Friday, November 22, 2024

ad

Homeആട്ടക്കഥആട്ടക്കഥാരചനയുടെ കിരീടധാരണം

ആട്ടക്കഥാരചനയുടെ കിരീടധാരണം

കെ ബി രാജ്‌ ആനന്ദ്‌

രാജശേഖരന്‍ (രാജശേഖർ പി വൈക്കം) രചിച്ച ആട്ടക്കഥകളില്‍ അവധാനപൂര്‍വ്വം വായിക്കാന്‍ അവസരം ലഭിക്കുന്ന രണ്ടാമത്തെ കഥയാണ്‌ മോഹിനീവിജയം. വിഷാദവൃത്തം അത്രയേറെ ആവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലുമുപരി അതിലെ പദങ്ങളോരോന്നും വീണ്ടും വീണ്ടും കേട്ട്‌ ഹൃദിസ്ഥമായതുമാണ്‌. പുതിയ കഥ വായിച്ചുതുടങ്ങുമ്പോള്‍ മുന്നനുഭവം നല്‍കിയ പ്രതീക്ഷയുടെ കരുത്ത്‌ പശ്ചാത്തലത്തിലുണ്ടായിരുന്നു.

മോഹിനീവിജയം നിരാശപ്പെടുത്തിയില്ലെന്നു പറഞ്ഞാല്‍ പോരാ. പുതിയ കാലത്ത്‌ ആട്ടക്കഥകള്‍ രചിക്കുന്നവര്‍ക്ക്‌ ഈ കഥ മാര്‍ഗ്ഗദര്‍ശകവും പ്രേരകവും ആകട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി അഭിലഷിക്കുകതന്നെ ചെയ്തു.അതിന്‌ കാരണമുണ്ട്.പുതിയ രചന എങ്ങിനെയായിരിക്കണം? കഥകളി നൂറ്റാണ്ടുകള്‍കൊണ്ട് നിര്‍മ്മിച്ചു നല്‍കിയ ഒരു ഭാവുകത്വപരിസരത്തെ നിരാകരിക്കുക, നിയോക്ലാസിക്കല്‍ രചനാരീതിയുടെ കെട്ടുപാടുകളില്‍നിന്ന്‌ മോചിപ്പിച്ച്‌ ആധുനിക കവിതാനിര്‍മ്മിതിയെ പിന്‍പറ്റി കഥയെഴുതുക, കഴിയുമെങ്കില്‍ പൗരാണികതയുടെ തടവറയില്‍നിന്ന്‌ ഇതിവൃത്തത്തേയും സമകാലികതയിലേക്ക്‌ കുടിമാറ്റുക, ആവുന്നത്ര പരിക്കുകള്‍ ആഹാര്യത്തിലും പരീക്ഷിക്കുക ഇതാണോ വേണ്ടത്‌? ഈ രീതിയിലുള്ള നവീകരണശ്രമങ്ങള്‍ അത്രയും ചരിത്രം തള്ളിക്കളഞ്ഞതാണ്‌. ക്ലാസിക്കല്‍ ഭാഷാശൈലിയും ക്ലാസിക്കല്‍ രചനാതന്ത്രങ്ങളിലെ വിപുലീകരണവും തന്നെയാണ്‌ സുരക്ഷിതമായ മാര്‍ഗ്ഗം. അതിന് ഒരു നല്ല മാതൃകയാണ്‌ മോഹിനീവിജയം വിജയകരമായി തുറന്നു തന്നിരിക്കുന്നത്‌.

ഗേയസാഹിത്യം എന്ന രീതിയില്‍ ആട്ടക്കഥ സ്ഥാനപ്പെടാന്‍ പലകാര്യങ്ങളിലും വാഗ്ഗേയകാരന്മാരോട്‌ സമശീര്‍ഷത നേടുകതന്നെവേണം. പാട്ടില്‍ ഭംഗിയുള്ള കണക്കുകൾ ഇണക്കിച്ചേര്‍ക്കലാണ്‌ അതിൽ പ്രധാനം. കാകളിയിലോ മഞ്ജരിയിലോ വരികൾ എഴുതിയാൽപ്പോര, അതിന്റെ സംഗീതാത്മകമായ പ്രയുക്തത തിരിച്ചറിഞ്ഞുകൊണ്ട്, എന്നാല്‍ മറ്റൊന്നിനേയും അനുകരിക്കാതെ പുതിയ ഗാനമാതൃകകള്‍ നിര്‍മ്മിക്കുന്നിടത്താണ്‌ എഴുത്തുകാരന്റെ മിടുക്ക്‌. അരങ്ങുപറ്റും വേണം. മോഹിനീവിജയം ഉത്തമമായ ഒരു ആട്ടക്കഥയാവുന്നത്‌ പ്രാഥമികമായി ഈ അളവുകോലിലാണ്‌.

