Saturday, November 23, 2024

ad

Homeപുസ്തകംഹസ്രത്‌ മൊഹാനി: ഇങ്ക്വിലാബിന്റെ ഇടിമുഴക്കം

ഹസ്രത്‌ മൊഹാനി: ഇങ്ക്വിലാബിന്റെ ഇടിമുഴക്കം

മുഹമ്മ രവീന്ദ്രനാഥ്‌

കേന്ദ്ര ഗവൺമെന്റ്‌ സംസ്ഥാനങ്ങൾക്കുള്ള പല അധികാരങ്ങളും പിടിച്ചെടുക്കാനും ഗവർണർമാരെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി സംസ്ഥാന ഭരണത്തിന്‌ തടസ്സം സൃഷ്ടിക്കാനുമൊക്കെ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്‌. ഈ സന്ദർഭത്തിലാണ്‌ ഇക്കഴിഞ്ഞ മാർച്ച്‌ 27‐ാം തീയതി (2023) പുന്നപ്രയ വയലാർ രക്തസാക്ഷികളുടെ ധീരസ്‌മരണകളുണർത്തുന്ന ആലപ്പുഴ വലിയചുടുകാട്‌ ഗ്രൗണ്ടിൽ നടന്ന ‘ഹസ്രത്‌ മൊഹാനി: ഇങ്ക്വിലാബിന്റെ ഇടിമുഴക്കം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനകർമം ശ്രദ്ധേയമാകുന്നത്‌. ലിംഗനീതിക്കായി പ്രവർത്തിക്കുന്ന തൃശൂരിലെ ‘സമത’ എന്ന പെൺകൂട്ടായ്‌മയുടെ തൊണ്ണൂറാമത്‌ പുസ്‌തകമാണിത്‌. ഗ്രന്ഥരചയിതാവും വിവർത്തകനുമായ കെ രാജഗോപാലാണ്‌ ഇതെഴുതിയത്‌. ‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌’ എന്ന മുദ്രാവാക്യത്തിന്റെ രചയിതാവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും കവിയും വിദ്യാഭ്യാസപ്രവർത്തകനും ഒക്കെയായിരുന്ന ഹസ്രത്‌ മൊഹാനിയുടെ ജീവിതകഥയാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം.

‘‘അടിമുടി സ്വാതന്ത്ര്യസമര പോരാളിയായിരുന്നിട്ടും ചരിത്രപുസ്‌തകങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു പേരാണ്‌ മൗലാനാ ഹസ്രത്‌ മൊഹാനി’’ എന്ന വാക്യത്തോടെയാണ്‌ പുസ്‌തകത്തിന്റെ തുടക്കം. ഇന്നത്തെ ഉത്തർപ്രദേശിൽ‐ പഴയ യുണൈറ്റഡ്‌ പ്രോവിൻസിൽ‐ ഉന്നാവിലെ മൊഹാൻ ഗ്രാമത്തിൽ 1875 ജനു!വരി ഒന്നിന്‌ സയ്യിദ്‌ അസ്‌ഹർ ഹസന്റെയും ഹർബാനു ബീഗത്തിന്റെയും മകനായാണ്‌ ജനനം. സയ്യിദ്‌ ഫസലുൽ ഹസൻ എന്നായിരുന്നു യഥാർഥ പേര്‌. കവിതകളെഴുതാൻ തുടങ്ങിയപ്പോൾ സ്വീകരിച്ച തൂലികാനാമമാണ് ‘ഹസ്രത്‌’. മൊഹാൻ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം സ്വന്തം ഗ്രാമത്തിന്റെ പേരു കൂടി ചേർത്ത്‌ ‘ഹസ്രത്‌ മൊഹാനി’യായി. ഇപ്പോഴത്തെ അലിഗഢ്‌ മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പൂർവരൂപമായിരുന്ന മുഹമ്മദൻ ആംഗ്ലോ‐ഓറിയന്റൽ കോളേജിൽനിന്നാണ്‌ ബിഎ ബിദം നേടിയത്‌. വിദ്യാർഥിയായിരുന്നപ്പോൾതന്നെ പോരാട്ടവീര്യമുണ്ടായിരുന്നതിനാൽ ബിരുദം പൂർത്തിയാകും മുന്പ്‌ മൂന്നുതവണ കോളേജിൽനിന്നു പുറത്താക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ തിരിച്ചുകയറുകയും ചെയ്‌തിരുന്നു. 1903ൽ ബിരുദം നേടിയശേഷം സ്വാതന്ത്ര്യദാഹിയായ ഹസ്രത്‌ മൊഹാനി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ‘ഉർദു‐ഇ‐മുഅല്ല’ (Urdu-‐e‐mu alla) എന്ന ഒരു മാസിക ആരംഭിച്ചുകൊണ്ട്‌ പൊതുപ്രവർത്തനരംഗത്തേക്ക്‌ വന്നതിന്റെ ചരിത്രം പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്‌; അക്കൊല്ലം തന്നെ വിദ്യാസന്പന്നയായ നിഷാ ഉൽ നീസാബീഗത്തെ വിവാഹം ചെയ്‌ത കഥയും. സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ ജനങ്ങളിൽ ഉളവാക്കുന്നതിനായി ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ നിശിത വിമർശനങ്ങളാണ്‌ അദ്ദേഹം തന്റെ മാസികയിലൂടെ ഉയർത്തിയിരുന്നത്‌.

