Saturday, November 23, 2024

ad

Homeനാടകംപെൺനടൻ - അഭിനയം .... ആത്മബലി

പെൺനടൻ – അഭിനയം …. ആത്മബലി

കോമളവല്ലി കെ വി

ച്ചിറ വേലുക്കുട്ടി ആശാൻ എന്ന 50 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ചു മരിച്ച മഹാനടന് അരങ്ങിൽ നൽകാൻ കഴിയുന്ന മഹത്തായ ആദരം. വാക്കും ദൃശ്യവുംകൊണ്ട് അരങ്ങിൽ പണിതുയർത്തുന്ന സ്മാരകം. അതാണ് ‘പെൺനടൻ’ എന്ന ഏകപാത്ര നാടകം. വേദികളിൽനിന്ന് വേദികളിലേക്ക് സന്തോഷ് കീഴാറ്റൂർ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ രചന നിർവ്വഹിച്ചത് സുരേഷ്ബാബു ശ്രീസ്ഥ. സംവിധാനവും ഏക കഥാപാത്രമായി പകർന്നാടുന്നതും സന്തോഷ് കീഴാറ്റൂർ തന്നെ. ഈ നാടകത്തിന്റെ ഓരോ കാഴ്ചയും നമ്മളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും. അതാണ് നാടകത്തെ മറ്റ് കലാരൂപങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും. നാടകം കൃത്യമായ രാഷ്ട്രീയം സംസാരിക്കും. മറ്റൊരു കലാരൂപത്തിനും ആർജിക്കാൻ കഴിയാത്ത ജനകീയത നാടകത്തിനുണ്ട്. സമൂഹത്തിൽ മാറ്റങ്ങൾ വിതയ്‌ക്കാൻ അതിനേ കഴിയൂ. കുമാരനാശാന്റെ കരുണയെ ഉപജീവിച്ച് വാഗ്‌ഭടാനന്ദന്റെ ഉത്തമ ശിഷ്യനായ സ്വാമി ബ്രഹ്മവ്രതൻ രചിച്ച കരുണ എന്ന നാടകവും അതിലെ വാസവദത്തയായി ഓച്ചിറ വേലുക്കുട്ടിയാശാന്റെ വേഷവും മലയാള നാടക ചരിത്രത്തിലെയും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെയും അവിസ്മരണീയമായ അദ്ധ്യായമാണ്. കേരളത്തിൽ നിലനിന്നിരുന്ന ബുദ്ധ-ജൈന സ്വാധീനവും അതിന്റെ സംസ്കാരവും പിൽക്കാലത്ത്‌ സമൂഹത്തെ വരിഞ്ഞുമുറുക്കിയ ജീർണ്ണാ ശയങ്ങളെ പ്രതിരോധിക്കുന്നതിൽ വഹിച്ച പങ്ക് വിളംബരം ചെയ്യുന്ന കൃതിയാണ് കരുണ. ആസക്തികളെ ആദർശം മറികടക്കുന്നതിന്റെ ആത്മീയാനുഭവം. ആശാനിലൂടെയും ബ്രഹ്മവ്രതനിലൂടെയും ഓച്ചിറ വേലുക്കുട്ടിയിലൂടെയും ആവിഷ്കരിക്കപ്പെട്ട ഒരു ആശയത്തെയാണ് സുരേഷ്ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേർന്ന് പെൺനടനിൽ ആശയ സമ്പുഷ്ടതയിലെത്തിക്കുന്നത്.

