Friday, November 22, 2024

ad

Homeഇവർ നയിച്ചവർടി കെ രാമകൃഷ്‌ണൻ: എല്ലാവരുടെയും പ്രിയപ്പെട്ട ടി കെ

ടി കെ രാമകൃഷ്‌ണൻ: എല്ലാവരുടെയും പ്രിയപ്പെട്ട ടി കെ

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയറ്റിലും അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, നാല്‌ പതിറ്റാണ്ടോളം നിയമസഭാ സാമാജികൻ, പ്രതിപക്ഷനേതാവ്‌, എൽഡിഎഫ്‌ കൺവീനർ, മൂന്നുതവണ സംസ്ഥാന നിയമസഭയിൽ അംഗം എന്നീ നിലകളിൽ ഉജ്വല വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്‌ ടി കെ രാമകൃഷ്‌ണൻ. ലളിതജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ട്‌ പരിചയപ്പെടുന്ന വ്യക്തികളെയാകെ തന്നിലേക്കും പാർട്ടിയിലേക്കും ആകർഷിക്കാനുള്ള അസാമാന്യമായ കഴിവിനുടമയായിരുന്നു ടി കെ.

ട്രേഡ്‌ യൂണിയൻ പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടി കെ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുന്പ്‌ കൊച്ചി കർഷകസംഘത്തിന്റെയും തിരു‐കൊച്ചി കർഷകസംഘത്തിന്റെയും പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

എറണാകുളം ജില്ലയിലെ ഏരൂരിൽ വടക്കെ വൈമിതീയിൽ 1922ലാണ്‌ ടി കെ രാമകൃഷ്‌ണൻ ജനിച്ചത്‌. തിരുനിലത്ത്‌ കുഞ്ഞാമനാണ്‌ അച്ഛൻ. അമ്മയുടെ പേര്‌ ഇട്ടി. അച്ഛനമ്മമാരുടെ നാലു മക്കളിൽ രണ്ടാമനായിരുന്നു രാമകൃഷ്‌ണൻ.

രാമകൃഷ്‌ണൻ തീരെ കുട്ടിയായിരിക്കുമ്പോഴേ അമ്മ മരിച്ചു. തുടർന്ന്‌ ഇളയമ്മയുടെ സംരക്ഷണത്തിൽ പെര്‌മ്പ്രായിലെ അമ്മാവന്മാരുടെ വീട്ടിലാണ്‌ അദ്ദേഹം വളർന്നത്‌. അവിടെ താമസിച്ചായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഏരൂരിലെ സംസ്‌കൃത സ്‌കൂളിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം നേടി. സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യവാസന രാമകൃഷ്‌ണനിൽ വളരെ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ വായന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ ലഹരിയായിരുന്നു. സ്‌കൂളിനകത്തുതന്നെ ഭാഷാപോഷിണി എന്ന പേരിൽ വായനശാല സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ സെക്രട്ടറിയായി രാമകൃഷ്‌ണൻ നിയോഗിക്കപ്പെട്ടു. വായനശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കൈയെഴുത്തു മാസികയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. സ്വയം എഴുതുകയും സഹപാഠികളിൽ വാസനയുള്ളവരെ കണ്ടെത്തി എഴുതിക്കുകയും ചെയ്യാൻ ആ വിദ്യാർഥി സദാ ജാഗരൂകനായിരുന്നു. പൊതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ സ്‌കൂളിനുള്ളിൽ പ്രവർത്തിച്ച വായനശാലയെ പുറത്തു കൊണ്ടുവരാൻ മുന്നിട്ടു പ്രവർത്തിച്ചത്‌ അദ്ദേഹമായിരുന്നു. പൊതുജനങ്ങളിൽനിന്ന്‌ നല്ല പ്രതികരണമാണ്‌ ആ വിദ്യാർഥിക്ക്‌ ലഭിച്ചത്‌. നിരവധി സാധാരണക്കാർ വായനക്കാരും വായനശാലാ പ്രവർത്തകരുമായി മാറാൻ അതിടയാക്കി.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ കാവ്യഭൂഷണം പഠിക്കാൻ അദ്ദേഹം ചേർന്നു. സ്വാതന്ത്ര്യസമര പ്രസഥാനവും അതിന്റെ ഭാഗമായ നിസ്സഹകരണ പ്രസ്ഥാനവും ശക്തിപ്പെട്ടുവരുന്ന സമയമായിരുന്നല്ലോ അത്‌. ടി കെ ഉൾപ്പെടെയുള്ള വിദ്യാർഥികളെ അത്‌ ഏറെ ആവേശംകൊള്ളിച്ചു. പഠനത്തിനൊപ്പം രാഷ്‌ട്രീയ ചർച്ചകളും ആരോഗ്യകരമായ സംവാദങ്ങളും കലാലയങ്ങളിൽ നിരന്തരം അക്കാലത്ത്‌ മുഴങ്ങി. അതോടൊപ്പം വായനയും തകൃതിയായി നടന്നു.

1940ൽ സംസ്‌കൃത കോളേജിൽ വിദ്യാർഥി ഫെഡറേഷന്റെ യൂണിറ്റ്‌ രൂപീകരിക്കാൻ മുൻകൈയെടുത്തവരിൽ പ്രധാനി ടി കെയായിരുന്നു. 1941ൽ തൃശൂരിൽ നടന്ന വിദ്യാർഥി ഫെഡറേഷന്റെ സമ്മേളനത്തിൽ സംസ്‌കൃത കോളേജിലെ വിദ്യാർഥികൾ ടി കെയുടെ നേതൃത്വത്തിൽ കാൽനടയായാണ്‌ സമ്മേളനസ്ഥലത്തെത്തിയത്‌.

ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ ആവേശത്തോടെ പങ്കെടുത്തവരുടെ മുൻനിരയിൽ രാമകൃഷ്‌ണനുണ്ടായിരുന്നു. ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ അച്ചടിച്ച്‌ വിതരണം ചെയ്‌തതിന്റെ പേരിൽ ടി കെ ഉൾപ്പെടെ പത്ത്‌ വിദ്യാർഥികളെ കോളേജിൽനിന്ന്‌ പുറത്താക്കി. നാലുവർഷത്തെ ശാസ്‌ത്രഭൂഷണത്തിന്‌ പഠിക്കവെ രണ്ടാംവർഷത്തിലാണ്‌ അദ്ദേഹം കോളേജിൽനിന്ന്‌ പുറത്താക്കപ്പെട്ടത്‌. അതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

വിദ്യാഥിയായിരിക്കെ തന്നെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി രാമകൃഷ്‌ണൻ മാറിയിരുന്നു. 1942ൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി കെ ഫാസിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. ടി കെ സംഘടിപ്പിച്ച യോഗത്തിൽ അന്പാടി ദാമോദര മേനോൻ നടത്തിയ ഫാസിസ്റ്റ്‌ വിരുദ്ധ പ്രസംഗം അധികാരികളെ അരിശംകൊള്ളിച്ചു. അതോടെ ടി കെയും സഹപ്രവർത്തകരും പൊലീസിന്റെ നോട്ടപ്പുള്ളികളായി മാറി.

സോഷ്യലിസത്തോടും കമ്യൂണിസത്തോടുമുള്ള ആഭിമുഖ്യം ടി കെയെ താമസിയാതെ കമ്യൂണിസ്‌റ്റ്‌ പാർട്ടിയോടടുപ്പിച്ചു. സഹപാഠികളായിരുന്ന ഇ എസ്‌ ഗോപാലൻ, പി ശേഖർ തുടങ്ങിയവരോടൊപ്പം ടി കെ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. ഐ സി പി നന്പൂതിരിയാണ്‌ അവർക്ക്‌ പാർട്ടി അംഗത്വം നൽകിയത്‌. ആ സമയത്ത്‌ മലബാറിൽനിന്നുള്ള പ്രമുഖ കമ്യൂണിസ്റ്റുകാരായ സി എച്ച്‌ കണാരനും എൻ സുബ്രഹ്മണ്യ ഷേണായിയും പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ കൊച്ചിയിൽ എത്തിയ സമയമായിരുന്നു അത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഴുനീള പ്രവർത്തരാകണമെന്ന്‌ ഈ നേതാക്കൾ ടി കെയോടും സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു.

ട്രേഡ്‌ യൂണിയൻ രംഗത്ത്‌ പ്രവർത്തിക്കാനാണ്‌ പാർട്ടി ടി കെയോട്‌ ആവശ്യപ്പെട്ടത്‌. അതനുസരിച്ച്‌ കരിങ്കൽ തൊഴിലാളികളെയാണ്‌ അദ്ദേഹം ആദ്യം സംഘടിപ്പിച്ചത്‌. ഇരുന്പനം, ബ്രഹ്മപുരം, ഏരൂർ, കാക്കനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ കൊച്ചിയിലേക്ക്‌ വള്ളത്തിലാണ്‌ കരിങ്കല്ല്‌ കൊണ്ടുപോയിരുന്നത്‌. ആ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച്‌ ട്രേഡ്‌ യൂണിയൻ രൂപീകരിച്ചു. തുടർന്ന്‌ ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച്‌ അവരെ അവകാശബോധമുള്ളവരാക്കുന്നതിൽ ടി കെ ഗണ്യമായ പങ്കുവഹിച്ചു.

പാലിയം സമരം
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അതിശക്തമായ പോരാട്ടമായിരുന്നല്ലോ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ നടന്നുവന്നത്‌. സാമൂഹികവും സാന്പത്തികവുമായി അടിച്ചമർത്തപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരുന്നതു ലക്ഷ്യമിട്ടുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക്‌ കൊച്ചി സാക്ഷ്യം വഹിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചരിത്രപ്രധാനമായ സമരമായിരുന്നു പാലിയം സത്യാഗ്രഹം. 1947‐48 കാലത്താണ്‌ പാലിയം സമരം നടന്നത്‌. പാലിയം കുടുംബത്തിലേക്കും പാലിയം കുടുംബത്തിന്റെ ക്ഷേത്രങ്ങളിലേക്കും പാലിയം കുടുംബത്തിെന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്കും പോകുന്ന ഒരു വഴിയാണ്‌ പാലിയം റോഡ്‌. ആ റോഡിൽ നൂറ്റാണ്ടുകളായി താഴ്‌ന്ന ജാതിക്കാർക്ക്‌ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1947 ഡിസംബറിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും പുലയർ മഹാസഭയുടെയും എസ്‌എൻഡിപിയുടെയും നേതൃത്വത്തിൽ ചേന്ദമംഗലത്ത്‌ സത്യാഗ്രഹം ആരംഭിച്ചു. സി കേശവനാണ്‌ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തത്‌. നിരോധനാജ്ഞ ലംഘിച്ച്‌ നാടിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ സമരഭടന്മാർ റോഡിലൂടെ നടന്നു. അന്ന്‌ എസ്‌എൻഡിപിയുടെ താലൂക്ക്‌ സെക്രട്ടറി കൂടിയായിരുന്ന ടി കെ ഈ സമരത്തിൽ സജീവമായി പങ്കെടുത്തു.

1948 ഫെബ്രുവരി 10ന്‌ പൊലീസ്‌ സമരക്കാർക്കെതിരെ ക്രൂരമായ ലാത്തിച്ചാർജ്‌ നടത്തി. എ ജി വേലായുധൻ രക്തസാക്ഷിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊച്ചി രാജാവ്‌ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ 1948 ഫെബ്രുവരി 28 മുതൽ മാർച്ച്‌ 6 വരെ കൽക്കട്ടയിലാണ്‌ നടന്നത്‌.

അതില്‍ പ്രതിനിധിയായിരുന്ന ടി കെ, മടങ്ങിയെത്തും മുമ്പാണ് പാലിയത്ത് ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലുമുണ്ടാകുന്നത്. ആലുവയിലെത്തിയപ്പോള്‍ പ്രതിയാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് ടി കെ ഒളിവില്‍ പോയി.

കല്‍ക്കത്ത തീസിസിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം കമ്യൂണിസ്റ്റുകാരെ അതിഭീകരമായാണ് വേട്ടയാടിയത്. പാര്‍ട്ടി നേതാക്കള്‍ക്കും അനുഭാവികള്‍ക്കും നേരെ അതിക്രൂരമായ മര്‍ദനമുറകളാണ് പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ചേർന്ന്‌ നടത്തിയത്. നാട്ടിലാകെ ഭീകരമായ അന്തരീക്ഷം. കമ്യൂണിസ്റ്റുകാരെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നവരെ തിരഞ്ഞുപിടിച്ച് പൊലീസ് ഭേദ്യം ചെയ്തു. എങ്കിലും ജീവന്‍പോലും പണയംവെച്ച് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ജനങ്ങള്‍ സംരക്ഷിച്ചു. ഒളിസങ്കേതങ്ങളിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ടി കെ 1950ല്‍ പെരുമ്പാവൂരിനു സമീപത്തുനിന്ന് പൊലീസിന്റെ വലയിലകപ്പെട്ടു. ജയിലില്‍വെച്ച് അതിക്രൂരമായ മര്‍ദനമുറകളാണ് ടി കെയ്ക്ക് അനുഭവിക്കേണ്ടിവന്നത്. ടി കെയ്ക്ക് പിന്നീട് രണ്ടുതവണ കൂടി ജയില്‍ശിക്ഷ ഏല്‍ക്കേണ്ടിവന്നു. 1964ലും 1975 അടിയന്തരാവസ്ഥക്കാലത്തും. 1965ല്‍ ജയിലില്‍ കിടന്ന് നിയമസഭയിലേക്ക് വിജയിച്ച നേതാക്കളില്‍ ഒരാള്‍ ടി കെ ആയിരുന്നു.

ജയില്‍മോചിതനായശേഷം പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ടി കെ സജീവമായി മുഴുകി. 1954ല്‍ തൃപ്പൂണിത്തുറ പഞ്ചായത്ത് പ്രസിഡന്‍റായി ടി കെ തിരഞ്ഞെടുക്കപ്പെട്ടു.

കേരളം രൂപീകരിക്കപ്പെട്ടശേഷം 1957 മുതല്‍ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പതിനൊന്ന്‌ തവണ ടി കെ നിയമസഭയിലേക്ക് മത്സരിച്ചു. അതില്‍ ഒമ്പതുതവണയും ഉജ്വല വിജയം നേടി. കണയന്നൂര്‍, തൃപ്പൂണിത്തുറ, കോട്ടയം എന്നീ മണ്ഡലങ്ങളെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചത്. മികച്ച നിയമസഭാ സാമാജികനെന്നു തെളിയിച്ച ടി കെ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങളാണ് ഈ മണ്ഡലങ്ങളില്‍ നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിലും അവയ്ക്ക് പരിഹാരം കാണുന്നതിലും അതുല്യമായ കാര്യശേഷിയും മികവുമാണ് ടി കെ പ്രദര്‍ശിപ്പിച്ചതെന്ന് നിരവധി അനുവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1980ലാണ് ടി കെ ആദ്യമായി മന്ത്രിയായത്. ആഭ്യന്തര സഹകരണവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപത്തൊന്നു മാസക്കാലമേ ആ മന്ത്രിസഭ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ഒട്ടനവധി പരിഷ്കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പ്രമാദമായ പല കേസുകളും റിക്കാര്‍ഡു വേഗത്തില്‍ അന്വേഷിക്കുന്നതിനും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സേനയ്ക്ക് സാധിച്ചു. ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹമോഷണം ഉള്‍പ്പെടെയുള്ള പ്രമാദമായ കേസുകള്‍ ഇതില്‍പ്പെടുന്നു. കേരളത്തിലെ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ടി കെയ്ക്ക് സാധിച്ചു. പൊലീസ് ഹൗസിങ് കോ‐ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് ടി കെ ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. നിരവധി പൊലീസ് ഉദ്യോസ്ഥര്‍ക്ക് സ്വന്തമായി വീടുകളുണ്ടാക്കാന്‍ ഇത്‌ ഉപകരിച്ചു.

