Sunday, July 14, 2024

ad

Homeഇവർ നയിച്ചവർഎം കെ കൃഷ്‌ണൻ: കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തൻ

എം കെ കൃഷ്‌ണൻ: കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തൻ

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ഉജ്ജ്വലമായ പ്രവർത്തനം നടത്തിവരവെയാണ്‌ എം കെ കൃഷ്‌ണൻ ആകസ്‌മികമായി അന്തരിച്ചത്‌. 1967ലെ ഇ എം എസ്‌ മന്ത്രിസഭയിലും 1980ലെ നായനാർ മന്ത്രിസഭയിലും അംഗമായി പ്രവർത്തിച്ച അദ്ദേഹം മികച്ച ഭരണാധികാരിയെന്ന നിലയിൽ പ്രശംസിക്കപ്പെട്ടു. ലോക്‌സഭാംഗമായും പ്രവർത്തിച്ച അദ്ദേഹം അവശ ജനവിഭാഗങ്ങളുടെയും ഏറ്റവും ദുരിതം സഹിക്കുന്ന തൊഴിലാളി വിഭാഗത്തിന്റയും പ്രശ്‌നങ്ങൾ പഠിച്ച്‌ സഭയിൽ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവ്‌ പ്രകടിപ്പിച്ചു.

കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും വളർച്ചയ്‌ക്ക്‌ മരണംവരെ പോരാടിയ എം കെ, തന്നിൽ ഏൽപിക്കപ്പെട്ട ചുമതലകൾ തികഞ്ഞ കൃത്യതയോടെയും അതീവ ഉത്തരവാദിത്വബോധത്തോടെയും നിർവഹിക്കുന്നതിൽ പ്രത്യേക മികവുതന്നെ പ്രകടിപ്പിച്ചതായി സഹപ്രവർത്തകർ അനുസ്‌മരിക്കുന്നു. പ്രവർത്തകർക്ക്‌ വീര്യം പകർന്നുകൊണ്ടും അവരെ സമരോത്സുകരാക്കിക്കൊണ്ടുമുള്ള എം കെ ശൈലി കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടാക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്‌.

സംഘടനാരംഗത്തുള്ള എം കെയുടെ കഴിവിനുള്ള മറ്റൊരു അംഗീകാരമായിരുന്നു അദ്ദേഹത്തെ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാനായി സിപിഐ എം നിയോഗിച്ചത്‌.

എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ എടവനക്കാട്‌ 1924 ജനുവരി 15നാണ്‌ എം കെ കൃഷ്‌ണൻ ജനിച്ചത്‌. മുള്ളവാതുക്കത്തറ കണ്ണന്റെയും അഴകിയുടെയും ആറുമക്കളിൽ ഏറ്റവും മൂത്ത പുത്രനായിരുന്നു എം കെ കൃഷ്‌ണൻ. ഏറ്റവും ദരിദ്ര കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതക്ലേശങ്ങൾ നേരിട്ടനുഭവിച്ചാണ്‌ വളർന്നത്‌. ജാതീയമായ അടിച്ചമർത്തലുകളും തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടികുത്തിവാഴുന്ന സമയമായിരുന്നല്ലോ അത്‌. ദുരാചാരങ്ങൾക്കും അസമത്വത്തിനും അനീതികൾക്കുമെതിരെ കുട്ടിക്കാലം മുതൽ പ്രതികരിച്ചും പോരാടിയുമാണ്‌ എം കെ കൃഷ്‌ണൻ എന്ന വിപ്ലവകാരി സ്വയം രൂപപ്പെടുത്തിയത്‌.

എടവനക്കാട്‌ ഗവൺമെന്റ്‌ എൽപി സ്‌കൂൾ, എടവനക്കാട്‌ ഹൈസ്‌കൂൾ, ചെറായി രാമവർമ യൂണിയൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു എം കെയുടെ സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാഭ്യാസകാലത്താണ്‌ എം കെയും പി കെ കൊടിയനും മറ്റും ഉത്സാഹിച്ച്‌ ഹരിജൻ വിദ്യാർഥി ഫെഡറേഷൻ രൂപീകരിച്ചത്‌. ഹരിജൻ വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ എം കെയായിരുന്നു. സമസ്‌ത കൊച്ചി പുലയമഹാസഭയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.