രാഗമുദ്രാപ്രയോഗങ്ങള്‍ കഥകളിപ്പദങ്ങള്‍ക്ക്‌ അപരിചിതം തന്നെയാണ്‌. ‘കല്യാണീ കാണ്‍ക’ എന്ന്‌ ഇരയിമ്മൻ തമ്പി എഴുതുമ്പോള്‍ കല്യാണിരാഗം മനസ്സില്‍ കണ്ടിരുന്നോ എന്നറിഞ്ഞുകൂട. ആ പദം പാടിയിലേക്കുമാറ്റാന്‍ കഥകളിക്കളരിക്കോ ഗായകര്‍ക്കോ ജലപ്പിശാച്‌ ഉണ്ടായിട്ടുണ്ടാവില്ല. രാജശേഖരന്‍ എല്ലാ പദങ്ങളിലും ചില ശ്ലോകങ്ങളിലും വ്യത്യസ്തമായ അര്‍ഥകല്പനയോടെ രാഗമുദ്ര സന്നിവേശിപ്പിക്കാന്‍ പ്രയത്നിച്ചുകാണുന്നു. ചിലതെങ്കിലും വിസ്മയിപ്പിക്കുകതന്നെ ചെയ്തു. “ആ ഹരി ചേരാ നിനക്ക്‌ ചേതോഹരി!’ എന്നും, “ധന്യാ! സിതരൂപവും’ എന്നും, “ഗുണശേഖര ഹരപ്രിയാ!’ എന്നും, “സകലകലാനിധേ!’ എന്നുമൊക്കെ ഭസ്മാസുരന്റെ വിവിധ പദങ്ങളില്‍ കടന്നുവരുന്ന രാഗമുദ്രകൾ തന്നെയാണ്‌ ഉദാഹരണം. “ദൂരവേ കടന്നിക്ഷണം” എന്ന്‌ വേകട പ്രയോഗിച്ചു കാണുമ്പോള്‍, ആ കൃതഹസ്തതയുടെ മഹാഗോപുരത്തിനു മുന്‍പില്‍ അറിയാതെ വായനക്കാരന്‍ കൈകൂപ്പുകതന്നെ ചെയ്യും.

കഥകളിയിലേക്ക്‌ പുതിയരാഗങ്ങള്‍ പലതും സമീപകാലത്ത്‌ കടന്നുവന്നിട്ടുണ്ട്.പലതിനും വ്യവസ്ഥാപിതമായ പദങ്ങൾ ഉണ്ടായെന്നുവരില്ല. ഓരോ ഗായകരുടേയും ഭാവനാനുസൃതമായി കടന്നു വന്നു കൊണ്ടേയിരിക്കുന്നവയാണത്‌. അത്തരം അപൂര്‍വ്വരാഗങ്ങള്‍ പലതും ആഘോഷപൂര്‍വ്വം കൊണ്ടുവന്ന്‌ കഥകളിയില്‍ സിംഹാസനം നല്‍കി ആദരിക്കുകയാണ്‌ രാജശേഖരന്‍. മേളപ്പദത്തില്‍ ഒരു ഖണ്ഡം കേട്ടിരുന്നതല്ലാതെ “ആരഭി” കഥകളിയില്‍ മുന്‍പ്‌ ഉണ്ടായിരുന്നില്ലല്ലോ. “ശാരദ രജനി’യാണ്‌ “ആരഭി’യ്ക്കുദാഹരണമായി ജുഗല്‍ബന്ദികളിലും കച്ചേരികളിലും ഇന്ന്‌ ആലപിച്ചു കേള്‍ക്കുന്നത്‌. മോഹിനീവിജയം സര്‍വാദൃതമായി സ്വീകരിക്കപ്പെടുന്നതോടെ പരസ്‌, മണിരംഗ്‌, കീരവാണി, സരസാംഗി, കേദാരം, ഖര ഹരപ്രിയ, ജനരഞ്ജിനി, ഹംസധ്വനി തുടങ്ങി കുറേ രാഗങ്ങള്‍ക്കും വ്യവസ്ഥയോടെ കഥകളിപ്പദങ്ങള്‍ ലഭ്യമാകുന്നു എന്നൊരു ഗുണം കൂടിയുണ്ട്. ഇങ്ങിനെയൊക്കെയാണ്‌ സംഗീത കൃതികള്‍ക്കൊപ്പം തലയെടുപ്പോടെ നില്‍ക്കാനുള്ള കരുത്ത്‌ ആട്ടക്കഥാസാഹിത്യം നേടിയെടുക്കേണ്ടതും.