സഹകരണമേഖലയിലും നിരവധി പരിഷ്കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1987ല്‍ സഹകരണവകുപ്പിന്റെ ചുമലത വീണ്ടും ഏറ്റെടുത്തതോടെ സഹകരണമേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

1996‐2001 കാലത്തും ടി കെ മന്ത്രിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിച്ച ടി കെ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ ടി കെയെ ഏറെ തുണച്ചു.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തുതന്നെ പ്രമുഖ നേതാക്കളിലൊരാളായിന്ന ടി കെ പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ സിപിഐ എമ്മിനൊപ്പം ശക്തമായി നിലകൊണ്ടു. എറണാകുളം ജില്ലയിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഐ എമ്മിനൊപ്പം നിര്‍ത്താന്‍ നിര്‍ണായകമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്.

സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ അതു പരിഹരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് അന്ന് സംസ്ഥാന സെക്രട്ടറിയറ്റ്‐കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ടി കെയെ ആയിരുന്നു. 1970ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ടി കെ ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് രാപ്പകല്‍ വ്യത്യാസമില്ലാതെ അധ്വാനിച്ചു.

മിച്ചഭൂമിസമരം ശക്തിപ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം, കാഞ്ഞരപ്പള്ളി എന്നീ താലൂക്കുകളില്‍ 1970കളില്‍ നടന്ന നിരവധി ഭൂസമരങ്ങള്‍ക്ക് ടി കെ നേതൃത്വം നല്‍കി. പാര്‍ട്ടി സഖാക്കളുടെ കഴിവിനനുസരിച്ച് ചുമതലകള്‍ അവരെ ഏല്‍പ്പിക്കുന്നതില്‍ അസാധാരണമായ പാടവമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന് പഴയകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ പലരും ഓര്‍മിക്കുന്നു. 1978 വരെ അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.

കുട്ടിക്കാലം മുതല്‍ സാഹിത്യ, സാംസ്കാരിക, നാടകരംഗങ്ങളില്‍ അതീവ താല്‍പര്യമുള്ള ആളായിരുന്നല്ലോ അദ്ദേഹം. നാടകപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശങ്കരാടി, കെ എസ് നമ്പൂതിരി എന്നിവരോടൊപ്പം നാടകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ‘ത്യാഗഭവനം’ എന്ന നാടകം അദ്ദേഹം എഴുതി. ചളിക്കവട്ടത്തെ ഒരു നാടകസംഘം ഈ നാടകം പല സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തകര്‍ച്ച, ആരാധന, അഗതിമന്ദിരം, സഹോദരന്‍ എന്നീ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളാണ് ഇവ കൈകാര്യം ചെയ്തത്. ഈ നാടകങ്ങളില്‍ ജി എന്‍ നെന്മേലി, ഏരൂര്‍ വാസുദേവ്, കാലാക്കൽ കുമാരന്‍, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയവര്‍ ടി കെയുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടി കെ എഴുതിയ ദേശദ്രോഹികള്‍ എന്ന നാടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘കല്ലിലെ തീപ്പൊരികള്‍’ എന്ന നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്.

സാംസ്കാരികമേഖലയില്‍ ഏക്കാലത്തും എടുത്തുപറയത്തക്ക നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടി കെ രാമകൃഷ്ണന്‍ എന്ന മന്ത്രിക്ക് സാധിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദവിയിലേക്കുയര്‍ത്തിയത്, തിരൂര്‍ തുഞ്ചന്‍ സ്മാരകം എം ടി വാസുദേവന്‍ നായരുടെ നേതൃത്വത്തിലള്ള ട്രസ്റ്റിന് കൈമാറിയത്, ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന് സ്വന്തമായി കെട്ടിടവും പ്രവര്‍ത്തന ഫണ്ടും അനുവദിച്ചത്, കേരള കലാമണ്ഡലത്തെ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചത്, കേരളത്തിലെ സാംസ്കാരികവകുപ്പിനു കീഴില്‍ ജോലി ചെയ്തുവന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത്, ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര അക്കാദമിക്ക് രൂപംനല്‍കിയത്, പാമ്പര്യ ഗവേഷണങ്ങള്‍ക്ക് ഒരു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ചത് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

മന്ത്രിയായിരുന്ന ടി കെയെക്കുറിച്ച് മുന്‍ ചീഫ് സെക്രട്ടറി ടി എന്‍ ജയചന്ദ്രന്‍ നിരീക്ഷിച്ചത് ഇപ്രകാരമാണ്: ‘‘തന്റെ അധികാരഭാരം അനായാസം വഹിക്കുന്ന ഒരാളാണ് ടി കെ. പ്രസന്നമായ മുഖഭാവം, സൗമ്യമായ സംഭാഷണം, സൗഹൃദപൂര്‍വമായ സമീപനം, വികസനോന്മുഖമായ കാഴ്ചപ്പാട്, ഏത് പുതിയ ആശയവും സ്വീകരിക്കാനും സ്വാംശീകരിക്കാനുമുള്ള സന്നദ്ധത, കഠിനാധ്വാനശീലം. പൊതുവെ സ്നേഹാദരങ്ങള്‍ വളര്‍ത്തുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം’’.

ദീര്‍ഘകാലം ടി കെയുടെ സഹപ്രവര്‍ത്തകനായിരുന്ന പയ്യപ്പിള്ളി ബാലന്‍ ടി കെ എന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘‘പത്തറുപത് വര്‍ഷത്തെ പരിചയമുണ്ട് എനിക്ക് അദ്ദേഹവുമായി. വളരെ അടുത്ത് പെരുമാറിയിട്ടുണ്ട്. ഒന്നിച്ച് ജയിലില്‍ ഒരേ സെല്ലില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ആ മുഖത്ത് രോഷം അല്ലെങ്കില്‍ അപ്രിയഭാവം ഇക്കാലയളവില്‍ ഒരിക്കലും കണ്ടിട്ടേയില്ല. ഗുരുതരങ്ങളായ കുറ്റങ്ങള്‍ക്ക് സഖാക്കളെ ശാസിക്കുമ്പോഴും പുഞ്ചിരിയാണ് ചുണ്ടുകളില്‍ പ്രകാശിക്കുക. ഗൗരവമേറിയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോഴും വാക്കുകളില്‍ ഗൗരവമുണ്ടെങ്കിലും മുഖം സൗമ്യവും ശാന്തവുമാണ്’’.

പരേതയായ ഗൗരിയാണ് ടി കെയുടെ ജീവിതപങ്കാളി. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.

2006 ഏപ്രില്‍ 21ന് ടി കെ അന്ത്യശ്വാസം വലിച്ചു.

കടപ്പാട്: ചിന്ത മെയ്ദിനപ്പതിപ്പ് 2006ല്‍ പയ്യപ്പിള്ളി ബാലന്‍, സി ഭാസ്കരന്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങള്‍

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − fifteen =

Most Popular