ഭാഗം 1
ഏതൊരു പൗരസമൂഹത്തിനും അവർ അർഹിക്കുന്ന ഭരണകൂടത്തെയും അതിന് അനുസൃതമായ നീതിന്യായ – നിയമനിർവഹണ – ക്രമസമാധാനപരിപാലന സംവിധാനത്തെയും ലഭിക്കുന്നു. ഒരു സർക്കാർ അത് പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. സർക്കാർ കൃത്യമായ നിയമസംവിധാനങ്ങളും കാര്യക്ഷമതയും ഇല്ലാത്തതും അഴിമതി നിറഞ്ഞതും അടിച്ചമർത്തൽ നയം സ്വീകരിക്കുന്നതുമാണെങ്കിൽ ആ സംവിധാനം ജനങ്ങളുടെ ക്രിയാശേഷിയെ ശോഷിപ്പിക്കുകയും നാടിന്റെ വികസനത്തെ നിശ്ചലമാക്കുകയും ചെയ്യും. അത്തരം അവസ്ഥയിൽ പൊലീസിന്റെ പ്രവർത്തനം പ്രതിലോമകരമാവുന്നു. അങ്ങനെയാവുമ്പോൾ പ്രതിഷേധങ്ങൾക്കും പരിഷ്കരണങ്ങൾക്കും മുന്നിട്ടിറങ്ങാനുള്ള താല്പര്യം ജനങ്ങളിലുണ്ടാവാതിരിക്കുകയും സ്വാവഭാവികമായും സമൂഹത്തിൽ നിശ്ചലാവസ്ഥ സംജാതമാവുകയും ചെയ്യും. അതേസമയം ജനങ്ങൾ കൃത്യമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ അർഹിക്കുന്ന തരത്തിലുള്ള ഭരണസംവിധാനത്തെ സൃഷ്ടിക്കുവാനും വിവിധ മേഖലകളിലെ പുരോഗതിയ്ക്ക് സംരക്ഷണം നൽകുന്ന തരത്തിലുള്ള പൊലീസ് സംവിധാനത്തെ രൂപപ്പെടുത്തുവാനും കഴിയുന്നു. സർക്കാർ എന്നത് സമൂഹത്തിന്റെ സൃഷ്ടിയാണ്. പൊലീസ് എന്നത് സർക്കാരിന്റെ ഒരു ഘടകമെന്ന നിലയിൽ സമൂഹത്തിന്റെയും സർക്കാരിന്റെയും സൃഷ്ടിയാണ്.
പൊലീസിന്റെ പ്രവർത്തനങ്ങൾ ഭരണകൂടത്തിന്റെ സ്വഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയ പ്രകടനങ്ങളും പൊലീസ് കർശനമായി നിയന്ത്രിക്കുകയും കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ മുന്നോടിയെന്ന നിലയിൽ ബലപ്രയോഗത്തിന്റെ മാർഗം അവലംബിക്കുകയും ചെയ്താൽ അതൊക്കെ ജനാധിപത്യ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാവുകയില്ല. മതാധിഷ്ടിത സന്നദ്ധ സേനകളുടെ റൂട്ട് മാർച്ചുകളും പഥസഞ്ചലനങ്ങളും ജനാധിപത്യ സംസ്കാരത്തിന് ഭീഷണിയാണ് എന്നതുപോലെതന്നെ പാതിരാനേരങ്ങളിൽ ബൂട്ടടി ശബ്ദവും പൊലീസ് റെയ്‌ഡുകളുമൊക്കെ ഉണ്ടാവുകയാണെങ്കിൽ അത് അടിച്ചമർത്തൽ ഭരണത്തിന്റെ പ്രതിഫലനങ്ങളാണ്.
പൊലീസ് സേന അവരുടെ ജോലി അക്രമരഹിതമായും സുതാര്യമായും ജനസൗഹൃദപരമായും ചെയ്യുമ്പോൾ സാധാരണക്കാർക്ക് തങ്ങളുടെ ആവലാതികളും പരാതികളുമായി പൊലീസിനെ സമീപിക്കുവാൻ മടിയുണ്ടാവില്ല. അത്തരം സാഹചര്യം സ്വതന്ത്രവും ശാന്തവുമായ രാഷ്ട്രീയ സാമൂഹിക ജീവിത പരിതഃസ്ഥിതിയുടെ പ്രതിഫലനമാണ്. സർക്കാരിന്റെ സ്വഭാവവും പൊലീസ് പ്രവർത്തനങ്ങളുടെ സ്വഭാവവും പരസ്പരബന്ധിതമാണ്. സർക്കാരിന്റെ ഭരണപ്രവർത്തനങ്ങളും പൊലീസ് ക്രമസമാധാന പരിപാലനവും സുതാര്യമായിരിക്കണമെന്നത് ഒരു ജനാധിപത്യ വ്യവസ്ഥയിലെ പൗരസമൂഹത്തിന്റെ പ്രധാനപ്പെട്ടവയാണ്.
അടിസ്ഥാന ആവശ്യങ്ങളിന്മേൽ നിയമങ്ങളും സർക്കാർ നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കേണ്ടത് പൊലീസാണ്. നിയമങ്ങളും ചട്ടങ്ങളുമാണ് സർക്കാർ പ്രവർത്തനങ്ങളുടെ മാർഗരേഖ. നിയമവാഴ്ചയാണ് പരമപ്രധാനം.
സർക്കാരിന്റെ ക്രമസമാധാനനയം നടപ്പിലാക്കിയെടുക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ തീർച്ചയായും പൊലീസ് എന്നത് സർക്കാരിന്റെ ഭാഗമാണ്, സർക്കാരിന്റെ പ്രവർത്തനങ്ങളുടെ മുഖമാണ്, നിയമവാഴ്ച നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്തുതന്നെയായാലും സർക്കാരിനെയും അതിന്റെ പൊലീസിനെയും വേർപെടുത്തിക്കാണാനാവില്ല.
ജനാധിപത്യസംവിധാനത്തിൽ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് കാലാനുസൃതമായി മാറിമാറി വരുന്ന സർക്കാരുകളാണ്. ഭരണകൂടത്തിന്റെ പ്രകൃതവും സർക്കാരിന്റെ സ്വഭാവവും തമ്മിൽ വ്യത്യാസങ്ങളുണ്ടാവുക സ്വഭാവികം. ഭരണകൂടത്തിന്റെ പരിണാമദശയിൽത്തന്നെ അതിന്റെ ഒരു പ്രധാന അവയവംപോലെ രൂപംകൊണ്ട് വികസിച്ചുവരുന്ന പൊലീസ് സംവിധാനത്തിന് കാലാനുസൃതമായി സ്ഥാപിക്കപ്പെടുന്ന സർക്കാരുമായി വേർപെടുത്താൻ കഴിയാത്തതരം ബന്ധം ഉണ്ടാവുന്നു. ഭരണകൂടത്തിന്റെ ഭാഗമായ പൊലീസ് എന്നത് ഭരണകൂടത്തെ പ്രയോഗവത്കരിക്കുന്ന സർക്കാരിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുമ്പോൾ പൊലീസിന്റെ പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽനിന്ന് അനുഭവപരമായി ആർജിച്ചെടുക്കുന്ന മാറ്റങ്ങളും പ്രകടമാകുന്നു. അനുഭവപരമായ മാറ്റങ്ങൾ സർക്കാരിന്റെയുംപൊലീസിന്റെയും പ്രവർത്തനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് പ്രതിഫലിക്കുക. അനുഭവപരമായ മാറ്റങ്ങളെ പ്രയോഗവത്കരിക്കുമ്പോൾ പൊലീസിന്റെ സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ പൗരസമൂഹം തിരിച്ചറിയണം.
സർക്കാരിന്റെ പല ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണല്ലോ പൊലീസ്. തീർച്ചയായും പൊലീസ് എന്നത് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ഉപകരണമാണ്.
ധാർമിക മൂല്യങ്ങൾക്കും മാനവികതയ്ക്കും ഇടംനൽകാതെ ക്രോഡീകൃതമായ നിയമങ്ങൾക്കുള്ളിൽനിന്ന് മാത്രം പൊലീസ് പ്രവർത്തിക്കുകയാണെങ്കിൽ അത് സർക്കാരിന്റെ മാനുഷികമൂല്യ നിരാകരണത്തെയും കാർക്കശ്യത്തെയും ഏകപക്ഷീയതയെയും പ്രതിഫലിപ്പിക്കും. രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ജനകീയ അഭിലാഷങ്ങൾക്കും വിലകല്പിക്കുന്ന സർക്കാരാണ് ഭരണത്തിലുള്ളതെങ്കിൽ സ്വാഭാവികമായും പൊലീസും അതിനനുസൃതമായി നിലകൊള്ളണം. അതേസമയം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടിക്രമങ്ങളിൽ വൈയക്തിക അവകാശങ്ങളെ മറികടക്കുവാനും ആവശ്യമെങ്കിൽ ബലപ്രയോഗവും കായികശേഷിയും പ്രയോഗിക്കുവാനും പൊലീസിന് കഴിയണം.
സർക്കാരിന്റെയും പൊലീസിന്റെയും സ്വഭാവത്തിൽ നിയമങ്ങളോടുള്ള ആവശ്യമായ പ്രതിപത്തിയോടൊപ്പം ധാർമിക മൂല്യങ്ങൾക്കുകൂടി ഇടംനല്കുന്നുവെങ്കിൽ അവിടെ ജനാഭിലാഷം നിർവ്വഹിക്കപ്പെടുകയും സൗഹാർദ്ദപരമായ സാമൂഹിക അന്തരീക്ഷം സംജാതമാവുകയും ചെയ്യും. എന്തായാലും സർക്കാരിനും സർക്കാരിന്റെ ഏജൻസിയായ പൊലീസിനും പ്രവർത്തന സ്വഭാവവുമായി ബന്ധപ്പെട്ട് ഒന്നിന് മറ്റതിൽനിന്ന് വ്യത്യസ്തമായി, സ്വതന്ത്രമായി വികസിക്കാൻ സാധ്യമല്ല.
വികസനത്തിന്റെ പല മേഖലകളിലും കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നും വളരെ മുന്നിലാണല്ലോ. ഏറെ ചർച്ച ചെയ്യപ്പെട്ട ‘കേരള വികസന മാതൃക’യുടെ കാര്യത്തിൽ ഇവിടുത്തെ വികസന പ്രക്രിയയോട് കേരളത്തിലെ ജനകീയ സർക്കാരുകളുടെ ക്രമസമാധാന നയം എപ്രകാരം ചേർന്നുപോകുന്നുവെന്നുള്ളത് പരിശോധന അർഹിക്കുന്ന കാര്യമാണ്. പൊലീസ് ഭരണ സംവിധാനത്തിന്റെ കാര്യത്തിലും കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ രാജ്യത്തിന് ഒരു ബദൽ വിചിന്തനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഒന്നാം ഇ എം എസ് സർക്കാരിന്റെ പൊലീസ് നയം
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ പൊലീസ് നയം കേരളത്തിൽ തുടർന്നുള്ള കാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകൾക്കുമാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാന സർക്കാരുകൾക്കും മാതൃകയായി മാറി. കേരളത്തിൽ തുടർന്നുള്ള നാളുകളിൽ മാറിമാറി വന്ന സർക്കാരുകൾ ഒന്നാം കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വസർക്കാർ നടപ്പിലാക്കിയ പുരോഗമനപരമായ പൊലീസ് നയം പരിഷ്കരിച്ചതോ, വ്യതിചലിച്ചതോ ആയ രൂപത്തിലാണോ പിന്തുടർന്നത് എന്നത് വേറെ കാര്യം. എന്നാൽ, കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ആദ്യസർക്കാർ നടപ്പിലാക്കിയ പൊലീസ് നയം തുടർന്നുണ്ടായ സർക്കാരുകൾക്ക് മാർഗദർശകമായി വർത്തിച്ചു എന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല.
കേരളത്തിലെ പൊലീസ് സേനയെ ആധുനികവത്കരിക്കുകയും പുനഃസംഘടിപ്പിക്കുകയും നവീകരിക്കുകയും ചെയ്യാനും ഭരണകൂടത്തിന്റെയും വരേണ്യവർഗത്തിന്റെയും അടിച്ചമർത്തലിനുള്ള ഉപകരണം മാത്രം എന്ന അവസ്ഥയിൽനിന്ന് പൊലീസ് സേനയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കാനും ഒന്നാം ഇ എം എസ് നമ്പൂതിരിപ്പാട് സർക്കാരിന് കഴിഞ്ഞു. പൊലീസിനെ മർദ്ദകസേന എന്നതിൽനിന്നും ജനസൗഹൃദ സുരക്ഷാസേന എന്ന നിലയിലേയ്ക്ക് മാറ്റുവാൻ ഒന്നാം കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിന് കഴിഞ്ഞത് കേരളത്തിന്റെ പുരോഗതിയിലേക്കുള്ള ശ്രദ്ധേയമായൊരു ചുവടുവയ്പായിരുന്നു. പൊലീസ് സേനയുടെ അടിസ്ഥാനപരമായ സ്വഭാവത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാർ കൊണ്ടുവന്ന ഈ മാറ്റം കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുകയുണ്ടായി. തൽഫലമായി തൊഴിൽ തർക്കങ്ങൾ, കുടിയൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പൊലീസ് പുലർത്തിയ നിഷ്പക്ഷത അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ നിലനിൽപിന് സഹായകരമായി. ഒന്നാം ഇ എം എസ് സർക്കാർ നടപ്പിലാക്കിയ പൊലീസ് നയം ക്രമസമാധാനവും നീതിനിർവ്വഹണവുമൊക്കെ ജാതി- മത- വർണ- വർഗ- പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി മുഴുവൻ ജനങ്ങൾക്കും തുല്യമായ രീതിയിൽ ബാധകമാണ് എന്ന പുരോഗമനപരവും ക്രിയാത്മകവുമായ സന്ദേശം സാമാന്യ ജനവിഭാഗങ്ങളിലെത്തിക്കുന്നതിന് കഴിഞ്ഞു. കേരളത്തിൽ അക്കാലത്തും തുടർന്നുള്ള നാളുകളിലുമുണ്ടായ വളർച്ചയുടേയും വികസന പ്രവർത്തനങ്ങളുടെയും അടിസ്ഥാന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ഇത് വർത്തിച്ചു.
കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളുടെയും പൊലീസ് നയത്തിന്റെയും സവിശേഷതകൾ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിക്കുക വളരെ പ്രസക്തമായ കാര്യമാണ്. ഈ സംഗതി വിശകലനം ചെയ്യുന്നതിനുമുന്പ് നമ്മൾ അടിസ്ഥാനപരമായ ഒരു ചോദ്യം ഉന്നയിക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും വേണം.
തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങൾ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന സമരങ്ങളോടും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളോടും പ്രക്ഷോഭ സമരങ്ങളോടുമുള്ള ഒരു ജനകീയ സർക്കാരിന്റെ സമീപനം എന്തായിരിക്കണം എന്നതാണ് ചോദ്യം.
കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നയുടൻ, തൊഴിലുടമകളും തൊഴിലാളികളും ഭൂവുടമകളും കുടിയാന്മാരും,കടക്കാരും പണമിടപാടുകാരും, വിദ്യാർത്ഥികളും-അധികാരികളുമൊക്കെ തമ്മിലുള്ള തർക്കങ്ങളിൽ പൊലീസിന് നീതിയുക്തമായി ഇടപെടുന്നതിന് അനുയോജ്യമായ രീതിയിൽ ജനപക്ഷ സമീപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു പുതിയ പൊലീസ് നയം'(New Police Policy) പ്രഖ്യാപിച്ചു. 1957 ജൂലൈ 23 ലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു: മുമ്പു മുതൽക്കേ മനസ്സിലാക്കിയതുപോലെ പോലീസിന്റെ പങ്ക് രണ്ടാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഒന്നാമതായി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും സാമൂഹിക വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും സമൂഹത്തെ സഹായിക്കുക; രണ്ടാമതായി, ചില ജനാധിപത്യ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും അടിച്ചമർത്തുന്നതു വഴി രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വികസനം തടയുക. ആദ്യത്തേത് നിലനിർത്തിക്കൊണ്ടുതന്നെ പോലീസിന്റെ പിന്നീടുള്ള പങ്ക് നിയന്ത്രിക്കപ്പെടേണ്ടതുണ്ടായിരുന്നു.
പണിമുടക്കുകളെയും മറ്റു തൊഴിലാളികളുടെ പ്രവർത്തനങ്ങളെയും കുറിച്ച് ഇഎംഎസ് പറഞ്ഞു: “മുൻകാലങ്ങളിൽ തൊഴിലാളികളുടെയും കർഷകരുടെയും പരാധീനതകളും അസ്വാസ്ഥ്യങ്ങങ്ങളുമൊക്കെ പ്രക്ഷോഭങ്ങളിലേക്കോ പണിമുടക്കുകളിലേക്കോ നയിക്കുന്ന ചെറിയ സൂചനകൾ കാണുമ്പോൾ പോലും പോലീസിനെ ഉപയോഗിച്ച് തുടങ്ങിയത് മുൻസർക്കാരുകളുടെ രീതിയാണ്. തൊഴിലുടമകൾ, ഭൂഉടമകൾ, പ്രമാണിമാർ തുടങ്ങിയവരുടെ ചൂഷണത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ജനദ്രോഹപരമായ അടിച്ചമർത്തൽ നടപടികൾ ആരംഭിക്കുകയും ലാത്തിച്ചാർജും വെടിവെപ്പും നടത്തുകയും ഒക്കെ ചെയ്തിരുന്നു. പോലീസിൻറെ അടിച്ചമർത്തൽ രീതികൾ നിയമവാഴ്ചയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. മുതലാളി വർഗ്ഗവും പ്രമാണിമാരും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കനുകൂലമായി പോലീസിനെ ഉപയോഗിക്കുന്നത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന കാഴ്ചപ്പാട് പുലർത്തുക”.
ഈ നയം ഒരു പരിധിവരെ കേരളത്തിന്റെ സമഗ്ര വികസനത്തിന് കാരണമായി തീർന്നു. എന്തെന്നാൽ അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് കുടികിടപ്പുകാരും കുടിയാന്മാരും തൊഴിലാളികളും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് ഭാഗികമായോ ചിലപ്പോൾ പൂർണമായോ ബോധവാന്മാരായിതീർന്നു. ഇത് ചൂഷണത്തെ നേരിടാനും ചെറുക്കാനും ഭൂപ്രഭുക്കൾ, മുതലാളിമാർ, സർക്കാർ അധികാരികൾ തുടങ്ങിയവരുടെ അടിച്ചമർത്തലിനെതിരെ ജനകീയ പ്രതിരോധനിര കെട്ടിപ്പടുക്കുവാനും സഹായകരമായി.
തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളുടെയും കർഷക പ്രശ്നങ്ങളുടെയും മറ്റു പൊതുപ്രവർത്തനങ്ങളുടെയും ഭാഗമായി ഉണ്ടാകാവുന്ന സംഘർഷങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്രിമിനൽ കേസുകളും കുറ്റവാളികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടേതായിട്ടുള്ള ക്രിമിനൽ കേസുകളും ഒരേപോലെ കണക്കാക്കേണ്ടതുണ്ടോ എന്നതായിരുന്നു കാതലായ പ്രശ്നം. ഈ പ്രശ്നത്തിന് പ്രഥമ പരിഗണന കൊടുത്തുകൊണ്ടാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉണ്ടായ കേരളത്തിലെ ആദ്യ ജനകീയ സർക്കാർ പോലീസ് നയം രൂപപ്പെടുത്തിയത്.
കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ കേരളത്തിൽ രൂപീകരിച്ച ആദ്യ സർക്കാരിന്റെ നയങ്ങളും പരിപാടികളും പാർട്ടിയുടെ പ്രത്യയശാസ്ത്ര പരിഗണങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഭരണപരമായ മറ്റുപല കാര്യങ്ങളിലുമെന്നപോലെ പൊലീസ് നയത്തിന്റെ കാര്യത്തിലും ആ സർക്കാർ ഒരു തത്വാധിഷ്ഠിത സമീപനമാണ് സ്വീകരിച്ചത്. സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബഹുജന സംഘടനകൾക്കും സമിതികൾക്കും വ്യക്തികൾക്കും ഒക്കെ പൊതുപ്രവർത്തനം സമാധാനപരവും നിയമാനുസൃതവുമായ രീതിയിൽ നടത്താൻ അവകാശമുണ്ട് എന്നതാണ് സമീപനത്തിന്റെ സാരം. “അവരുടെ പൊതുപ്രവർത്തനങ്ങളുടെ ഭാഗമായി നിയമപരമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ തീർച്ചയായും അത്തരം കാര്യങ്ങൾ സാധാരണ കുറ്റകൃത്യങ്ങൾ എന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യും. എന്നാൽ അവരുടെ കേസുകൾ സാധാരണ ക്രിമിനൽ കുറ്റവാളികളുടേതിൽനിന്നും വ്യത്യസ്തമായ രീതിയിൽ പരിഗണിക്കപ്പെടും. ഈ നയസമീപനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ രീതികൾ സ്വീകരിച്ചു. അപ്രകാരം തൊഴിൽ തർക്കങ്ങളിലും കർഷക പ്രശ്നങ്ങളിലും മറ്റു സമാന തർക്കങ്ങളിൽ നിന്നുമൊക്കെ ഉയർന്നുവരുന്ന കേസുകൾ പിൻവലിക്കപ്പെടും. തർക്കം തീർപ്പാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട തടവുകാരെ വിട്ടയക്കും. അതിൽ തന്നെ, കൊലപാതകം തീവെപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ വിട്ടയയ്ക്കില്ല. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും കാർഷിക-തൊഴിൽ തർക്ക പ്രശ്നങ്ങളിലും മറ്റു ബഹുജന പ്രശ്നങ്ങളിലും ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും ഒരുപോലെ ബാധകമായിരുന്നു.
രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകൾ സാധാരണ കുറ്റകൃത്യങ്ങൾ പോലെ കൈകാര്യം ചെയ്യാൻ പാടില്ല എന്നത് ഇതേ നയത്തിന്റെ വകഭേദമാണ്. വ്യത്യസ്ത പ്രത്യയശാസ്ത്ര ധാരകളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും നിലനിൽക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് രണ്ട് കാര്യങ്ങൾ സംഭവിക്കുവാൻ സാധ്യതയുണ്ട്. പ്രതിപക്ഷ പാർട്ടികൾ നിയമത്തിന്റെ പരിധികൾ ലംഘിച്ച് പ്രക്ഷോഭ സമരം നടത്തുക എന്നുള്ളത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. അതുപോലെതന്നെ ഭരണകക്ഷിയും ഭരിക്കുന്നവരാൽ നിയന്ത്രിക്കപ്പെടുന്ന ഉദ്യോഗസ്ഥരും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ ഉപദ്രവിക്കുക എന്നതും സംഭവിക്കാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന കേസുകൾ സാധാരണ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലല്ല കൈകാര്യം ചെയ്യേണ്ടത്. ഒരിക്കൽ തെറ്റ് ചെയ്തവർ അത് തിരിച്ചറിഞ്ഞ് പിന്മാറിയാൽ നിയമനടപടികൾ ശക്തമാകില്ല. എന്നാൽ വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുന്നത് നടപടി ക്ഷണിച്ചു വരുത്തലാണ്. പ്രതിപക്ഷത്തെ ദ്രോഹിക്കാൻ ഭരണപക്ഷം നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കപ്പെടണം.
1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സർക്കാർ ഈ തത്വങ്ങൾ മുൻനിർത്തിയാണ് പുതിയ പോലീസ് നിയമം രൂപപ്പെടുത്തിയത്. ആ നയത്തിന്റെ കാതൽ, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെയോ അടിസ്ഥാന ജനവിഭാഗങ്ങളുടെ സമര പ്രവർത്തനങ്ങളെയോ മറ്റു ബഹുജന പ്രവർത്തനങ്ങളെയോ ഏതെങ്കിലും ബഹുജന സംഘടനയെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നടത്തുന്ന രാഷ്ട്രീയ സമരത്തെയോ അടിച്ചമർത്തുക എന്നത് പൊലീസിന്റെ ജോലിയല്ല എന്നതാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടുപിടിച്ച് ശിക്ഷയ്ക്കു വിധേയരാക്കുക എന്നതായിരുന്നു പൊലീസിന്റെ ജോലി. സാധാരണ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോൾ തൊഴിൽ തർക്കങ്ങളും മറ്റ് സിവിൽ തർക്കങ്ങളും പരിഹരിക്കുന്നതിന് അവയുമായി ബന്ധപ്പെട്ട സർക്കാരിന്റെ വകുപ്പുകൾക്ക് വിട്ടുകൊടുക്കുക എന്ന നയം സ്വീകരിക്കപ്പെട്ടു. പൊലീസ് അത്തരം സമരങ്ങളുടെ തീർപ്പ് ഏറ്റെടുക്കുന്ന പ്രവണത ഉപേക്ഷിക്കപ്പെട്ടു. തൊഴിലാളി കർഷക സമരങ്ങളുടെയും ബഹുജന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും കാര്യത്തിൽ അത്തരം സമരങ്ങൾ സാമൂഹ്യസുരക്ഷയ്ക്ക് ഭീഷണിയായും ക്രമസമാധാന ലംഘനത്തിലേയ്ക്കും അക്രമ പ്രവർത്തനങ്ങളിലേക്കും മറ്റും എത്തിപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ പൊലീസ് ഇടപെടുവാൻ പാടുള്ളൂ.
ഇപ്പറഞ്ഞ പോലീസ് നയം എളുപ്പത്തിൽ നടപ്പിലാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണെന്ന് കേരളത്തിലെ ആദ്യ ജനകീയ സർക്കാർ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ നയത്തിന് ഭരണഘനാനുസൃതമായി നിയമരാഷ്ട്രീയ പ്രായോഗിക തലങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ നയം നടപ്പിലാക്കുമ്പോൾ ഉയർന്നു വരാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണവും പഠനവും അനിവാര്യമായിരുന്നു. ബഹുജന സംഘടനകൾക്കും രാഷ്ട്രീയപാർട്ടികൾക്കും സ്വതന്ത്രമായി പ്രക്ഷോഭ സമരങ്ങൾ നടത്താനുള്ള അവകാശം തടയാതെ, കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിക്കുന്ന ഒരു ക്ഷേമ രാഷ്ട്രത്തിൽ മാത്രമേ ഒരു ജനാധിപത്യ ഭരണസംവിധാനം ഫലപ്രദമായി വിജയിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ പോലീസ് നയം ഇന്ത്യയിലെ ഇതര സംസ്ഥാന സർക്കാരുകൾക്ക് മാതൃകയും വഴികാട്ടിയുമായി വർത്തിക്കുകയുണ്ടായി.
ഒന്നാം ഇഎംഎസ് സർക്കാർ ആവിഷ്കരിച്ച പുതിയ പോലീസ് നയം നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്താനും പൊലീസ് സേനയുടെ നവീകരണത്തിനുള്ള നിർദ്ദേശങ്ങളും ശുപാർശകളും സമർപ്പിക്കാനും വേണ്ടി സർക്കാർ കേരളത്തിലെ ആദ്യ പോലീസ് പുനഃസംഘടന കമ്മീഷൻ രൂപീകരിച്ചു. എൻ സി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ കമ്മീഷൻ ആയിരുന്നു അത്. (സി പി ഐ എമ്മിന്റെ ലോക്‌സഭാ നേതാവും ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റർജിയുടെ പിതാവായിരുന്നു എൻ സി ചാറ്റർജി). സംസ്ഥാന പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തനങ്ങളിലും സമ്പൂർണ്ണമായ മാറ്റത്തിനും പുനഃസംഘടനയ്ക്കുമുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവച്ചു. ചാറ്റർജി കമ്മീഷൻ പൊലീസിനെ ഒരു സേവനമേഖലയായി പരിഗണിച്ചു. പൊലീസ് ബറ്റാലിയനുകൾ ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ചാറ്റർജി കമ്മീഷന്റെ സമീപനം എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വ സർക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണം അവലോകനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ‘ന്യൂ ഏജി’ൽ എഴുതിയ ലേഖനത്തിൽ സൂചിപ്പിച്ചു. ട്രേഡ് യൂണിയനുകളുടെയും കിസാൻ സഭകളുടെയും പ്രവർത്തനങ്ങളുടെ നേരെ പൊലീസിനെ ഉപയോഗിക്കുന്ന നാളിതുവരെയുള്ള പതിവ് അവസാനിപ്പിച്ചാൽ മാത്രം പോരാ. പൊലീസിന്റെ ശൈലിയിലും പ്രവർത്തനങ്ങളിലും സമൂലമായ മാറ്റം കൊണ്ടുവരികയാണ്. തീർച്ചയായും കർഷക യൂണിയനുകളുടെയും മറ്റു ബഹുജന സംഘടനകളുടെയും പെരുമാറ്റ ചട്ടവും അച്ചടക്കവുമായി ബന്ധപ്പെട്ട നിരവധി നിയമനിർമ്മാണ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. തൊഴിൽ തർക്കങ്ങളിലും ഭൂതർക്കങ്ങളിലും പൊലീസിന്റെ ഇടപെടൽ പരിമിതപ്പെടുത്തിയതിനാൽ സർക്കാർ നടപടികളിലും മാറ്റം വരുത്തി. ഈ ആശയത്തെ പ്രതിപക്ഷം, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ് പാർട്ടി രൂക്ഷമായി എതിർത്തു. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരണത്തിൽ മുഖ്യമന്ത്രി എഴുതിയ “മൂന്നുമാസത്തെ ജനകീയ ഭരണം’ എന്ന ലേഖനത്തിലെ ചില വാക്കുകൾ എടുത്ത് ഉദ്ധരിച്ചുകൊണ്ട് നിയമസഭയിൽ കോൺഗ്രസ് എംഎൽഎ ഇ. പി. പൗലോസ് സർക്കാർ പോലീസിനെ നിഷ്ക്രിയമാക്കുകയാണെന്ന് ആക്ഷേപിക്കുകയുണ്ടായി. പോലീസിന്റെ പ്രവർത്തനം എന്നത് പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകൽ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുക, പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോകുക തുടങ്ങിയവയാണ്. ക്രമസമാധാനത്തിന്റെ കാര്യത്തിൽ നമ്മൾ വലിയൊരു ദുരന്തത്തിന് വക്കിലാണ് എന്ന് ഞാൻ ഊന്നിപ്പറയുന്നു. എന്നാൽ ഓർക്കുക. കേന്ദ്രം അവിടെയുണ്ട്. കാര്യങ്ങൾ അങ്ങനെ തുടർന്നാൽ കേന്ദ്രം ഇടപെടും….’ ഈ രീതിയിലായിരുന്നു പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. തൊഴിൽ തർക്കങ്ങളിൽ ഇടപെടുന്നത് തൊഴിൽ വകുപ്പിന്റെ ചുമതലയാണ്, അത് പൊലീസിന്റെ ചുമതലയല്ലെന്ന സർക്കാർ നയംകൊണ്ട് ‘പൊലീസിന്റെ മനോവീര്യം കുത്തനെ ഇടിഞ്ഞു’ എന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണത്തെ ഇഎംഎസ് എതിർത്തു. പൊലീസിന്റെ നിഷ്പക്ഷത’ എന്ന നയം വരേണ്യവർഗ്ഗങ്ങൾക്ക് വളരെ അന്യമായിരുന്നു. തൊഴിൽ കാർഷിക തർക്കങ്ങളിൽ തങ്ങളുടെ കാര്യത്തിൽ പൊലീസിന്റെ അന്യായമായ അധികാരം അവർ ഉപയോഗിച്ചിരുന്നു. തൊഴിലുടമകളും അധ്വാനിക്കുന്നവരും തമ്മിലുള്ള തർക്കങ്ങളിൽ മുൻകാലങ്ങളിൽ ഭരണകൂടം ഉടമകൾക്കുവേണ്ടി നിലകൊണ്ട ശീലത്തിന് മാറ്റം കൊണ്ടുവരികയും, തർക്കങ്ങളിൽ നീതിയുക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാർ ആയതിനാലാണ് ഇ എം എസ് സർക്കാരിനെതിരെ തുടക്കത്തിൽ തന്നെ സ്ഥാപിതതാല്പര്യക്കാർ ക്രമസമാധാനഭംഗം എന്ന പുകമറ സൃഷ്ടിച്ചത്.
കേരളത്തിലെ ആദ്യ ജനകീയ ഗവൺമെന്റിന്റെ പുതിയ പൊ ലീസ് നയം പൊലീസിന്റെ വെറുക്കപ്പെട്ട പഴഞ്ചൻ ശൈലിയിൽ നിന്നും നവീനമായ പാതയിലേക്കുള്ള മഹത്തായ ചുവടുവെപ്പ് ആയിരുന്നു. ഒന്നാമതായി തങ്ങൾ ഒരു ജനാധിപത്യ ഭരണസംവിധാനത്തിന്റെ കൈകൾ ആണെന്നും അതിനാൽ മറ്റു ഭരണകൂട സംവിധാനങ്ങളെ പോലെ തന്നെ ജനങ്ങളുടെ സേവകരാണെന്നുംഉള്ള മനോഭാവവും മതിപ്പും പൊലീസുകാരിലും സൃഷ്ടിക്കപ്പെട്ടു തുടങ്ങി. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളോടുള്ള അവരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും അടിസ്ഥാനപരമായ മാറ്റം പ്രകടമായിത്തുടങ്ങി. ഇത് സാധാരണ ജനങ്ങളോട് അവർ മുമ്പ് പുലർത്തിയിരുന്ന ആധിപത്യ മനോഭാവത്തിന്റെ നേർവിപരീതമായിരുന്നു. മറ്റൊന്ന്, തൊഴിലാളി‐മുതലാളി, -കർഷക‐-ഭൂവുടമ തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത്തരം കേസുകളിൽ ക്രമസമാധാനത്തിന് ഭീഷണി ഉണ്ടാവുമെന്ന ഘട്ടത്തിൽ മാത്രമേ പൊലീസ് ഇടപെടൽ പാടുള്ളൂ എന്നതായിരുന്നു. ഈ നിർദ്ദേശങ്ങളെ സർവ്വാത്മനാ സ്വാഗതം ചെയ്ത സാധാരണക്കാർ പോലീസ് പണ്ടത്തെപ്പോലെ അടിച്ചമർത്തൽ കേന്ദ്രമായി തുടരില്ലല്ലോ എന്ന് ആശ്വസിച്ചു. അതേ കാരണത്താൽ തന്നെ ഭൂപ്രഭുക്കന്മാരും മുതലാളിമാരും മറ്റു നിക്ഷിപ്ത താല്പര്യക്കാരും പ്രകോപിതരായി. “നമ്മുടെ ആളുകളും സ്വത്തു വകകളും അപകടത്തിൽ’ എന്നതായിരുന്നു അവരുടെ മുറവിളി. അരക്ഷിതാവസ്ഥാ മുദ്രാവാക്യം ഉയർത്തിയ അന്നത്തെ പ്രതിപക്ഷ നേതാക്കൾ വരേണ്യ വർഗ്ഗത്തിന്റെ താൽപര്യ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു.
പുതിയ പൊലീസ് നയത്തിന്റെ പ്രഖ്യാപനം തന്നെ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു എന്ന കാര്യം ഇഎംഎസ് സൂചിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനം അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതികരണശേഷിയെ ഉത്തേജിപ്പിച്ചു. അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ബഹുജന സമരങ്ങൾക്ക് വലിയ പ്രചോദനം ലഭിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നത് വിവേകപൂർണമായ കാര്യമല്ല എന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നതാണ് ഗുണകരമെന്നും ഒട്ടേറെ ഭൂടമകളും മുതലാളിമാരും തിരിച്ചറിഞ്ഞു തുടങ്ങി.
സർക്കാർ സർവീസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുക എന്ന പേരിൽ നടത്തപ്പെട്ടിരുന്ന കുപ്രസിദ്ധമായ പൊലീസ് വെരിഫിക്കേഷൻകാര്യത്തിൽ കടുത്ത വിവേചനം നിലനിന്നിരുന്നു. അക്കാര്യത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ വിവേചനം ഇല്ലാതാക്കാൻ പുതിയ സർക്കാർ ശ്രമിച്ചത് വളരെയധികം പ്രശംസിക്കപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന മന്ത്രിസഭ അധികാരം ഏറ്റെടുക്കുകയും ഭരണപരമായ വിവിധ പ്രശ്നങ്ങൾ പരിശോധിച്ചു തുടങ്ങുകയും ചെയ്തപ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു ഹീനമായ കാര്യം കേന്ദ്രസർക്കാരിന്റെ ഈ ഒരു നിർദ്ദേശം ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുമായോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനയും ആയോ ബന്ധമുള്ള ഉദ്യോഗാർത്ഥികളെ അവർ എത്രമാത്രം യോഗ്യതയുള്ളവരാണെങ്കിലും യാതൊരു കാരണവശാലും അവരെ സർക്കാർ സർവീസിലേക്ക് റിക്രൂട്ട് ചെയ്യരുത് എന്നതായിരുന്നു ആ നിർദ്ദേശം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള വ്യക്തമായ വിവേചനം ആയിരുന്നു. എന്തെന്നാൽ കോൺഗ്രസുമായോ മറ്റു പാർട്ടികളുമായോ ബന്ധമുള്ളവർക്ക് നിയമനങ്ങളിൽ തടസ്സം ഉണ്ടായിരുന്നില്ല. കടുത്ത രാഷ്ട്രീയ വിവേചനം പുലർത്തുന്ന ഈ നിർദ്ദേശം ഇനിമേൽ പാലിക്കേണ്ടതില്ലെന്ന് ഇഎംഎസ് സർക്കാർ തീരുമാനിച്ചു. എന്നാൽ സ്ഥാപിത താല്പര്യക്കാരും വരേണ്യ വിഭാഗങ്ങളും ഇതിനെതിരെ മുറവിളി കൂട്ടി. കമ്യൂണിസ്റ്റുകാരും സർക്കാർ സേവനങ്ങളിൽ എത്തുന്നു എന്നതായിരുന്നു അവരുടെ മുറവിളി. അതെന്തായാലും സർക്കാർ സർവീസുകളിൽ റിക്രൂട്ട് ചെയ്യുന്നവരുടെ രാഷ്ട്രീയ അനുഭവവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന വിവേചനം നീക്കം ചെയ്തത് നിക്ഷിപ്തതാല്പര്യ ഗ്രൂപ്പുകൾ തെറ്റായി പ്രചരിപ്പിച്ചു.
കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാർ ദീർഘവീക്ഷണത്തോടുകൂടി ആവിഷ്കരിച്ച വിപ്ലവകരമായ ഭരണനടപടികൾ സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും അടിത്തറ പാകി. കേരളത്തിൽ നിലനിന്നിരുന്ന കടുത്ത അനീതികളും വിവേചനങ്ങളും ഭാഗികമായെങ്കിലും നീക്കംചെയ്യാൻ ആ സർക്കാരിന്റെ പുരോഗമനപരമായ പോലീസ് നയവും ക്രമസമാധാന പരിപാലനവും വലിയ പങ്കുവഹിച്ചു. നൂതനമായ ഭരണനയസമീപനങ്ങൾ ആവിഷ്കരിച്ചതുവഴി ഒന്നാം ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാർ കേരളത്തിൽ കാലങ്ങളായി നിലനിന്നിരുന്ന കടുത്ത സാമൂഹിക വിവേചനങ്ങളും അടിസ്ഥാന ജനവിഭാഗങ്ങൾ ഒന്നടങ്കം അനുഭവിച്ചിരുന്ന സാമ്പത്തിക ചൂഷണവും അസന്തുലിതാവസ്ഥയും തീവ്രവർഗ്ഗവൈരുദ്യങ്ങളും കുറയ്ക്കുന്നതിൽ ഒരു പരിധിവരെ വിജയിക്കുകയുണ്ടായി. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ഉണ്ടായ ആദ്യ സർക്കാർ സ്വതന്ത്ര കേരളത്തിൻറെ സാമൂഹിക സാമ്പത്തിക വികസനത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്തു. ♦