സ്ത്രീയായി വേഷമിടേണ്ടിവന്ന ഒരു മഹാനടന്റെ ജീവിതത്തിലെയും നാടകത്തിലെയും സംഘർഷഭരിതങ്ങളായ അനുഭവങ്ങളാണ് പാപ്പൂട്ടിയിൽക്കൂടി പെൺനടനിൽ സന്തോഷ് കീഴാറ്റൂർ ആടിത്തീർക്കുന്നത്. നാടകം കഴിയുമ്പോഴും ആ വലിയ നടനിൽനിന്ന് ഇറങ്ങിവരാൻ സന്തോഷ് പ്രയാസപ്പെടുന്നത് കാണാം. ഒരു നടന്റെ ആത്മസംഘർഷം അഗ്നിപർവ്വതംപോലെ തിളച്ചുമറിയുന്ന നിമിഷങ്ങൾക്ക് സദസ്സ് സാക്ഷിയാവും. പെൺനടനായും ആൺനടനായും സന്തോഷ് നിറഞ്ഞാടുന്ന നിമിഷങ്ങൾ. വ്യക്തിജീവിതം സമൂഹത്തിനും ജനങ്ങൾക്കും തീറ്റയായി കൊടുത്താൽ മാത്രമേ ഒരു യഥാർത്ഥ നാടകക്കാരന്റെ ജീവിതം സാർത്ഥകമാവൂ. പ്രതിഫലം പരാജയമാണെങ്കിൽ പോലും.

കുമാരനാശാന്റെ കൃതികളിലെ സ്ത്രീ കഥാപാത്രങ്ങളെയാണ് ഓച്ചിറ വേലുക്കുട്ടി അരങ്ങിൽ ആവിഷ്കരിച്ചത്. കരുണയിലെ വാസവദത്തയും നളിനിയിലെ നളിനിയും ലീലയിലെ ലീലയും ചണ്ഡാലഭിക്ഷുകിയിലെ മാതംഗിയും വേലുക്കുട്ടി ആശാന്റെ ഇഷ്ട കഥാപാത്രങ്ങളാണ്. ജീവിതത്തിലും നാടകത്തിലും സ്‌ത്രീകൾ അനുഭവിക്കുന്ന സങ്കടങ്ങളുടെകൂടി ആവിഷ്കാരമാണ് ഈ നാടകം. ഓച്ചിറ വേലുക്കുട്ടി പെൺനടനായി പകർന്നാടിയപ്പോൾ അനുഭവിച്ച എല്ലാ വ്യഥകളും പാപ്പൂട്ടിയിൽകൂടി സന്തോഷ് ജനങ്ങൾക്ക് അനുഭവവേദ്യമാക്കി. വേശ്യ എന്ന് സമൂഹം അപഹസിക്കുമ്പോഴും താൻ മനസ്സുകൊണ്ട് പ്രണയിക്കുന്ന ബുദ്ധ സന്ന്യാസിയായ ഉപഗുപ്തനെ പ്രാപിക്കാൻ വാസവദത്ത നടത്തുന്ന ശ്രമങ്ങൾ, തോഴിയോട് സമയമായില്ല എന്ന് ഉപഗുപ്തൻ പറയുന്നത്… എല്ലാം മനോഹരമായിട്ടാണ് സന്തോഷ് ആവിഷ്കരിച്ചിരിക്കുന്നത്. സ്ത്രീസൗന്ദര്യത്തെ അതിന്റെ വശ്യത ഒട്ടും ചോർന്നുപോകാതെ സന്തോഷ് അരങ്ങിൽ പൊലിപ്പിച്ചു. കഥാപാത്രത്തിൽനിന്ന് നടനെ അടർത്തിമാറ്റാൻ പറ്റാത്ത അവസ്ഥ. അത്രമാത്രം അതിൽ ഇഴുകിച്ചേർന്ന് കഴിഞ്ഞിരുന്നു സന്തോഷ്. നാടകത്തിനകത്തെ ജീവിതവും ജീവിതത്തിലെ നാടകവും.

നാടകം കഴിഞ്ഞ് വീട്ടിലെത്തുന്ന പാപ്പൂട്ടിക്ക് സ്ത്രീ ഗന്ധമാണെന്ന് പറഞ്ഞ് ഭാര്യ സരസ്വതി അധിക്ഷേപിക്കുന്നു. പാപ്പൂട്ടിയുടെ കഥാപാത്രത്തിന്റെ പട്ടുസാരിയുടുത്ത് അന്യപുരുഷന്റെ ഗന്ധംതേടി അവനോടൊപ്പം ശയിക്കുന്ന സരസ്വതിയെ കാണുന്ന നിസ്സഹായാവസ്ഥ. ഹൃദയം തകരുന്ന നിമിഷങ്ങളിൽ ‘പാപ്പൂട്ടീ…’ എന്ന അമ്മയുടെ ഒരു വിളി….. അത് മതി പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്.

താൻ പ്രണയിക്കുന്ന ശാരദയെ കാണുന്ന രംഗം, പ്രണയം തിരസ്കരിക്കപ്പെടുമ്പോൾ അനുഭവിക്കുന്ന ഹൃദയവേദന, എല്ലാം ഇമപൂട്ടാതെ സദസ്സ് നോക്കിയിരിക്കും. ഒടുവിൽ മറ്റൊരാളെ വിവാഹംചെയ്ത ശാരദയെക്കാണാൻ കൽക്കത്തയിലേക്ക് തീവണ്ടിയിൽ പോകുന്ന ഒരു രംഗം ഉണ്ട്. ആ യാത്രയിൽ അറിയാതെ നമ്മളും അനുഗമിച്ചുപോയികും. മാനസിക വിഭ്രാന്തിയുള്ള ശാരദയുടെ കുഞ്ഞിനെ ഒന്നെടുത്തോട്ടെ എന്ന് ചോദിക്കുന്ന രംഗം. കണ്ണുനനയാതെ ഒരു തുടർക്കാഴ്ച അസാദ്ധ്യമാക്കുന്ന നിമിഷങ്ങൾ. പ്രണയം, രതി, സന്തോഷം, നിരാശ, കോപം ജീവിതത്തിൽ മിന്നിമറയുന്ന എല്ലാ വികാരങ്ങളെയും സന്തോഷ് അനായാസം അരങ്ങിലെത്തിച്ചു. ഒരു സാരിയുടുക്കാൻ എത്ര സമയം വേണമെന്ന് കൃത്യമായി അറിയുന്ന സ്ത്രീകളെ സ്തബ്ധരാക്കിക്കൊണ്ട് അരങ്ങിൽ എത്ര സാരികളാണ് ചുരുൾ നിവർന്നത്.

ആണോ പെണ്ണോ എന്ന ചോദ്യത്തിന് ഉത്തരമായി ഉടുമുണ്ടഴിച്ചു കാണിക്കേണ്ടിവരുന്ന രംഗം, ഒരു നടൻ അനുഭവിച്ചിരിക്കാവുന്ന വീർപ്പുമുട്ടലുകൾ എല്ലാം പ്രേക്ഷക മനസ്സുകളെയും ഉലയ്‌ക്കും.

അരങ്ങുകളിൽനിന്ന് അരങ്ങുകളിലേക്ക് പെട്ടിയും തൂക്കി സഞ്ചരിക്കുന്ന ഒരു നടൻ നടത്തുന്ന ആത്മസമർപ്പണം. അതാണ് യഥാർത്ഥത്തിൽ നാടകം എന്ന കലയെ ഔന്നത്യത്തിലെത്തിക്കുന്നത്. നാടകത്തിന്റെ വെളിച്ചവിന്യാസം നടത്തുന്നത് സന്തോഷിന്റെ പ്രതിഭാശാലിയായ മകൻ യദുസാന്ത് ആണ്. അതുല്യമാണ് യദുവിന്റെ പെർഫോമൻസ്. ആയിരക്കണക്കിന് വേദികൾ കീഴടക്കിക്കൊണ്ട് പെൺനടനായി സന്തോഷ് യാത്ര തുടരുകയാണ്, പിന്തുണയും കരുത്തുമായി പിറ കെ ഒരു കുടുംബവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − one =

Most Popular