Tuesday, September 17, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഹരിയാനയിൽ സൂര്യകാന്തി കർഷകരുടെ പ്രക്ഷോഭം

ഹരിയാനയിൽ സൂര്യകാന്തി കർഷകരുടെ പ്രക്ഷോഭം

ഇന്ദർജിത് സിങ്

രിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ സൂര്യകാന്തി കർഷകർ നടത്തിയ ഒരാഴ്ചനീണ്ടുനിന്ന സമരം അവർ മുന്നോട്ടുവച്ച രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചതിനെതുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. ചരിത്രപ്രസിദ്ധമായ കുരുക്ഷേത്ര നഗരിയ്ക്കടുത്തുള്ള പിപ്ലി ധാന്യച്ചന്തയിൽ വച്ചുനടന്ന മഹാപഞ്ചായത്തിന്റെ പ്രഖ്യാപനമനുസരിച്ച് വിവിധ കർഷകസംഘടനകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് കർഷകർ ജൂൺ 12ന്‌ പ്രധാന ദേശീയപാത (ജിടിറോഡ്) ഉപരോധിച്ചു. ബി കെയു (ചാരുണി) നേതാവ് ഗുർനാംസിങ് ചാരുണിയെയും മറ്റ് ഒൻപത് കർഷകരെയും മോചിപ്പിക്കുക, സൂര്യകാന്തി വിത്തുകൾ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) വാങ്ങുക എന്നിവ ഇവരുടെ ഡിമാൻഡുകളിൽ ഉൾപ്പെടുന്നു.

പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന്‌ കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണറും പൊലീസ് സൂപ്രണ്ടും, ദേശീയപാത ഉപരോധിച്ചുകൊണ്ട്‌ കർഷകർ കൂട്ടത്തോടെ കുത്തിയിരുപ്പുസമരം നടത്തുന്ന സ്ഥലം സന്ദർശിച്ച് കർഷകർ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി പരസ്യമായി പ്രഖ്യാപിക്കാൻ നിർബന്ധിതരായി. ബികെയു (ചാരുണി) പ്രാദേശിക നേതാക്കളുമായി നടത്തിയ തുടർച്ചയായ നീണ്ട യോഗങ്ങളിലൊന്നും ഈ ഡിമാൻഡുകളൊന്നും തന്നെ ഇവർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്, പ്രക്ഷോഭവേദിയിൽ 30 മണിക്കൂറോളം ഉണ്ടായിരുന്ന സംയുക്ത കിസാൻ മോർച്ച (എസ് കെ എം) യുടെ നേതാക്കൾ ഒരു യോഗം വിളിച്ചുചേർക്കുകയും മുതിർന്ന നേതാക്കളടങ്ങുന്ന ഒരു വിശാലമായ സംയുക്ത കൂടിയാലോചനാ സംഘത്തിന് രൂപം നൽകാൻ തീരുമാനിക്കുകയും ചെയ്തത്‌. അവസാനം, ഭരണകൂടത്തിന് ഈ വിശാലസഖ്യത്തെ നേരിട്ടുകാണേണ്ടി വന്നു എന്നു മാത്രമല്ല കർഷകർ ഉന്നയിച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ ഗവൺമെന്റിനുവേണ്ടി പ്രതിനിധികൾ സന്നദ്ധത പ്രകടിപ്പിക്കേണ്ടതായും വന്നു.

ഷാഹ്ബാദ് ടൗണിനോടു ചേർന്നുകിടക്കുന്ന അംബാലയിൽ നിന്നും ആരംഭിച്ച്, പിന്നീട്‌ പ്രക്ഷോഭ പരമ്പരകൾ ഉണ്ടായത് സൂര്യകാന്തി ക്വിന്റലിന് 6400 രൂപ താങ്ങുവിലയ്ക്ക് സംഭരിക്കാൻ സംസ്ഥാന ഗവൺമെന്റ് വിസ്സമ്മതിച്ചതോടെയാണ്. പകരം, കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിലവിലെ സ്വകാര്യ വിപണി വിലയിൽ വിൽക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തി. പകരം ഭവന്തർ (വിപണിനിരക്കും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം) ആയി നഷ്ടപരിഹാരം നൽകാമെന്ന വാഗ്ദാനം നൽകി. വിപണിവില 4000 മുതൽ 4800 രൂപവരെയായതിനാൽ ഭവന്തർ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചാൽപോലും കർഷകർക്ക് ക്വിന്റലിന്‌ 1800 രൂപ മുതൽ 2400 രൂപവരെ നഷ്ടം നേരിടേണ്ടതായി വരും. അങ്ങനെയാണ് കർഷകർ സമരത്തിനിറങ്ങാൻ നിർബന്ധിതരായത്.

