Friday, October 18, 2024

ad

Homeരാജ്യങ്ങളിലൂടെഫാസിസ്റ്റുകൾക്കെതിരെ ന്യുയോർക്കിൽ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ

ഫാസിസ്റ്റുകൾക്കെതിരെ ന്യുയോർക്കിൽ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ

ആര്യ ജിനദേവൻ

മേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിയുഎസ്എ) നാഷണൽ കമ്മിറ്റി ജൂൺ 24ന് ന്യുയോർക്കിൽ ഫാസിസ്റ്റ് വിപത്തിനെതിരായ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. വിൻസ്റ്റൺ യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പങ്കെടുത്തവരുടെ വൈവിധ്യംതന്നെ ശ്രദ്ധേയമായിരുന്നു. ചെറുപ്പക്കാരും വൃദ്ധരും കറുത്തവരും വെളുത്തവരും ലാറ്റിനമേരിക്കൻ വംശജരും അമേരിക്കൻ ആദിവാസികളും ഏഷ്യക്കാരും ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളും ട്രേഡ് യൂണിയൻ പ്രവർത്തകരും പൗരാവകാശ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവരും പാർപ്പിടം, ആരോഗ്യ പരിചരണം, സമാധാനം എന്നിവയ്ക്കായി പൊരുതുന്ന സംഘടനകളുടെ നേതാക്കളുമെല്ലാം ആ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മതവിശ്വാസികളും മതവിശ്വാസം ഇല്ലാത്തവരും ഈ ഫാസിസ്റ്റുവിരുദ്ധ കൂട്ടായ്മയിൽ അണിനിരന്നിരുന്നു.

അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന പ്രവർത്തകരും നീതിക്കുവേണ്ടി ആ രാജ്യത്ത് നടക്കുന്ന ഏതൊരു ജനവിഭാഗത്തിന്റെയും പോരാട്ടങ്ങൾക്കൊപ്പം മുന്നിൽതന്നെ നിൽക്കാറുണ്ട് എന്നതാണ് വിൻസ്റ്റൺ യൂണിറ്റി ഹാളിൽ നിറഞ്ഞു കവിഞ്ഞ വൈവിധ്യമാർന്ന പങ്കാളിത്തം വെളിപ്പെടുത്തുന്നത്. കോർപ്പറേറ്റ് മുതലാളിത്ത താല്പര്യങ്ങൾക്കെതിരെ യുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് വിവിധ ജനവിഭാഗങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തെയും കമ്മ്യൂണിസ്റ്റുകൾ കാണുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെട്ടതുമുതൽ നടന്ന എല്ലാ സമരങ്ങളിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സമാധാനത്തിനായി നടന്ന പ്രക്ഷോഭങ്ങളിലും 1930കളിലും 1940കളിലും നടന്ന ഫാസിസത്തിനെതിരായ പോരാട്ടങ്ങളിലും, വംശീയതക്കെതിരായ ചെറുത്തുനിൽപ്പുകളിലും പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലും 1950കളിലും 1960കളിലും 1970കളിലും നടന്ന വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി സജീവ സാന്നിധ്യമായിരുന്നു. സാമൂഹിക സുരക്ഷയും തൊഴിലില്ലായ്മ ഇൻഷുറൻസുമെല്ലാം കേട്ടുകേൾവിപോലും ആകാതിരുന്ന കാലത്ത് അവയ്ക്കായി വാദിച്ചതും പൊരുതിയതും അമേരിക്കയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.

