2023 ജൂൺ 25ന് ഗ്രീസിൽ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് 7.7% വോട്ട് ലഭിച്ചു‐ 4 ലക്ഷത്തിലധികം വോട്ട്. പാർലമെന്റിൽ 20 എംപിമാർ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഗ്രീക്ക് കമ്യൂണിസ്റ്റ് പാർട്ടിക്ക് (KKE) 15 എംപിമാരായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകം എടുത്തുപറയേണ്ട കാര്യം തൊഴിലാളിവർഗം കൂടുതലായുള്ള ആതൻസ്, പിറയൂസ്, തെസലോനിക്കി തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ വോട്ട് ലഭിച്ചത് എന്നതാണ്.
എന്നാൽ, നിലവിലെ ഭരണകക്ഷിക്ക്, യാഥാസ്ഥിതിക കക്ഷിയായ ന്യൂ ഡെമോക്രസിക്ക് 40.55% വോട്ട് ലഭിച്ചതോടെ അധികാരം നിലനിർത്താനായി. മെയ് 21നു നടന്ന വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് 300 അംഗ പാർലമെന്റിലേക്ക് ജൂൺ 25ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ന്യൂ ഡെമോക്രസിക്ക് 40.79% വോട്ടും 146 സീറ്റും ലഭിച്ചു. ന്യൂ ഡെമോക്രസി പാർട്ടിയുടെ നേതാവ് കിരിയാക്കോസ് മിത്‌സോതാക്കിസ് 2020ൽ അധികാരമേറ്റപ്പോൾ 39.85% വോട്ടും 158 സീറ്റുമാണ് ലഭിച്ചത്. അധികാരമേറ്റയുടൻ ഈ യാഥാസ്ഥിതിക കക്ഷി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമമനുസരിച്ചാണ്, അതിന്റെ നേട്ടം ലഭിച്ചാണ് ഇപ്പോൾ അവർക്ക് അധികാരം തിരിച്ചുപിടിക്കാനായത്. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ കൂടുതൽ സീറ്റ് നേടി ഒന്നാംസ്ഥാനത്തെത്തുന്ന പാർട്ടിക്ക് 50 സീറ്റ് ബോണസായി ലഭിക്കുമെന്നതാണ് ഈ നിയമം. അവശേഷിക്കുന്ന 250 സീറ്റായിരിക്കും 3 ശതമാനത്തിലധികം വോട്ടു ലഭിക്കുന്ന എല്ലാ കക്ഷികൾക്കുമായി വീതിച്ച് നൽകുന്നത്. അതിന്റെ ഗുണഫലം നേടിയാണ് മെയ് മാസത്തിൽ ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ട് (40.79%) ലഭിച്ചിട്ടും ഭൂരിപക്ഷം നേടി അധികാരത്തിലെത്താൻ ന്യൂ ഡെമോക്രസിക്ക് കഴിഞ്ഞത്. ഈ രീതിയിലുള്ള നിയമം നടപ്പാക്കപ്പെട്ടപ്പോൾ മെയ് മാസം ലഭിച്ചതിനേക്കാൾ 0.46% വോട്ട് അധികം ലഭിച്ചിട്ടും കമ്യൂണിസ്റ്റ് പാർട്ട്‌ക്ക് പാർലമെന്റിൽ 6 സീറ്റ് കുറഞ്ഞു. മുഖ്യ പ്രതിപക്ഷമായ സിറിസയ്‌ക്ക് വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചത്‐ 17.84% വോട്ട്. പഴയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ പസോക്കിന് (PASOK) 11.85%. ഫാസിസ്റ്റ് കക്ഷിയായ സ്‌പാർട്ടൻസിനു 4.64% വോട്ടു ലഭിച്ചു. ഗ്രീക്ക് സൊല്യൂഷൻ, നിക്കി എന്നീ ദേശീയവാദി കക്ഷികൾക്ക് യഥാക്രമം 4.44%വും 3.69%വും വോട്ടു ലഭിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ദിമിത്രിസ് കൗത്‌സുംബാസ് ജനവിധിക്കുശേഷം പറഞ്ഞത് ഇങ്ങനെ: ‘‘സാധാരണക്കാർക്കെതിരായ എല്ലാ നിയമനിർമാണ നീക്കങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടി പാർലമെന്റിനുള്ളിൽ മാത്രമല്ല തെരുവിലെ സമരങ്ങളിലൂടെയും എതിർക്കും. പാർലമെന്റിൽ തീവ്രവലതുപക്ഷത്തിന്റെയും ഫാസിസ്റ്റുകളുടെയും സാന്നിധ്യം ഈ ജനവിധിയിലെ മറ്റൊരു നിഷേധാത്മക സംഭവവികാസമാണ്. ഫാസിസത്തിന്റെയും നാസിസത്തിന്റെയും വേരുകൾ ഇപ്പോഴും ഈ സംവിധാനത്തിൽ ശക്തമായി നിലനിൽക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്… ഇതിനെ ചെറുക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മുൻനിരയിൽ തന്നെയുണ്ടാകും’’. ♦