Sunday, September 8, 2024

ad

Homeചിത്രകലചിത്രകല ജനകീയമാക്കിയ ചിത്തപ്രസാദ്

ചിത്രകല ജനകീയമാക്കിയ ചിത്തപ്രസാദ്

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

മകാലീന രാഷ്ട്രീയ സാമൂഹ്യ ജീവിത മുഹൂർത്തങ്ങളെ ചിത്രതലത്തിലേക്ക് ഇണക്കി ചേർത്ത് പുതിയൊരു ചിത്രഭാഷ സ്വരൂപിച്ച അപൂർവ്വം കലാകാരരിൽ ഒരാളാണ് പ്രമുഖ ഭാരതീയ (ബംഗാൾ) ചിത്രകാരനായ ചിത്ത പ്രസാദ് ഭട്ടാചാര്യ . (തന്റെ പേരിനൊപ്പം ഉള്ള ബ്രാഹ്മണ്യത്തിന്റെ അടയാളമായ ഭട്ടാചാര്യയെ ഒഴിവാക്കാൻ ചെറുപ്പകാലത്ത് തന്നെ അദ്ദേഹം തീരുമാനിച്ചു. ചിത്രപ്രസാദ് എന്നാണ് അദ്ദേഹം അറിയപ്പെട്ടത്).

പാവനിർമ്മാണം, സംഗീത-നാടകരംഗം, തുടങ്ങി പ്രധാനമായി ചിത്രകലയിലൂടെയും കടന്നുപോകുന്ന ഒരു കലാകാരനെ നമുക്ക് അദ്ദേഹത്തിൽ ദർശിക്കാം. ചിത്രകല ജീവവായുവായി അദ്ദേഹത്തോട് എന്നും ചേർന്നുനിന്നിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിപ്രാപിക്കുകയും കലാരംഗത്തും അതിന്റെ അലയൊലികളുണ്ടാവുകയും ചെയ്യുന്ന കാലത്താണ് 1915 ൽചിത്തപ്രസാദ് ജനിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ചിത്രകലയിൽ താല്പര്യമുണ്ടായിരുന്ന ചിത്തപ്രസാദ് പിൽക്കാലത്ത് സജീവമാകുകയായിരുന്നു. 1934 മുതൽ സ്വാതന്ത്ര്യസമര പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ചിറ്റഗോഗ് ഗവൺമെന്റ് കോളേജിൽ പഠിക്കുന്ന അക്കാലത്തുതന്നെ കവി, ചിത്രകാരൻ, ഗായകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. ചിറ്റഗോങ്ങിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ പൂർണേന്ദു അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർത്തു. തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും ദുരന്തങ്ങളുടെ പുറംലോകത്തെ അറിയുവാനുമുള്ള ശ്രമമാണ് പ്രധാനമായുണ്ടായത്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ, ചിറ്റഗോങ്ങില്‍ നടത്തിയ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതോടൊപ്പം അവരുടെ ജീവിതവും അവരുടെ കലയിലെ പാരമ്പര്യത്തിന്റെ ഉൾത്തുടിപ്പുകളും പ്രതിഫലിക്കുന്ന രചനകളാണ് അദ്ദേഹം നടത്തിയത്. ചിത്രരചനയും അതോടൊപ്പം നാടൻപാട്ടുകളും അദ്ദേഹം രചിച്ചു. ഗ്രാമാന്തരങ്ങളിൽ അത് ശ്രദ്ധേയമായി അലയടിക്കുകയുണ്ടായി.