1940കളിലും 1950കളിലും മക്കാർത്തിയിസ്റ്റ് ഭീകരവാഴ്ച അഴിച്ചുവിട്ട്‌ ഉന്മൂലനം ചെയ്യാൻ ഭരണവർഗം ശ്രമിച്ചതും ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആയിരുന്നു. നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയുമാണ് ആ കാലത്ത് ഭരണഘടനാവിരുദ്ധമായവിധം ഭീകരത സൃഷ്ടിച്ച്‌ അറസ്റ്റുചെയ്തു ജയിലിൽ അടച്ചത്. എന്നാൽ അതെല്ലാം മാറുന്നതിന്റെ ദൃശ്യമാണ് ന്യുയോർക്കിലെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയിൽ തെളിഞ്ഞുവരുന്നത്. വിൻസ്റ്റൻ യൂണിറ്റി ഹാളിൽ ചേർന്ന ഈ കമ്മ്യൂണിസ്റ്റ് സമ്മേളനത്തെകുറിച്ച് അറിയുകയാണെങ്കിൽ സെനറ്റർ ജോ മകാർത്തിയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ എഡ്ഗാർ ഹൂവറും തങ്ങളുടെ ശവകുടീരത്തിൽ കിടന്നു ഞെട്ടിയേനെ എന്നാണ് അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം പറയുന്നത്. ഇന്നും അമേരിക്കയിൽ ഈ കടുത്ത മർദ്ദന നടപടികൾ എല്ലാം നേരിട്ടിട്ടും കമ്മ്യൂണിസ്റ്റുകാർ ഉണ്ട് എന്നത് അവരെ തീർച്ചയായും അസ്വസ്ഥരാക്കും.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “ഫാസിസ്റ്റ്” എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പോലും വിശേഷിപ്പിക്കുന്നത്. അമേരിക്കയിൽ ഈ ഫാസിസ്റ്റ് വീണ്ടും അധികാരത്തിലേറാൻ ശ്രമിക്കുമ്പോൾ അത് അമേരിക്കൻ ജനതയ്ക്ക് മാത്രമല്ല ലോകത്തിനുതന്നെ ഭീഷണിയായി മാറും എന്ന തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഫാസിസ്റ്റുവിരുദ്ധ പ്രചാരണത്തിനായി ഈ സമ്മേളനം ചേരുന്നതിന് പ്രേരിപ്പിച്ച ഘടകം. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (MAGA- മാഗ) എന്ന മുദ്രാവാക്യത്തോടെ 2016ൽ അധികാരത്തിൽ വന്ന ട്രംപ് ഒടുവിൽ തിരഞ്ഞെടുപ്പുപോലും വേണ്ട എന്ന നിലപാടിൽ എത്തിയത് ലോകം കണ്ടതാണ്. തിരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് അധികാരം ഒഴിയാൻ വിസമ്മതിച്ചതും പാർലമെൻറ് മന്ദിരംതന്നെ കയ്യേറാൻ ശ്രമിച്ചതും അമേരിക്കയും ലോകവും മറന്നിട്ടില്ല.

വീണ്ടും അമേരിക്കയെ ഉറ്റുനോക്കുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊരുതുകയാണ് ഈ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെ ലക്ഷ്യം. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ ജോ സിംസ് സമ്മേളനം ഉദ്ഘാടനം ചെയ്യവെ ഇങ്ങനെ പറഞ്ഞു: ‘‘ഫാസിസത്തിന്റെ ഭീഷണി അല്പവും അകലെയല്ല. പുസ്തകനിരോധനത്തിൽ അതാണ് കാണുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ഇത് പടർന്നു പിടിക്കുന്നു. അമേരിക്കൻ സെനറ്റിൽതന്നെ നഗ്നമായ വംശീയതയുടെ അഴിഞ്ഞാട്ടമാണ്. അലബാമയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ട്യൂബർവിൽ സൈന്യത്തിലെ വെള്ളമേധാവിത്വത്തിനനുകൂലമായി പരസ്യ നിലപാടെടുത്തത് ഒരു ഉദാഹരണം മാത്രം”. വലതുപക്ഷ തീവ്രദേശീയതയും വെള്ള മേധാവിത്വവും അമേരിക്കയിൽ ഇന്ന് സർവസാധാരണമായിരിക്കുകയാണ് എന്നും ജോസിൻസ് പ്രസ്താവിച്ചു; മാറ്റത്തിനുവേണ്ടി വാദിക്കുന്നവർ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനക്കാരാണ് എന്നാണ് ഇവർ പറയുന്നത്.

അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ ഗർഭചിദ്ര നിരോധന നിയമം നിലവിൽ വന്നുകഴിഞ്ഞു. അമേരിക്കയിലെ 2.2 കോടിയോളംവരുന്ന സ്ത്രീകളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മേലാണ് ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. 49 സംസ്ഥാനങ്ങളിലും ട്രാൻസ്ജെൻഡർ വിരുദ്ധ സ്വഭാവമുള്ള 497 ബില്ലുകൾ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡയിൽ ഗേ എന്ന വാക്ക് ഉച്ചരിക്കുന്നതുപോലും നിഷിദ്ധമായിരിക്കുന്നു. വോട്ടു ചെയ്യാനുള്ള ഈ വിഭാഗത്തിന്റെ അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന 18 ബില്ലുകൾ 10 സംസ്ഥാനങ്ങളിൽ അംഗീകരിച്ച്‌ നിയമമാക്കിക്കഴിഞ്ഞു.

2024ലെ തിരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം അവശേഷിക്കവെ തിരഞ്ഞെടുപ്പിനു മുന്നിലുള്ള മുഖ്യ ചർച്ചാവിഷയം വ്യക്തികൾ എന്ന നിലയിൽ ട്രംപ് എന്നോ ബൈഡൻ എന്നോ ഉള്ളതല്ല മുഖ്യധാരാ പണ്ഡിതരും ബൂർഷ്വാ മാധ്യമങ്ങളും പറയുംപോലെ ചെറുപ്പക്കാരും മുതിർന്നവരും തമ്മിലുള്ള മത്സരവും അല്ല; മറിച്ച് ജനങ്ങൾക്ക് തൊഴിലും പാർപ്പിടവും ആരോഗ്യപരിചരണവും ഉറപ്പാക്കലാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട മുഖ്യ വിഷയങ്ങൾ എന്നും ജോ സിംസ് പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് വിഷയങ്ങൾ ആകേണ്ട മറ്റു പ്രശ്നങ്ങൾ ഗർഭചിത്രത്തിനുള്ള അവകാശം, പോലീസ് നടത്തുന്ന കൊലപാതകങ്ങൾ, തോക്കുകൾ കൈവശമുള്ളവർ നടത്തുന്ന ആക്രമണങ്ങൾ, വിദ്യാർത്ഥികൾക്ക് കടത്തിൽ നിന്നും മോചനം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയെല്ലാം ആയിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗവൺമെന്റിന്റെ വിദേശനയം തികച്ചും നിഷേധാത്മകമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

തൊഴിലാളി കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടണമെങ്കിൽ ഒരു ലക്ഷം കോടിയോളം ഡോളർ വരുന്ന അമേരിക്കൻ സൈനിക ബജറ്റ് വെട്ടിക്കുറയ്ക്കണമെന്നും വിദ്യാർത്ഥികളുടെ വായ്പ എഴുതിത്തള്ളണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നു. ചൈനയുമായുള്ള അമേരിക്കയുടെ ശീതയുദ്ധം അവസാനിപ്പിക്കണം; കാലാവസ്ഥാ വ്യതിയാന പ്രശ്നത്തിൽ അവരുമായി സഹകരിക്കുകയെങ്കിലും വേണമെന്നും ജോ സിംസ് ആവശ്യപ്പെടുന്നു. നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ അത് മനുഷ്യ സംസ്കാരത്തിനുതന്നെ അന്ത്യം കുറിക്കും എന്നുമുള്ള ശാസ്ത്രജ്ഞരുടെ വാക്കുകൾ പരിഗണിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

തൊഴിലാളിവർഗ നേതൃത്വത്തിൽ മാത്രമേ ഫാസിസത്തെ പരാജയപ്പെടുത്താനാവൂ എന്നും പുതിയ സമൂഹനിർമിതിക്ക് തൊഴിലാളിവർഗത്തിനേ കഴിയൂ എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. സമാധാനത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ഉൾപ്പെടെ സർവ്വ പ്രസ്ഥാനങ്ങളിലും തൊഴിലാളി വർഗ നേതൃത്വം ഉറപ്പാക്കാനായി പൊരുതണമെന്നും ജോ സിംസ് പറഞ്ഞു.ലിബറലുകൾ ചാഞ്ചാട്ടക്കാരും വലതുപക്ഷത്തേക്ക് എളുപ്പം ചാടുന്നവരും ആണെന്ന് ഓർക്കണം; അതുകൊണ്ട് ജനകീയ സമര മുന്നണികളുടെ എല്ലാം നട്ടെല്ലായിരിക്കേണ്ടത് തൊഴിലാളി വർഗ്ഗമാണ്, തൊഴിലാളിവർഗ്ഗദർശനവും സംഘടനയും ആണെന്നും അദ്ദേഹം ശ്രോതാക്കളെ ഓർമിപ്പിച്ചു.

ഇപ്പോൾതന്നെ തൊഴിലാളിവർഗം പല മേഖലകളിലും വിജയം വരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജോർജിയയിലെ ഉരുക്കുതൊഴിലാളികൾ ബ്ലൂബേർഡ് ഇലക്ട്രിക് ബസ് പ്ലാന്റിൽ യൂണിയൻ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ആമസോൺ കമ്പനിയിലെ ഡ്രൈവർമാരും ഡെസ്പാച്ചുകാരും കാലിഫോർണിയയിൽ യൂണിയൻ സംഘടിപ്പിച്ചു. 300 ഓളം സ്റ്റാർബക്‌സ് സ്റ്റോറുകളിൽ യൂണിയൻ സംഘടിപ്പിച്ചു കഴിഞ്ഞു. 2023ലും യൂണിയൻ രജിസ്ട്രേഷന് വേണ്ടിയുള്ള അപേക്ഷകൾ വർധിച്ചുവരികയാണ്. 2022ൽ അതിനുമുമ്പത്തെ വർഷത്തേക്കാൾ 53 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. ഈ വർഷം അതിലും ഉയരും എന്നാണ് ഇതുവരെയുള്ള പ്രവണതകൾ കാണിക്കുന്നത്. ചരിത്രത്തിൽ മുൻപില്ലാത്തത്ര പണിമുടക്കനുകൂല വോട്ടെടുപ്പിന് തൊഴിലാളികൾ മുന്നോട്ടുവരികയാണ്.

അമേരിക്കൻ കമ്മ്യൂണിസ്റ്റുകാരുടെ ന്യുയോർക്കിൽ ചേർന്ന കൂട്ടായ്മയിലെ ചർച്ചകൾ വ്യക്തമാക്കുന്നത് ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടം വിജയിപ്പിക്കാൻ തങ്ങൾക്ക്‌ കഴിയുമെന്ന ആത്മവിശ്വാസമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 2 =

Most Popular