ഇതിനുപുറമേയാണ്‌ സ്വരാക്ഷര പ്രയോഗങ്ങള്‍. വാഗ്ഗേയകാരൻ കൂടിയായിരുന്ന ഇരയിമ്മന്‍തമ്പി “സാദരം നി ചൊന്നൊരുമൊഴിയിതു സാധുവല്ലകുമതേ!” എന്ന്‌ വരികള്‍ രചിച്ചത്‌ രണ്ടു സ്ഥായിയിലുള്ള ഷഡ്ജത്തില്‍ പാടുവാന്‍ വേണ്ടിയിട്ടു കൂടിയായിരുന്നു എന്ന്‌ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട് . കവി ഉദ്ദേശിക്കാനിടയില്ലെങ്കിലും സന്ദര്‍ഭം സിദ്ധിക്കുമ്പോഴെല്ലാം സ്വരാക്ഷരചാരുതയോടെ കാവ്യഭാഗത്തെ ആലപിക്കാന്‍ ചില ഗായകര്‍ നിഷ്കര്‍ഷിക്കുന്നതു കണ്ടിട്ടുണ്ട് . യശഃശരീരനായ, ഹൈദരാലിക്ക്‌ ഇതൊരു ലഹരിതന്നെയായിരുന്നു. “വാഴ്ത്തുന്നു മദനന്റെ കീര്‍ത്തിയെ’ എന്ന ചരണത്തില്‍ മധ്യമവും ധൈവതവും കൊണ്ടുവരും. ‘ദമ സോദരീ’ എന്നിടത്ത്‌ തിരിച്ചും. “മുല്ലബാണോപമാ’ എന്നു പാടുമ്പോള്‍ ‘പ’യും ‘മ’യും.

ഇങ്ങിനെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഹൈദരാലിക്ക്‌ മോഹിനീവിജയം കൂടുതൽ പാടാന്‍ അവസരം ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം കണക്കറ്റ്‌ അഭിരമിക്കുമായിരുന്നു എന്നെനിക്കുതോന്നുന്നു. സ്വരാക്ഷരങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ ഈ കഥയില്‍ നിരവധിയുണ്ട്.

‘നിനദ ഗരിമ’ ചെറിയ ഉദാഹരണങ്ങള്‍. ചിത്തരഞ്ജിനി രാഗത്തിന്റെ ആരോഹണ സ്വരഘടന ത്യാഗരാജന്‍ ‘നാദതനുമനിശം” എന്ന കീര്‍ത്തനത്തില്‍ അങ്ങിനെത്തന്നെ നിബന്ധിച്ചു ചേര്‍ത്തതുപോലെ മോഹനരാഗത്തിലുള്ള ‘സാരി’പ്പദത്തിൽ രാജശേഖരനും “സാരിഗപധസ സരസം പാടി’’ എന്നുതന്നെ രാഗത്തിന്റെ ചിത്രണം സാധിച്ചിട്ടുണ്ട്. ദേവഗാന്ധാരി പദത്തില്‍ ‘ക്ഷീരസാഗര’ എന്നുകൂടി ആവേശത്തോടെ വരികളിലേക്ക്‌ ആനയിക്കുന്നുണ്ട്.സംഗീതത്തിന്റെ പ്രയോഗസാധ്യതകളെ അതിന്റെ പാരമ്യത്തില്‍ മനസ്സിലിട്ടുരുട്ടി ഊതിക്കാച്ചിയെടുത്ത രചനാനൈപുണിയുടെ സാക്ഷാത്ക്കാരമായി മോഹിനീവിജയം പരിണമിക്കുകയാണ്‌. ആട്ടക്കഥാകൃത്തിന്‌ ഭാഷയിലും പുരാണത്തിലും കഥകളിയിലും അവഗാഹമുണ്ടായാല്‍ പോര സംഗീതത്തിലും ഉപസ്ഥിതി ഉണ്ടായാലേ ഉത്തമമായ ഒരു ആട്ടക്കഥ പിറവികൊള്ളൂ. എങ്കിലേ കരീന്ദ്രനും തമ്പിയും വയസ്കരമൂസും ഉഴുതുമറിച്ച വിളഭൂമിയില്‍ പുതിയൊരുനാമ്പിന്‌ വളര്‍ച്ചനേടാനുമാവു. താളത്തിന്റെ വിനിയോഗത്തിലുമുണ്ട് ഈ അവധാനത. ആട്ടക്കഥകള്‍ നിരവധി പുതിയകാലത്തും എഴുതപ്പെടുന്നുണ്ട് . രചന പൂര്‍ത്തിയായാല്‍ ഗായകര്‍ അതിനൊരു താളവും രാഗവും നിശ്ചയിച്ചുചേര്‍ക്കലാണ്‌ പൊതുവെ കാണുന്ന രീതി.

