Sunday, July 14, 2024

ad

Homeഇവർ നയിച്ചവർചടയൻ ഗോവിന്ദൻ സൗമ്യതയുടെ പ്രതീകം

ചടയൻ ഗോവിന്ദൻ സൗമ്യതയുടെ പ്രതീകം

ഗിരീഷ്‌ ചേനപ്പാടി

സിപിഐഎം സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല നേതൃത്വം നൽകി വരവേയാണ് ചടയൻ ഗോവിന്ദൻ ആകസ്മികമായി രോഗബാധിതനായതും അന്തരിച്ചതും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരിക്കൂർ ഫർക്ക കമ്മിറ്റി അംഗം, ഇരിക്കൂർ ഫർക്ക സെക്രട്ടറി, സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, കണ്ണൂർ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പടിപടിയായാണ് അദ്ദേഹം സംസ്ഥാനത്തെ പാർട്ടിയുടെ അമരക്കാരൻ ആയത്.

ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ച ചടയൻ ഹാൻഡ്‌ലൂം വർക്കേഴ്സ് യൂണിയന്റെ സജീവ പ്രവർത്തകനും നേതാവുമായി വളരെ വേഗം മാറി. ഹാൻഡ്‌ലൂം വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഒട്ടനവധി സമരങ്ങൾക്ക് ധീരമായ നേതൃത്വം ആണ് അദ്ദേഹം നൽകിയത്. ചിറക്കൽ താലൂക്ക് ഹാൻഡ്‌ലൂം വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം സമർത്ഥനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിലും ശ്രദ്ധേയനായി.

1929 മെയ് 12ന് കണ്ണൂർ ജില്ലയിലെ കമ്പിൽ എന്ന സ്ഥലത്ത് ചടയൻ കുഞ്ഞപ്പയുടെയും അരക്കൻ കല്യാണിയുടെയും മകനായാണ് ചടയൻ ഗോവിന്ദന്റെ ജനനം. അച്ഛനമ്മമാരുടെ അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു ഗോവിന്ദൻ. അച്ഛന്റെ ചെറിയ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയം. ഗോവിന്ദൻ കൊച്ചു കുട്ടി ആയിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. അതോടെ 6 അംഗങ്ങൾ അടങ്ങിയ ആ കുടുംബം സാമ്പത്തികമായി വലിയ ദുരിതത്തിലായി. ജേഷ്ഠൻ കുഞ്ഞമ്പു വീട്ടിൽ നെയ്ത്ത് തുടങ്ങി. അമ്മയും സഹായിച്ചു. അങ്ങനെയാണ് ആ കുടുംബം നിത്യവൃത്തിക്ക് വഴി കണ്ടെത്തിയത്.

കമ്പിൽ ചെറുകുന്ന് എലിമെന്ററി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഗോവിന്ദന് തുടർപഠനം അസാധ്യമായി. കുലത്തൊഴിലായ കൈത്തറി നെയ്ത്ത് തൊഴിലാളിയാകാനേ ഗോവിന്ദന് സാധിക്കുമായിരുന്നുള്ളൂ. വീട്ടിൽ തന്നെ ഇരുന്നായിരുന്നു നെയ്ത്ത്. അപ്പോഴും പഠിക്കാൻ, പ്രത്യേകിച്ച് ഇംഗ്ലീഷ് പഠിക്കാനുള്ള ആവേശം ഗോവിന്ദനിൽ നിറഞ്ഞുനിന്നു. കമ്പിൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന നമ്പീശൻ മാഷിനെ ചടയനും കൂട്ടുകാരും കണ്ടു പഠിക്കാനുള്ള താല്പര്യം അറിയിച്ചു. ഇംഗ്ലീഷ് ട്യൂഷൻ എടുത്തു കൊടുക്കാം എന്ന് മാഷ് സമ്മതിച്ചു. കൂലിയിൽ നിന്ന് മിച്ചം പിടിക്കുന്ന ചെറിയ തുക മാഷിന് ഫീസ് ആയും നൽകി. അങ്ങനെ ഇംഗ്ലീഷ് ഭാഷയിൽ ഒരുവിധം പ്രാവീണ്യം ചടയന് ലഭിച്ചു. പിൽക്കാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അത് വളരെയേറെ ഉപയോഗപ്പെടുകയും ചെയ്തു.

