2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്‌താനിലെ സിക്കാറിൽ സിപിഐ എം നേടിയ വിജയം ഇന്ത്യയിൽ ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്ന പ്രചരണത്തിനുള്ള മറുപടിയാണ്. ഈ വിജയം ഇടതുപക്ഷത്തിനുള്ള അംഗീകാരം മാത്രമല്ല, ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നതിൽ സിപിഐ എമ്മിനുമേലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അടയാളപ്പെടുത്തൽ കൂടിയാണ്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പു ഫലം ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറി.
സിക്കാർ മണ്ഡലത്തിൽ ബിജെപിയുടെ സുമേദാനന്ദ് സരസ്വതിയെ 72,896 വോട്ടുകൾക്കാണ് സിപിഐ എമ്മിന്റെ അമ്രറാം പരാജയപ്പെടുത്തിയത്. മൊത്തം വോട്ടിന്റെ 50.68 ശതമാനം അദ്ദേഹത്തിനു ലഭിച്ചു. 2014ലും 2019ലും സുമേദാനന്ദ് തുടർച്ചയായി വിജയിച്ച സീറ്റാണിത്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ളതിൽ അഞ്ചെണ്ണം കോൺഗ്രസും മൂന്നെണ്ണം ബിജെപിയുമാണ് ഭരിക്കുന്നത്.
മോദി ഗ്യാരന്റിയും അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടന മഹാമഹത്തിന്റെ മാസ്‌മരിക പ്രചരണവുമൊക്കെയാണ് ബിജെപി ജനങ്ങൾക്കു മുന്നിൽ തങ്ങളുടെ നേട്ടങ്ങളായി നിരത്തിയത്. എന്നാൽ സിപിഐ എം ആകട്ടെ തൊഴിലില്ലായ്‌മ, പട്ടിണി, വിലക്കയറ്റം തുടങ്ങി ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളാണ് മുന്നോട്ടുവെച്ചത്. കർഷക ആത്മഹത്യകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷകരുടെ ലോങ് മാർച്ചും ഡൽഹിയിലെ കർഷകസമരവും കർഷക ജനവിഭാഗത്തിന്റെ മാത്രമല്ല ജനങ്ങളുടെയാകെ പ്രതീക്ഷയും പിന്തുണയും ഇടതുപക്ഷത്തിലേക്ക് തിരിഞ്ഞു. അതിന്റെ പ്രതിഫലനമാണ് സിക്കാറിൽ അമ്ര റാം നേടിയ തിളക്കമാർന്ന വിജയം.
രാജസ്‌താനിലെ ജനങ്ങളുടെ ജീവിതത്തെയും പ്രശ്‌നങ്ങളെയും അടുത്തറിഞ്ഞ നേതാവാണ് അമ്രറാം. മുണ്ട്‌വാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ധോദ് നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടു. എംഎൽഎയായിരുന്ന കാലത്ത് രാജസ്‌താനിലെ കർഷകർ, കർഷകത്തൊഴിലാളികൾ, വിദ്യാർഥികൾ, തൊഴിലാളികൾ, സാധാരണക്കാർ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ നിരന്തരം നിയമസഭയിൽ ഉന്നയിച്ചു. അത്താല്ലപ്പോഴും ജനകീയ സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് നിരന്തരം പോരാട്ടം തുടർന്നു. മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ 2020‐21 കാലത്ത് നടന്ന കർഷകസമരത്തിൽ നേതൃനിരയിലായിരുന്നു. ഈ സമരത്തിന്റെ ഫലമായാണ് രാജസ്‌താൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയെ തറപറ്റിക്കാനായത്.
അമ്ര റാമിന്റെ വിജയം സിപിഐ എം മുന്നോട്ടുവെക്കുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങളിന്മേലുള്ള പോരാട്ടത്തിനു അനുകൂലമായ, ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരായ വിധിയെഴുത്താണെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഈ വിജയം സിപിഐ എമ്മിന് ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ♦