ജൂൺ 6ന് റോഡ് ഉപരോധിച്ച കർഷകർക്കുനേരെ ലാത്തിചാർജ്ജ് ഉണ്ടായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.

ജൂൺ 8ന് സുർജിത് ഭവനിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡിയോഗം പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. ഗ്രേറ്റർ നോയിഡയിലെ കിസാൻ മോർച്ചയുമായി ബന്ധമുള്ള നേതാക്കളെ കഴിഞ്ഞ രണ്ട് മാസമായി ജയിലിലടച്ചിരിക്കുന്നതിനെയും യോഗം ശക്തമായി അപലപിച്ചു.

ഹരിയാനയിലെ കുരുക്ഷേത്രയിലെയും പഞ്ചാബിലെ അംബാലയിലെയും ചില പ്രദേശങ്ങളിൽ എണ്ണക്കുരുവിളയായാണ് സൂര്യകാന്തി മുഖ്യമായും കൃഷിചെയ്യുന്നത്. ഭീകരമാം വിധത്തിലുള്ള ഭൂഗർഭജലശോഷണം മൂലം നെല്ല്, ഗോതമ്പ് തുടങ്ങി വലിയതോതിൽ ജലമാവശ്യമായ വിളകളുടെ കൃഷിയിൽ നിന്നും പിൻമാറാൻ പഞ്ചാബിലെയും ഹരിയാനയിലെയും ഗവൺമെന്റുകൾ കർഷകരെ പ്രേരിപ്പിക്കുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സഹായം ഉൾപ്പെടെ ആകർഷകമായ ഇൻസെന്റീവുകൾ സർക്കാർ വാഗ്ദാനം നൽകുകയുണ്ടായി. മാത്രമല്ല ചോളം, തിന, സൂര്യകാന്തി, പയർവർഗങ്ങൾ, മറ്റ് എണ്ണക്കുരുക്കൾ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നതിലേക്ക് മാറാത്തതിന് പിഴയീടാക്കുമെന്നുവരെ കർഷകരെ ഭീഷണിപ്പെടുത്തി. തൽഫലമായി സൂര്യകാന്തികൃഷിയുടെ വിസ്തൃതി 2018-‐-19 ൽ 9,440 ഹെക്ടറിൽനിന്ന് 2022‐-23 ൽ 14,160 ഹെക്ടറായി കുറഞ്ഞു. എന്നിട്ടും വാഗ്ദാനം നൽകിയ ഇൻസെന്റീവുകൾ നൽകാതെ സർക്കാർ കർഷകരെ വഞ്ചിച്ചു. കടുക് കൃഷിക്കാരും സമാനമായ അവസ്ഥയാണ് നേരിടുന്നത്. കടുക് കൃഷിയുടെ സിംഹഭാഗവും കൃഷിചെയ്യുന്ന സീസണിൽ ഈ വർഷം ഇതുവരെയായിട്ടും മിനിമം താങ്ങുവിലയായ ക്വിന്റലിന് 5,450 രൂപ നൽകി സർക്കാർ വാങ്ങാത്തതിനാൽ തുച്ഛവിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ എടുത്തുപറയേണ്ട കാര്യം, ഭക്ഷ്യ എണ്ണയുടെ മൊത്തം ആഭ്യന്തര ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് കടുക് വിത്തിന്റെ വിപണിവില ഇത്രണ്ട് കുറയുന്നതിന്‌ കാരണമായത്‌. കണക്കുകൾ പ്രകാരം ഈ സീസണിൽമാത്രം ഹരിയാനയിലെ കടുക് കർഷകർക്ക് 20000 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായി. ചില്ലറവിൽപന വില കുറയ്ക്കുന്നതിലൂടെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ ഭക്ഷ്യഎണ്ണക്കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടത് ഒരു ഫലവും ഉണ്ടാക്കിയില്ല. ഒരു വശത്ത് കടുക് കർഷകരെ ഇല്ലാതാക്കുകയും മറുവശത്ത് സാധാരണക്കാരായ ഉപഭോക്താക്കൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റുകളുടെ കൊള്ളലാഭം ഭീമമാംവിധമാണ്‌ വർധിച്ചത്‌. രണ്ട് വർഷം മുമ്പ് ഹരിയാന ഗവൺമെന്റ് കടുക് വിതരണത്തെ പൊതുവിതരണസംവിധാന (പിഡിഎസ്) ത്തിൽ നിന്ന് പിൻവലിച്ചത് വെറും യാദൃച്ഛികതയല്ല, വ്യക്തമായും ഇത് വിപണിയിലെ കോർപ്പറേറ്റ് കച്ചവടത്തെ സഹായിക്കുന്നതിനാണ്.

കുരുക്ഷേത്രയിലെ കർഷകപ്രക്ഷോഭത്തിന്റെ വിജയം ശ്രദ്ധാർഹമായ നിരവധികാരണങ്ങളാൽ പ്രാധാന്യമുള്ളതാണ്. ഒന്നാമതായി, സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ നേതൃത്വവും പ്രാദേശിക ഘടകവും ഹരിയാന ഏതെങ്കിലും പ്രത്യേക കർഷകസംഘടനയുമായുള്ള ബന്ധം കണക്കിലെടുക്കാതെതന്നെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന പ്രഖ്യാപിത നയമനുസരിച്ച് കർഷകരെ അസന്ദിഗ്ധമായി പിന്തുണച്ചു.

രണ്ടാമതായി, സൂര്യകാന്തിയുടെ താങ്ങുവിലയുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നമാണിതെന്നു തോന്നുമെങ്കിലും യഥാർഥത്തിൽ ദീർഘനാളായി നിലനിൽക്കുന്ന കർഷകരുടെ അസംതൃപ്‌തിയെ ഇത് ആളിക്കത്തിക്കുകയാണുണ്ടായത്. പ്രക്ഷോഭത്തിനായെത്തിച്ചേർന്ന പല കർഷകരും സൂര്യകാന്തി കൃഷിക്കാർ ആയിരുന്നില്ല; താങ്ങുവില നിഷേധിക്കുന്നത് ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും രാജ്യത്താകമാനം നിലവിലുള്ള നവലിബറൽ നയങ്ങളുടെ പ്രതിഫലനമാണതെന്നുമുള്ള തിരിച്ചറിവിലാണ് കർഷകർ ഒന്നടങ്കം പ്രക്ഷോഭത്തിലണിനിരന്നത്. നവലിബറൽ നയങ്ങൾ താങ്ങുവില നൽകുന്നതുൾപ്പെടെയുള്ള കൃഷിക്കാർക്കുള്ള സർക്കാർ പിന്തുണ ക്രമാനുഗതമായി കുറച്ചുകൊണ്ടിരിക്കുകയാണ്‌.

മൂന്നാമതായി, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്ന ആവശ്യം ഏറ്റവും നിർണായകമായ പ്രശ്‌നമായി മാറിയസമയത്താണ് കുരുക്ഷേത്രയിലെ സമരം എന്നതാണ്‌. ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വരുനാളുകളിൽ നടത്തേണ്ട ഘട്ടംഘട്ടമായിട്ടുള്ള പ്രക്ഷോഭപ്രവർത്തനങ്ങൾക്ക് സംയുക്ത കിസാൻ മോർച്ച രൂപം നൽകിയിട്ടുണ്ട്.

അവസാനമായി, സംയുക്ത കിസാൻ മോർച്ചയും മറ്റ് വിവിധ ഗ്രൂപ്പുകളും നേതാക്കളും തമ്മിലുള്ള സഹകരണം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്കുമപ്പുറം ഹരിയാനയിലെ ബിജെപി സർക്കാരിനെ മുട്ടുകുത്തിക്കാൻ പര്യാപ്തമാണെന്നു തെളിഞ്ഞതാണ്. കർഷകസമൂഹത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ഈ സഖ്യം ഒത്തൊരുമയുടെയും ഐക്യദാർഢ്യത്തിന്റെയും ശക്തി പ്രകടമാക്കി.

അതേസമയം ഹരിയാനയിലുടനീളം വിവിധ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് കുറഞ്ഞത് ഒരു ഡസൻ പ്രദേശങ്ങളിലെങ്കിലും കർഷകരുടെ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും തുടരുകയാണ്. വിളനാശത്തിനുള്ള നഷ്ട പരിഹാരം നൽകാത്തത്, സ്വകാര്യ കമ്പനികൾ വിള ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നത്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ ഇവയിലുൾപ്പെടുന്നു.

കുരുക്ഷേത്രയും അംബാലയുമുൾപ്പെടെ ഹരിയാനയുടെ വടക്കൻ ഭാഗങ്ങളിൽ അഖിലേന്ത്യ കിസാൻ സഭയുടെ സംഘടനാപരമായ സാന്നിദ്ധ്യം ദുർബലമായിരുന്നിട്ടും അടുത്ത ജില്ലകളിലുള്ള അതിന്റെ യൂണിറ്റുകൾ, സൂര്യകാന്തികർഷകരിൽ നിന്നും മറ്റ് കർഷകരിൽനിന്നും പിന്തുണ നേടിയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പ്രശംസനീയമായ പങ്കുവഹിച്ചു.

ജൂൺ 30 ന് രാജ്യവ്യാപകമായി താങ്ങുവില ദിനം ആചരിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തി. കാഞ്ചീപുരത്തു നടന്ന കേന്ദ്രകിസാൻ കമ്മിറ്റിയുടെ യോഗത്തിന്റെ ആഹ്വാനത്തെത്തുടർന്നാണ് ഇതിനു മുൻകൈയെടുത്തത്. താങ്ങുവിലയുടെ പ്രധാന്യവും അതിൽനിന്നും ലഭിക്കുന്ന കർഷകരുടെ സംരക്ഷണവുമാണ് ഈ തയ്യാറെടുപ്പുകളുടെ കാതലായി തുടരുന്നത്.

ഈയടുത്തയിടെ പ്രഖ്യാപിച്ച ഖാരിഫ് വിളകൾ പരിശോധിച്ചാൽ, പ്രഖ്യാപിത താങ്ങുവിലയും (എം എസ് പി) C2 +50 ശതമാനം ഫോർമുലയും താരതമ്യം ചെയ്താൽ, ഉൽപാദകർക്ക് ക്വിന്റലിന് ഗണ്യമായ നഷ്ടം ഉണ്ടാകുന്നതായി വ്യക്തമാകും.

ബിജെപി സർക്കാർ അതിന്റെ നയങ്ങളിലൂടെ നാടനും മറുനാടനുമായ കോർപ്പറേഷനുകൾക്ക് കൊള്ളലാഭം ഉറപ്പാക്കുന്നതിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എ ഐ കെ എസിന്റെ തീരുമാനം. താങ്ങുവില നിഷേധിക്കുകയും അഗ്രികൾച്ചർ പ്രൊഡൂസ് മാർക്കറ്റ് കമ്മറ്റി (എപിഎംസി), പൊതുവിതരണം എന്നിവയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഈ നയങ്ങൾ ദേശീയ ഭക്ഷ്യസുരക്ഷയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. താങ്ങുവിലയ്‌ക്കുവേണ്ടിയുള്ള കാമ്പെയ്‌ന്റെ ഊന്നൽ സമഗ്രവും ഏകീകൃതവും ആയിരിക്കണം. അതോടൊപ്പം വർഗീയതയുടെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ഭരിക്കുന്ന പാർട്ടിയുടെ വിഭജിക്കൽ അജൻഡയെ തുറന്നുകാട്ടാനും ലക്ഷ്യമിടുന്നു.

കൂടുതൽ കൂടുതൽ ജനങ്ങളെ ഇതിലേക്ക് അണിനിരത്തുന്നതിന് അവരുടെ ദൈനംദിന ജീവിതത്തെ നേരിട്ടുബാധിക്കുന്ന പ്രാദേശികവിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. നവലിബറൽ നയങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ പ്രയാസങ്ങളായും ദുരിതങ്ങളായും മാറുന്നതെങ്ങനെയെന്ന് വ്യക്തമാക്കിക്കൊടുക്കുകയെന്നത് നിർണായകമാണ്. ഈ നയങ്ങളുടെ മൂർത്തമായ അനന്തരഫലങ്ങൾ ഉയർത്തിക്കാണിക്കുന്നതുവഴി വിശാലമായ വിഭാഗത്തിന്റെ ശബ്ദമാകാനും പ്രശ്‌നത്തിന്മേൽ വലിയ ജനപിന്തുണ ആകർഷിക്കാനും പ്രക്ഷോഭത്തിനു കഴിയും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular