ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ പണിതുകൊണ്ടിരിക്കുന്ന പോലവാരം ഡാം തുടക്കകാലം മുതൽതന്നെ വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. ഒരു പതിറ്റാണ്ടോളം നീളുന്ന സമരങ്ങളുടെ കുപ്രസിദ്ധി പേറുന്നൊരു ചരിത്രമാണ് പോലവാരം പ്രോജക്ടിനെ ചുറ്റി നിലനിൽക്കുന്നത്. പോലവാരം ഡാം കാരണം കുടിയൊഴിയേണ്ടി വരുന്ന ആദിവാസി ജനതയുടെ പ്രതിഷേധങ്ങളാണ് പോലവാരം ഡാം പ്രോജക്ടിന്റെ പിന്നിലെ താല്പര്യങ്ങളെ വിവാദങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും തള്ളിവിട്ടത്. ദേശീയ പദ്ധതിയായി വിഭാവനം ചെയ്യപ്പെട്ട പോലവാരം ഡാം പ്രോജക്ട് 2014ൽ ടി ഡി പി ഭരിക്കുന്ന സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 2010ൽ 57940 കോടിയായിരുന്ന പ്രോജക്ട് എസ്റ്റിമേറ്റ് 2014/08 പുനഃപരിശോധിക്കുകയും 16010.45 കോടിയായി സംസ്ഥാന സർക്കാർ പുതുക്കി അവതരിപ്പിക്കുകയും ചെയ്തു. ഈ കുത്തനെ വർധിപ്പിച്ച നിരക്കിനെപ്രതി ആന്ധ്ര ഗവൺമെന്റിനോട് കേന്ദ്രസർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ടിഡിപിയുടെ എൻഡിഎ സഖ്യത്തിൽനിന്നുള്ള പുറത്തു കടക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നമായി അത് വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി നിരന്തരം ചൂഷണം ചെയ്യപ്പെട്ട പോലവാരം പദ്ധതി വീണ്ടും സമരമുഖരിതമായി വാർത്തകളിൽ നിറയുകയാണ്.
പോലവാരം പദ്ധതിയുടെ മറവിൽ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങളുണ്ടാക്കാൻ മാത്രമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളും അവരുടെ സിൽബന്ദികളും ശ്രമിക്കുന്നതെന്ന് അപഖ്യാതി അരപ്പതിറ്റാണ്ടു മുൻപേ തന്നെ പൊതു മധ്യത്തിലുണ്ട്. ഫാക്ട് ഫൈൻഡിങ് കമ്മറ്റിയുടെ ഭാഗമായി പോലവാരം സന്ദർശിച്ച പ്രമുഖർ, ഭരണപക്ഷത്തിന്റെ ഇടനിലക്കാർ എങ്ങനെയാണ് പുനരധിവാസപ്രവർത്തങ്ങളുടെ മറവിൽ വൻ അഴിമതി നടത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 300 ലക്ഷം പേർക്കാണ് പോലവാരം പദ്ധതിയുടെ ഭാഗമായി കുടിയൊഴിയേണ്ടിവരുന്നത്. അതിൽ 150000 ആദിവാസികളും 50000 ദളിതരും ഉൾപ്പെടുന്നു. പദ്ധതിയുടെ നടപ്പാക്കലിനായി പതിനായിരം ഏക്കർ വനഭൂമിയും 121975 ഏക്കർ വനേതരഭൂമിയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസി ദളിത് ജനതയുടെ ഉത്കണ്ഠകളെപ്പറ്റിയോ അവരുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോ അശ്ശേഷം അനുകമ്പയോ ഉത്തരവാദിത്തമോ കാണിക്കാൻ തയ്യാറാകാത്തതാണ് തീവ്രമായ സമരങ്ങളിലേക്ക് പോലവാരത്തെ തള്ളിവിട്ടത്. പ്രശ്‌നം ബാധിക്കപ്പെട്ട ഗ്രാമങ്ങൾ 2018ൽ സന്ദർശിച്ച NCST, 55000 ആദിവാസി കുടുംബങ്ങൾക്ക് കൃഷിഭൂമിയും ഉപജീവനമാർഗ്ഗവും നൽകിക്കെൊണ്ട് പുനരധിവാസ നയങ്ങൾ നവീകരിക്കാൻ ആന്ധ്രഗവൺമെന്റിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് LARR, 2013 ആക്ട് പ്രകാരം അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആദിവാസികൾ ആന്ധ്രപ്രദേശ് ഗിരിജന സംഘത്തിന്റെ നേതൃത്വത്തിൽ പോലവാരം ഡാം സബർജ് ചെയ്യുന്ന ഗ്രാമങ്ങളിലൂടെ ദിവസങ്ങൾ നീണ്ട റാലി സംഘടിപ്പിക്കുകയുണ്ടായി.
തിരഞ്ഞടുപ്പിന് കഷ്ടിച്ച് ഒരുവർഷംമാത്രം ശേഷിക്കെ, പോലവാരം പദ്ധതി ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന ഗവണ്മെന്റിനുമേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ആന്ധ്ര സർക്കാരിനും കേന്ദ്ര ഗവണ്മെന്റിനും ഒരുപോലെ നേട്ട ലാക്കുള്ള പോലവാരം വീണ്ടും വാർത്തകളിൽ നിറയുന്നതോടൊപ്പം സമരമുഖരിതവും ആവുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളോ നഷ്ടപരിഹാരമോ കൃത്യമായി നടപ്പിലാക്കാതെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് ബാധിക്കപ്പെട്ട ആദിവാസികളും ആന്ധപ്രദേശ് ഗിരിജനസംഘവും സിപിഐ എമ്മും. പുനരധിവസിപ്പിക്കപ്പെട്ട ജനതയുടെ കാര്യങ്ങളിൽ സർക്കാർ നീതിയുക്തമായും അനുഭാവപൂർണ്ണമായുമല്ല ഇടപെടുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം സി വെങ്കിടേശ്വര റാവു കുറ്റപ്പെടുത്തുന്നു. പോലവാരം പുനരധിവാസ കുടുംബങ്ങൾക്ക് അർഹതപ്പെട്ട പരിഗണ നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം ആന്ധ്രപ്രദേശ് ഗവർണർക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ നൂറോളം ദിവസം അല്ലൂരി സീതാരാമരാജു (എഎസ്) ജില്ലയിലെയും ഏലൂർ ജില്ലയിലെയും ജനങ്ങൾ ദുരിതത്തിലായിരുന്നെന്നും അവിടെ രക്ഷാപ്രവർത്തനങ്ങളോ ആശ്വാസപ്രവർത്തനങ്ങളോ വേണ്ട രീതിയിൽ എത്തിച്ചേർന്നില്ലെന്നും പുനരധിവസിപ്പിക്കപ്പെട്ട ജനങ്ങൾ ദുരിതക്കടലിൽ ആയിരുന്നെന്നും സി പി ഐ എം ചൂണ്ടിക്കാണിക്കുന്നു.
പോലവാരം പുനരധിവാസ പദ്ധതി സുതാര്യമായും സമഗ്രമായും നടത്തണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നം ബാധിച്ച ഗ്രാമങ്ങളിലെ ജനങ്ങളുടെയും കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെയും അവകാശങ്ങൾ സമയബന്ധിതമായി പരിഗണിക്കുകയും നിവർത്തിക്കപ്പെടുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മും സിപിഐ എമ്മിന്റെ ആദിവാസിസംഘടനയായ ആന്ധ്രപ്രദേശ് ഗിരിജന വർഷങ്ങളായി നിരന്തര പോരാട്ടത്തിലാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുന്നത് സ്ഥാപിതതാൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് തിരിച്ചറിയുകയും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പുനരധിവാസത്തിനും നഷ്ടപരിഹാരം പ്രശ്‌നം ബാധിച്ച ഓരോ കുടുംബത്തിലേക്കും എത്തിക്കുന്നതിനും ഊന്നൽ നൽകാതെ നിർമാണം ത്വരിതപ്പെടുത്താനാണ് സർക്കാർ മുന്നിട്ടിറങ്ങുന്നതെന്നും മറനീക്കി പുറത്തുവന്നിരിക്കുന്നത് വലിയ പൊതുജനരോഷത്തിനു കാരണമായിരിക്കുകയാണ്.
ഈ ഘട്ടത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി ജനതയുടെ അവകാശപ്പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഐ എം “പോലവാരം നിർ വാസിതുല മഹാ പദയാത്ര’ ആഹ്വാനം ചെയ്തിരിക്കുന്നത്. പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന പദയാത്രയിൽ പുനരധിവാസവാഗ്ദാനങ്ങളിൽ വഞ്ചിതരായ ആദിവാസി ജനതയോടൊപ്പം നിരവധി സിപിഐ എം നേതാക്കളും പങ്കെടുക്കുന്നുണ്ട്. ജൂൺ 20നു നെല്ലിപ്പകയിൽ നിന്നാരംഭിച്ച പദയാത്രയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, 32000 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സർക്കാർ ഇതുവരെ ആകെ 7000 കോടി രൂപ കോടി മാത്രമാണ് കൈമാറിയിരിക്കുന്നതെന്നും ഇത് എത്രമാത്രം വഞ്ചനാപരമായ നടപടിയാണെന്നന്നും കുറ്റപ്പെടുത്തി. ഒരാഴ്ച് പിന്നിട്ട പദയാത്ര പ്രശ്‌നം ബാധിച്ച ഗ്രാമങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സമഗ്രമായ പുനരധിവാസവും കൃത്യമായ നഷ്ടപരിഹാര വിതരണവും ഉറപ്പാക്കാത്തപക്ഷം വരുംനാളുകളിൽ സമരം കൂടുതൽ തീവ്രമാകും. ♦