തിയേറ്ററുകളിൽനിന്ന് തിടുക്കത്തിൽ മാറ്റപ്പെട്ട സിനിമയാണ് ചട്ടമ്പി. അതിന് ചലച്ചിത്രബാഹ്യമായ ചില കാരണങ്ങളുണ്ടാകാം. ഇപ്പോൾ ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഒരു സിനിമയാണിതെന്ന് പറയാതിരിക്കാനാവില്ല. രേഖീയമായ ആഖ്യാനത്തെ കരിങ്കൽ ചീള് വന്ന് തറച്ച കണ്ണാടിപോലെ ശിഥിലമാക്കി, ക്രമരഹിതമായി ഒട്ടിച്ചെടുക്കുകയാണ് ഡോൺ പാലത്തറ‐അലക്‌സ് ജോസഫ്‐അഭിലാഷ് എസ് കുമാർ കൂട്ടുകെട്ട്.
ഗ്രാമീണ നിഷ്‌കളങ്കത എന്ന പറഞ്ഞുപതിഞ്ഞ വ്യാഖ്യാനത്തെ എറിഞ്ഞുതകർക്കുന്നുണ്ട് ഈ സിനിമ. ഗ്രാമ‐നഗര ദ്വന്ദങ്ങൾ സൃഷ്ടിച്ച് ഗ്രാമത്തെ നന്മയുടെയും നഗരത്തെ തിന്മയുടെയും ശാശ്വത പ്രതീകങ്ങളായി സ്ഥാപിച്ചെടുക്കുന്നതിൽ മുഖ്യധാര വിജയിച്ചിട്ടുണ്ട്. മുഖ്യധാര അധീശതാൽപര്യങ്ങളുടെ മാനിഫെസ്‌റ്റോയാണെന്ന് ഏറെപ്പേരും തിരിച്ചറിയുന്നുമില്ല.
1995ൽ നടന്ന യഥാർഥ സംഭവങ്ങളിൽനിന്നാണ് ഇതിന്റെ കഥാതന്തു കണ്ടെത്തിയതെന്ന് ടൈറ്റിലുകൾ സൂചിപ്പിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ കൂട്ടാർ എന്ന അതിർത്തിഗ്രാമത്തിലാണ് കഥ നടക്കുന്നത്. മലയോരഗ്രാമം എന്നും അതിനെ വിളിക്കാം. നാട്ടുവഴിക്കരികിൽ കണ്ടെത്തുന്ന അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന പ്രമേയം പല പ്രതികരണങ്ങളിലൂടെ മുന്നോട്ടുപോകുമ്പോൾ താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയയാണെന്നു നാം തിരിച്ചറിയുന്നു. ഒരു പോസ്റ്റുമോർട്ടം പോലും വേണ്ടാത്തവിധം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിധത്തിൽ സംഭവിച്ചതാണ് ആ മരണം. കറിയ എന്ന യുവാവ് ആ പ്രദേശത്തെ പ്രധാന ചട്ടമ്പിമാരിൽ ഒരുവനായിരുന്നു. ‘ചട്ടന്പി’ എന്നാൽ റിബൽ എന്നു തിരുത്തിവായിക്കാവുന്ന പദമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ഓരോ ഗ്രാമീണമേഖലയ്‌ക്കും സ്വന്തമായ ചട്ടമ്പിമാർ ഉണ്ടായിരുന്നു. നിശ്ചിത പ്രദേശത്തിനുള്ളിലെ അധികാരകേന്ദ്രവും അന്യദേശങ്ങളിലെ ചട്ടമ്പികളിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുകയെന്ന നാട്ടുധർമത്തിന്റെ പ്രയോഗങ്ങളായിരുന്നു ചട്ടമ്പികൾ. കാലം മാറിയപ്പോൾ ചട്ടമ്പിമാർ അധികാരസ്വരൂപങ്ങളായ രാഷ്‌ട്രീയ പാർടികളിലേക്കും മാഫിയാ സംഘങ്ങളിലേക്കും കുടിയേറി കുറേക്കൂടി വ്യവസ്ഥാപിതമായ സംവിധാനമായി മാറി.
കറിയയുടെ മുൻകാല ജീവിതം ഓരോ മനുഷ്യരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് നാം അറിയുന്നത്. അവിടെ കുറോസോവയിലൂടെ സ്ഥാപിക്കപ്പെട്ട ‘റാഷൊമൻ എഫക്ട്’ സംവിധായകൻ ഫലപ്രദമായി ഉപയോഗിക്കുന്നു. പരസ്‌പരവിരുദ്ധമെന്നു തോന്നാവുന്ന ആഖ്യാനങ്ങളിലൂടെ ഒരു കൊലപാതകത്തെപ്പറ്റി പ്രേക്ഷകർ അറിയുകയാണിവിടെ. അതിൽനിന്നും ഒരു സംഭവത്തിനും സത്യസന്ധമെന്ന വ്യാഖ്യാനം ഉണ്ടാവുക സാധ്യമല്ല എന്നു നാമറിയുന്നു. ഓരോ സംഭവവും ഓരോ കാഴ്‌ചക്കാരന്റെയും പ്രജ്ഞയിലൂടെ പ്രതിപ്രവർത്തിച്ചാണ് കേൾവിക്കാരിൽ എത്തിച്ചേരുക.
മുട്ടാട്ടിൽ ജോൺ എന്ന സ്വകാര്യ ബാങ്ക് ഉടമയുടെ പണപ്പിരിവുകാരാണ് കോരയും ബേബിയും. 1990കളുടെ മധ്യമാണ് കഥാകാലമെന്നു പറഞ്ഞുകഴിഞ്ഞു. ഇന്നത്തെ ഭാഷയിൽ അവർ റിക്കവറി ഏജന്റുമാരാണ്. വ്യവസ്ഥാപിത ഗുണ്ടകൾ!
ജോണിനുവേണ്ടി കറിയ നടത്തുന്ന അതിക്രമങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്ന തോന്നൽ അയാൾക്കുണ്ട്. രക്ഷകന്റെ വേഷത്തിലെത്തി പ്രതിസന്ധിഘട്ടങ്ങളിൽ ജോൺ കറിയയുടെ പോക്കറ്റിൽ നോട്ടുകൾ തിരുകിക്കയറ്റാറുണ്ട്. ബേബി താരതമ്യേന മെച്ചപ്പെട്ട സാന്പത്തിക സ്ഥിതിയുള്ളവനാകയാൽ അയാൾക്ക് കുറേക്കൂടി മെച്ചപ്പെട്ട സ്റ്റാറ്റസ്സാണ് ലഭിക്കുന്നത്. സ്വന്തം നിലയിൽ കറിയ നടത്തുന്ന ഓപ്പറേഷനുകളിൽ ജോൺ അസംതൃപ്‌തനുമാണ്. ഇതെല്ലാം എത്തിച്ചേരുന്നത് ബേബിയുടെ കൊലപാതകത്തിലും ജോണിന്റെ പരിക്കിലുമാണ്. ഇവിടെ വർഗവൈരം എന്ന വികസിപ്പിക്കപ്പെടാത്ത ഘടകമുണ്ട്. വാറ്റുചാരായം, കഞ്ചാവുകൃഷി, പണം പലിശയ്‌ക്കു നൽകൽ തുടങ്ങിയ ‘മാന്യമായ’ ഇടപാടുകളിലൂടെ നാട്ടുപ്രമാണിയായ ജോണും അയാളുടെ കീഴാളനായി പ്രവർത്തിക്കേണ്ടിവരുന്നതിന്റെ കടുത്ത അപമാനവും അമർഷവുമുള്ള കറിയയും തമ്മിലുളള ബന്ധം മുതലാളി‐തൊഴിലാളി ബന്ധമാണ്. എത്ര മഹാനുഭാവനായി ഭാവിച്ചാലും മുതലാളിക്ക് തൊഴിലാളിയോട് പുച്ഛവും അവമതിയും കുടഞ്ഞാലും പോകാതെ നിലനിൽക്കും. തിരിച്ച് വർഗവൈരത്തിന്റെ ഒടുങ്ങാത്ത പക തൊഴിലാളിയിൽ/കീഴാളനാക്കപ്പെട്ടവരിൽ സദാ തുടിച്ചുനിൽക്കും.
സ്ഥലത്തെ പൊലീസ് മേധാവി, ജോണിന്റെ പറ്റുപടിക്കാരനാണ്. അയാൾക്ക് ജോണിന്റെ കാമുകിയും മദ്യക്കച്ചവടക്കാരിയുമായ രാജിയിൽ ഒരു കണ്ണുണ്ടെങ്കിലും അവൾ വഴങ്ങുന്നില്ല. നല്ല എരിവുള്ള നാക്കുകാരിയാണ് രാജി. അവളുടെ മനസ്സിന് കരിങ്കല്ലിന്റെ ഉറപ്പുമുണ്ട്. ജോണിന്റെ ‘ഒളിസേവ’ അയാളുടെ ഭാര്യ സിസിലിയിൽ സംശയം ജനിപ്പിക്കുന്നുണ്ട്. വിധേയയായ ഭാര്യയായി അഭിനയിക്കുമ്പോഴും സിസിലി ഒട്ടും വിധേയയല്ല. ജോണിന്റെ ഓരോ ചലനവും അവൾ അറിയുന്നുണ്ട്.
കറിയയുടെ ബന്ധങ്ങൾക്ക് പല ഡൈമൻഷനുകളാണുള്ളത്. ചിലപ്പോഴവൻ സിനിമാക്കഥ പറയുന്ന ലോലഹൃദയവും ചിലപ്പോൾ പ്രകോപനം കൂടാതെ കഠാരയെടുക്കുന്നവനുമാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം അച്ചു മാതൃകയ്‌ക്കുള്ളിൽ ഒതുങ്ങാത്ത മനുഷ്യരാണ്. പ്രവചനാതീതത്വം അവർക്കെല്ലാമുണ്ട്. കഞ്ചാവു കൃഷിയുമായി കഴിയുന്ന മുനിയാണ്ടി ഒരേസമയം കറിയയുടെ സുഹൃത്തും ഘാതകനുമാകുന്നു. സിസിലി വിധേയത്വമഭിനയിക്കുന്ന ഭാര്യയും കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ ചാഞ്ചല്യമില്ലാത്തവളുമാണ്.
പ്രകൃതിസുന്ദരമായ ഒരു അതിർത്തിഗ്രാമത്തിൽ അരങ്ങേറുന്ന ക്രൂരകൃത്യങ്ങൾക്ക് മനുഷ്യമനസ്സിന്റെ ഇരുണ്ട വനസ്ഥലികളുടെ നിഗൂഢതയുടെ പ്രതിനിധാനമാണുള്ളത്.
കഥാഖ്യാനത്തിൽ പാലിക്കുന്ന മിതത്വം ഈ ചിത്രത്തിന്റെ മുഖമുദ്രയാകുമ്പോൾ ന്യൂനോക്തികളും കറുത്ത ഫലിതങ്ങളും ഭാഷാപ്രയോഗത്തിലെ ചടുലതയും ജീവൻ പകരുന്നു. കേവല നന്മതിന്മകൾക്ക് ഈ ചിത്രത്തിൽ ഇടമില്ല. എല്ലാരിലും എല്ലാത്തിലും സകല വർണങ്ങളും പുരണ്ടിട്ടുണ്ട്. കഥാപാത്രങ്ങളുടെ സെലക്‌ഷൻ, വസ്‌ത്രാലങ്കാരം, മേക്കപ്പ്, ഡയലോഗുകൾ നിശ്ചലതയോടടുത്തു നിൽക്കുന്ന ഛായാഗ്രഹണവിരുത് ചിത്രസന്നിവേശത്തിന്റെയും സംഗീതത്തിന്റെയും കൂടിക്കലരൽ ഇവയെല്ലാം ചേർന്ന് സിനിമയ്‌ക്ക് പുതിയൊരു മാനം നൽകുന്നു. സംഘട്ടനങ്ങൾ ഏറെയുണ്ടെങ്കിലും പ്രേക്ഷകരിൽ കൊലതൃഷ്‌ണയുണ്ടാക്കുന്ന പ്രകന്പനങ്ങൾ സൃഷ്ടിക്കലായല്ല മനുഷ്യർ ചെന്നുപെടുന്ന സങ്കീർണതകളായാണത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ കോരയും ഗ്രേസ് ആന്റണിയുടെ സിസിലിയും ചെന്പൻ വിനോദ് ജോസിന്റെ ജോണും ഗുണു സോമസുന്ദരത്തിന്റെ മുനിയാണ്ടിയും മികച്ച അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. ഗ്രേസ് ആന്റണി എന്ന നടിയുടെ ഓരോ ചെറുനോട്ടവും ചിത്രത്തിന്റെ നിഗൂഢതകളെ ആഴമേറിയതാക്കുന്നു.
നവാഗത സംവിധായകൻ എന്ന നിലയിൽ അഭിലാഷ് എസ് കുമാറിന് ഏറെ അഭിമാനിക്കാവുന്ന ചിത്രമാണിത്. വിവിധ ഷേഡുകളുള്ള കറിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കുമ്പോൾ എവിടെയോ വിട്ടുപോയ ചില ഘടകങ്ങൾ ആ കഥാപാത്രത്തെ പൂർണ വളർച്ചയെന്നുന്നതിൽനിന്നും തടയുന്നു. സമൂഹത്തിന്റെ ക്രിമിനൽവൽക്കരണത്തിന്റെ അടിയടരുകൾക്ക് രാഷ്‌ട്രീയ മാനം നൽകുന്നതിൽനിന്നും തിരക്കഥാകൃത്ത് ഭയപ്പെട്ട് പിന്മാറുന്നപോലെ തോന്നി. കുറെക്കൂടി സൂക്ഷ്‌മതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെങ്കിൽ ഈ സിനിമ ഇനിയും ഉയരങ്ങളിലേക്ക് എത്തുമായിരുന്നു. ഏതൊക്കെയോ ഘടകങ്ങൾ ചേർന്ന് നല്ലൊരു ചിത്രത്തെ തമസ്‌കരിച്ചു എന്നു പറയാതിരിക്കാനാവില്ല. ഇപ്പോൾ ആമസോൺ പ്രൈമിൽ ഈ സിനിമ സ്‌ട്രീം ചെയ്യുന്നുണ്ട്. ഗൗരവപൂർവം ചലച്ചിത്ര കലയെ സമീപിക്കുന്നവർക്കുള്ളതാണ് ചട്ടന്പി. ♦