സിനിമയുടെ ശക്തി മനസ്സിലാക്കിയ മഹാത്മാവാണ് വി. ഐ. ലെനിൻ. സിനിമ നമ്മുടെ സംസ്കാരികായുധമാകണമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ലെനിൻ അഭിപ്രായപ്പെട്ടിരുന്നു. സിനിമ ജനിച്ചപ്പോൾ തന്നെ സാംസ്കാരിക മാറ്റത്തിന്റെ അലയടികൾ ലോകത്തെമ്പാടും വീശിയടിച്ചിരുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് സിനിമയുടെ ജനനമെന്നു പറയട്ടെ. ഐസൻസ്റ്റീൻ മുതൽ ഗോദാർദ് വരെയുള്ള ചലച്ചിത്ര പ്രവർത്തകരെ പുരോഗമന സിനിമകളെടുക്കാൻ പ്രേരിപ്പിച്ചത് ലെനിന്റെ ഈ അഭിപ്രായമാണ്. ശബ്ദവും വെളിച്ചവും ചിത്രകലയെയും സാഹിത്യത്തെയും മറികടന്നുകൊണ്ട് സിനിമയെന്ന മാധ്യമത്തിലൂടെ ലാവണ്യാത്മകമായി പുതിയ ദൃശ്യബിംബങ്ങളായി മനുഷ്യസമൂഹത്തെ സ്വാധീനിക്കുമ്പോഴാണ് സിനിമ ചരിത്രത്തിൽ ഇടപെടുന്നതെന്ന് ഴാങ് ലുക്ക് ഗോദാർദ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ 1907ൽ ഒരു ചർച്ചയിൽ സാംസ്കാരിക സംബന്ധമായ സംഭാഷണത്തിൽ പുതിയ സാമൂഹ്യക്രമത്തിന്റെ പിറവിയോടെ സിനിമക്കുണ്ടാകാനിരിക്കുന്ന വലിയ ഭാവിയെക്കുറിച്ച് ലെനിൻ സൂചിപ്പിച്ചിരുന്നു. ലെനിന്റെ വാക്കുകൾ നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും തങ്കലിപികളിൽ ആലേഖനം ചെയ്തിട്ടുണ്ട്. സിനിമ സാങ്കേതികതയുടെ കലയാണെങ്കിലും ഹൃദയസ്പർശിയായതും മാനവികതക്ക് ഊന്നൽ നൽകുന്നതുമായ കലാപൂർണതയെ അതിന്റെ ആവിഷ്കാരത്തിനായി ഉപയോഗിക്കണമെന്നതായിരുന്നു ലെനിന്റെ ഉദ്ബോധനം.
ചുവപ്പു സേനയുടെ സ്ഥാപകനേതാവായിരുന്ന ലിയോൺ ട്രോസ്കിയോട് സിനിമയെക്കുറിച്ച് ലെനിൻ പറഞ്ഞത് ഇങ്ങനെയാണ്, “എല്ലാ കലകളിലും വെച്ച് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ചലച്ചിത്ര കല’. ഒക്ടോബർ വിപ്ലവത്തിന് വളരെ മുമ്പുതന്നെ സിനിമയുമായി അദ്ദേഹം അടുപ്പം കാണിച്ചിരുന്നു. മാത്രമല്ല വാണിജ്യതാല്പര്യങ്ങളാണ് സിനിമയിൽ കടന്നുകൂടുന്നതെങ്കിൽ അത് ഗുണത്തെക്കാളധികം നമുക്ക് ദോഷം ചെയ്യുമെന്ന് ലെനിൻ ദീർഘവീക്ഷണത്തോടു കൂടി പറഞ്ഞിരുന്നു.
1918ലെ മെയ് ദിനം മുതൽ 1924ൽ ലെനിൻ അന്തരിക്കുന്നതുവരെയുള്ള സിനിമകൾ പരിശോധിക്കേണ്ടതുണ്ട്. “ലെനിനിസ്റ്റ് കിനോ പ്രാവദാ’ എന്ന സിനിമയിൽ ലെനിന്റെ വ്യക്തിത്വം, പെരുമാറ്റം തുടങ്ങി ആ മഹാനായ തൊഴിലാളി കർഷക നേതാവിന്റെ ജീവിതാവബോധങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് 1934ൽ “ത്രീ സോങ്സ് ഓഫ് ലെനിൻ’ പുറത്തു വന്നു. ഒരു ഖനിതൊഴിലാളിയായിരുന്ന സ്വാവ് പാവലെവ് ആണ് ലെനിന്റെ വേഷത്തിൽ വന്നത്. ലെനിന്റെ മുഖഛായയുള്ളതുകൊണ്ടാണ് ഡോക്യുമെന്ററി സിനിമകളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ അവസരങ്ങളുണ്ടായത്. എന്നാൽ പരിചയക്കുറവും മറ്റും കാരണം സിനിമയിൽ അദ്ദേഹത്തിന് ഏറെനാൾ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ക്ളോസ് ഷോട്ടുകളിൽ ആ നടന്റെ കുറവുകൾ പെട്ടെന്ന് വ്യക്തമാക്കുന്നതാണ് കാരണം.
റഷ്യയിലെ സാർ ചക്രവർത്തിമാരുടെ കിരാത ഭരണവും വിപ്ലവ പ്രസ്ഥാനങ്ങളുടെ ഉദയവും ഒന്നാം ലോക യുദ്ധത്തോടനുബന്ധിച്ചുള്ള ഫെബ്രുവരിയിലും ഒക്ടോബറിലും നടന്ന വിപ്ലവവും മറ്റുമാണ് രക്തരൂക്ഷിത ഞായറെന്നപേരിലറിയപ്പെട്ട ലെനിന്റെ (Bloody Sunday) സിനിമ. അതുപോലെ തന്നെ കെരൻസ്കി സംവിധാനം ചെയ്ത ലെനിൻ ഇൻ 1903, ലെനിന്റെ ജന്മശദാബ്ദിയോടാനുബന്ധിച്ചു നിർമ്മിച്ച വി. ഓർഡിനേി സംവിധാനം ചെയ്ത “റെഡ് സ്ക്വയർ’, “എ തൗസൻഡ് ലോക്കോ മോട്ടിവ്സ് ഫോർ ലെനിൻ’ തുടങ്ങിയ സിനിമകൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഫീച്ചർ, ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലുള്ള നിരൂപക തർക്കങ്ങളായിരുന്നു അന്നത്തെ ചലച്ചിത്ര സംവാദങ്ങൾ. സെർവിജിയത് കെവിച് സംവിധാനം ചെയ്ത മാൻ വിത്ത് എ ഗൺ, ത്രീ സ്റ്റോറീസ് ഓഫ് ലെനിൻ, ലെനിൻ ഇൻ പോളണ്ട് എന്നീ സിനിമകൾ ലെനിന്റെ രാഷ്‌ട്രീയജീവിതവും വിശ്രമജീവിതവുമാണ് വിവരിക്കുന്നത്. മാക്സിം ടാവൂക്ക് എന്ന പ്രഗത്ഭനായ ഒരു നടനാണ് ലെനിന്റെ വേഷമിട്ടഭിനയിച്ചത്. എന്നാൽ ഇന്നോകേന്റാകി ഷിനോവ് എന്ന ഹാസ്യ നടൻ ലെനിനായി അഭിനയിച്ച “ദി സെയിം പ്ലാനറ്റ്’ വേണ്ടത്ര വിജയം കണ്ടില്ല. ഓഷ് വന്ദേഷാണ് സംവിധാനം ചെയ്തത്. ജനങ്ങളിൽ അരോചകവും വെറുപ്പും സൃഷ്ടിക്കാൻ ഹാസ്യനടൻ കാരണമായി. തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ നേതാവും സോവിയറ്റ് റഷ്യയുടെ പിതാവുമായ ലെനിനെ ഒരു ഹാസ്യ നടനിലൂടെ ചിത്രീകരിച്ചതു തന്നെ വലിയ തെറ്റായി പോയി.മറിച്ച് യൂറിക് യൂറോവ് എന്ന നടൻ ലെനിനായി അഭിനയിച്ച “സിക്സ്ത് ഓഫ് ജൂലൈ’ എന്ന സിനിമ വൻ വിജയമായിരുന്നു. റഷ്യൻ ബോൾഷെവിക്കുകളും സോഷ്യലിസ്റ്റ് വിപ്ലവകാരികളും തമ്മിൽ നടക്കുന്ന പോരാട്ടത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. മാർക്സിയൻ ആശയങ്ങൾ കർഷകരിലും തൊഴിലാളികളിലും മറ്റുജനങ്ങളിലുമെല്ലാം എത്രമാത്രം പ്രചരിപ്പിക്കുന്നതായി സിനിമ ശരിക്കും സംസാരിക്കുന്നുണ്ട്. വ്യക്തമായ വാദവും പ്രതിവാദവും നടത്തുന്ന സിനിമ മാർക്സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടുകളാണ് ജനങ്ങൾക്ക് നൽകുന്നത്.
ലെനിനും സിനിമയും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. അതായത് ഒരു സാംസ്കാരിക നവോത്ഥാനമാണ് സിനിമ എന്ന മാധ്യമം വഴി ലെനിൻ ലക്ഷ്യമിട്ടത്. 1917ലെ ഒക്ടോബർ വിപ്ലവത്തിനു മുമ്പായി അമേരിക്കയിലും യൂറോപ്പിലും നിർമ്മിച്ച ഏതാനും സിനിമകൾ ലെനിൻ കണ്ടിരുന്നു. കാർഷികോല്പാദനരംഗത്ത് അതാതു രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങളുടെ നേർകാഴ്ചകളായിരുന്നു ഈ സിനിമകൾ. അതോടൊപ്പം റഷ്യയിലും മറ്റും നിർമ്മിച്ച പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള സിനിമകളും ലെനിൻ നിരീക്ഷിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു സിനിമയാണ് ദി ബെല്ലീസ് അഫയർ എന്ന സിനിമ. ഇത് കണ്ടതിനു ശേഷം ലെനിൻ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. ബെല്ലീസിന്റെ പ്രശ്നങ്ങൾ നാം സിനിമയിൽ കണ്ടു. എന്നാൽ അവരതിൽ അതിശയോക്തി കലർത്തിയിരിക്കുന്നു “ഒരുപാട് സിനിമകൾ കാണുകയും അതെല്ലാം നിരീക്ഷിച്ചു നോക്കി അഭിപ്രായങ്ങൾ പങ്കു വെക്കുകയും ചെയ്ത ലെനിന്റെ ചലച്ചിത്ര ഇടപെടലുകൾ എത്ര മാത്രം വിപുലമായിരുന്നുവെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ലെനിന്റെ കണ്ടെത്തലുകൾ മുഴുവൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് സർക്കാരിനെ തകർത്ത മുതലാളിത്ത ശക്തികൾ പലതും കുഴിച്ചുമൂടിക്കളഞ്ഞു. ചരിത്രം ഇന്നല്ലെങ്കിൽ നാളെ അതെല്ലാം പുറത്തെടുക്കുക തന്നെ ചെയ്യും.
പുതിയ സമ്പദ്ഘടനക്കു വേണ്ടി പുരോഗമനസിനിമക്ക് അതിന്റേതായ പങ്ക് നിർവഹിക്കാനുണ്ടെന്ന് ലെനിൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. സാമ്പത്തിക വ്യവസ്ഥിതിയുടെ വളർച്ചക്കായി സിനിമയെ പ്രയോജനപ്പെടുത്താൻ ലെനിൻ അന്നത്തെ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി നിർമ്മിച്ച “വേ ടു ഫ്രീഡം’’ എന്ന സിനിമ 1920 ഡിസംബറിൽ ക്രെംലിൻ കൊട്ടാരത്തിനു മുന്നിലുള്ള ഓപ്പൺ തിയറ്ററിൽ പ്രദർശിപ്പിച്ചു. റഷ്യൻ കോൺഗ്രസ്സിലെ എല്ലാ സഖാക്കളും ഈ സിനിമ കാണണമെന്നും പിന്നാക്കം നിൽക്കുന്ന എല്ലാ റഷ്യക്കാർക്കും വേണ്ടി ഗ്രാമങ്ങൾ തോറും ഈ സിനിമ പ്രദർശിപ്പിക്കണമെന്നും ലെനിൻ ആഹ്വാനം ചെയ്തു. മാത്രമല്ല അതിന്റെ ഫലമായി സോവിയറ്റ് റഷ്യൻ ട്രേഡ് ഡെലിഗേഷൻ ബെർലിനിൽ ഒരു പ്രത്യേക സിനിമ ഡിപ്പാർട്ട്‌മെന്റ് തന്നെ രൂപീകരിച്ചിരുന്നു. പ്രസിദ്ധമായ റഷ്യൻ അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായിരുന്ന എം. എഫ്. ആൻഡി യോനായെ അതിന്റെ മേധാവിയായി ലെനിൻ നിയമിച്ചു. സമൂഹത്തിനു വേണ്ടിയുള്ള മാനവികതയുടെ കലയാണ് സിനിമയെന്ന് ലെനിൻ അവരോട് അപ്പോൾ പറയുകയും ചരിത്രത്തിൽ ഇടപെടണമെന്ന് ഓർമ്മിപ്പിക്കുകയും കൂടി ചെയ്തു.
1930ൽ പുറത്തുവന്ന ലെനിൻ ഇൻ ഒക്ടോബർ,ലെനിൻ ഇൻ 1918 എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു. റഷ്യയുടെ ഗ്രാമഗ്രാമാന്തരങ്ങൾ തോറും ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച സിനിമകളായിരുന്നു അതെല്ലാം. പ്രശസ്ത നടൻ ബോറീസ് ഷുകിനാ യിരുന്നു ലെനിന്റെ വേഷത്തിൽ റഷ്യൻ സ്ക്രീനിൽ നിറഞ്ഞുനിന്നത്. എല്ലാ അർത്ഥത്തിലും ലെനിനെ അതേപടി പകർത്തുക എന്നതായിരുന്നു ബോറീസ് ഷുക്കാനോയുടെ ഏറ്റവും വലിയ ചരിത്രദൗത്യം.
അധികാരത്തിലും മറ്റു ജീവിതപ്രതിസന്ധികളിലും എത്ര വൈഷമ്യമേറിയാലും സിനിമ കാണാനുള്ള ലെനിന്റെ താൽപ്പര്യം പോലെ ഇന്ന് ഒരു ഭരണാധികാരിയിലും കണ്ടെന്നു വരില്ല. അതുപോലെ തന്നെ സാമാന്യ ജനങ്ങളുടെ മാനസിക സംസ്കാരത്തിന് സിനിമ ഏറ്റവും ശക്തമായ ഒരു ഉപാധിയാക്കി മാറ്റാൻ ലെനിനെ പോലെ ഒരു നേതാവും ഇന്ന് ജനിച്ചിട്ടില്ല. അത്രയ്‌ക്കും കണിശവും ജാഗ്രതയുമാണ് ലെനിനിൽ ലോകം കണ്ടത്. ഒരിക്കൽ 1908ൽ ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് ലെനിൻ അദ്ദേഹത്തോടൊപ്പം താമസിക്കുമ്പോൾ ഫ്രഞ്ച് നടനായ ലാരിയർ പ്രിൻസ് അഭിനയിച്ച “ദി വേർച്ചസ് തീഫ്’ എന്ന സിനിമ കാണാനിടയായി. കൂട്ടത്തിൽ ഏതാനും ഡോക്യുമെന്ററികളും. അപ്പോഴൊക്കെ ലെനിൻ ഇങ്ങനെ പ്രതികരിച്ചിരുന്നു. ഇതെല്ലാം ബൂർഷ്വാസിയുടെ തന്ത്രപൂർവമുള്ള പുതിയ അവബോധങ്ങളാണ്.
ചലച്ചിത്രവ്യവസായത്തിലെ തൊഴിലാളികൾക്കും കലാകാരർക്കും സർക്കാരിന്റെ ഭാഗത്തുനിന്ന് നിരവധി സഹായങ്ങൾ ചെയ്തു കൊടുത്ത ലെനിനെ പോലെ ഒരു നേതാവിനെ ഒരിടത്തും നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല. അതുപോലെ ഒരു സർക്കാരിനെയും. സിനിമാ നിർമ്മാണത്തിനാവശ്യമായ സാങ്കേതിക ഉപകരണങ്ങളും നൽകുക മാത്രമല്ല ലെനിൻ ചെയ്തത്. തൊഴിലാളികളുടെ രക്ഷകനെന്ന നിലക്കും സിനിമയുടെ വളർച്ചക്കും പ്രചാരണ ആയുധാവശ്യങ്ങൾക്കുവേണ്ടിയും ലെനിൻ പ്രവർത്തിച്ചിരുന്നു. അങ്ങനെ 1919ൽ ആഗസ്ത് മാസത്തിൽ ലെനിൻ ഒപ്പുവെച്ച ഒരു കരാറിലെ പ്രശസ്തമായ തീരുമാനം സിനിമാ വ്യവസായത്തെ ദേശസാൽക്കരിക്കുന്നതിനു വേണ്ടി സവിശേഷമായ സ്ഥാനം നൽകുകയായിരുന്നു. റഷ്യൻ സിനിമയുടെ യഥാർത്ഥ പിറവിക്കും വളർച്ചക്കും വേണ്ടിയുള്ള നിമിത്തം ലെനിന്റെ ചരിത്രപരമായ ഉറച്ച