ചേലേരി ഷണ്മുഖ വിലാസം നെയ്ത്ത് കമ്പനിയിൽ നെയ്ത്തുകാരനായി ഗോവിന്ദൻ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ നാട്ടിൽ ആകെ ദുരിതങ്ങൾ വിതയ്ക്കുന്ന സമയമായിരുന്നു അത്. ഇന്ത്യയെ അനാവശ്യമായി യുദ്ധത്തിലേക്ക് തള്ളിവിട്ടതിന്റെ രോഷം നീറിപ്പടരുന്ന സമയം. നെയ്ത്ത് തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. ഇളയച്ഛനും ജേഷ്ഠനും കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികളായി അപ്പോഴേക്കും മാറിയിരുന്നു. ഗോവിന്ദനും കമ്യൂണിസ്റ്റ് ആശയങ്ങളിൽ വളരെ വേഗം ആകൃഷ്ടനായി.

1940 സെപ്‌തംബർ 15ന് നടന്ന മൊറാഴ സംഭവത്തെത്തുടർന്ന് ചിറക്കൽ താലൂക്കിലൊട്ടാകെ ഭീകരാന്തരീക്ഷമാണ് നില നിന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ഒളിവിൽ കഴിയാൻ കൂടുതലായും കൊളച്ചേരി‐മയ്യിൽ പഞ്ചായത്തുകളെയാണ് ആശ്രയിച്ചിരുന്നത്. അന്ന് കൗമാരക്കാരൻ ആയിരുന്ന ഗോവിന്ദൻ പാർട്ടി നേതാക്കളെ ഒളിവിൽ താമസിപ്പിക്കാൻ തന്റേതായ രീതിയിൽ കഠിനാധ്വാനം ചെയ്തു. പോലീസും ഗുണ്ടകളും ആ പ്രദേശത്തെങ്ങാനും വന്നാൽ ഗോവിന്ദനും കൂട്ടുകാരും പാർട്ടി കേന്ദ്രത്തിൽ വിവരം അറിയിക്കും. നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിിെത്തിക്കുന്ന കാര്യത്തിലും ഗോവിന്ദനും കൂട്ടുകാരും മുന്നിൽനിന്ന് പ്രവർത്തിച്ചു. പാർട്ടിയുടെ സന്ദേശ വാഹകരായ ടെക് മാൻമാരായി കുട്ടികളെയും ഉപയോഗിച്ചിരുന്ന സമയമായിരുന്നു അത്. ടെക്മാന്റെ ജോലിയും ഗോവിന്ദൻ അക്കാലയളവിൽ ഭംഗിയായി നിർവഹിച്ചു.

ബാലസംഘത്തിന്റെ ചിറക്കൽ താലൂക്കിലെ പ്രവർത്തനങ്ങൾ സജീവമായതോടെ ഗോവിന്ദനും ബാലസംഘത്തിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളായി മാറി. മൊറാഴ സംഭവത്തിന്റെ പേരിൽ കെ പി ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. അതിനെതിരെ ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഉശിരൻ ജാഥ ചടയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. കമ്പിൽ മുതൽ നാറാത്ത് വരെ നീണ്ട ജാഥയിലെ കുട്ടികളുടെ പങ്കാളിത്തം ഗോവിന്ദന്റെ സംഘടന പാടവത്തിന്റെ കൂടി പ്രകടനമായിരുന്നു. 1943ല്‍ പറശ്ശിനിക്കടവിൽ ചേർന്ന ബാലസംഘം ചിറക്കൽ താലൂക്ക് സമ്മേളനത്തിലും ഗോവിന്ദൻ സജീവമായി പങ്കെടുത്തു.