ബംഗാൾ ക്ഷാമവും അതോടനുബന്ധിച്ചുള്ള ദുരന്തവും പുറംലോകമറിഞ്ഞത് ചിത്തപ്രസാദിന്റെ കലാരചനകളിലൂടെയാണ്. കൂടുതൽ പ്രവർത്തനങ്ങൾക്കായി പാർട്ടി അദ്ദേഹത്തെ മിഡ്നാപൂരിലേക്ക് അയച്ചു. ചിത്തപ്രസാദ് രചിച്ച തന്റെ നാടിന്റെ ദുരന്ത ചിത്രങ്ങളും ലേഖനങ്ങളും പാർട്ടി പ്രസിദ്ധീകരണമായ ജനയുദ്ധത്തിലും പീപ്പിൾസ് വാറിലും വരാൻ തുടങ്ങി. പേജ് ലേ ഔട്ട് ഉൾപ്പെടെയുള്ള ജോലികളും ചിത്തപ്രസാദ് ചെയ്തിരുന്നു. ചെലവ് കുറഞ്ഞ ലിനോ കട്ട് പ്രിന്റ് രീതി കല ജനകീയമാക്കാൻ ഏറെ സഹായിച്ചു. ഒന്നിലധികം പ്രിന്റുകൾ എടുത്ത് പ്രചാരണം നൽകാനും കഴിഞ്ഞു. ചിത്രകലാരംഗത്ത് പ്രതിബദ്ധരായ സോമനാഥ് ഹോറും, സെയിനുൽ അബേദും ചിത്തപ്രസാദിനോടൊപ്പം പ്രിന്റ് മീഡിയയും രേഖചിത്രണ രീതികളും ഉപയോഗിച്ച് ഒപ്പമുണ്ടായിരുന്നെങ്കിലും ചിത്തപ്രസാദിന്റെ ലിനോകട്ട് ചിത്രങ്ങൾ അമർഷത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും പ്രകടനങ്ങളായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കൃത്രിമ ക്ഷാമമുണ്ടാക്കിയ അധികാരികൾക്കെതിരെ ജനരോഷം തിരിച്ചുവിടാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞു. തളർന്നുപോയ പട്ടിണിക്കോലങ്ങൾ, എല്ലിൻകൂട് മാത്രമായ കുട്ടികൾ, തളർന്നിരിക്കുന്ന വൃദ്ധർ, മൃതപ്രായരായ കന്നുകാലികൾ തുടങ്ങി ക്ഷാമത്തിന്റെ രൗദ്രഭാവം പ്രകടമാക്കുന്ന യഥാതഥമായ കാഴ്ചകൾ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. കട്ടികൂടിയതും കുറഞ്ഞതുമായ രേഖകളുടെ ശക്തിയും രൂപനിർമ്മിതിയുടെ പ്രത്യേകതയും ചിത്രതലത്തിലെ ആവിഷ്കാരരീതിയും കൊണ്ട് യഥാർത്ഥമായ രൂപങ്ങൾ ചിത്തപ്രസാദിന്റെ അവതരണത്തിൽ പുതിയൊരു രചനാസങ്കേതം തുറന്നിടുകയും കാണികളിൽ തങ്ങൾ കാണുന്ന കാഴ്ചയുടെ ശക്തി മുഴുവൻ ആവാഹിക്കപ്പെടുകയും ചെയ്തു. ബംഗാൾ ക്ഷാമത്തിന്റെ തീവ്രത പകർന്ന ചിത്തപ്രസാദിന്റെ വരകൾ പിന്നീട് പാർട്ടിയുടെ ചില കുറിപ്പുകളോടെ ഹംഗ്രി ബംഗാൾ (Hungry Bengal) എന്ന പുസ്തകരൂപമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. കുറച്ചുനാൾക്കുശേഷം ബ്രിട്ടീഷുകാർ ആ പുസ്തകം കണ്ടുകെട്ടി. ബ്രിട്ടീഷ് പോലീസ് ചിത്തപ്രസാദിനെ ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന പി സി ജോഷി അദ്ദേഹത്തെ ബോംബെയിലേക്ക് കൊണ്ടുപോയി. അവിടെയും അദ്ദേഹത്തിന്റെ രചനകളിലെ വിഷയങ്ങൾ പാവങ്ങളുടെയും തൊഴിലാളികളുടെയും രൂപങ്ങളായിരുന്നു. ബോംബെയിലെ നാവിക കലാപവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും അക്കാലത്ത് അദ്ദേഹം വരയ്ക്കുകയുണ്ടായി. ചങ്ങലയിൽ വലിക്കപ്പെടുമ്പോഴും വാളുകൊണ്ടു ആക്രമിക്കപ്പെടുമ്പോഴും ശത്രുസംഹാരത്തിനായി കരുത്താർജിച്ച് ആയുധംഏന്തുന്ന വിപ്ലവകാരിയുടെ തളരാത്ത ആത്മവിശ്വാസം പ്രകടമാക്കുന്ന ചിത്രങ്ങൾ ശൈലീസങ്കേതങ്ങളിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തീവ്ര വർണ്ണങ്ങളിൽ ശക്തിയുള്ള രേഖകളോടെയുള്ള ചില പോസ്റ്ററുകൾ സാമാന്യ ജനങ്ങളെ ആവേശഭരിതരാക്കി.

1948നുശേഷം ചിത്തപ്രസാദിന്റെ ചിത്രരചനാ ശൈലിയിൽ ചില മാറ്റങ്ങൾ പ്രകടമാക്കിക്കൊണ്ട് ലോകസമാധാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലിനോകട്ടുകളും വരച്ചു തുടങ്ങി. സ്ത്രീകൾ, അമ്മയും കുഞ്ഞും, ബാലവേല, പാവപ്പെട്ടവരുടെ ജീവിതം,അവരുടെ ദാരിദ്ര്യം ഇതൊക്കെ വിഷയങ്ങളാക്കിയ ചിത്രങ്ങളാണ് ഇക്കാലത്ത് ധാരാളമായി അദ്ദേഹത്തിൽ നിന്നുണ്ടായത്. 1969ൽ യൂണിസെഫ് ഈ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ഏൻജൽസ് വിത്തൗട്ട് ഫെയറി ട്രെയിൽസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖാചിത്രരചനയുടെ അപൂർവമായ ഒരു ചിത്ര സമ്പ്രദായം തന്നെ ഈ പുസ്തകത്തെ ദൃശ്യമാക്കും കറുത്ത നിറത്തിലും അല്ലാതെയും ഉള്ള അവതരണവും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മുഖരൂപങ്ങളുടെ നിർമിതി, ശരീരഘടന, പശ്ചാത്തല ക്രമീകരണം എന്നിവയിലെ വ്യത്യസ്ത കാഴ്ചപ്പാടും ശ്രദ്ധേയമായിരുന്നു.

പാശ്ചാത്യ രചനാസങ്കേതങ്ങളുടെ ചുവടുപിടിക്കാതെ സ്വതന്ത്രമായി ദേശീയബോധത്തിലൂന്നിനിന്നുള്ള രചനകൾ നടത്തുന്ന ചുരുക്കം ചിത്രകാരന്മാരിൽ ഒരാളായിരുന്നു ചിത്തപ്രസാദ്. അദ്ദേഹത്തിന്റെ കലയ്ക്ക് പ്രസക്തിയേറുന്നതിന്റെ കാരണവും മറിച്ചല്ല.

ബാലവേലയുടെ കാഠിന്യവും കുട്ടികൾ ഏൽക്കേണ്ടിവരുന്ന മർദ്ദനങ്ങളും ജോലിഭാരവും ഒക്കെ പ്രകടമാക്കുന്ന ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. വെള്ളം ചുമക്കുന്ന കുട്ടികൾ, കന്നുകാലികളെ പരിചരിക്കുന്ന ബാലന്മാർ, തൊഴിൽ രംഗത്ത് പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങൾ, ക്രൂരമായ മർദ്ദനമേൽക്കുന്നവർ, അനാഥരായ കുട്ടികൾ തുടങ്ങി സമൂഹ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന നിരവധി ചിത്രങ്ങൾ ചിത്തപ്രസാദ് വരച്ചിട്ടുണ്ട്. കുട്ടിയുടെ കണ്ണിലൂടെ സമൂഹത്തെ നോക്കിക്കാണുന്ന കാഴ്ചയുടെ പുതിയൊരു അവസ്ഥയാണ് അദ്ദേഹം ആവിഷ്കരിച്ചത്. കളിപ്പാട്ടങ്ങൾ, കളിവണ്ടികൾ,പാവകൾ, പക്ഷികൾ, മൃഗരൂപങ്ങൾ ഇവയൊക്കെ കുട്ടികളുടെ ചിത്രങ്ങളിൽ പുതിയ ബിംബകല്പനകളായി പ്രത്യക്ഷപ്പെടുകയും ചിത്രതലത്തിലും ആസ്വാദക മനസ്സിലും അവ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

നാടോടിക്കഥകളുടെ പുനരാഖ്യാനം അദ്ദേഹം ചിത്രരൂപത്തിൽ ആക്കിയത് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് നാടകരംഗത്തും പാവ നിർമ്മാണത്തിലും അദ്ദേഹം ചിത്രകലയോടൊപ്പം പ്രവർത്തിച്ചിരുന്നു. ഭാഷയ്ക്കും കാഴ്ചയ്ക്കും അപ്പുറം ഏത് രാജ്യത്തെ കുട്ടികൾക്കും ഇഷ്ടമാകുന്ന ആകർഷണീയമായ പാവനാടക ചിത്രങ്ങൾ അദ്ദേഹം തയ്യാറാക്കിയിരുന്നു.

ചിത്തപ്രസാദിന്റെ കലയ്ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. അദ്ദേഹം തിരഞ്ഞെടുത്ത ലിനോകട്ട് പ്രിന്റ് രീതി ചെലവ് കുറഞ്ഞതായിരുന്നു. പ്രതിബദ്ധരായ മറ്റു കലാകാരരും ഈ മാധ്യമം സ്വീകരിച്ച് രചന നടത്തിയിരുന്നു. പ്രിന്റ്മീഡിയയും രേഖാ ചിത്രണരീതിയും ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്തിക്കൊണ്ട് കലയെ ജനകീയമാക്കാൻ ഈ മാധ്യമം ഏറെ സഹായകമായിരുന്നു. അദ്ദേഹത്തിന്റെ രചനകളിലെ ശക്തിയും ഒഴുക്കും പിൽക്കാല കലാകാരർ പഠിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ലോകസമാധാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി മാറിയ ചിത്തപ്രസാദിന്റെ വിശക്കുന്ന ബംഗാൾ എന്ന പുസ്തകം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പുത്തൻ വഴി വെട്ടിത്തുറന്നു. 1943‐44 കാലത്തെ ബംഗാൾ ക്ഷാമത്തിന്റെ ദുരന്തം ലോകമറിഞ്ഞത് വിശക്കുന്ന ബംഗാളിലൂടെയാണ് ആ പുസ്തകം ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി നശിപ്പിച്ചു. പുസ്തകമച്ചടിക്കാൻ ഉപയോഗിച്ചിരുന്ന അച്ചടിക്കുള്ള പ്ലേറ്റുകൾ പോലും നശിപ്പിച്ചിരുന്നു. വിശക്കുന്ന ബംഗാളിന്റെ ഒരു കോപ്പി ചിത്തപ്രസാദിന്റെ കുടുംബം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു .അതാണ് പിൽക്കാലത്ത് ഡൽഹി ആർട്ടി ഗ്യാലറി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായത്.

ചിത്തപ്രസാദിന്റെ ചിത്രങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഗ് നാഷണൽ ഗാലറിയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വലിയ ശേഖരമുണ്ട്. ചെക്കോസ്ലോവാക്യൻ കലാകാരൻ പാവൽ ഹോബ് ചിത്തപ്രസാദിന്റെ കലയും ജീവിതവും സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. അവിവാഹിതനായ അദ്ദേഹം 1978ൽ 63‐-ാം വയസ്സിൽ കലാലോകത്തോട് വിടപറയുകയുണ്ടായി. ചിത്തപ്രസാദിന്റെ സമാഹരിക്കപ്പെടാത്ത ചിത്രങ്ങൾ ഇനിയും നിരവധിയുണ്ട്. ചൂഷണവും ബാലവേലയും വർഗീയ കലാപങ്ങളും ദാരിദ്ര്യവും നിലനിൽക്കുന്ന നമ്മുടെ രാജ്യം, ഇക്കാലത്ത് ഏറെ പ്രസക്തമാവുകയാണ് ചിത്തപ്രസാദിന്റെ കലാ പ്രവർത്തനങ്ങളും കാഴ്ചപ്പാടും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular