Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെമെക്സിക്കോയിൽ ഇടതുപക്ഷ വനിതാ പ്രസിഡന്റ്

മെക്സിക്കോയിൽ ഇടതുപക്ഷ വനിതാ പ്രസിഡന്റ്

ആര്യ ജിനദേവൻ

“മെക്സിക്കോയിലെ പൊതുജീവിതത്തിന്റെ നാലാം പരിവർത്തനത്തിന് നിങ്ങൾ നൽകിയ അംഗീകാരത്തിൽ ഞാൻ ആവേശഭരിതയും കൃതാർത്ഥയുമാണ്. ഇവിടെ, ഈ നിമിഷം എപ്പോഴും പറയുന്നതുപോലെ തന്നെ നിങ്ങളെ നിരാശപ്പെടുത്തുകയില്ല എന്ന് ഞാൻ ഉറപ്പുതരുന്നു. നാലാം പരിവർത്തനത്തിന് തുടർച്ചയും മുന്നേറ്റവും സാധ്യമാക്കുകയാണ് ഇവിടെ ജനങ്ങൾ ചെയ്തിരിക്കുന്നത്. 200 വർഷത്തിനിടയ്ക്ക് ഇതാദ്യമായി പ്രസിഡന്റ്‌ പദവിയിലേക്ക് സ്ത്രീകൾ എത്തപ്പെട്ടിരിക്കുന്നു’.- മെക്സിക്കോയിലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിൽ വിജയം ഉറപ്പാക്കിയശേഷം തന്നെ പിന്തുണച്ച ആയിരക്കണക്കിന് വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ക്ലൗദിയ ഷെയ്ൻബാം പറഞ്ഞ വാക്കുകളാണിത്. മെക്സിക്കോയിൽ ആന്ദ്രെ ലോബ്രദോറിന്റെ നേതൃത്വത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന MORENA പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഈ വനിത ഈ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചത്. ജൂൺ രണ്ടിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മെക്സിക്കോയുടെ 200 വർഷത്തെ റിപ്പബ്ലിക് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്‌ അധികാരത്തിലേറുകയാണ്.

“നമുക്ക് ചരിത്രം നിർമിക്കുന്നത് തുടരാം’ എന്ന മുദ്രാവാക്യം ഉയർത്തി മൂവ്മെന്റ്‌ ഫോർ നാഷണൽ റീജനറേഷൻ (MORENA), ലേബർ പാർട്ടി, ഗ്രീൻ എക്കോളജിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോ എന്നിവ ചേർന്ന് രൂപം കൊടുത്തിട്ടുള്ള സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ക്ലൗദിയ 53.3% നും 60.7 %നും ഇടയിൽ വോട്ട് നേടിക്കൊണ്ട് മെക്സിക്കൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനപിന്തുണയാർജ്ജിച്ചുകൊണ്ടാണ് വിജയം ഉറപ്പാക്കിയിരിക്കുന്നത്. ശാസ്ത്രജ്ഞ, സാമൂഹ്യ പ്രവർത്തക, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ്, നിലവിലെ പ്രസിഡന്റ്‌ ആയ ആന്ദ്രേ ഒബ്രദോറിന്റെ അനുയായി എന്നീ നിലകളിൽ പ്രശസ്തയായ ക്ലൗദിയ രാജ്യത്തെ ജനകീയ നേതാക്കളിൽ ഒരാളു കൂടിയാണ്. വലതുപക്ഷ സ്ഥാനാർത്ഥിയായ ഷോജിതിൽ ഗൽവെസ് റൂയിസിനെ ആയിരുന്നു തിരഞ്ഞെടുപ്പിൽ ക്ലൗദിയയുടെ എതിരാളി.

മെക്സിക്കോയിലെ മാത്രമല്ല വടക്കേ അമേരിക്കയിലെ തന്നെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആണ് ക്ലൗദിയ ഷെയ്ൻബാം. മൊറെന (MORENA) പാർട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം ശക്തമായ മുന്നേറ്റമാണ് കൈവരിച്ചത്. പ്രസിഡന്റായ ആന്ദ്രേ മാന്വൽ ലോപ്പസ് ഒബ്രദോറിന്റെ നേതൃത്വത്തിൽ മെക്സിക്കൻ ഹ്യൂമനിസം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തുടങ്ങിവച്ച നാലാം പരിവർത്തന (fourth transformation) പ്രോജക്റ്റിനുള്ള അംഗീകാരമായും അതിന്റെ തുടർച്ചയ്ക്കുള്ള അവസരമായും ആണ് ഈ വിജയത്തെ കണക്കാക്കുന്നത്. തീർച്ചയായും ഭൂരിപക്ഷ ജനതയെ, അവരുടെ അടിസ്ഥാന വികസനത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നാലാം പരിവർത്തനത്തെ തുടർന്നുകൊണ്ടുപോകുവാൻ നിയോഗിക്കപ്പെട്ടയാൾ തന്നെയാണ് ക്ലൗദിയ ഷെയ്ൻബാം. നവലിബറൽവിരുദ്ധ സാമൂഹ്യ സാമ്പത്തിക പരിപാടികൾ മെക്സിക്കോയിലെ ഭൂരിപക്ഷ ജനതയുടെ ജീവിതനിലവാരം ഉയർത്തി എന്ന കാര്യത്തിൽ പ്രതിപക്ഷത്തുള്ളവർക്ക് പോലും അഭിപ്രായവ്യത്യാസമില്ല. ആന്ദ്രേ ഒബ്രദോർ അധികാരത്തിൽവന്ന് ആദ്യമായി ചെയ്തത് മിനിമം കൂലി വർദ്ധിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനാവകാശങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടിയുള്ള സാമൂഹ്യ സാമ്പത്തിക പരിപാടികൾ വിപുലീകരിച്ചുകൊണ്ട് 80 ശതമാനത്തോളം ജനപിന്തുണ നേടിയാണ് തന്റെ ഭരണകാലാവധി ഒബ്രദോർ പൂർത്തിയാക്കിയത്. മെക്സിക്കൻ ഭരണഘടനപ്രകാരം ഒരു വ്യക്തിക്ക് ഒരുതവണയേ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഒബ്രദോറിന് തുടർന്നു മത്സരിക്കാനാവില്ല.

ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ, അതായത് വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പെൻഷൻ തുടങ്ങിയുള്ള അടിസ്ഥാന അവകാശങ്ങൾ, അവർക്ക് ലഭ്യമാക്കുന്നതിനുവേണ്ട പദ്ധതികളും പരിപാടികളും നടപ്പിലാക്കുകയും അതോടൊപ്പംതന്നെ ഊർജ്ജരംഗം പോലെയുള്ള സമ്പദ്ഘടനയുടെ തന്ത്രപ്രധാനമായ മേഖലകളിൽ- പ്രധാനമായും വൈദ്യുതിയും എണ്ണയും ലിഥിയവും- ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക സാമൂഹിക വികസനം ഉറപ്പുവരുത്തുക എന്നതാണ് നാലാം പരിവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ജനങ്ങളുടെ അവകാശങ്ങൾ ഭരണകൂടം ജനങ്ങൾക്ക് നൽകുക. അടിസ്ഥാന ജനതയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ആന്ദ്രേ ഒബ്രദോറിന്റെ ഈ ആശയത്തിന് മെക്സിക്കൻ ജനത നൽകിയ അംഗീകാരമായിട്ടുവേണം ക്ലൗദിയ ഷെയ്ൻബാമിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ കാണുവാൻ.

മെക്സിക്കോയുടെ വടക്കുവശത്ത് സ്ഥിതിചെയ്യുന്ന അമേരിക്ക അവരുമായി വ്യാപാരബന്ധം പുലർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട അയൽവാസിയാണ്. ആന്ദ്രേ ഒബ്രദോറിന്റെ കഴിഞ്ഞ ആറു വർഷത്തെ ഭരണകാലയളവിൽ ട്രംപുമായും ജോ ബൈഡനുമായും തന്ത്രപരമായ ബന്ധം പുലർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതേസമയം അടിസ്ഥാനവിഷയങ്ങളിൽ തന്റെ നിലപാട് തുറന്നുപറയുവാൻ അദ്ദേഹം മടിച്ചതുമില്ല. ഉദാഹരണത്തിന്, ക്യൂബയിലെ അമേരിക്കൻ ഉപരോധം, ജൂലിയൻ അസാൻജെയെ തടവിലാക്കിയത്, മേഖലയെ ആകെ കോർപ്പറേറ്റ് സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് അടിപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങൾക്കെതിരെ ആന്ദ്രേ ഒബ്രഡോർ വളരെ ശക്തമായി സംസാരിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാംതന്നെ അമേരിക്കയുടെ നയങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നവയാണ്. ഇപ്പോൾ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്ന ക്ലൗദിയക്ക് അയൽവാസിയും അതേസമയം അപകടകാരിയുമായ അമേരിക്കയോട് തന്ത്രപരമായി ബന്ധം പുലർത്തുവാൻ കഴിയേണ്ടതുണ്ട്. എന്തുതന്നെയായാലും മെക്സിക്കോ എന്ന രാജ്യത്തിന്റെ 200 വർഷത്തെ റിപ്പബ്ലിക് ചരിത്രത്തിൽ ഇതാദ്യമായി ഒരു വനിത, പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. അതിനു വഴിതെളിച്ച ഇടതുപക്ഷത്തിനും അതിന്റെ ആശയങ്ങൾക്കും വരുംനാളുകളിൽ ജനങ്ങളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കത്തക്കവിധം രാജ്യത്തിന്റെയാകെ മുന്നേറ്റത്തിന് നാലാം പരിവർത്തനവും ഭൂരിപക്ഷ ജനതയുടെ വികസനവും എല്ലാം നടപ്പിലാക്കാൻ മെക്സിക്കോയുടെ പുതിയ പ്രസിഡന്റിന് കഴിയും എന്നുതന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + six =

Most Popular