ആലപിക്കപ്പെടേണ്ടത്‌ എങ്ങനെയെന്ന്‌ മുന്‍കൂട്ടിക്കണ്ട് താളത്തിന്‌ വഴങ്ങുന്ന രീതിയില്‍, അക്ഷരങ്ങള്‍ പരിചരിക്കപ്പെടുന്നത്‌ അപൂര്‍വ്വാനുഭവമാണ്‌. കോട്ടയം തമ്പുരാന്റെ രചനകള്‍ക്കുശേഷം ആ വഴി അത്ര പിന്‍പറ്റിയിട്ടില്ല തുടര്‍ന്നുവന്നവര്‍. തമ്പുരാന്റെ കഥയില്‍ ചമ്പതാളം എന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഐമാത്രാഗണ ഘടനയോടുകൂടിയ കാകളിയെ ആ വരികളില്‍ നിന്നു നമുക്ക്‌ നിര്‍ദ്ധാരണം ചെയ്തെടുക്കാനാവും. നരവരശി/ഖാമണേ/ പോലെ. ചമ്പടയാണ്‌ താളമെങ്കില്‍ നാന്മാത്രയുടെ തരംഗിണിയുണ്ടാവും.

കാളാം/ ബുദരുചി/ തേടും/ വിപിനേ-ഉദാഹരണം
പഞ്ചാരിയാണെങ്കില്‍ മഞ്ജരിയും (ആറുമാത്ര)
ഉഭയഥാഗു/ രുത്വമുണ്ട് / ഉദാഹരണം
അടന്തയാണെങ്കില്‍ ഏഴുമാത്ര ഗണഘടനയും വരികളില്‍ കണ്ടിരിക്കും.
“സലജ്ജോഹം” പോലെ. കോട്ടയം രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ ആട്ടക്കഥകളില്‍ കണ്ടു പരിചയിക്കാത്ത ഈ ശ്രദ്ധ മോഹിനീവിജയത്തില്‍ ദര്‍ശിക്കാനായത്‌ ചെറുതല്ലാത്ത വിസ്മയമുളവാക്കി. കോട്ടയത്തുതമ്പുരാന്‍ തന്നെയായിരിക്കണം ഇക്കാര്യത്തില്‍ രാജശേഖരന്‌ വെളിച്ചം കാണിച്ചത്‌. താഴെ കാണിച്ച ഉദാഹരണങ്ങള്‍ നോക്കൂ.

ചമ്പഃ (1) പോരിക കൃ / ശോദരീ/ തേരിതില/ നാകുലം
(2) ജയധവള;/ ഗിരിമുകളി/ ലമരുന്ന/ ദേവാ…
(3) അമരവര/ നീരസം/ പറകിലത/ കാരണം
മുറിയടന്ത (1) ചിത്രമ/ ഹോ തവ/ ചാരിത്ര്യ/ ഘോഷണം.
(2) ദൂര്‍ഭൂത/ നായകാ/ വേണ്ടടോ/ സാഹസം.
ചെമ്പട 1) കല്യാ/ ണികളില്‍/ കൗതുക/ മിങ്ങനെ
(2) ശങ്കര/ ജയജയ/ നാഗാ/ ഭരണാ/
(3) ഉചിതമല്ല തവ/ ചെയ്തികളൊന്നും.
(4) ഹന്ത! ഹന്തയവ/ നെതൊരുഹന്ത!

