നാട്ടറിവിന്റെ വിപുലമായ ശേഖരമാണ് നമ്മുടെ നാടൻ കലാരൂപങ്ങൾ. തെയ്യം, തിറ, കാളിയൂട്ട്, മുടിയേറ്റ്, പടയണി എന്നീ അനുഷ്‌ഠാന നാടൻ കലാരൂപങ്ങൾ മതസൗഹാർദത്തിനും ഉദാഹരണമാകുന്നു‐ പ്രത്യേകിച്ച് തെയ്യം. പല വിഭാഗം ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനും പാരമ്പര്യവും സംസ്‌കാരവും അനുഷ്‌ഠാനങ്ങളുമായി ബന്ധിപ്പിക്കുവാനും ഈ കലാരൂപത്തിന് കഴിയുന്നു. അതോടൊപ്പം പ്രകൃതിയുമായുള്ള ആത്മബന്ധത്തിന്റെ വ്യക്തമായ ഇടങ്ങളും ഈ അനുഷ്‌ഠാനകലാരൂപങ്ങളിൽ കാണാം.
തെയ്യം പ്രധാനപ്പെട്ട അനുഷ്‌ഠാന നർത്തനകല കൂടിയാണ്. തെയ്യങ്ങളും തെയ്യാട്ടവും പല ഘടകങ്ങളാലും ആകർഷകമാണ്. കാളി, ഭഗവതി, ചാമുണ്ഡി, ശിവമൂർത്തികൾ തുടങ്ങിയ ആരാധനാ മൂർത്തികൾ, പുരാണേതിഹാസ കഥാപാത്രങ്ങൾ, മരിച്ചുപോയ കുടുംബ കാരണവർ തുടങ്ങി പലവിധ സങ്കൽപത്തിലൂന്നിയ തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. ഇവയുടെ വേഷത്തിലും രൂപത്തിലും മുഖത്തെഴുത്തിലും അലങ്കാരത്തിലും ആട്ടത്തിലുമൊക്കെയുള്ള വൈവിധ്യമാണ് ഓരോ തെയ്യത്തെയും വേർതിരിച്ചറിയാൻ സഹായിക്കുന്നത്.
തെയ്യം കെട്ടിയാടുന്ന പല വിഭാഗക്കാർ (സമുദായക്കാർ) വ്യത്യസ്‌തമായ ചേരുവകളും നിറങ്ങളും മുഖത്തെഴുത്തിന് ഉപയോഗിച്ചു കാണുന്നു. ചില വിഭാഗക്കാർ പ്രകൃതിയിൽനിന്നുള്ള വസ്‌തുക്കൾ മാത്രം ചമയത്തിന് ഉപയോഗിക്കുമ്പോൾ ചിലർ അരിച്ചാന്ത്, കരി, ചുണ്ണാമ്പ്, മഞ്ഞൾ എന്നിവ മുഖത്തെഴുത്തിന് ഉപയോഗിക്കുന്നു. ചായില്യം, മനയോല എന്നീ പദാർത്ഥങ്ങൾ മുഖത്തെഴുത്തിനു പ്രധാനമായി ഉപയോഗിക്കുന്നവരുമുണ്ട്. വേഷ സംവിധാനങ്ങളിലും തലയിൽ ഉറപ്പിക്കുന്ന മുടികൾക്കും മറ്റ് അലങ്കാരങ്ങൾക്കുമെല്ലാം ഇത്തരത്തിലുളള കാല‐ദേശ‐സമുദായ വ്യത്യാസങ്ങൾ നേരിയതോതിൽ കാണാമെങ്കിലും തെയ്യത്തിന്റെ പൊതുവായ ചട്ടക്കൂട് ഒന്നുതന്നെ. മുഖത്തെഴുത്ത്, മുടി, ഉടയാടകൾ, ആടയാഭരണങ്ങൾ, അലങ്കാരങ്ങൾ എന്നിവയിലൂടെ ഓരോ തെയ്യത്തിന്റെയും പ്രത്യേകതയും പുരാവൃത്തവും വെളിവാകും വിധത്തിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. മുഖത്തെഴുത്തിന്റെ പ്രാധാന്യംപോലെ മുടികളിലെ അലങ്കാരത്തിനുപയോഗിക്കുന്ന കുരുത്തോലയുടെ രൂപസംവിധാനത്തിലും പ്രത്യേകതകളുണ്ട്. പച്ചയുടെ നിരവധി ഷേഡുകളിലുള്ള കുരുത്തോല തെയ്യങ്ങളുടെ മുഖ്യമായ അലങ്കാരവസ്‌തുവാണ്. ഇളം മഞ്ഞയിൽനിന്ന് പച്ചയിലേക്ക് ലയിച്ചുപോകുന്ന കുരുത്തോലയുടെ നിറം കാഴ്‌ചയുടെ ശാന്തമായ ആസ്വാദനതലം കാഴ്‌ചക്കാരിലേക്കെത്തിക്കുന്നു. മുള, കവുങ്ങ് എന്നിവ കൊണ്ടുള്ള ചട്ടക്കൂട്ടിൽ ചുവന്ന തുണി (പട്ട്) പൊതിയുകയും അതിനു പുറത്തും ചുറ്റിലുമായി കുരുത്തോല പല രൂപമാതൃകകളിൽ അലങ്കരിക്കുകയും ചെയ്യുന്നു. കുരുത്തോല കെട്ടിയൊരുക്കുന്നതും അരികുകൾ വെട്ടിയൊരുക്കുന്നതും ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ്. ഇവിടെ കാഴ്‌ചയുടെ‐കഥാപാത്രത്തിന്റെ തീവ്രതയ്‌ക്കനുസരിച്ച് ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങൾ മുടികളിൽ ഏറ്റക്കുറച്ചിലോടെ കാണുന്നു. ചില മുടികൾ തെച്ചിപ്പൂവുകൊണ്ടും ഇലകൊണ്ടും പാളകൊണ്ടും പന്തംകൊണ്ടും അലങ്കരിക്കുന്നു.
തെയ്യങ്ങളുടെ രൂപവൈവിധ്യത്തിന് മുഖത്തെഴുത്ത്‐മെയ്യെഴുത്ത് ഇവ പ്രധാന ഘടകങ്ങളാണ്. അരിച്ചാന്ത്, മഞ്ഞൾ, കടുംചുവപ്പ് മഷി, ചായില്യം, മനയോല തുടങ്ങിയവ നിറങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നു. തെയ്യം കഥാപാത്രങ്ങളുടെ തീവ്രതയ്‌ക്കനുസരിച്ച് എണ്ണയിലും വെള്ളത്തിലും നിറങ്ങൾ ചാലിച്ചെടുക്കാവുന്നതാണ്. എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള നിറങ്ങൾക്ക് തിളക്കവും ശക്തിയും കൂടിയിരിക്കും. കുരുത്തോലയിൽനിന്നുള്ള ഈർക്കിൽ പല കനത്തിൽ ചീകി മിനുക്കിയാണ് വരയ്‌ക്കാനുള്ള ബ്രഷ് ഉണ്ടാക്കുന്നത്. കനം കുറഞ്ഞതും കൂടിയതുമായ രേഖകൾ വരയ്‌ക്കാൻ ഇത്തരത്തിലുള്ള ബ്രഷ് ആവശ്യാനുസരണം നിർമിച്ചെടുക്കുന്നു. നിറങ്ങളും ബ്രഷ് നിർമാണവുമൊക്കെ തെയ്യം കെട്ടുന്നതിനോടനുബന്ധിച്ച് അപ്പോൾതന്നെ തയ്യാറാക്കിയെടുക്കുന്നവയാണ്.
മുഖത്തെഴുത്തിലെ രചനാരീതി പെതുവെ സിമട്രിക്കലായാണ് കാണുക. വലിയ മുടിത്തെയ്യങ്ങളുടെ മുഖത്തെഴുത്തിന് ‘പ്രാക്കെഴുത്ത്’ എന്നാണ് പറയുന്നത്. കുറ്റിശംഖും പ്രാക്കും, മാൻകണ്ണും വില്ലുകുറിയും, ഇരട്ട ചുരുളിട്ടെഴുത്ത്, ഹനുമാൻ കണ്ണിട്ടെഴുത്ത്, കൊടുംപുരികംവച്ചെഴുത്ത്, വട്ടക്കണ്ണും പുള്ളിയും, ശംഖിട്ടെഴുത്ത് തുടങ്ങി നിരവധി മുഖത്തെഴുത്തുകളുണ്ട്. കണ്ണിനു ചുറ്റും കൊടുക്കുന്ന കറുപ്പുനിറവും അതിന്റെ രൂപവും തെയ്യത്തിന്റെ സ്വഭാവത്തേയും ശക്തിയേയും വെളിവാക്കുന്നു. മുഖത്തെഴുത്തു നടത്തുന്ന ആളിന്റെ മുന്നിലെ ചിത്രതലമാണ് മുഖം. കണ്ണ്, മൂക്ക് എന്നിവയെ സാധാരണ വലുപ്പത്തിൽ നിന്ന് വലുതാക്കി വരയ്‌ക്കുകയും കണ്ണിന് ചുറ്റും കൊടുക്കുന്ന കറുപ്പുനിറത്തിന്റെ ആകൃതിക്കും രൂപത്തിനുമനുസരിച്ച് കഥാപാത്ര നിർമിതിയും നടക്കുന്നു. ജാമിതീയ രൂപമാതൃകകളെ അടിസ്ഥാനമാക്കി സമാന്തരമായതും എന്നാൽ വക്രരേഖയിലൂടെയുമുള്ള വരകൾകൊണ്ട് മനുഷ്യമുഖം ഇല്ലാതാക്കി തെയ്യമാടുന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കുകയാണ് ചെയ്യുന്നത്. തോറ്റത്തിലും ആട്ടത്തിനനുസരിച്ച് രേഖകൾ മുഖത്ത് ചലനാത്മകമാകുന്നു. കറുപ്പ്, ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളുടെ കൂടിച്ചേരലും താൻ ആടുന്ന കഥാപാത്രത്തിന്റെ ‘സ്വരൂപ’വും വരകളിലൂടെ മുഖത്ത് പ്രകടമാക്കാനും അതിന്റെ പ്രഭാവം കാണികളിലേക്കെത്തിക്കാനും സഹായകമാവുന്നു. അഗ്നിയുടെ നിറച്ചേരുവകളാണ് പൊതുവായി മുഖത്ത് ഉപയോഗിക്കുന്ന ഈ നിറങ്ങൾ. രൗദ്രഭാവങ്ങൾക്കനുസരിച്ച് മേൽപറഞ്ഞ നിറങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് മാത്രം. ഓരോ നിറങ്ങളുടെയും പ്രത്യേകത പരിശോധിക്കുമ്പോൾ ശക്തി, ഉന്മേഷം, സമാധാനം, സന്തോഷം, രോഗപ്രതിരോധം ഇവയൊക്കെ പ്രദാനംചെയ്യുന്ന വർണക്കൂട്ടുകളാണിത്‐ ആസ്വാദനക്ഷമതയ്‌ക്കനുസരണമായി.
മുഖത്തെഴുത്തുപോലെ ചില തെയ്യങ്ങൾക്ക് (നാടൻ കലാരൂപങ്ങൾക്ക്) മെയ്യെഴുത്തിന് പ്രാധാന്യമുണ്ട്. വേഷങ്ങളും ആടയാഭരണങ്ങളും കുറവുള്ള തെയ്യങ്ങൾക്കാണ് മെയ്യെഴുത്തുണ്ടാവുക. അരിച്ചാന്ത്, മഞ്ഞൾ, ചുവപ്പ്, കറുപ്പ് ഈ നിറങ്ങൾ ചേർന്ന മെയ്യെഴുത്തുകളുണ്ട്.
സംഗീതം, നൃത്തം, കരകൗശലവിദ്യ, താളം, ചിത്രകല, വെളിച്ചം ഇവയൊക്കെ ഒത്തുചേരുന്ന തെയ്യമെന്ന അനുഷ്‌ഠാനകലാരൂപം പ്രകൃതിയുമായി എന്നും ഇണങ്ങിനിൽക്കുന്നു. ചെമ്പകം, ആൽ, പ്ലാവ് എന്നീ വൃക്ഷങ്ങൾ ഇത്തരം അനുഷ്‌ഠാനകലാരൂപങ്ങളുടെ ഭാഗമാകുന്നതും പ്രകൃതിയുമായുള്ള ആത്മബന്ധത്തിന് ഉദാഹരണമാകുന്നു. പ്രകൃതിയെ കാണുന്ന സൗന്ദര്യാനുഭവമാണ്‐ അതിനപ്പുറവുമാണ് തെയ്യാവരണത്തിലൂടെ കാണികൾക്ക് ലഭിക്കുക.
പ്രകൃതിവസ്‌തുക്കളിലൂടെയും പുതിയ വർണസങ്കേതങ്ങളിലൂടെയും രൂപപരിണാമം സംഭവിക്കുമ്പോഴും പാരമ്പര്യത്തനിമ നിലനിർത്തിക്കൊണ്ട് യഥാതഥമാകുന്ന തെയ്യം മുഖത്തെഴുത്തിനെക്കുറിച്ചുള്ള പഠനങ്ങൾ വരുംതലമുറയ്‌ക്കായി ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ♦