അന്നത്തെ രണ്ടോ മൂന്നോ രൂപ മാത്രം വാടകയുള്ള വളരെ ചെറിയൊരു വീട്ടിൽ താമസിച്ചുകൊണ്ടായിരുന്നു പത്രപ്രവർത്തനം. 1904ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ തന്റെ കോൺഗ്രസ്‌ പ്രവേശനം മൊഹാനി വിളംബരം ചെയ്‌തു. കോൺഗ്രസിന്റെ സ്വദേശി പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ അദ്ദേഹം അതിന്റെ സജീവ പ്രവർത്തകനായ കഥയും പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്‌. 1907ലെ സൂറത്ത്‌ എഐസിസിക്കുശേഷം ഏതാനും മാസം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ്‌ വിരുദ്ധ ലേഖനം എഴുതിയതിന്റെ പേരിൽ മൊഹാനി അറസ്റ്റു ചെയ്യപ്പെടുകയും ഒരുവർഷത്തേക്ക്‌ ജയിൽശിക്ഷയ്‌ക്ക്‌ വിധേയനാവുകയുമുണ്ടായി. അഞ്ഞൂറ്‌ രൂപ പിഴയും ചുമത്തിയിരുന്നു. അതടയ്‌ക്കാത്തതിന്റെ പേരിൽ മൊഹാനിയുടെ വിലപ്പെട്ട പുസ്‌തകശേഖരം വെറും അറുപതു രൂപയ്‌ക്ക്‌ ലേലത്തിൽ വിൽക്കുകയും ചെയ്‌തു. ശിക്ഷ കഴിഞ്ഞ്‌ വന്ന ശേഷവും കോൺഗ്രസിലെ മിതവാദികൾക്കും ബ്രിട്ടീഷ്‌ സർക്കാരിനുമെതിരായി തന്റെ പത്രത്തിൽ എഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അമിത പിഴ ചുമത്തിയത്‌ കൊടുക്കാനാകാത്തതിനാൽ ആ പത്രം നിന്നുപോയ കഥയുമൊക്കെ ഹൃദയത്തിൽ തട്ടുംവിധം ഗ്രന്ഥകാരൻ പറയുന്നുണ്ട്‌.

വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ മുസ്ലിം സമുദായത്തിന്‌ പുരോഗതി നേടാനാവൂ എന്നു മനസ്സിലാക്കിയ മൊഹാനി അലിഗഢ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു. അതിന്റെ പേരിൽ 1916ൽ വീണ്ടും അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയുണ്ടായി. ശക്തമായ ബഹുജനപ്രക്ഷോഭം അതിന്റെ പേരിൽ ഉയർന്നതോടെ 1918ൽ ബ്രിട്ടീഷ്‌ ഗവൺമെന്റിന്‌ അദ്ദേഹത്തെ മോചിപ്പിക്കേണ്ടിവന്നു എന്ന വസ്‌തുതയൊക്കെ പുസ്‌തകത്തിൽ വിശദമാക്കുന്നുണ്ട്‌.

ബ്രിട്ടീഷ്‌ ഗവൺമെന്റിനെതിരായുള്ള പ്രക്ഷോഭത്തിനായി 1919ൽ ചേർന്ന ഖിലാഫത്ത്‌ കമ്മിറ്റിയുടെ സമ്മേളനത്തിൽ അലി സഹോദരന്മാരോടും മഹാത്മജിയോടുമൊപ്പം നേതൃനിരയിൽ മൊഹാനി വഹിച്ച പങ്കിനെക്കുറിച്ചും ഗ്രന്ഥകാരൻ നമ്മെ ഓർമപ്പെടുത്തുന്നു; അതോടൊപ്പം ബ്രിട്ടീഷ്‌ ചരക്കുകൾ ബഹിഷ്‌കരിക്കുമെന്നും സ്വദേശി ഉൽപന്നങ്ങളേ ഉപയോഗിക്കൂ എന്നുമുള്ള തീരുമാനം ആ യോഗം കൈക്കൊണ്ടതിനെക്കുറിച്ചും. ഗാന്ധിജി ആ തീരുമാനത്തെ എതിർത്തെങ്കിലും ഹസ്രത്തിന്റെ നിർദേശമാണ്‌ സമ്മേളനം സ്വീകരിച്ചത്‌. മഹാത്മജിക്ക്‌ ഹസ്രത്തിന്റെ തീവ്രമായ സ്വാതന്ത്ര്യസമര പോരാട്ടവീര്യം മനസ്സിലാക്കാൻ ഈ സംഭവം കാരണമായി.

