Tuesday, September 17, 2024

ad

Homeരാജ്യങ്ങളിലൂടെഇസ്രയേൽ സയണിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഇസ്രയേൽ സയണിസത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

സിയ റോസ

ലസ്‌തീൻകാരനായ രാഷ്‌ട്രീയ തടവുകാരനാണ്‌ 61 വയസ്സുള്ള വാലിദ്‌ ദഖ. എഴുത്തുകാരനും ബുദ്ധിജീവിയും മികച്ച സംഘാടകനുമായ വാലിദ്‌ ദഖ 1986 മുതൽ, കഴിഞ്ഞ 37 വർഷമായി ഇസ്രയേൽ തടവറയിലാണ്‌. 24‐ാമത്തെ വയസ്സിലാണ്‌ അദ്ദേഹത്തെ സയണിസ്റ്റുകൾ പിടികൂടി തുറുങ്കിലടച്ചത്‌. അദ്ദേഹത്തിന്റെ ആരോഗ്യനില അതിവേഗം തകർന്നുകൊണ്ടിരിക്കുകയാണെന്ന്‌ ഇസ്രയേലുകാരായ ഡോക്ടർമാർതന്നെ പറയുന്നു. എന്നാൽ അദ്ദേഹത്തിന്‌ മികച്ച ചികിത്സ ഉറപ്പാക്കാനോ ജയിലിൽനിന്ന്‌ മോചിപ്പിക്കാനോ സയണിസ്റ്റ്‌ ഭരണാധികാരികൾ തയ്യാറല്ല.

2010ൽ അദ്ദേഹം തയ്യാറാക്കിയ ഒരു പഠനമുണ്ട്‌‐ Searing of consciousness or Redifining Torture (പ്രജ്ഞകെടുത്തൽ അഥവാ പീഡനത്തിന്റെ പുനർ നിർവചനം) എന്നാണ്‌ അതിന്റെ പേര്‌. പലസ്‌തീൻ തടവുകാരെ ദീർഘകാലം ജയിലിലടച്ച്‌ അവരെ മാനസികമായി തകർക്കുകയെന്ന സയണിസ്റ്റുകളുടെ മോഹം എങ്ങനെയാണ്‌ സാധിക്കാതായത്‌ എന്ന്‌ കൃത്യമായി അടയാളപ്പെടുത്തുകയാണ്‌ ദഖയുടെ ഈ പഠനം. 2006ൽ ഇസ്രയേൽ പ്രിസൺ സവീസ്‌ കമാൻഡറായിരുന്ന യാക്കോവ്‌ ഗനോട്ടും ദേശീയ സുരക്ഷാമന്ത്രി ഗിഡിയോൺ എസ്രയും തമ്മിൽ നടന്ന സംഭാഷണം ഓർമിപ്പിച്ചുകൊണ്ടാണ്‌ ദഖ ഈ പഠനം തുടങ്ങുന്നത്‌. ഗനോട്ട്‌ പറഞ്ഞത്‌, ‘‘ഞാൻ അവരെ (പലസ്‌തീൻ തടവുകാരെ)ക്കൊണ്ട്‌ ഇസ്രയേൽ പതാക പിടിപ്പിക്കുകയും ഹതിക്വ (ഇസ്രയേൽ ദേശീയഗാനം) പാടിപ്പിക്കുകയും ചെയ്യും. അതുവരെ അവർക്ക്‌ ഈ ജയിലിൽ കഴിയേണ്ടതായി വരും’’. എന്നാൽ ദഖയുടെ പഠനം വെളിപ്പെടുത്തുന്നത്‌ 2006നു ശേഷമുള്ള കാലത്ത്‌ ഈ തടവുകാരുടെ കൂട്ടായതും ഒറ്റയ്‌ക്കൊറ്റയ്‌ക്കുമുള്ളതുമായ ചെറുത്തുനിൽപ്പ്‌ കൂടുതൽ ശക്തമായി തുടരുകതന്നെയാണ്‌ എന്നാണ്‌. തടവറയിലെ പീഡനങ്ങൾക്കൊന്നും അവരെ മാനസികമായി തളർത്താനും ആശയപരമായ ദൃഢതയെ തകർക്കാനും കഴിഞ്ഞില്ലെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

വാലിദ്‌ ദഖയുടെ തടവ്‌ ജീവിതത്തിലുടനീളം തടവുകാരുടെ പ്രസ്ഥാനത്തിൽ, അവരെ ആശയപരമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്‌. ദേശീയ സമരത്തിൽ പ്രക്ഷോഭകാരിയും സംഘാടകനും എന്ന തന്റെ പങ്കിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ എക്കാലത്തും നല്ല ബോധ്യമുണ്ട്‌. ഈ പ്രവർത്തനങ്ങളിലെല്ലാം ഏർപ്പെടുമ്പോഴും അദ്ദേഹം തന്റെ ധൈഷണികമായ പ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. നിരവധി നോവലുകളും പ്രബന്ധങ്ങളും കത്തുകളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്‌. ഇത്തരത്തിൽ അന്താരാഷ്‌ട്രതലത്തിൽതന്നെ പ്രശസ്‌തനായ ഒരു എഴുത്തുകാരനെ, ബുദ്ധിജീവിയെ തടവിലിട്ടതിന്‌ ഒരു ന്യായീകരണവും ഇസ്രയേലി ഭരണാധികാരികൾക്ക്‌ പറയാനില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന ആവശ്യം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ഉയരുന്നു.

ഈയിടെ അന്താരാഷ്‌ട്രതലത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ ലെഫ്‌ട്‌ പബ്ലിഷേഴ്‌സ്‌ വിപ്ലവകാരിയും ചിന്തകനുമായ ഈ എഴുത്തുകാരനെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ലോകത്തുടനീളമുള്ള ഇടതുപക്ഷ പ്രസാധകരാകെ ഇതിനുപിന്നിൽ അണിനിരന്നിരിക്കുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − fifteen =

Most Popular