1946ൽ ആറോൺ കമ്പനിയിൽ 41 ദിവസം നീണ്ടുനിന്ന പണിമുടക്ക്‌ നടന്നു. പണിമുടക്ക്‌ ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ബാലസംഘത്തിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിൽ ചടയൻ ചുറുചുറുക്കോടെ പ്രവർത്തിച്ചു. പണിമുടക്കിനെത്തുടർന്ന്‌ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. അവരെ സഹായിക്കാൻ ചടയനും കൂട്ടരും വീടുവീടാന്തരം കയറി ഉൽപന്ന പിരിവുകൾ സംഘടിപ്പിച്ചു. ചക്കയും തേങ്ങയും അരിയും കപ്പയും മറ്റും പിരിവായി ലഭിച്ചു. അവ തലയിലേറ്റി ചടയന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രകടനമായി പാപ്പിനിശ്ശേരിയിലെ ആറോൺ കമ്പനിയുടെ കവാടത്തിൽ എത്തിച്ചു നൽകി.

1946ൽ നടന്ന ഇടക്കാല തിരഞ്ഞെുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി ബാലസംഘം പ്രവർത്തകരും സജീവമായി പ്രവർത്തിച്ചു. സാക്ഷരർക്കു മാത്രമേ അന്ന്‌ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ കമ്പിൽ പ്രദേശത്ത്‌ അക്ഷരം അറിയാത്ത എല്ലാവരെയും അക്ഷരം പഠിപ്പിക്കുക എന്നത്‌ വലിയ രാഷ്‌ട്രീയ പ്രവർത്തനമായി മാറി. ബാലസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സാക്ഷരതാ യജ്ഞത്തിൽ ചടയൻ പ്രശംസാർഹമായ നേതൃത്വമാണ്‌ നൽകിയത്‌.

കമ്പിലെ ചെറുത്തുനിൽപ്‌
1948ൽ ചടയൻ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. കമ്പിൽ പ്രദേശത്ത്‌ പൊലീസും ജന്മിമാാരുടെ ഗുണ്ടകളും ചേർന്ന്‌ ഭീകരാന്തരീക്ഷമാണ്‌ സൃഷ്ടിച്ചത്‌. കമ്യൂണിസ്റ്റുകാരെ വഴിനടക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നതായിരുന്നു അവരുടെ നിലപാട്‌. അതിനെ നേരിടാൻ തന്നെ കമ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. ഇ ഡി കൃഷ്‌ണൻനായർ, ഇ കുഞ്ഞിരാമൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപിൽ ചടയനും സജീവമായി പങ്കെടുത്തു. ഗുണ്ടകളെ കായികമായിത്തന്നെ നേരിട്ടു.

സംഘട്ടനത്തിൽ നിരവധി പാർട്ടി പ്രവർത്തകർക്ക്‌ ക്രൂരമായ മർദനമേറ്റു. ചടയനും ഭീകരമായ മർദനമേറ്റു. കമ്പിൽ അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും പൊലീസ്‌ ഭീകരതണ്ഡവമാടി. പൊലീസ്‌ ക്യാമ്പ്‌ അവിടെസ്ഥാപിച്ച്‌ കമ്യൂണിസ്റ്റ്‌ വേട്ട തുടർന്നു. അതോടെ ചടയനുൾപ്പെടെയുള്ളവർക്ക്‌ അവിടെനിന്ന്‌ ഒളിവിൽ പോകേണ്ടിവന്നു. എന്നാൽ ആ സംഭവത്തോടുകൂടി കമ്യൂണിസ്റ്റുകാരെ വഴിയിൽ തടയാനോ മർദ്ദിക്കാനോ ജന്മിമാരുടെ ഗുണ്ടകൾ ധൈര്യം കാട്ടിയില്ല.

ചേലേരി സമരം
1945ൽ രണ്ടാം ലോകയുദ്ധത്തിന്റെ അനന്തരഫലമായി അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നാട്ടിലാകെ വ്യാപിച്ചു. ജനങ്ങൾ ഭക്ഷ്യവിഭവങ്ങൾ കിട്ടാതെ പൊറുതിമുട്ടി. നെല്ലും മറ്റും കൃഷിചെയ്യുന്ന ജന്മിമാരാകട്ടെ അവ ഗോഡൗണിൽ സൂക്ഷിച്ച്‌ കരിഞ്ചന്തയിൽ വിറ്റു. കൃത്രിമ ക്ഷാമമുണ്ടാക്കി വൻ ലാഭം അവർ തട്ടിയെടുത്തു. അതോടെ ജന്മിമാരുടെ ഗോഡൗണുകളിൽ സൂക്ഷിച്ച നെല്ലെടുത്ത്‌ പാവപ്പെട്ടവർക്ക്‌ നൽകുകയെന്ന സമരരൂപം കമ്യൂണിസ്റ്റ്‌ പാർട്ടി പ്രഖ്യാപിച്ചു. നെല്ലിന്‌ ന്യായമായ വില നൽകാൻ ജനങ്ങൾ തയ്യാറായിരുന്നു. പക്ഷേ ജന്മിമാർ അതിനു തയ്യാറല്ലായിരുന്നു.

അതോടെ നെല്ല്‌ ബലമായി എടുത്ത്‌ വിതരണം ചെയ്യാൻ കമ്യൂണിസ്റ്റ്‌‐കർഷകസംഘം നേതാക്കളും പ്രവർത്തകരും നിർബന്ധിതരായി. 1948ൽ ചേലേരിയിൽ നെല്ലെടുപ്പിന്‌ രണ്ടു ജന്മിമാരുടെ വീടുകളാണ്‌ അവർ ലക്ഷ്യമിട്ടത്‌. ഒന്നാമത്തെ ലക്ഷ്യസ്ഥാനത്ത്‌ പ്രതികൂല സാഹചര്യങ്ങൾമൂലം സാധിച്ചില്ല. പി പി അനന്തൻ നമ്പ്യാരുടെ വീട്ടിലെത്തി പത്തായം കുത്തിത്തുറന്ന്‌ നെല്ലെടുത്തു. ചടയൻ ഉൾപ്പെടെ മുപ്പത്‌ ഉശിരൻ പ്രവർത്തകർ അതിൽ പങ്കെടുത്തു. അനന്തൻ നമ്പ്യാരുടെ മുറ്റത്തുവച്ചുതന്നെ കുറേപ്പേർക്ക്‌ ആ നെല്ല്‌ വിതരണംചെയ്‌തു. ശേഷിക്കുന്നത്‌ പ്രവർത്തകർ കൊണ്ടുപോയി പട്ടിണിയിലായിരുന്ന ജനങ്ങൾക്ക്‌ വിതരണംചെയ്‌തു.

അനന്തൻ നമ്പ്യാർ കോൺഗ്രസിന്റെ വില്ലേജ്‌ കമ്മിറ്റി പ്രസിഡന്റാണ്‌. കൂടാതെ പൊലീസിൽ വലിയ സ്വാധീനമുള്ള വ്യക്തിയും. നെല്ലെടുപ്പ്‌ സംഭവത്തോടെ പൊലീസ്‌ ആ പ്രദേശത്ത്‌ നരനായാട്ടു നടത്തി. കമ്യൂണിസ്റ്റുകാർക്ക്‌ അവിടെ നിൽക്കാൻ വയ്യാത്ത അവസ്ഥയായി. എംഎസ്‌പിക്കാർ വീടുകൾ അരിച്ചുപെറുക്കിത്തുടങ്ങി.