ഇവിടെ ചമ്പടയില്‍ ഉദാഹരിച്ച മൂന്നും നാലും ചരണങ്ങള്‍ക്കു വേറെയുമുണ്ട്,സവിശേഷത. അഞ്ചടന്തവല്‍കൃതമായ ചമ്പട അഥവാ സ്വാഗത, രഥോദ്ധത, കുസുമമഞ്ജരി തുടങ്ങിയ സംസ്കൃത ഛന്ദസ്സുകളില്‍ കാണുന്ന രീതിയിലുള്ള തരംഗിണി. ഇതും തമ്പുരാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. വിജയകരമായിത്തന്നെ. തമ്പുരാനുശേഷം താളഘടനയോട്‌ ഇങ്ങനെ സമരസപ്പെട്ട്‌ ഗണഘടന സൂക്ഷിച്ച്‌ പദങ്ങള്‍ രചിച്ചുകണ്ട അനുഭവം ഇല്ലെന്നുതന്നെ പറയാം (എന്റെ പരിമിതമായ അറിവില്‍ എന്നേ പറയാന്‍ ധൈര്യമുള്ളൂ?) മോഹിനീവിജയത്തില്‍ തന്നെ ഈ നിഷ്‌കര്‍ഷക്ക്‌ ഒരു അപവാദവും കണ്ടു. ധന്യാസിയില്‍ ഭസ്മാസുരന്‌ ഒരു പദമുണ്ട്. വരികളുടെ ഘടന നോക്കിയാൽ അടന്തയാണ്‌ യോജിക്കുക. ചെമ്പടയിൽ ആലപിക്കാനാണ്‌ കവി നിര്‍ദ്ദേശിക്കുന്നത്‌. നായകവേഷം ഒരു അതിഥിയെ സ്വീകരിച്ചിരുത്തി അഭിവാദ്യം ചെയ്യുന്നത്‌ അടന്ത പതിനാലിലോ ഇരുപത്തിയെട്ടിലോ കഥകളിക്ക്‌ അപരിചിതമായ ഒന്നല്ല. ചെമ്പട നിര്‍ദ്ദേശിക്കപ്പെട്ടെങ്കില്‍ എന്തെങ്കിലും ന്യായം കാണും. അത്‌ മനസ്സിലായില്ലെന്നുമാത്രം.

സമാന സന്ദര്‍ഭങ്ങളെ വായനക്കാരന്റെ ഓര്‍മ്മയിലേക്ക്‌ കൊണ്ടുവരാനുള്ള സൂചനകള്‍ നല്‍കുന്നത്‌ ഒരു കവിതന്ത്രമാണ്‌. വള്ളത്തോള്‍ കൃഷ്ണകഥാസംബന്ധിയായ ഇതിവൃത്തമാണ്‌ സ്വീകരിക്കുന്നതെങ്കിൽ നിര്‍ബന്ധമായും ഗാഥാവൃത്തത്തെ അവലംബിച്ചിരുന്നു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ വായിച്ച മലയാളിയുടെ ആനുഭവികമായ തഴക്കത്തിന്റെ സ്മൃതിപരിസരം താനെഴുതുന്ന കവിതക്ക്‌ ഉചിതമായൊരു ഭൂമികയാവും എന്ന ബോധ്യം കൊണ്ട് തന്നെയാവും അങ്ങനെ ചെയ്തത്‌.

“പുലരുവാന്‍ ഏഴര രാവേയുള്ളൂ’ എന്നൊരു പഴംപാട്ടിന്റെ ശൈലിയിലും താളഘടനയിലും ചുള്ളിക്കാട്‌ ഒരു കവിത തുടങ്ങുമ്പോള്‍ പറയാനുദ്ദേശിക്കുന്നത്‌ ഒരു പുരാവൃത്തമാണ്‌ എന്ന പശ്ചാത്തലനിര്‍മ്മിതി പൂര്‍ത്തിയാവുന്നു. ഈ ത്രന്തം രാജശേഖരന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ മോഹിനീവിജയത്തില്‍ പലരീതിയില്‍ പ്രയോഗിച്ച്‌ ഫലിപ്പിച്ചിട്ടുണ്ട്. ദേവഗാന്ധാരീ രാഗത്തില്‍ ഒരു പദം പാടുന്നതിനിടയില്‍ “ക്ഷീരസാഗര’’ എന്ന ശബ്ദം സൂചിപ്പിക്കുന്ന കാര്യം നേരത്തെ പരാമര്‍ശിച്ചുവല്ലോ.

“മയാ കിം കര്‍ത്തവ്യം?’ എന്ന്‌ നന്ദികേശ്വരന്‍ ശിവനോടു ചോദിക്കുന്നു, കോട്ടയത്തുതമ്പുരാനുമായി ബന്ധപ്പെട്ട ഐതിഹ്യകഥ ഓര്‍മ്മിപ്പിക്കുവാന്‍ തന്നെ, “പോരിക! കൃശോദരീ!’ എന്ന്‌ ചമ്പ താളത്തില്‍ ഒരു കത്തിവേഷം നായികയെ വിളിക്കുമ്പോള്‍ കരീന്ദ്രന്റെ രചന ഓര്‍മ്മയില്‍ വരണം. ഉര്‍വ്വശി പറയുന്നു “അരുതരുതനുചിതവചനമിതൊന്നും” ഇവിടെ തമ്പിയാണ്‌ സ്മരിക്കപ്പെടുക. “ചിത്രമഹോ തവ!’ എന്ന ഭസ്മാസുരന്റെ പദം കല്ലൂര്‍ നമ്പൂതിരിപ്പാടിനേയും ഓര്‍മ്മിപ്പിച്ചേക്കും. അഷ്ടകലാശമെടുക്കുന്ന ചരണത്തില്‍ “സുകൃതി’ എന്ന വാക്കുകൂടി ഉള്‍പ്പെടുത്തുന്നത്‌ ഈ സ്മൃതി ഉണര്‍ത്താന്‍ തന്നെയാകണം. പശ്ചാത്തല നിര്‍മ്മിതിക്കു സഹായകമാണീ ഓര്‍മ്മകളെ പ്രത്യാനയിക്കുന്ന ഈ രചനാതന്ത്രം.

കേവല നൃത്തത്തിനും രംഗകലയിൽല്‍ ഇടം ഉണ്ടാകണമല്ലോ. മുദ്ര കാണിക്കേണ്ടതില്ലാത്ത നൃത്താവിഷ്കാരങ്ങള്‍ക്കും രാജശേഖരന്‍ മോഹിനീവിജയത്തില്‍ അരങ്ങൊരുക്കിയിട്ടുണ്ട്. മോഹിനിക്കും നന്ദിക്കുമെല്ലാം നൃത്തസന്ദര്‍ഭങ്ങള്‍ പ്രത്യേകമായി നിബന്ധിച്ചുകാണുന്നു. താളവാദ്യപ്രഘോഷണങ്ങളോടെ നന്ദിയുടെ പ്രവേശശ്ലോകം തന്നെ നൃത്തവിശാരദനായ നന്ദിയുടെ നൃത്തത്തിനുളള അരങ്ങുതളിക്കലാണ്‌. മോഹിനിയുടെ സാരിപ്പദമാകട്ടെ അതിമനോഹരമായൊരു ഗാനവും.

ചങ്ങമ്പുഴ, കവിതയെ ഒരു നര്‍ത്തകിയായി സങ്കല്‍പ്പിച്ചതാണല്ലോ കാവ്യനര്‍ത്തകി എന്ന പ്രസിദ്ധമായ കവിത. ഇവിടെ കവി നര്‍ത്തകിയെ കവിതയായി കല്‍പ്പിച്ചിരിക്കുകയാണെന്നൊരു മാറ്റമുണ്ട്. “സൂക്തിരിവാവാപ സോര്‍വ്വശീ’’ എന്ന്‌ കോട്ടയത്തുതമ്പുരാന്‍ സൂചിപ്പിച്ചുവെച്ചതിനെ വിപുലപ്പെടുത്തി ഭാഷയിലെ ദ്രാവിഡവൃത്തങ്ങളുടെ താളപ്പൊലിമയില്‍ ഒരു കവിതയായി നര്‍ത്തകിയെ വരച്ചുകാണിക്കുകയാണ്‌ രാജശേഖരന്‍. “രുചിരാലങ്കാരശാലിനി’ എന്ന്‌ ഒഴുക്കന്‍ മട്ടിൽ പറഞ്ഞുപോവുകയല്ല, ഉപമ,രൂപകം എന്നിങ്ങനെ ശബ്ദങ്ങള്‍കൊണ്ട് അലങ്കാരങ്ങൾ അണിയിച്ചൊരുക്കുന്നു.

മഞ്ജരി, അന്നനട, കാകളി, കേകകള്‍ എല്ലാം ശബ്ദംകൊണ്ട് നര്‍ത്തകീഗാത്രത്തില്‍ അലിഞ്ഞുചേരുന്നു. നൃത്തത്തിന്റെ നാഥനായ തണ്ഡുവായി നന്ദികേശ്വരനെ രംഗത്തവതരിപ്പിച്ചിരിക്കന്നതാണ്‌ മറ്റൊന്ന്‌. ഇതുകൊണ്ട് ഇതിവൃത്തപരമായും ഒരു ആനുകൂല്യം നേടുന്നു. ഭരതാദിമുനികള്‍ക്കും ഗുരുവായ തണ്ഡുവിനെ ആദരപൂര്‍വ്വം ഭസ്മാസുരനന്‌ എതിരേല്‍ക്കാനാവുന്നു എന്നുമാത്രമല്ല, നൃത്തത്തിനോടുള്ള ഭസ്മാസുരന്റെ അഭിനിവേശം വ്യക്തമാക്കിയാലേ “നൃത്തവിശാരദ!’ എന്ന മോഹിനിയുടെ സംബോധനയ്ക്ക്‌ യുക്തിസഹത സിദ്ധിക്കുകയുമുള്ളൂ; നൃത്തത്തിലൂടെ ഭസ്മാസുരനിഗ്രഹം സാധിക്കുന്ന കഥാഗതിക്കും സുഭദ്രമായ ഒരു അടിത്തറയും ലഭിക്കൂ.

ഓരോ പദവും സാര്‍ഥകമാകണമെന്ന്‌ നന്ദികേശ്വരനിലൂടെ ശ്രീപരമേശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ കവി തന്നെയാവണം. സാര്‍ഥകത തന്നെയാണ്‌ മുകളില്‍ ചൂണ്ടിക്കാണിച്ചതത്രയും.

കൂട്ടത്തില്‍ പറയട്ടെ, നന്ദികേശ്വരനും അസുരനും ചേര്‍ന്ന രംഗത്തിൽ അവസാന ചരണം നന്ദിയുടേതാക്കുന്നതായിരുന്നു കൂടുതൽ അഭികാമ്യം. ഒരു ശാപോക്തിയോടെ നന്ദി രംഗത്തുനിന്ന്‌ നിഷ്ക്രമിക്കുന്നതാവുമായിരുന്നില്ലേ കൂടുതല്‍ നാടകീയം? കഥകളിക്ക്‌ ശീലവും? അനുവാചകന്റെ ധര്‍മ്മബോധം നന്മയുടെ അധീശത്വവും തിന്മയുടെ വിനാശവും സ്വാഭാവികമായും കാംക്ഷിക്കുമല്ലോ. നിലവിലുള്ള പദത്തില്‍ നിന്ന്‌ “ധൂര്‍ത്ത! ദുരാശയ! ദൂര്‍നയ! പതനം പാര്‍ത്തു വസിക്ക വരുന്നു വിനാശം’ എന്ന ചരണം അല്‍പ്പം കൂടി കാലം തള്ളി അവസാനം പാടിയാലും മതി. അല്ലെങ്കിൽ വേറെ വരികള്‍ക്കൂടി എഴുതിച്ചേര്‍ക്കാനെന്താണ്‌ ജയിച്ച തൂലികയ്‌ക്ക്‌ പരാധീനത? സഞ്ജയന്‍ പണ്ട് വള്ളത്തോളിനോട്‌ ചോദിച്ച വരികള്‍ കൗതുകത്തിനൊന്നാവർത്തിക്കട്ടെ.

“നാലഞ്ചു പാഴ്‌വരി കേരള വാല്മീകി –
യ്ക്കാലസ്യമായ്പ് പോയോ കൂട്ടിച്ചേര്‍ക്കാന്‍’

ആട്ടക്കഥ രചിക്കുമ്പോള്‍ തന്നെ അരങ്ങിൽ എന്തു സംഭവിക്കുന്നു എന്ന്‌ മുന്‍കൂട്ടിക്കണ്ട് എഴുതുന്നതിന്റെ മുഗ്ധതകൾ വേറേയും കണ്ടെത്താനാവും.

ഭസ്മാസുരന്‍ ഉര്‍വ്വശിയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗത്തില്‍ ശാകുന്തളത്തിലെ ഒരു ശ്ലോകം മനോധര്‍മ്മമായി ആടണമെന്നുകൂടി കവി നിര്‍ദ്ദേശിക്കുന്നു. പദങ്ങള്‍ രചിക്കുമ്പോള്‍ നടന്‍ എന്തു മുദ്ര കാണിക്കുമെന്ന്‌ മുന്‍കൂട്ടിക്കണ്ട്, ചൊല്ലിയാട്ടക്രമം മനസ്സില്‍ സങ്കല്‍പ്പിക്കുന്നുമുണ്ട്. മാത്രമല്ല മുദ്രകള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു. ഇതിനൊരപവാദം കണ്ടെത്തിയപ്പോള്‍ ഒരു കുറ്റാന്വേഷകന്റെ വിജയഭാവത്തോടെ ഞാന്‍ ഗ്രന്ഥകര്‍ത്താവിനെ നേരിട്ടുവിളിച്ചു. പരദോഷം പാര്‍ത്തുകാണാനാണല്ലോ നമുക്ക്‌ വിരുത്‌.

കാലം എന്ന മുദ്രയുടെ ആവര്‍ത്തനം ഒരു പദത്തിലെ ചരണങ്ങളില്‍ വരുന്നത്‌ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിക്കായ്കയല്ല. യമക പ്രയോഗത്തിന്റെ ആലാപനഭംഗി കളയരുതെന്നുണ്ട്, സവിശേഷമായ അര്‍ത്ഥകല്‍പ്പനയുടെ സാഹിതീയ സൗന്ദര്യവും കളയാന്‍ വയ്യ. ആവര്‍ത്തനത്തിന്റെ വൈരസ്യം ഒഴിവാക്കാനുള്ള ഉപായവും നേരത്തേതന്നെ മനസ്സില്‍ ആലോചിച്ചുവെച്ചിട്ടുണ്ട് ഇതാണ്‌ മറുപടി.

എണ്ണിയെണ്ണി ഗുണങ്ങള്‍ ഇനിയും അനവധി പട്ടികപ്പെടുത്താനാവും. ആട്ടക്കഥ സഹൃദയ സമക്ഷം എത്തുകയാണ്‌. കഥാഘടനയുടെ പരിചരണം, കഥകളിയുടെ ആകമാനതയുടെ പരിരക്ഷണം! പാത്രനിര്‍മ്മിതിയിലെ സൂക്ഷ്മമായ നിരീക്ഷണം, രംഗകലയായ കഥകളിക്കുവേണ്ടുന്ന വിഭവങ്ങളങ്ങനെ ഇത്ര കമനീയമായി അണിയിച്ചൊരുക്കിയതിന്റെ പിന്നില്‍ തീര്‍ച്ചയായും ദീര്‍ഘകാലത്തെ ഏകാഗ്രമായ ഗൃഹപാഠത്തിന്റെ സഫലത ഞാന്‍ കാണുന്നു. രാജശേഖരനെപ്പോലെ കവിത്വസിദ്ധി ലഭിച്ച ഒരു കഥാകൃത്തിന്‌ ഒരു രാത്രികൊണ്ടു തന്നെ ഒരാട്ടക്കഥ തട്ടിക്കൂട്ടാം. ഉത്തരവാദിത്തബോധത്തോടെ നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം രചനകള്‍ക്കേ പക്ഷേ ദീര്‍ഘായുസ്സ്‌ സിദ്ധിക്കുകയുള്ളൂ എന്നത്‌ അനുഭവമാണ്‌. ആട്ടക്കഥയ്ക്കും കഥാകൃത്തിനും ഉത്കര്‍ഷങ്ങള്‍ ആശംസിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular