Tuesday, April 23, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർതിരഞ്ഞെടുപ്പ്‌ അട്ടിമറിക്കായുള്ള അക്രമങ്ങളിലെ രക്തസാക്ഷി

തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കായുള്ള അക്രമങ്ങളിലെ രക്തസാക്ഷി

ജി വിജയകുമാർ

1970 സെപ്തംബർ, ഇ എം എസിന്റെ നേതൃത്വത്തിലുള്ള 1967ലെ ഐക്യമുന്നണി ഗവൺമെന്റിനെ പിന്നിൽനിന്നു കുത്തി കോൺ ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ കുറുമുന്നണിക്ക് നിയമസഭയിൽ ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണം തീവ്രമായി നടക്കുകയാണ്. വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചും അകാലത്ത് തിരഞ്ഞെടുപ്പ് നടത്തിയും (സെപ്തംബർ 17ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ഓണത്തിനടുത്ത ദിവസങ്ങളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തുക പതിവല്ല) എങ്ങനെയും അധികാരം പിടി ക്കാനുള്ള കോൺഗ്രസിന്റെയും കുറുമുന്നണിക്കാരുടെയും വ്യഗ്രതയും മോഹവും പ്രചരണം ചൂടുപിടിച്ചതോടെ പൊലിയാൻ തുടങ്ങി. തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമമഴിച്ചുവിട്ട് സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് സാധ്യമല്ലാത്ത സ്ഥിതി സംജാതമാക്കലായി കോൺഗ്രസിന്റെയും കൂട്ടരുടെയും നീക്കം. പ്രധാനമന്ത്രിയും ഗവർണറും ചീഫ് ഇലക്ഷൻ കമ്മിഷണർ സെൻവർമയും തിരഞ്ഞെടുപ്പ് സമാധാനപരമായും നീതിപൂർവമായും നടക്കുമെന്നതുറപ്പാക്കും എന്ന് ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴും അതായിരുന്നില്ല അവസ്ഥ.

കുപ്രസിദ്ധമായ വിമോചനസമരത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സ്വന്തം വോട്ടവകാശം രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയ കോട്ടൂർ കുഞ്ഞുകുഞ്ഞിനെ കൊലപ്പെടുത്തിയ പാരമ്പര്യമുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻപിടിക്കുമ്പോൾ എന്തക്രമവും അഴിച്ചുവിടപ്പെടുമെന്നതാണവസ്ഥ. പോരെങ്കിൽ 1959ലെ “വിമോചനസമര’ത്തിന് നേതൃത്വം നൽകിയ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യപ്രചാരകയായി നിറഞ്ഞുനിൽക്കുന്നുമുണ്ടായിരുന്നു.

മുസ്ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ പൊലീസ് ഭരണത്തിൽ ഭരണകക്ഷിക്കാരായ അക്രമികൾക്ക് സംരക്ഷണം ഒരുക്കലായിരുന്നു അന്ന് പൊലീസിന്റെ കൃത്യനിർവഹണം. അങ്ങനെ ഭരണകക്ഷിക്കാർ പൊലീസ് പിൻബലത്തിൽ നടത്തിയ ആക്രമണത്തിലാണ്, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സെപ്തംബർ 14ന് കണ്ണൂർ ജില്ലയിലെ രാമന്തളി പഞ്ചായത്ത് പ്രസിഡന്റും സ്വാതന്ത്ര്യസമര സേനാനിയുമായ ഒ കെ കുഞ്ഞിക്കണ്ണൻ രക്തസാക്ഷിയായത്. സെപ്തംബർ 17ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഐ എമ്മിന്റെയും പാർടിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെയും പ്രവർത്തനങ്ങളെ അലങ്കോലപ്പെടുത്തുകയും അക്രമമഴിച്ചുവിട്ട് വോട്ടർമാരിൽ ഭീതിപടർത്തുകയും ചെയ്യുകയെന്ന, വിമോചനസമരാനന്തരം നടന്ന തിരഞ്ഞെടുപ്പിലെ തന്ത്രം തന്നെ പയറ്റുന്നതിനുള്ള കോൺഗ്രസ് – കുറുമുന്നണി ഗൂഢാലോചനയാണ് ഒ കെ കുഞ്ഞിക്കണ്ണനെപോലെ ഒരു ജനനേതാവിന്റെ കൊലപാതകത്തിലൂടെ നടപ്പാക്കപ്പെട്ടത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നിയോജകമണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥിയായ എ വി കുഞ്ഞമ്പുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പൂച്ചാലിൽ നിന്നും ഏട്ടിക്കുളത്തേക്കു പോകുകയായിരുന്ന ജാഥയെ സെപ്തംബർ 12ന് ഏട്ടിക്കുളത്തുവെച്ച് ലീഗ്‌ ഗുണ്ടകൾ കടന്നാക്രമിച്ചു; ജാഥയിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് സെപ്തംബർ 13ന് രാമന്തളിയിൽനിന്ന് പുറപ്പെട്ട സിപിഐ എം പ്രകടനത്തിനുനേരെ ഏട്ടിക്കുളം കോട്ടയിൽ പള്ളിക്കു സമീപംവെച്ച് ആയുധധാരികളായ ലീഗ്‌ ഗുണ്ടകൾ നടത്തിയ ആക്രമണ ത്തിലാണ് പ്രകടനം നയിച്ചിരുന്ന രാമന്തളി പഞ്ചായത്തു പ്രസിഡന്റ് ഒ കെ കുഞ്ഞിക്കണ്ണൻ കൊല്ലപ്പെട്ടത്. ലീഗുകാർ നടത്തിയ ആസൂത്രിതമായ ആക്രമണത്തിൽ പയ്യന്നൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി പി നാരായണൻ, പയ്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സുബ്രഹ്മണ്യ ഷേണായി തുടങ്ങി നിരവധി സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഗു രുതരമായി പരിക്കേൽക്കുകയുമുണ്ടായി.

മാരകമായി പരിക്കേറ്റ ഒ കെ കുഞ്ഞിക്കണ്ണനെ ഉടൻ തന്നെ കണ്ണൂർ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെപ്തംബർ 14ന് രാവിലെ 7.10ന് അന്തരിക്കുകയാണുണ്ടായത്. ലീഗ്‌ ഗുണ്ടകൾ കമ്പിപ്പാര കൊണ്ടടിച്ച് ഒ കെ യുടെ സർവ സന്ധികളും തകർത്തിരുന്നു. നെഞ്ചിലും തലയ്ക്കുമെല്ലാം ഏറ്റ മാരകമായ പരിക്കുകളാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. വിദ്യാർഥിയായിരുന്നപ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെ ടുത്ത് സജീവ രാഷ്ട്രീയത്തിലേക്കു കടന്നുവന്നയാളാണ് ഒ കെ കുഞ്ഞിക്കണ്ണൻ. ആ കാലത്തെ മറ്റു പല നേതാക്കളെയും പോലെ ഒ കെയും കോൺഗ്രസിലൂടെയാണ് കമ്യൂണിസ്റ്റു പാർടിയിലെത്തിയത്. രാമന്തളിയിൽ കമ്യൂണിസ്റ്റു പാർടി കെട്ടിപ്പടുത്തവരിൽ മുൻനിരയിലായിരുന്ന ഒ കെ പാർടി പിളർപ്പിനെത്തുടർന്ന് സിപിഐ എമ്മിന്റെ നേതാവായി. രാമന്തളി പഞ്ചായത്തു പ്രസിഡന്റായിരുന്ന ഒ കെ ആ പ്രദേശത്തെ ജനങ്ങളുടെയാകെ പ്രിയപ്പെട്ടവനായിരുന്നു. കൊല്ലപ്പെടുമ്പോൾ ഒ കെ ക്ക് 58 വയസ്സ്. 9 മക്കളുടെ പിതാവായിരുന്നു.

കുടികിടപ്പവകാശം സംരക്ഷിക്കാൻ രക്തസാക്ഷിയായ കുഞ്ഞാതു
തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് ചെറുവത്താണിയിലെ കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു കുഞ്ഞാതു. സിപിഐ എമ്മിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും തീരുമാനപ്രകാരം കുടികിടപ്പുകാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലായിരുന്നു കുഞ്ഞാതു. ഉശിരനായ ആ പോരാളിയെ, സമരസഖാവിനെ ഇരുളിന്റെ മറവിൽ ഭൂപ്രമാണിമാരുടെ ദല്ലാളുകളും ഒറ്റുകാരുമായ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെ യും ഗുണ്ടകൾ 1970 ആഗസ്ത് 21നാണ് കുത്തിക്കൊലപ്പെടുത്തിയത്. 1967ലെ ഐക്യമുന്നണി ഗവൺമെന്റ് ഭൂപരിഷ്കരണനിയമം പാസാ ക്കിയെങ്കിലും ആ ഗവൺമെന്റ് അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ഭൂപരിഷ്കരണ നിയമത്തെത്തന്നെ അട്ടത്തുവെയ്ക്കാനും മിച്ചഭൂമി തിരിമറി നടത്താനും വ്യാപകമായ നീക്കങ്ങൾ ആരംഭിച്ചു. “വിമോചന സമര’ത്തിലെ ഇരുണ്ടശക്തികൾ‐ – കോൺഗ്രസും കേരള കോൺഗ്ര സും‐ – പിന്തുണ നൽകുന്ന ഗവൺമെന്റ് അധികാരത്തിൽ വന്നതിന്റെ ഹുങ്കിൽ ജന്മിമാർ വ്യാപകമായി കുടിയൊഴിപ്പിക്കാൻ തുടങ്ങി. ഇതേത്തുടർന്ന് 1969 ഡിസംബർ 13ന് ആലപ്പുഴയിൽ ചേർന്ന കർഷ‐കർഷകത്തൊഴിലാളി സമ്മേളനം 1970 ജനുവരി 1 മുതൽ കുടികിടപ്പവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കാൻ തീരുമാനിച്ചു.

1970 ജനുവരി ഒന്നിനാരംഭിച്ച സമരത്തിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളിലായി ഒന്നരലക്ഷം ആളുകളാണ് കേരളത്തിലുടനീളം കുടികിടപ്പവകാശം സ്ഥാപിച്ചെടുത്തത്. പൊലീസിന്റെയും ഗുണ്ടകളുടെയും കൊടിയമർദനം നേരിട്ടാണ് കുടികിടപ്പവകാശം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞത്. മാസങ്ങൾ നീണ്ടുനിന്ന ഐതിഹാസികമായ ആ പോരാട്ടത്തിൽ നിരവധിപേർ രക്തസാക്ഷികളായി. മിച്ചഭൂമി പിടിച്ചെടുക്കലും പത്ത് സെന്റ് വളച്ചുകെട്ടലും മാത്രമല്ല, കുടികിടപ്പവകാശം സംരക്ഷിക്കുന്നതിനായി അപേക്ഷ കൊടുത്ത് അതു നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഈ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. കുടികിടപ്പവകാശം സംരക്ഷിക്കാനുള്ള ഐതിഹാസികമായ ആ പോരാട്ടത്തിന്റെ ഭാഗമായി ജന്മി ഗുണ്ടകളായ ലീഗ് കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായതാണ് ചെറുവത്താണിയിലെ സ. കുഞ്ഞാതു.

– 1970 ആഗസ്ത് 21ന് രാത്രി ചെറുവത്താണിയിലെ ഒരു സഖാവിന്റെ വീട്ടിൽ കുടികിടപ്പ് അപേക്ഷാഫോറം പൂരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കാളിയോട്ടിൽ പരീക്കുട്ടി ഹാജി എന്നയാളുടെ മകൻ കുഞ്ഞിമുഹമ്മദ് വന്ന് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കുഞ്ഞാതുവിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി; കുറച്ചകലെ വച്ച്, കാത്തുനിന്നിരുന്ന ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്. കുഞ്ഞാതുവിനെ കുത്തിക്കൊലപ്പെടുത്തിയ വിവരം റിപ്പോർട്ടു ചെയ്യാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഐ എം പ്രവർത്തകരെ പൊലീസ് മർദിച്ച് ലോക്കപ്പിലടച്ചു. കൊല്ലപ്പെട്ട കുഞ്ഞാതുവിന്റെ മകൻ ഹസ്സനെയും ലോക്കപ്പിലിട്ട് മർദിക്കുകയുണ്ടായി. 50 വയസ്സുകാരനായ കുഞ്ഞാതുവിന് 5 പെൺമക്കളും ഒരു മകനും ഭാര്യയുമുണ്ടായിരുന്നു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 2 =

Most Popular