സമരവേദികളിലെങ്ങും ഇന്നും മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യമാണല്ലോ ‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌’ എന്നത്‌. വിപ്ലവകാരികൾക്ക്‌ ഉണർവേകുന്ന ‘വിപ്ലവം ജയിക്കട്ടെ’ എന്നർഥമുള്ള ഈ ഉജ്വല മുദ്രാവാക്യം 1921ൽ ഉർദു ഭാഷയിൽ മൊഹാനി രൂപപ്പെടുത്തിയതിന്റെ കഥയും ഗ്രന്ഥത്തിലുണ്ട്‌. ഈ മുദ്രാവാക്യം ഇന്ത്യയിലാകമാനം പരക്കാനിടയാതെങ്ങനെയെന്ന്‌ വായനക്കാർക്ക്‌ അറിയാൻ ആഗ്രഹമുണ്ടാകും. അതിനുള്ള വ്യക്തമായ മറുപടിയും ഈ ഗ്രന്ഥം നമുക്കു നൽകുന്നുണ്ട്‌. ഇന്ത്യാ ചരിത്രത്തിലെ കുപ്രസിദ്ധമായ സൈമൺ കമീഷനെതിരെയുള്ള പ്രകടനത്തിന്‌ നേതൃത്വം കൊടുത്ത ലാലാലജ്‌പത്‌റായിയെ ബ്രിട്ടീഷ്‌ പട്ടാളം ക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നുവല്ലോ. ഭഗത്‌സിംഗ്‌ ഉൾപ്പെടെയുള്ള യുവനേതാക്കളിൽ ഇതിനെതിരെയുള്ള രോഷം ആളിക്കത്തുകയായിരുന്നു. അതിനിടെ പൊതുസുരക്ഷാ ബിൽ എന്നും വ്യാപാരത്തർക്ക ബിൽ എന്നുമുള്ള രണ്ടു ജനവിരുദ്ധ നിയമങ്ങൾ പാസാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ ഭഗത്‌സിംഗും കൂട്ടരും തീരുമാനിച്ചു. കേന്ദ്ര നിയമനിർമാണസഭയിൽ കടന്നുകയറി ആർക്കും അപകടമുണ്ടാക്കാത്തവിധം, ഞെട്ടിപ്പിക്കുന്ന ശബ്ദമുള്ള ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷമുണ്ടാക്കാനായിരുന്നു പരിപാടി. ബധിരത ബാധിച്ച ഭരണകൂടത്തിന്റെ അടഞ്ഞുപോയ ചെവികൾ തുറക്കപ്പെടാനായിരുന്നു ഇത്‌. ഭഗത്‌സിംഗും ബടുകേശ്വർ ദത്തും ഈ കൃത്യം നിർവഹിക്കുകയും ബോംബിന്റെ ശബ്ദത്തെ വെല്ലുംവിധത്തിൽ ‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. ഭയചകിതരായ സഭാംഗങ്ങൾ പുറത്തേക്ക്‌ ഓടി. ഈ കൃത്യത്തിന്‌ സഹായിയായി ജയ്‌ദേവ്‌ കപൂറും ഹാളിനു പുറത്തുണ്ടായിരുന്നു. ബോംബെറിഞ്ഞവർ മുൻ തീരുമാനപ്രകാരം അറസ്റ്റിന്‌ വിധേയരായി. ഈ സംഭവം മുതൽ സ്വാതന്ത്ര്യദാഹികളായ മുഴുവൻ ഇന്ത്യക്കാരുടെയും മുദ്രാവാക്യമായി ‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌’ മാറുകയായിരുന്നു. ‘പൂർണ സ്വരാജ്‌’ എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന ആവശ്യം ഒരു പ്രമേയത്തിലൂടെ 1921 ഡിസംബർ 27ന്‌ അലഹബാദിൽ ചേർന്ന എഐസിസിയിൽ മൊഹാനിയാണ്‌ സ്വാമി കുമാരാനന്ദയോടൊപ്പം അവതരിപ്പിച്ചത്‌. സമ്മേളനാംഗങ്ങളുടെയെല്ലാം മനസ്സിൽത്തട്ടുന്നതായിരുന്നു അതവതരിപ്പിച്ചുകൊണ്ട്‌ മൊഹാനി ചെയ്‌ത ആവേശകരമായ പ്രസംഗം. ഭൂരിപക്ഷാഭിപ്രായത്തോടെ അത്‌ പാസാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചതെന്നും പക്ഷേ മഹാത്മജി അതിനെതിരായി അഭിപ്രായപ്പെടുകമൂലം ആ പ്രമേയം പാസാവുകയുണ്ടായില്ലെന്നും അന്ന്‌ സഭയിലുണ്ടായിരുന്ന സുഭാഷ്‌ചന്ദ്രബോസ്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വസ്‌തുത ഗ്രന്ഥകാരൻ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്‌. പക്ഷേ നിരാശനാകാതെ തുടർന്നു വന്ന സമ്മേളനങ്ങളിലും പൂർണ സ്വരാജിനായുള്ള തന്റെ വാദം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 1929ലെ ലാഹോർ കോൺഗ്രസിൽ മഹാത്മജി തന്നെ ആ പ്രമേയം കൊണ്ടുവന്ന്‌ അവതരിപ്പിച്ച്‌ അംഗീകാരം നേടുന്ന കാഴ്‌ച മൊഹാനിക്കു സന്തോഷം നൽകി.

പക്ഷേ അഹമ്മദാബാദ്‌ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി മൊഹാനിയെ അറസ്റ്റ്‌ ചെയ്‌തിരുന്നു. എകാന്ത തടവുൾപ്പെടെ രണ്ടുവർഷത്തെ ജയിൽശിക്ഷയും കൊടിയ പീഡനങ്ങളും അദ്ദേഹം അനുഭവിക്കേണ്ടിവന്നു. രാഷ്‌ട്രീയത്തടവുകാരനായ അദ്ദേഹത്തെക്കൊണ്ട്‌ ജയിലിൽ കഠിനാദ്ധ്വാനം ചെയ്യിക്കുകയും വായിക്കാൻ പത്രങ്ങളും കണ്ണടയും കൊടുക്കാതിരിക്കുകയുമൊക്കെ ഉണ്ടായി.

റഷ്യയിലെ ചരിത്രപ്രസിദ്ധമായ ഒക്‌ടോബർ വിപ്ലവത്തെ അന്നത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയനായ നോതാവായിരുന്ന ബാലഗംഗാധര തിലകൻ സ്വാഗതം ചെയ്‌തു; ഒപ്പം തിലകന്റെ അടുത്ത അനുയായിയായ മൊഹാനിയും ഒട്ടേറെ മറ്റു യുവനേതാക്കളും. മൊഹാനി വിപ്ലവ കവിതകളെഴുതാൻ തുടങ്ങിയത്‌ ഈ സ്വാധീനത്തിലായിരുന്നു. അങ്ങനെ അദ്ദേഹം കമ്യൂണിസ്റ്റ്‌ ആശയങ്ങളോട്‌ അടുക്കാൻ തുടങ്ങി. അതിനു തെളിവായി മൊഹാനി മഹാത്മജിക്ക്‌ റഷ്യൻ ഭരണഘടനയുടെ ഒരു കോപ്പി സമ്മാനിച്ച കഥ ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപവൽക്കരണത്തിന്‌ മുൻകൈയെടുത്ത നേതാക്കളിൽ ഒരാളായിരുന്നു മൊഹാനി. 1925 ഡിസംബർ 26ന്‌ കാൺപൂരിൽ നടന്ന ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ കോൺഗ്രസിന്റെ റിസപ്‌ഷൻ കമ്മിറ്റി കൺവീനറായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാർട്ടി മതവിശ്വാസങ്ങൾക്കെതിരാണെന്ന വ്യാപക പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു മൊഹാനിയുടെ പ്രസംഗം. കവികൂടിയായ അദ്ദേഹം തന്റെ പ്രസംഗം ഒരു കവിതയിലൂടെയാണ്‌ ഉപസംഹരിച്ചത്‌.

‘‘എന്റെ വഴി സന്ന്യാസത്തിന്റെയും
വിപ്ലവത്തിന്റേതുമാണ്‌.
ഞാനൊരു സൂഫിയാണ്‌, വിശ്വാസിയാണ്‌
കമ്യൂണിസ്റ്റുകാരനായ ഒരു മുസ്ലീമാണ്‌’’

പാർട്ടിയിലേക്ക്‌ മുസ്ലിങ്ങളെ ആകർഷിക്കാൻ വേണ്ടിയാണെങ്കിലും മൊഹാനി കമ്യൂണിസത്തോടൊപ്പം ഇസ്ലാംമതത്തെ കാണുവാൻ താൽപ്പര്യപ്പെട്ടിരുന്നു എന്നതിൽ മുസഫർ അഹമ്മദിനെപോലുള്ള നേതാക്കൾ വിമർശനമുയർത്തുകയുണ്ടായി. കാൺപൂർ സമ്മേളനത്തിൽ കേന്ദ്ര എക്‌സിക്യുട്ടീവിലേക്ക്‌ മൊഹാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1927 മെയ്‌ 31ന്‌ ബോംബെയിൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വാർഷികയോഗവും മൊഹാനിയെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1928 ഡിസംബറിൽ കൽക്കത്തയിൽ മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രകമ്മിറ്റിയിൽനിന്ന്‌ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിന്റെ കാരണം എങ്ങും രേഖപ്പെടുത്തിയിട്ടില്ല എന്നാണ്‌ പുസ്‌തകത്തിൽ പറയുന്നത്‌.

മഹാത്മജിയോടായാലും ജവഹർലാൽ നെഹ്‌റുവിനോടായാലും ഡോ. അംബേദ്‌കറോടായാലും ജിന്നയോടായാലും ന്യായമെന്ന്‌ തനിക്കു തോന്നുന്ന അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു മൊഹാനി. സ്വതന്ത്ര പ്രവിശ്യകളുടെ ഒരു ഫെഡറേഷനായിരിക്കണം ഇന്ത്യയെന്നും പ്രവിശ്യകൾക്കെല്ലാം സ്വയം ഭരണാധികാരം ഉണ്ടായിരിക്കണമെന്നും മുഴുവൻ ഇന്ത്യക്കാർക്കും ബാധകമാകുന്ന വിഷയങ്ങളിൽ മാത്രമേ കേന്ദ്ര ഫെഡറേഷന്‌ അവകാശാധികാരങ്ങൾ ഉണ്ടാകാവൂ എന്നും ഭരണഘടനാ അസംബ്ലിയിൽ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമസഭയും ഗവർണറുമെല്ലാം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ പല അധികാരാവകാശങ്ങളും കേന്ദ്രം കവർന്നെടുക്കുകയും തങ്ങൾക്കിഷ്ടമുള്ള ഗവർണർമാരെ നിയമിച്ച്‌ അവരിലൂടെ തങ്ങളുടെ ഇംഗിതം അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയെ ഹസ്രത്‌ മുൻകൂട്ടി കണ്ടിരുന്നു എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം പൂർണമായും ശരിയാണെന്ന്‌ ഇന്നു നമുക്ക്‌ ബോധ്യപ്പെടുകയാണല്ലോ. ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്‌’ എന്ന ഒരു വാക്കുകൂടി ചേർക്കണമെന്നും ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യം കിട്ടി നീണ്ട 28 വർഷത്തിനുശേഷം 1976ൽ മാത്രമാണ്‌ ആ വാക്കുകൂടി ആമുഖത്തിൽ ഉൾപ്പെടുത്താൻ നമുക്കായത്‌.

ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ പല മുസ്ലിം നേതാക്കളും പാകിസ്ഥാനിലേക്ക്‌ പോയെങ്കിലും ഉറച്ച രാജ്യസ്‌നേഹിയായ മൊഹാനി അതിനു ശ്രമിച്ചില്ല. എന്നും ഹിന്ദു‐മുസ്ലിം മൈത്രിക്കുവേണ്ടി പ്രവർത്തിച്ചിരുന്ന നേതമാവായിരുന്നു അദ്ദേഹം. സംഭവബഹുലമായ ആ മഹാന്റെ ത്യാഗോജ്വല ജീവിതത്തിന്റെ അന്ത്യം 1951 മെയ്‌ 19നായിരുന്നു.

പത്രപ്രവർത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഒക്കെയായിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കിടയിലും പ്രണയത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ കവിതകളെഴുതാൻ സമയം കണ്ടെത്തിയതിനെക്കുറിച്ചും ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നുണ്ട്‌. പ്രസിദ്ധമായ ‘ചുപ്‌കെ ചുപ്‌കെ’ എന്ന മൊഹാനിയുടെ ഗസൽ ‘നിക്കാഹ്‌’ എന്ന ചലച്ചിത്രത്തിൽ ഗുലാബ്‌ അലിയാണ്‌ ആലപിച്ചിരിക്കുന്നത്‌. ആശാ ബോസ്ലേ, ജഗജിത്‌ സിംഗ്‌ തുടങ്ങിയ അനുഗൃഹീത ഗായകരും ഈ ഗസൽ ആലപിച്ചിട്ടുണ്ട്‌. കവിതകളും ഗസലുകളും വിമർശനങ്ങളും പഠനങ്ങളുമടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയായിരുന്നു മൊഹാനി.

ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്നെങ്കിലും സർക്കാരിന്റെ ഒരാനുകൂല്യവും അദ്ദേഹം കൈപ്പറ്റിയിരുന്നില്ല എന്നത്‌ പുസ്‌തകത്തിൽ എടുത്തുപറയുന്നുണ്ട്‌. സ്വാതന്ത്ര്യസമരത്തിലെ കരുത്തനായ പോരാളിയായിരുന്ന ഹസ്രത്‌ മൊഹാനി കൊടിയ മർദനങ്ങളും ഏകാന്ത തടവുൾപ്പെടെ ദീർഘകാല ജയിൽവാസവുമൊക്കെ അനുഭവിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിക്കാതെ പോയി എന്ന്‌ ഈ ഗ്രന്ഥത്തിന്റെ ആദിയിൽ സൂചിപ്പിച്ചത്‌ തികച്ചും യാഥാർഥ്യം തന്നെ എന്ന്‌ പുസ്‌തകം വായിച്ചുകഴിയുമ്പോൾ നമുക്ക്‌ ബോധ്യമാകും. ആ കുറവ്‌ പരിഹരിക്കുന്നതിന്‌ കുറച്ചൊക്കെ ഈ ഗ്രന്ഥം ഉതകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ പ്രസിദ്ധീകരണത്തിന്‌ മുന്നോട്ടുവന്ന ‘സമത’യും ഗ്രന്ഥരചയിതാവും അഭിനന്ദനാർഹർ തന്നെ. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ എന്ന ആവേശോജ്വലമായ മുദ്രാവാക്യം നിലനിൽക്കുന്നിടത്തോളംകാലം ജനമനസ്സുകളിൽ ഹസ്രത്‌ മൊഹാനി ജീവിക്കുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 3 =

Most Popular