ഈവർഷം ആദ്യം ഇറ്റലിയിലെ പ്രധാനമന്ത്രി, തീവ്ര വലതുപക്ഷക്കാരിയായ ജ്യോർജിയ മെലോണി കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ ജീവശാസ്‌ത്രപരമായ രക്ഷകർത്താവിന്റെ (Biological Parent) പേരുമാത്രമേ ചേർക്കാവൂ എന്നൊരു നിർദേശം മുനിസിപ്പൽ അധികാരികൾക്ക് നൽകി. ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റ് പാർട്ടി എന്ന ഫാസിസ്റ്റ് രാഷ്‌ട്രീയകക്ഷിയിൽ തന്റെ രാഷ്‌ട്രീയപ്രവർത്തനത്തിന് തുടക്കംകുറിച്ച മെലോണി പ്രധാനമന്ത്രിയായപ്പോൾ ഫാസിസ്റ്റ് അജൻഡ തന്നെയാണ് ഇറ്റലിയിൽ നടപ്പാക്കുന്നത്.
മെലോണിയുടെ നിർദേശം നടപ്പാക്കുകയാണെങ്കിൽ ഒരേ ലൈംഗിക വിഭാഗത്തിൽപെട്ട ദമ്പതികളിൽ ഒരാൾക്ക് കുട്ടികളുടെ രക്ഷകർതൃ അവകാശം നഷ്ടപ്പെടും. ഇത് ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണമാണ്. മുനിസിപ്പൽ ഭരണാധികാരികൾ തന്നെ പ്രധാനമന്ത്രി മെലോണിയുടെ ഈ നിർദേശത്തെ ചോദ്യംചെയ്യുകയാണ്. അവരിൽ പ്രധാനി റോമിലെ മേയർ റോബർട്ടൊ ഗ്വാൽത്തിയേരിയാണ്. ഈ നിർദേശത്തെ താൻ തള്ളിക്കളയുകയാണെന്ന് അദ്ദേഹം പരസ്യമായിത്തന്നെ പ്രസ്‌താവിച്ചു. ഒരേ ലൈംഗികവിഭാഗത്തിൽപെട്ട രണ്ട് ദമ്പതികളുടെ കുട്ടികളുടെ‐ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും‐ ജനന സർട്ടിഫിക്കറ്റ് താൻ രജിസ്റ്റർ ചെയ്‌തതായി അദ്ദേഹം തുറന്നടിച്ചു.
തീവ്രവലതുപക്ഷ സർക്കാരിന് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതുപയോഗിച്ച് വാടക ഗർഭധാരണത്തിലൂടെ ഏതെങ്കിലും ഇറ്റലിക്കാരൻ കുട്ടിക്ക് ജന്മം നൽകുന്നത് കുറ്റകരമാക്കി മാറ്റുന്ന നിയമനിർമാണം നടത്തിയിരിക്കുകയാണ്.
ഒരേ ലൈംഗികവിഭാഗത്തിൽപെട്ടവർ ഒന്നിച്ചു താമസിക്കുന്നതിനെ ഇറ്റലിയിലെ നിയമം അനുവദിക്കുന്നു; എന്നാൽ അവർക്ക് വിവാഹിതരാകാൻ പറ്റില്ല. അതുപോലെതന്നെ ഇറ്റാലിയൻ നിയമപ്രകാരം വിവാഹിതരല്ലാത്തവർക്ക് കുട്ടികളെ ദത്തെടുക്കാനുമാവില്ല.
ഇറ്റലിയിലെ കോടതികൾ സമീപകാലത്ത് മുനിസിപ്പൽ അധികൃതർക്ക് നൽകിയ നിർദേശം ഒരേ ലൈംഗികവിഭാഗത്തിൽപെട്ട ദമ്പതികളിൽ രണ്ടുപേരെയും കുട്ടിയുടെ നിയമാനുസൃത രക്ഷിതാക്കളായി രജിസ്റ്റർ ചെയ്യണമെന്നാണ്. മാത്രമല്ല, കാലോചിതമല്ലാത്ത, മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കാത്ത നിയമങ്ങളെല്ലാം കാലോചിതമാക്കണമെന്ന നിർദേശവും കോടതികൾ നിയമനിർമാണസഭാംഗങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. എന്നാൽ ഇത്തരം നിർദേശങ്ങളൊന്നും തീവ്രവലതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റോ സർക്കാരോ അംഗീകരിക്കുന്നില്ല.
മെലോണി ഗവൺമെന്റിന്റെ നിലപാടിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി റോമിൽ വർഷംതോറും നടക്കാറുള്ള പ്രൈഡ് പരേഡിനെയാണ് ഉപയോഗിച്ചത്. മൂന്ന് ഡസനോളം ഫ്‌ളോട്ടുകളാണ് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പരേഡിൽ ഉണ്ടായിരുന്നത്. അതിലൊന്ന് ഒരേ ലിംഗവിഭാഗക്കാരായ ദന്പതികൾ കുട്ടികൾക്കൊപ്പം കഴിയുന്ന, ‘‘മഴവിൽ കുടുംബങ്ങൾ’’ എന്നു (എൽജിബിടിക്യു ആക്ടിവിസ്റ്റുകൾ) വിളിക്കുന്ന ഒന്നായിരുന്നു. അവരുടെ പ്രതിഷേധത്തിന്റെ ശക്തമായ പ്രതിഫലനമായിരുന്നു അത്. ♦