Friday, October 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെസമാധാനത്തിനായി പൊരുതുന്ന ത്രിപുര

സമാധാനത്തിനായി പൊരുതുന്ന ത്രിപുര

ഷുവജിത്‌ സർക്കാർ

കുന്നുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഭൂപ്രദേശമാണ് ത്രിപുര. ഇവിടത്തെ ഏറ്റവും പഴക്കംചെന്ന വലിയൊരു വിഭാഗം വരുന്ന ആദിമനിവാസികളായ ഗോത്രവിഭാഗങ്ങളടങ്ങുന്നതാണ് ഇവിടത്തെ ജനസംഖ്യ. ബംഗാളികളും ഗോത്രവിഭാഗങ്ങളും കാലങ്ങളായി ഒത്തൊരുമയോടെ ജീവിച്ചുപോരുന്നു. ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിച്ച, സിപിഐഎമ്മിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു ഗോത്ര വിഭാഗത്തിൽപ്പെട്ട ദശരഥ്‌ ദേബ്. ഇടതുപക്ഷത്തിൽ നിന്നുള്ള മുഖ്യമന്ത്രിമാരായിരുന്ന ദശരഥ്‌ദേബ്, നൃപൻ ചക്രവർത്തി, മണിക്ക് സർക്കാർ എന്നിവരെല്ലാം, വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന തങ്ങളുടെ സംസ്ഥാനത്ത്‌ സമാധാനം നിലനിർത്തിപ്പോരുന്നതിന് കഠിനമായി പ്രയത്‌നിച്ചവരാണ്.

ഇടതുമുന്നണി അധികാരത്തിൽ വരുന്നതിനുമുമ്പ് ഇവിടെയാകെ അസ്വസ്ഥതകളും സാമുദായികാടിസ്ഥാനത്തിലുള്ള ചിന്താഗതികളും നിലനിന്നിരുന്നു. എന്നാൽ അനേകം വർഷം നീണ്ടുനിന്ന ഇടതുഭരണം സാമുദായികമായ ഐക്യംകൊണ്ടുവരികയും പ്രദേശത്തെ ഗോത്രേതരവിഭാഗങ്ങളെയും ഗോത്രവർഗവിഭാഗങ്ങളെയും തുല്യാവസഥയിലെത്തിച്ചു. സംസ്ഥാനത്തിന്റെ ഇടതുപക്ഷ മനസ്‌ എല്ലായ്‌പ്പോഴും വിവിധ ഭൂപ്രദേശങ്ങളിലെ വർഗീയാതിക്രമങ്ങളെ ചെറുത്തു. എന്നാൽ സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചെടുത്തതിനുശേഷം ഇതിൽനിന്നും വ്യത്യസ്തമായ ചിത്രങ്ങളാണ് ഈയടുത്ത ചില വർഷങ്ങളിലായി പ്രകടമാവുന്നത്. ത്രിപുരയിലെ ഗോത്രവർഗങ്ങളുടെ ത്രിപ്രലാൻഡിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെടുന്ന ഗോത്രവർഗ്ഗ സംഘടനയായ ഐ പി എഫ് ടിയുടെ പിന്തുണയോടെയാണ് 2018 ൽ ബിജെപി അധികാരത്തിലേറിയത്. ഈ ആവശ്യം തിരഞ്ഞെടുപ്പുസമയത്ത് അതിന്റെ പാരമ്യത്തിലെത്തി. ബിജെപി ഇതു മുതലെടുത്ത് ആദിവാസികൾക്ക് പ്രത്യേക സംസ്ഥാനം വാഗ്ദാനം നൽകി. ഐപിഎഫ്ടി, ബിജെപിയുമായി സംഖ്യമുണ്ടാക്കുകയും ഇടതുമുന്നണിയെ പരാജയപ്പെടുത്തി ഭൂരിപക്ഷം നേടുകയും ചെയ്തു. കോൺഗ്രസ് അപ്പാടെ ബിജെപിയായി മാറി അതിന്റെ എല്ലാ നേതാക്കളും പ്രവർത്തകരും മറ്റ് ഇടത് ഇതര ഗ്രൂപ്പുകളും ചില വിഘടനശക്തികളുമായി ചേർന്ന് ത്രിപുരയിൽ ബിജെപി രൂപീകരിച്ചു.

കൂടുതൽ തൊഴിലവസരങ്ങൾ, തൊഴിൽ, സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മീഷൻ, പുതിയ വികസനം തുടങ്ങി ഒട്ടെറെ വാഗ്ദാനങ്ങൾ ബിജെപിയും സംഖ്യവും ജനങ്ങൾക്ക് നൽകിയിരുന്നു. ഒരു വിഭാഗം ജനങ്ങൾ പുതിയ കൂട്ടുകെട്ടിനെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു ചിന്തിച്ചു. എന്നാൽ തങ്ങൾ ഇങ്ങനെ കബളിപ്പിക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയില്ല. ജനാധിപത്യമാകെ ഹനിക്കപ്പെട്ടു; ഇടതുപക്ഷത്തെ ഇല്ലാതാക്കിയതിനുപുറമെ ബിജെപി വിയോജിപ്പിന്റെ ശബ്ദങ്ങളെയാകെ അടിച്ചൊതുക്കി. 2018നു ശേഷം നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടുചെയ്യാൻ കഴിഞ്ഞില്ല. ഇടതുപ്രവർത്തകരെ ദിനംപ്രതിയെന്നോണം ആക്രമിച്ചു, ലെനിന്റെ പ്രതിമ തകർത്തു; സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകളും തകർത്തു. സമാധാനം നിലനിന്ന സംസ്ഥാനം അക്രമങ്ങളുടെ കേന്ദ്രമായിമാറി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും കാര്യങ്ങൾ മാറിത്തുടങ്ങി. ഒരു മാറ്റം വരണമെന്ന് ജനങ്ങൾ തീരുമാനിച്ചു. ബിജെപിക്ക് ഒരു തിരിച്ചടി ആവശ്യമാണ്. അല്ലെങ്കിൽ ജനാധിപത്യം മ്യൂസിയങ്ങളായിമാറും. ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ച് ബിജെപിയ്‌ക്കെതിരെ ശക്തമായ സഖ്യം രൂപീകരിച്ചു. എന്നാൽ ‘ത്രിപ്രമോത’ എന്ന മറ്റൊരു പാർട്ടി നിലവിൽ വന്നതോടെ ത്രിപുരയിൽ മറ്റൊരു അധ്യായം തുറന്നു. തിപ്രലാൻഡിനായി ഉന്നയിക്കപ്പെട്ട അതേ മദ്രാവാക്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് ത്രിപുരയിലെ ആദിവാസി വിഭാഗങ്ങളെ ഒന്നിപ്പിച്ച് ഈ പാർട്ടി രൂപീകരിച്ചത്. രാജകുടുംബത്തിൽ നിന്നുള്ളയാളായ പ്രദ്യോത് ബിക്രം മാണിക്യദേബ് ശർമ്മ ആദിവാസികളുടെ നേതാവായി മുന്നോട്ടുവന്നു. തുടക്കത്തിൽ അയാളുടെ ചിന്തകളും പ്രസംഗങ്ങളും വലിയൊരു വിഭാഗം ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. സാധാരണക്കാരായ ആദിവാസിജനത തിപ്രമോതയോടൊപ്പം ചേരുകയും കുറച്ചുപേർ ഇടത്‐കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കുകയും ചെയ്തു. അങ്ങനെ ബംഗാളികൾ ഇടത് സംഖ്യമെന്നും ബിജെപി എന്നും രണ്ടായി ഭിന്നിച്ചു. ബിജെപി ഹിന്ദുത്വവർഗീയ കാർഡ് കളിച്ചു. ഇതൊക്കെയായിട്ടും ബിജെപിയ്ക്ക് കേവലഭൂരിപക്ഷമേ ലഭിച്ചുള്ളൂ. തിപ്രമോത രണ്ടാമത്തെ കക്ഷിയായി ഉയർന്ന് പ്രതിപക്ഷസ്ഥാനത്തെത്തി. ഇടത്-‐കോൺഗ്രസ് സഖ്യം മൂന്നാമതാണെത്തിയതെങ്കിലും എല്ലാ രാഷ്ട്രീയഗ്രൂപ്പുകളുടെയും വോട്ടിങ് ശതമാനം തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി അധികാരത്തിലെത്തുക എന്ന ബിജെപിയുടെ അജൻഡ വിജയം കണ്ടു.

തിരഞ്ഞെടുപ്പിനുമുമ്പുവരെ തിപ്രമോത നേതൃത്വം അവരുടെ ഡിമാൻഡുകളിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ ആ പാർട്ടിയുടെ സ്വരം മാറി. തിരഞ്ഞെടുപ്പിനുശേഷം ബിജെപി അതിന്റെ പ്രതികാര രാഷ്ട്രീയം പുറത്തെടുക്കാൻ തുടങ്ങി. ഇടതുപക്ഷത്തെയും കോൺഗ്രസിനെയും അനുകൂലിക്കുന്നവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. ചിലയിടങ്ങളിൽ മോത അനുകൂലികളെയും ബിജെപിയുടെ പ്രവർത്തകർ ആക്രമിച്ചു. ത്രിപുര മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ജനാധിപത്യക്കൊലയ്ക്കും തിരഞ്ഞെടുപ്പനന്തര അക്രമങ്ങൾക്കും സാക്ഷ്യം വഹിച്ചു. ബിജെപി ഒരു വാഗ്ദാനവും പാലിച്ചില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റി, പുതിയ മുഖ്യമന്ത്രിയെ പ്രതിഷ്ഠിച്ചു. അയാൾ പുതിയ വികസനം കൊണ്ടുവരുന്ന ആളാണെന്നു കാട്ടാൻ ശ്രമിച്ചു. എന്നാൽ ഈയടുത്തകാലത്ത് ത്രിപുരയിൽ എന്തെങ്കിലും വികസനമോ വ്യവസായമോ ഉണ്ടായിട്ടില്ലെന്നു നാം മനസ്സിലാക്കണം. കൂടാതെ നിലനിന്നിരുന്നതായ ജനാധിപത്യപരവും സമാധാനപരവുമായ സാഹചര്യമെല്ലാം ബിജെപി സമീപകാലത്ത് ഇല്ലാതാക്കി. തിപ്രമോതയിലെ ഒരു വിഭാഗം ബിജെപിയോടൊപ്പമാണ്. പ്രതിപക്ഷവോട്ടുകൾ ഭിന്നിപ്പിച്ച്, അതുവഴി ബിജെപിയെ പരാജയത്തിൽനിന്ന് രക്ഷിച്ചത് തിപ്രമോതയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. യഥാർഥത്തിൽ തിപ്രമോത ബിജെപിയ്‌ക്കെതിരായിരുന്നെങ്കിൽ ഇടതുപക്ഷത്തിനും കോൺഗ്രസിനുമൊപ്പം നിന്ന് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തണമായിരുന്നു. അങ്ങനെയെങ്കിൽ അത് രാഷ്ട്രീയത്തിന് പുതിയ മാനം നൽകുകയും ത്രിപുരയിലെ ബിജെപിയുടെ അന്ത്യവുമായേനെ. എന്നാൽ എല്ലാ രാജകുടുംബങ്ങളെയുംപോലെ അവർ തൊഴിലാളിവർഗത്തെ ഒട്ടും പരിഗണിക്കുന്നതേയില്ല. രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സാന്നിദ്ധ്യം അവിതർക്കിതമായും വെല്ലുവിളിക്കപ്പെടാതെയും നിലനിർത്താനുള്ള ഒരു ഉപകരണമാണ് സ്വത്വരാഷ്ട്രീയം.

തങ്ങൾ വഞ്ചിക്കപ്പെട്ടതായും ബിജെപി വാഴ്ചയിൻ കീഴിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയില്ലെന്നും ആദിവാസികൾ ക്രമേണ തിരിച്ചറിയുകയാണ്. അതേസമയം ബിജെപിയും അതിന്റെ സഖ്യകക്ഷികളും ഗോത്രജനതയുടെ സ്വത്വമെന്ന കാർഡ് ഇറക്കിക്കളിക്കുകയുമാണ്‌.

എന്നാൽ ഈയടുത്തകാലത്തായി, ബിജെപിയുടെ കൊള്ളരുതായ്മകളെയും തെറ്റായ പ്രവൃത്തികളെയുംകുറിച്ച് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഇടത് വിദ്യാർഥി യുവജന സംഘടനകൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുവരികയാണ്. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളെ സംഘടിപ്പിക്കാനും ത്രിപുരയുടെ നല്ല നാളേയ്ക്കായി അവരെ കൂട്ടിയോജിപ്പിക്കാനും ശ്രമിച്ചുവരികയാണ്.- ആദിവാസികളും ആദിവാസികളല്ലാത്തവരും വിഭജിച്ചു നിൽക്കാത്ത ഒരു ത്രിപുര. എന്നാൽ സ്വത്വത്തിനുപരിയായി സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാവരും ഒന്നിച്ചു കഴിയുന്ന ഒരു ത്രിപുര. അങ്ങനെയൊരു ത്രിപുരയ്‌ക്കായി ത്രിപുരയിലെ ഇടതുപക്ഷം ബിജെപിയുടെ ശക്തിസ്രോതസുകളെ കണക്കിലെടുക്കാതെ പോരാട്ടത്തിലാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 3 =

Most Popular