ചടയനും അനന്തൻ എന്ന പ്രവർത്തകനുംകൂടി അവിടെനിന്നു നടന്നു. പാടിക്കുന്ന്‌ എന്ന വിജനമായ സ്ഥലത്താണ്‌ അവർ ഇരുവരും നടന്ന്‌ ക്ഷീണിച്ചെത്തിയത്‌. ചെന്നുപെട്ടത്‌ എംഎസ്‌പിക്കാരുടെ മുമ്പിലും. ഇരുവരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അപ്പോൾ തുടങ്ങിയ മർദനം വഴിനീളെ തുടർന്നു. നെല്ലെടുപ്പു സമരം നടന്ന അനന്തൻ നമ്പ്യാരുടെ വീട്ടിൽ എത്തുന്നതുവരെ ഭീകരമായി തല്ലി. അതിനുശേഷവും ക്രൂരമർദനം തുടർന്നു. കമ്പിലെ പൊലീസ്‌ ക്യാമ്പിൽ കൊണ്ടുപോയി. അവിടെയും ഇടതടവില്ലാത്ത മർദനം. മങ്ങാട്ടുപറമ്പിലെ പൊലീസ്‌ സ്‌റ്റേഷനിലും ഭീകരമായ മർദനം. ജീവച്ഛവമായതിനുശേഷമാണ്‌ ചടയനെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്‌.

1950കളിൽ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ച നാടകപ്രസ്ഥാനം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചയെ വളരെയേറെ സഹായിച്ചിരുന്നു. 1952‐53 കാലത്ത്‌ ചടയന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിൽ ഒരു കലാസമിതി രൂപീകരിച്ച്‌ പ്രവർത്തിച്ചു. ആ കലാസമിതിയുടെ നേതൃത്വത്തിൽ ‘വികാസം’, ‘സർവ്വേക്കല്ല്‌’ തുടങ്ങിയ നാടകങ്ങൾ പാർട്ടി യോഗങ്ങളിൽ അവതരിപ്പിച്ചു. അതിൽ പ്രധാന വേഷം അഭിനയിച്ചതും ചടയനായിരുന്നു. 1940കളുടെ അവസാനവും അമ്പതുകളിലുമായി കലാസാഹിത്യ പ്രവർത്തനങ്ങളിൽ ചടയൻ സജീവമായിരുന്നു.

1949ൽ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡിലേക്ക്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടു. ചിറയ്‌ക്കൽ താലൂക്കിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാർഥി യശോദ ടീച്ചറായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ട സമയമാണത്‌. കമ്പിൽ മേഖലയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌ ചടയനായിരുന്നു. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി പ്രകടനം നടത്താൻ കോൺഗ്രസ്‌ ഗുണ്ടകളും പൊലീസും ചേർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയെ അനുവദിച്ചില്ല. പൊലീസിന്റെ നിരോധനത്തെ വെല്ലുവിളിച്ചുകൊണ്ട്‌ രൈരു നമ്പ്യാരുടെയും ചടയന്റെയും നേതൃത്വത്തിൽ ഇരുനൂറോളം പേർ കന്പിൽനിന്ന്‌ കണ്ടക്കൈയിലേക്ക്‌ ജാഥ പുറപ്പെട്ടു. ജാഥ ഒമ്പത്‌ കിലോമീറ്റർ പിന്നിട്ട്‌ ഓലക്കോട്ട്‌ എത്തിയപ്പോൾ എംഎസ്‌പിക്കാർ ജാഥയെ വളഞ്ഞു.

തിരഞ്ഞെടുപ്പ്‌ പ്രചാരണമാണ്‌ അതുകൊണ്ട്‌ പ്രകടനം അനുവദിക്കണമെന്ന്‌ രൈരു നമ്പ്യാർ പൊലീസിനോട്‌ ആവശ്യപ്പെട്ടു. പ്രകടനം അനുവദിക്കണമെന്ന്‌ ചടയനും വീറോടെ വാദിച്ചു. പൊലീസ്‌ ഭീഷണി തുടർന്നു. അതുകൂടാതെ രൈരു നമ്പ്യാർ പ്രസംഗം ആരംഭിച്ചു. ജാഥയിൽ പങ്കെടുത്തവരുൾപ്പെടെയുള്ള പൊതുയോഗം അവിടെ നടന്നു.

അടുത്തദിവസം ചടയന്റെ നേതൃത്വത്തിൽ കമ്പിൽ വലിയ പൊതുയോഗം സംഘടിപ്പിച്ചു. പൊലീസ്‌ ചടയന്റെയും മറ്റു സഖാക്കളുടെയും വീടുകളിലെത്തി സ്വത്തുക്കൾക്ക്‌ നാശം വരുത്തി. ചടയന്റെ വീട്ടിലെത്തിയ പൊലീസ്‌ അദ്ദേഹത്തിന്റെ ഉപജീവനമാർഗമായ നെയ്‌ത്ത്‌ ജോലിക്കുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. വീടും ഭാഗികമായി തകർത്തു.

അടുത്തദിവസം ചടയന്റെ നേതൃത്വത്തിൽ കമ്പിൽ വലിയ പൊതുയോഗം സംഘടിപ്പിച്ചു.

ഡിസ്‌ട്രിക്ട്‌ ബോർഡ്‌ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടു. അതോടെ കോൺഗ്രസ്‌ ഗുണ്ടകളുടെയും പൊലീസിന്റെയും ഉശിര്‌ വർധിച്ചു. അവർ കമ്യൂണിസ്റ്റുകാർക്കെതിരായ മർദന നടപടികൾ ശക്തിപ്പെടുത്തി. അതോടെ ചടയന്‌ നാട്ടിൽ നിൽക്കാനാവാത്ത അവസ്ഥയായി.

1950 മെയ്‌ ആറിന്‌ ചടയൻ രണ്ടാംതവണയും അറസ്റ്റിലായി. പാടിക്കുന്ന്‌ വെടിവെപ്പ്‌ കഴിഞ്ഞിട്ട്‌ കേവലം രണ്ടുദിവസമേ ആയിട്ടുള്ളൂ. ചടയൻ ഒളിവിൽ കാട്ടാമ്പള്ളിയിലെത്തിയപ്പോൾ പൊലീസിന്റെ പിടിയിലായി. ‘‘പാടിക്കുന്നിൽ മൂന്നു സഖാക്കൾ രക്തസാക്ഷികളായതിനെ ചൂണ്ടിക്കാട്ടി പൊലീസ്‌ ഉദ്യേഗസ്ഥൻ ആക്രോശിച്ചു: പാടിക്കുന്നിൽ മൂന്നുപേരെ ഞങ്ങൾ കൊന്നു. നിങ്ങളെയും കൊല്ലും.’’ ചടയനെയും കൂടെയുണ്ടായിരുന്ന കാക്കാമണിയെയും കയരളം ക്യാന്പിൽ കൊണ്ടുപോയി. അതിഭീകരമായ മർദനമാണ്‌ അവർക്ക്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. ചടയന്റെ മൂത്രദ്വാരത്തിൽ പച്ചീർക്കിൽ കയറ്റി കഠിനമായി അദ്ദേഹത്തെ ദ്രോഹിച്ചു. അടിയും ചവിട്ടും മറ്റു പിഡനങ്ങളുമേറ്റപ്പോൾ ചടയൻ അബോധാവസ്ഥയിലായി. മരിച്ചുവെന്ന്‌ കരുതി പൊലീസ്‌ ഒരു മൂലയിൽ തള്ളി. ചടയനും കാക്കാമണിയും മരിച്ചുവെന്ന വാർത്തയാണ്‌ നാട്ടിൽ പരന്നത്‌. അതോടെ നാടെങ്ങും പ്രതിഷേധജാഥകൾ സംഘടിപ്പിക്കപ്പെട്ടു. ചടയനും മണിയും ജീവനോടെയുണ്ടെന്ന്‌ പരസ്യമായി പറയാൻ പൊലീസ്‌ ഉദ്യോഗസ്ഥർ അതോടെ നിർബന്ധിതരായി.

ഒരാഴ്‌ചയോളം പിന്നിട്ടപ്പോൾ ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. ഏഴുമാസത്തെ ജയിൽവാസത്തിനുശേഷം ചടയൻ മോചിതനായി.

1952ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇരിക്കൂർ ഫർക്ക കമ്മിറ്റി അംഗമായി ചടയൻ തിരഞ്ഞെടുക്കപ്പെട്ടു. 1962ൽ പാർട്ടിയുടെ ഇരിക്കൂർ ഫർക്കാ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായി. 1964ൽ സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1965ൽ ചൈനാ ചാരന്മാരെന്ന്‌ ആക്ഷേപിച്ച്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ സർക്കാർ ജയിലടച്ചു. ചടയനും ജയിലിലടയ്‌ക്കപ്പെട്ടു.

1969ൽ ചിറയ്‌ക്കൽ താലൂക്ക്‌ ഹാൻഡ്‌ലൂം വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറിയായി ചടയൻ തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ അദ്ദേഹം സിപിഐ എം കണ്ണൂർ ഏരിയ സെക്രട്ടറിയായി.

1963 മുതൽ ഒന്നര പതിറ്റാണ്ടിലേറെക്കാലം ചടയൻ നാറാത്ത്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി പ്രവർത്തിച്ചു. 1977ൽ അഴീക്കോട്‌ എംഎൽഎയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നാടിന്റെ വികസനപ്രവർത്തനങ്ങളിലും പൊതുപ്രവർത്തനരംഗത്തും ജനപ്രതിനിധിയെന്ന നിലയിൽ ശക്തമായി ഇടപപൊൻ ചടയന്‌ സാധിച്ചു.

മിച്ചഭൂമി സമരം
1970കളുടെ ആരംഭത്തിൽ കേരളത്തിൽ നടന്ന ഉജ്വല സമരമായിരുന്നല്ലോ മിച്ചഭൂമി സമരം. ജോർജ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളിയുടെ കൈവശമായിരുന്ന ചീമേനി എസ്‌റ്റേറ്റിൽ രണ്ടുമാസത്തിലേറെ സമരം നടന്നു. ആ സമരത്തിനു നേതൃത്വം നൽകിയത്‌ ചടയനായിരുന്നു. സമരവളണ്ടിയർമാരെ നിശ്ചയിക്കുന്നതിനും സമരകേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങൾ ചിട്ടയോടെ ആസൂത്രണം ചെയ്യുന്നതിനും ചടയൻ അസാമാന്യമായ നേതൃപാടവം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെയൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത പി കരുണാകരൻ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സി കണ്ണന്റെയും ചടയന്റെയും നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധപ്രകടനം സംഘടിപ്പിക്കപ്പെട്ടു. പൊലീസിനു പിടികൊടുക്കാതെ ഒളിവിലിരുന്നാണ്‌ ചടയൻ സംഘടനാപ്രവർത്തനങ്ങൾക്ക്‌ ധീരമായ നേതൃത്വം നൽകിയത്‌.

1979ൽ ചടയൻ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷംതന്നെ സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗമായി. 1990ൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അദ്ദേഹം നിയോഗിക്കപ്പെട്ടു. 1995ൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1996ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാർ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടതിനെത്തുടർന്ന്‌ ചടയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ തലപൊക്കിയിരുന്ന വിഭാഗീയതയ്‌ക്കെതിരെ നിഷ്‌പക്ഷമായ നിലപാടെടുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകൾ വളരെയേറെ സഹായിച്ചിരുന്നതായി സമകാലികർ വിലയിരുത്തിയിട്ടുണ്ട്‌.

1998 സെപ്‌തംബർ 9ന്‌ ചടയൻ അന്ത്യശ്വാസം വലിച്ചു.

ദേവകിയാണ്‌ അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ആ ദന്പതികൾക്ക്‌ നാല്‌ മക്കൾ. സുരേന്ദ്രൻ, രാജൻ, സത്യൻ, സുഭാഷ്‌ എന്നിവർ.

കടപ്പാട്‌: സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ചടയൻ ഗോവിന്ദൻ സ്‌മരണിക
ചടയൻ പോരാളിയും തേരാളിയും
കെ ബാലകൃഷ്‌ണൻ
പ്രസാദകർ: ചിന്ത പബ്ലിഷേഴ്‌സ്‌

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − four =

Most Popular