വിദ്യാർഥിയായിരിക്കെ തന്നെ സംഘടനാ പ്രവർത്തനത്തിനായി കൊച്ചിയിലുടനീളം സഞ്ചരിക്കാനും വിവിധ വിഭാഗം ജനങ്ങളുടെ ജീവിതക്ലേശങ്ങൾ നേരിട്ടുകണ്ട്‌ മനസ്സിലാക്കാനും എം കെ ശ്രദ്ധിച്ചു. ജീവിതത്തിന്‌ പുതിയ അവബോധവും തിരിച്ചറിവും നേടിക്കൊടുക്കുന്ന യാത്രകളായിരുന്ന അവ.

എം കെ മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന വേളയിലാണ്‌ വി വിശ്വനാഥ മേനോനുമായി പരിചയപ്പെട്ടത്‌. സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ നേതാവും കമ്യൂണിസ്റ്റുകാരനുമായിരുന്ന ‘വിശ്വവു’മായുള്ള പരിചയവും അടുപ്പവും എം കെയെ വിദ്യാർഥി ഫെഡറേഷനുമായും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുമായും അടുപ്പിച്ചു.

വിദ്യാർഥി ഫെഡറേഷനുമായി അടുക്കുന്നതിനു മുന്പുതന്നെ കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ എം കെ ആകൃഷ്‌ടനായിരുന്നു. കമ്യൂണിസ്റ്റ്‌ താത്വിക ഗ്രന്ഥങ്ങൾ പലതും കൃഷ്‌ണന്റെ കൈവശം താൻ കണ്ടിരുന്നതായി വിശ്വനാഥ മേനോൻ അനുസ്‌മരിച്ചിട്ടുണ്ട്‌.

മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസം പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌ അദ്ദേഹം സ്വദേശമായ എടവനക്കാട്‌ പ്രദേശത്തെ കർഷകത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ അഹോരാത്രം മുഴുകി. നെൽപ്പാടങ്ങളിലും പറന്പുകളിലും ഇതരമേഖലകളിലും ജോലി ചെയ്‌തു പോന്ന തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി വളർന്ന അദ്ദേഹം അതിനെതിരായി തൊഴിലാളികളെ അവകാശബോധമുള്ളവരാക്കുന്നതിൽ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ചു.

1947ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ അദ്ദേഹം എടവനക്കാട്ടെ തൊഴിലാളികളുടെ അനിഷേധ്യ നേതവായി വളരെ വേഗം ഉയർന്നു.

കണ്ണുപി‌‌ള്ളക്കെട്ട്‌ സമരം
ഉജ്വല സംഘാടകനും സമരനേതാവും പോരാളിയും എന്ന നിലയിൽ നാട്ടിലാകെ എം കെ കൃഷ്‌ണൻ അറിയപ്പെട്ട സമരമാണ്‌ കണ്ണുപിള്ളക്കെട്ടിൽ നടന്ന ശക്തമായ സമരം. ഒരു കർഷകത്തൊഴിലാളിയെ അകാരണമായി ഭൂ ഉടമകൾ പിരിച്ചുവിട്ടതാണ്‌ സമരത്തിനാരാധമായ സംഭവം. പിരിച്ചുവിടപ്പെട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്നും കൂലി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ കർഷകത്തൊഴിലാളി യൂണിയൻ പണിമുടക്കുൾപ്പെടെയുള്ള ശക്തമായ സമരവുമായി മുന്നോട്ടുപോയി. കർഷകത്തൊഴിലാളികളെ കൂട്ടത്തോടെ അണിനിരത്തിയുള്ള സമരത്തിന്റെ നേതൃത്വം എം കെ കൃഷ്‌ണനായിരുന്നു.

കമ്യൂണിസ്റ്റുകാരെയും അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരെയും പൊലീസ്‌ അതിക്രൂരമായി വേട്ടയാടിയിരുന്ന കാലമായിരുന്നല്ലോ അത്‌. കർഷകത്തൊഴിലാളികൾ സമരത്തിലേർപ്പെടുകയും അതിന്റെ നേതൃത്വം കമ്യൂണിസ്റ്റുകാർക്കാണെന്ന്‌ വെളിവാകുകയും ചെയ്‌തതോടെ പൊലീസിന്റെ ഭീകരത പതിന്മടങ്ങ്‌ വർധിച്ചു. എം കെ കൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ സമരം എന്നത്‌ എടമനക്കാട്ടുകാർക്കെല്ലാം അറിയാമായിരുന്നു. കൃഷ്‌ണനെ എങ്ങനെയും പിടികൂടി പകതീർക്കുക എന്നത്‌ ജന്മിമാരുടെയും പൊലീസിന്റെയും പ്രധാന ലക്ഷ്യമായി മാറി.

പൊലീസിന്‌ ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും എല്ലാവിധ ഒത്താശകളുമുണ്ടായിരുന്നു, കമ്യൂണിസ്റ്റ്‌ വേട്ടയിൽ. എം കെയുടെ വീടിനടുത്തുള്ള ഒരു വീട്ടിൽ പൊലീസ്‌ ക്യാന്പടിച്ചാണ്‌ ആക്രമണങ്ങൾ അഴിച്ചുവിട്ടത്‌. എം കെയുടെ കുടുംബാംഗങ്ങളും പലവിധ ഭീഷണികളും നേരിട്ടു. കർഷകത്തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീകരമായി വേട്ടയാടിയ പൊലീസ്‌ കണ്ണില്ലാത്ത ക്രൂരതകളാണ്‌ അവർക്കുനേരെ പ്രയോഗിച്ചത്‌. സമരവുമായി ഒരു ബന്ധവുമില്ലാത്ത തൊഴിലാളികളെപ്പോലും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ജന്മിമാരും അവരുടെ സിൽബന്ധികളും പൊലീസിന്‌ ഒറ്റിക്കൊടുത്തു. ഭീകരമായ മർദനമുറകൾക്കിരയായ അവരിൽ പലരും നിത്യരോഗികളായി മാറി.

ഒളിവിലിരുന്ന്‌ സമരത്തിനു നേതൃത്വം നൽകിയ എം കെയ്‌ക്ക്‌ നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥ സംജാതമായി. അതോടെ അദ്ദേഹം കുടകിലേക്ക്‌ കടന്നു. അവിടെയും പൊലീസ്‌ അന്വേഷിക്കുന്ന എന്നറിഞ്ഞതോടെ എം കെ ബാംഗ്ലൂരിലേക്ക്‌ സ്ഥലംവിട്ടു. അവിടെ നാട്ടുകാരനായ ഒരാൾ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ നിന്ന്‌ രാജിവെച്ചതറിഞ്ഞ്‌ എം കെ ആ ജോലിക്ക്‌ അപേക്ഷ നൽകി. ആ ജോലി ലഭിച്ചത്‌ എം കെയെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നിരോധനം നീക്കുന്നതുവരെ എം കെ ആ ജോലിയിൽ തുടർന്നു.

ചകിരിമിൽ തൊഴിലാളിസമരം
എടവനക്കാട്ട്‌ മടങ്ങിവന്ന എം കെ സഹപ്രവർത്തകരെയും തൊഴിലാളികളെയും സമരസജ്ജരാക്കുന്നതിൽ നിരന്തരം മുഴുകി. 1953ൽ എടവനക്കാട്ട്‌ നടന്ന ചകിരിമിൽ തൊഴിലാളിസമരം തന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌. എടവനക്കാട്ടെ ഒരു ചകിരിമിൽ ഉടമ ഒരു തൊഴിലാളിയെ അകാരണമായി പിരിച്ചുവിട്ടു. അതിനെതിരെ എം കെയുടെ നേതൃത്വത്തിൽ കയർ‐ചകിരി മേഖലകളിലെ തൊഴിലാളികളുടെ സംഘടിതസമരം അരങ്ങേറി. സമരത്തോടനുബന്ധിച്ച്‌ ബഹുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചു നടത്തിയ സത്യഗ്രഹസമരം അവകാശസമരരംഗത്ത്‌ വലിയ ചലനങ്ങൾ ഉളവാക്കിയിരുന്നു.

നെൽകൃഷിയിലേർപ്പെട്ട കർഷകത്തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം നിസ്സാര കൂലിയേ അന്നു ലഭിച്ചിരുന്നുള്ളൂ. അതുപോലെ ചെത്തുതൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയുമെല്ലാം അവസ്ഥ പരമ ദയനീയമായിരുന്നു. അവരെയെല്ലാം സംഘടിപ്പിക്കുന്നതിലും അവകാശസമരപോരാട്ടങ്ങളിൽ അണിനിരത്തുന്നതിലും എം കെ അതുല്യമായ പങ്കാണ്‌ വഹിച്ചത്‌.

1958ൽ നെൽകൃഷിയുടെ വിസ്‌തീർണത്തിനനുസരിച്ച്‌ കർഷകത്തൊഴിലാളികൾക്ക്‌ കൂലി കൃത്യമായി നൽകണമെന്നാവശ്യപ്പെട്ട്‌ എം കെയുടെ നേതൃത്വത്തിൽ നടന്ന സമരം ദൂരവ്യാപകമായ ഫലങ്ങളുളവാക്കിയതായിരുന്നു. ഇ എം എസ്‌ മന്ത്രിസഭയുടെ കാലമായിരുന്നു അതെന്നതു കൊണ്ടുതന്നെ മുതലാളിമാർക്ക്‌ സമരത്തെ അടിച്ചമർത്താൻ പൊലീസ്‌ സഹായം ലഭിച്ചില്ല. അതോടെ മുതലാളിമാർ ഗുണ്ടകളുടെ സഹായത്തോടെ സമരം അടിച്ചമർത്താൻ ശ്രമിച്ചു. ഈ സമയത്ത്‌ എം കെ കൃഷിസ്ഥലത്ത്‌ നേരിട്ടിറങ്ങി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ മുതലാളിമാർ മുട്ടുമടക്കി. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ അവർ നിർബന്ധിതരായി.

എറണാകുളം ജില്ലയിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ എം കെ പ്രദർശിപ്പിച്ച മികവിന്റെ അംഗീകാരമായിരുന്നു കർഷകത്തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. പിന്നീട്‌ ആ സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1953 മുതൽ 1962 വരെയുള്ള കാലയളവിൽ എടവനക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായി എം കെ പ്രവർത്തിച്ചു. ജനറൽ വാർഡിൽനിന്നാണ്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. 1963ലെ തിരഞ്ഞെടുപ്പിലും വിജയിച്ച്‌ പഞ്ചായത്ത്‌ മെന്പറായി. എന്നാൽ ഭരണസമിതിയിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ പ്രസിഡന്റാകാൻ കഴിഞ്ഞില്ല.

കമ്യൂണിസ്റ്റ്‌ പാർട്ടി പിളരുമ്പോൾ എം കെ പാർട്ടിയുടെ ഞാറയ്‌ക്കൽ മണ്ഡലം സെക്രട്ടറിയായിരുന്നു. ഞാറയ്‌ക്കൽ നിയോജകമണ്ഡലമൊട്ടൊകെ സഞ്ചരിക്കുകയും മഹാഭൂരിപക്ഷം പ്രവർത്തകരെയും ഘടകങ്ങളെയും സിപിഐ എമ്മിനൊപ്പം നിർത്താനും അദ്ദേഹം നിസ്‌തുലമായ സംഭാവനയാണ്‌ നൽകിയത്‌.

1965ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്‌ മണ്ഡലത്തിൽനിന്ന്‌ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്‌ എം കെയെയായിരുന്നു. അറസ്റ്റ്‌ വാറണ്ടുണ്ടായിരുന്നതിനാൽ നോമിനേഷൻ സമർപ്പിക്കാൻ ചെന്നപ്പോൾ തന്നെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒന്നരവർഷക്കാലം അദ്ദേഹത്തെ ജയിലിലടച്ചതിനു ശേഷമാണ്‌ മോചിപ്പിച്ചത്‌.

1967ൽ തന്നെ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1968ലെ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതുവരെ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായായിരുന്ന അദ്ദേഹം ജില്ലാ കമ്മിറ്റിയിൽനിന്നും ജില്ലാ സെക്രട്ടറിയറ്റിൽനിന്നും ഒഴിവായി.

1967ൽ കുന്നത്തുനാട്‌ നിയോജകമണ്ഡലത്തിൽനിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എം കെ കൃഷ്‌ണൻ, അന്നത്തെ ഇ എം എസ്‌ മന്ത്രിസഭയിൽ വനം‐ഹരിജനക്ഷേമവകുപ്പ്‌ മന്ത്രിയായി പ്രവർത്തിച്ചു. 1971ൽ പാലക്കാട്‌ ജില്ലയിലെ കുഴൽമന്ദത്തുനിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ വിജയിച്ചു. ആ കാലയളവിൽ നിയമസഭയിലെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി (പിഎസി) ചെയർമാനായും അദ്ദേഹം നിയോഗിക്കപ്പെട്ടു.

1970കളുടെ ആരംഭംമുതൽ 1980 വരെയുള്ള ഒരു ദശാബ്ദക്കാലം എം കെയാണ്‌ സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചത്‌. അദ്ദേഹത്തിന്റെ സംഘടനാപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്‌. പാലക്കാട്‌ ജില്ലയിലാകമാനം പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിന്‌ എം കെ നിർണായക പങ്കാണ്‌ വഹിച്ചത്‌.

