മത്സരിച്ച നടനും ഭോജ്‌പുരി ഗായകനുമായ പവൻസിങ്ങിനെ പരാജയപ്പെടുത്തി. ഇവിടെ എടുത്തുപറയേണ്ടത്‌, എൻഡിഎ സ്ഥാനാർഥി, മുൻ കേന്ദ്രമന്ത്രി കൂടിയായ ഉപേന്ദ്ര കുശ്വാഹ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടതാണ്‌. പശ്ചിമബംഗാളിലെ അസൻസോൾ ലോക്‌സഭാ സീറ്റിൽനിന്ന്‌ ബിജെപി ടിക്കറ്റ്‌ നിരസിച്ചതിനെത്തുടർന്ന്‌ പവൻസിങ്‌, കാരക്കാട്ട്‌ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിജെപിയോട്‌ ജനങ്ങൾക്കുള്ള കടുത്ത അതൃപ്‌തിയാണ്‌ ഉപേന്ദ്ര കുശ്വാഹ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടാനിടയാക്കിയതെന്നു വ്യക്തം.

ബീഹാർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉൾപ്പെട്ട ഇന്ത്യ കൂട്ടായ്‌മയ്‌ക്കും ഇടതുപക്ഷ പാർട്ടികൾക്കും കൂടുതൽ സീറ്റുകളിൽ വിജയിക്കാനായില്ലെങ്കിലും പലയിടങ്ങളിലും ശക്തമായ മത്സരമാണ്‌ കാഴ്‌ചവെച്ചത്‌. ഇടതുപക്ഷത്തിന്റെ ശക്തിയും പ്രാധാന്യവും തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു 2024ലെ തിരഞ്ഞെടുപ്പ്‌ എന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിനുണ്ടായ ഈ മുന്നേറ്റം തീർച്ചയായും മാറ്റത്തിന്റെ ദിശാസൂചിയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − seven =

Most Popular