തീരുമാനമായിരുന്നു. അതുപോലെ തന്നെ അമേരിക്ക തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലെ പുരോഗമനവാദികളായ ചലച്ചിത്രകാരരുമായി ബന്ധപ്പെടാൻ ലെനിൻ ആഹ്വാനം ചെയ്തു. കലയിലും സാഹിത്യത്തിലുമായുള്ള ആ മാർക്സിയൻ ബന്ധം തലമുറകളായി ഇന്നും തുടരുന്നു. റഷ്യയിൽ മാക്സിം ഗോർക്കിയുടെ നേതൃത്വത്തിലാരംഭിച്ച പുരോഗമന കലസാഹിത്യ സംഘം ഇന്ത്യയിൽ പ്രേംചന്ദിന്റെ നേതൃത്വത്തിലും കേരളത്തിൽ വൈലോപ്പിള്ളി ശ്രീധരൻ മേനോൻ, വി. ടി. ഭട്ടതിരിപ്പാട്, ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. കെ. നായനാർ, പി. ഗോവിന്ദപ്പിള്ള എന്നിവരിലൂടെയും ശക്തിപ്പെട്ടുവന്നു. ആ ചിന്തയാണ് പുരോഗമന സിനിമക്ക് ഇവിടെ വഴിതുറന്നത്. കയ്യൂർ സഖാക്കളുടെ കർഷകസംഘ സമരചരിത്രം കന്നഡ സാഹിത്യകാരൻ നോവലാക്കിയപ്പോൾ അത് ലെനിൻ രാജേന്ദ്രൻ “മീനമാസത്തിലെ സൂര്യൻ’ എന്നപേരിൽ സിനിമയാക്കി. ജി.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പി. എ. ബക്കർ, ടി. വി. ചന്ദ്രൻ, കെ. പി. കുമാരൻ, എ. ടി. അബു, എം. ടി. വാസുദേവൻ നായർ, ജോൺ എബ്രഹാം, പവിത്രൻ, കെ. ആർ. മോഹനൻ, ഷാജി. എൻ. കരുൺ, കമൽ എം. ആർ. രാജൻ തുടങ്ങി നിരവധി പുരോഗമന സിനിമയുടെ വക്താക്കൾ കേരളത്തിൽ ഉയർന്നുവന്നു.
നിരവധിപേർ പുരോഗമന സിനിമയുടെ വക്താക്കളായി കേരളത്തിൽ ഉയർന്നുവന്നു. വളാദ്മിർ ലെനിൻ ഫസ്റ്റ് ചെയർമാൻ ഓഫ് യു. എസ്. എസ്. ആർ., ദി ലെനിൻ ഫാക്ടർ, യങ്ങ് ഇന്ത്യൻ ജോനാസ് ആൻഡ് വളാദ്മിർ ഇല്ലിച്ച് ലെനിൻ, ലെനിൻ ആൻഡ് റഷ്യൻ റവല്യൂഷൻ, ലെനിൻസ് അറൈവൽസ്, ലെനിൻ ദി ട്രെയിൻ, വളാദ്മീർ ഇല്ലിച്ച് ലെനിൻ ദി ലൈഫ് ആൻഡ് ലെഗസ്സി, റഷ്യൻ റവലൂഷനറി ഹീറോ, ബയോഗ്രഫി ഓഫ് ലെനിൻ, ദി സോവിയറ്റ് യൂണിയൻ പാർട്ട് 1, 2, 3, 4, 5, റെഡ് ഒക്ടോബർ ടു ബാർബറോസാ, സ്റ്റോറീസ് എബൗട്ട് ലെനിൻ, ലെനിൻസ് സ്റ്റോറി തുടങ്ങി ധാരാളം സിനിമകൾ ലെനിന്റെ ജീവിതവും സമരവുമായി നിർമ്മിച്ചിട്ടുള്ള സിനിമകളാണ്.
മാർക്സിയൻ കലാപഠനത്തിന് ലെനിൻ മുതൽ ഇ. എം.എസ് വരെയുള്ള ചരിത്രശാസ്ത്രചിന്ത ഇവിടെ ഉചിതവും ശ്രേഷ്ഠവുമായ കലാസൗന്ദര്യത്തിന്റെ വെളിച്ചമായി തൊഴിലാളി വർഗ്ഗത്തിന്വേണ്ടി പിറവിയെടുത്തു. കലാമേന്മയും സാമൂഹ്യമേന്മയും കലാസൃഷ്ടികൾ അങ്ങനെ ഇവിടെ രൂപം കൊള്ളാൻ തുടങ്ങി. ♦