1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എറണാകുളം ജില്ലയിലെ ഞാറയ്‌ക്കലിൽനിന്നാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌; തുർന്ന്‌ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിൽ എക്‌സൈസ്‌ മന്ത്രിയായി എം കെ നിയോഗിക്കപ്പെട്ടു.

എം കെയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പി കരുണാകരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘‘പാർട്ടി സംസ്ഥാന കമ്മിറ്റിയിലും നിയമസഭയിലും ഒന്നിച്ചു പ്രവർത്തിക്കുന്ന സമയത്താണ്‌ എനിക്ക്‌ എം കെയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്‌. ഏത്‌ പ്രശ്‌നമായാലും അതുസംബന്ധിച്ച പൊതുവായ ധാരണകൾകൊണ്ട്‌ എം കെ തൃപ്‌തിപ്പെടുമായിരുന്നില്ല. പ്രശ്‌നങ്ങൾ വിശദമായി പഠിക്കുക മാത്രമല്ല, അത്‌ അവതരിപ്പിച്ച്‌ സഖാക്കളെ ബോധ്യപ്പെടുത്താനും എം കെയ്‌ക്ക്‌ കഴിഞ്ഞിരുന്നു. നിയമസഭയിൽ ബില്ലുകൾ ചർച്ചയ്‌ക്കെടുക്കുമ്പോൾ, ഗൗരവമായ പഠനമാവശ്യമുള്ള സന്ദർഭങ്ങളിൽ അധികംപേരും വേണ്ടപോലെ അതിനു തയ്യാറാകുമായിരുന്നില്ല. പൊതുപ്രസംഗം നടത്താനാണ്‌ കൂടുതൽ ആളുകൾക്കും താൽപര്യം. ബില്ലുകൾ അവതരിപ്പിച്ചാൽ വകുപ്പുകളും ഉപവകുപ്പുകളും പരിശോധിച്ച്‌ അവയിലെ പോരായ്‌മകൾ കണ്ടെത്തി അത്‌ നിയമസഭയിൽ ഫലപ്രദമായി എം കെ അവതരിപ്പിക്കുമായിരുന്നു.

‘‘പാർട്ടിക്കകത്ത്‌ തന്റെ അഭിപ്രായങ്ങൾ ശക്തമായിത്തന്നെ എം കെ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ (1991ൽ) എം കെ വീണ്ടും മത്സരിക്കണമെന്ന നിർദേശം സംസ്ഥാന കമ്മിറ്റിയിൽ വന്നപ്പോൾ ഒരു കാരണവശാലും സ്ഥാനാർഥിയാകില്ലെന്ന്‌ അദ്ദേഹം വെട്ടിത്തുറന്ന്‌ പറഞ്ഞു. പുതിയ സഖാക്കളെ അതിനു കണ്ടെത്തണം. ഞാൻ സംഘടനാരംഗത്ത്‌ പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നു എന്നായിരുന്നു പാർട്ടിയുടെ മുന്പിൽ എം കെയുടെ അപേക്ഷ’’.
കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാ വായിരുന്ന എം കെ പതിനഞ്ചു വർഷക്കാലം കെഎസ്‌കെടിയുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1992 തുതൽ മരിക്കുന്നതുവരെ കർഷകത്തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. ‘കർഷകത്തൊഴിലാളി’ മാസികയുടെ മാനേജിംഗ്‌ എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.

1952ൽ ആയിരുന്നു എം കെ കൃഷ്‌ണന്റെ വിവാഹം. എളങ്കുന്നപ്പുഴ കൊടിയൻ തറവള്ളോന്റെ മകൾ രുഗ്മിണിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. മൂന്ന്‌ പുത്രന്മാരും രണ്ട്‌ പുത്രിമാരുമായിരുന്നു ഈ ദന്പതികൾക്കുണ്ടായിരുന്നത്‌.

1995 നവംബർ 14ന്‌ തൃശൂരിൽ നടന്ന കർഷകസംഘം സംസ്ഥാന സമ്മേളനത്തെ കർഷകത്തൊഴിലാളി യൂണിയനുവേണ്ടി അഭിവാദ്യം ചെയ്‌ത്‌ പ്രസംഗിക്കവെയാണ്‌ എം കെ അവസാനശ്വാസം വലിച്ചത്‌.

കടപ്പാട്‌: സിപിഐ എം വൈപ്പിൻ ഏരിയകമ്മിറ്റി പ്രസിദ്ധീകരിച്ച സ: എം കെ സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + seventeen =

Most Popular