നന്മയുടെ കനലുകൾക്ക് എന്നും തിളക്കമുണ്ട്. ചാരത്തിനടിയിൽ ഇരുണ്ടുപോയ കനൽവെളിച്ചത്തെ ഊതിപ്പൊലിപ്പിക്കുകയാണ് സമൂഹത്തിന് ഇന്നാവശ്യം. കാലഘട്ടം ആവശ്യപ്പെടുന്നതും മറിച്ചല്ല. ചാരത്തിലമർന്ന മൗനത്തിൽനിന്നും ഏകാന്തതയിൽനിന്നും ഉജ്വലമായ പ്രകാശത്തോടെ ഇത്തരം ചിന്തകൾ സമൂഹത്തിലേക്കെത്തിക്കുന്നത് സർഗാത്മകതയിലൂടെയാണ്. പ്രധാനമായും സാഹിത്യം, സംഗീതം, ചിത്രകല, ചലച്ചിത്രം തുടങ്ങിയ കലകളിലൂടെ കലാവിഷ്‌കാരങ്ങളിലൂടെ പ്രകൃതിയും മനുഷ്യനുമായുള്ള ഇണങ്ങിച്ചേരലും അതിന്റെ ഉൾക്കരുത്തും വരുംതലമുറകളുടെ നിലനിൽപ്പിനും വളർച്ചയ്‌ക്കും ഇടനൽകുന്നതാവണം. കാലവും പ്രകൃതിയും സമൂഹവും ചേർന്ന് നിർമിക്കുന്ന മനുഷ്യവ്യക്തിത്വത്തിലൂന്നിയുള്ള പാലമാണ് സർഗാത്മകമാകുന്ന മനസ്സും ചിന്തയും പ്രവൃത്തിയുമൊക്കെ. ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുഭവങ്ങൾ കാത്തുസൂക്ഷിക്കുന്നതും നമ്മുടെ സാംസ്‌കാരിക ഇടപെടലുകളിലൂടെയാണ്. അത്തരം പാതയിലൂടെ സഞ്ചരിക്കുന്ന പ്രമുഖരും അല്ലാത്തവരുമായ നിരവധി കലാകാരരും കലാപ്രവർത്തകരും നമുക്കിടയിലുണ്ട്. അവരിലൊരാളായിട്ടാണ് പ്രായം കുറഞ്ഞ ഒരു കലാകാരൻ തന്റെ കലാവിഷ്‌കാരങ്ങളുമായി, നന്മയുടെ കനലുമായി കടന്നുവരുന്നത്. പതിനാറു വയസ്സുള്ള എൻ അഭിഷേക് എന്ന ബാലചിത്രകാരൻ.
അഭിഷേകിന്റേത് കലാകുടുംബമാണ്. ശ്രദ്ധേയ ചിത്രകാരനായിരുന്ന ശ്രീവരാഹം രാജഗോപാലാചാരിയാണ് മുത്തച്ഛൻ. മാതാപിതാക്കളായ നാഗരാജനും ജയയും ചിത്ര‐ശിൽപകലാരംഗത്താണ്. ഇളയച്ഛൻ രാജ്‌കുമാർ വിദേശത്ത് ചിത്രകലാ അധ്യാപകനായി ജോലിചെയ്യുന്നു. അഭിഷേകിന് ഇപ്പോൾ മാർഗനിർദേശം നൽകുന്നതും അദ്ദേഹമാണ്. ഈയൊരു പശ്ചാത്തലത്തിൽ നിന്നാണ് അഭിഷേകിന്റെ ബാല്യകാലം പഠനവും ചിത്രകലയുമായി ഇഴചേരുന്നതും വികാസം പ്രാപിക്കുന്നതും. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ ചിത്രകലയിൽ മികവു കാണിച്ച അഭിഷേക് കലാമത്സരങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. സബ്‌ജില്ലാ‐ജില്ലാതലങ്ങളിൽ ഡ്രോയിങ്ങിലും പെയിന്റിങ്ങിലും സമ്മാനങ്ങൾ നേടി. മറ്റു ചിത്രരചനാ മത്സരങ്ങളിലും സംസ്ഥാനതലത്തിൽ ബഹുമതികൾ നേടുകയും ഒന്നിലധികം തവണ ഏകാങ്ക ചിത്രപ്രദർശനങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. ശിൽപനിർമാണത്തിലും ക്രിയാത്മകമായ കരകൗശലവസ്‌തുക്കളുടെ നിർമിതിലും അഭിഷേക് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണ് ഏകാങ്കപ്രദർശനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ മെയ്‌മാസം അമ്യൂസിയം ഗ്യാലറിയിൽ അഭിഷേകിന്റെ പെയിന്റിങ്ങികളുടെയും മറ്റു ക്രിയേറ്റീവ് ആർട്ട് വർക്കുകളുടെയും പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌ത വേദിയിൽവച്ച് പ്രദർശനത്തിലെ ചിത്രങ്ങളുടെ വിൽപനയിലൂടെ ലഭിച്ച 30,000 രൂപ അഭിഷേക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയുണ്ടായി. ആർസിസിയിലെ കനിവ് ക്യാൻസർ കെയർ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് ഡോ. ഹരിഹരൻ അഭിഷേകിൽനിന്ന് തുക സ്വീകരിച്ചു. ചിത്രകാരരും രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുമൊക്കെ ചേർന്ന സന്പന്നമായ വേദി ചടങ്ങിന് സാക്ഷിയായി. ഇതേക്കുറിച്ച് അഭിഷേക് മനസ്സ് തുറക്കുന്നത് ഇങ്ങനെയാണ്: ‘‘കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞ ഒരു അനുഭവത്തിൽനിന്നാണ് ക്യാൻസർ രോഗികളെ സഹായിക്കണമെന്ന ചിന്തയുണ്ടാകുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മുത്തച്ഛനോടൊപ്പം ആശുപത്രിയിൽ പോയപ്പോഴാണ് യാദൃശ്ചികമായി ഒരു ക്യാൻസർ രോഗിയെ കണ്ടതും പരിചയപ്പെട്ടതും. ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ കഷ്ടപ്പെട്ട ആ ചെറുപ്പക്കാരനായ രോഗിക്ക് മുത്തച്ഛൻ ഭക്ഷണം കഴിക്കാൻ പണം കൊടുത്തുവിട്ടു. അന്നുമുതലുള്ള ആഗ്രഹമാണ് അശരണരായ രോഗികൾക്ക് സാന്ത്വനമേകാനുള്ള ശ്രമം‐ തന്നാൽ കഴിയുന്ന വിധത്തിൽ. അഞ്ചുവർഷങ്ങൾക്കിപ്പുറമാണ് അതിന് തുടക്കമിടാൻ കഴിഞ്ഞത്. ഇനിയും എനിക്ക് ഇതുപോലെ സഹായിക്കാൻ അവസരമുണ്ടാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.’’ അഭിഷേകിന്റെ ചിന്തയിൽ സ്‌നേഹത്തിന്റെ ഊർജംകൂടി ലിച്ചുചേർന്നിരിക്കുന്നു. സ്‌നേഹവും സാഹോദര്യവും മാനവികതയും നിലനിൽക്കുന്നിടത്ത് ഉന്നതമായ മൂല്യബോധത്തിന്റെ വെളിച്ചമുണ്ടാകും. മാനുഷികതയുടെ ആ വെളിച്ചം ഇതുപോലുള്ള അഭിഷേകുമാരിൽനിന്ന് കൂടുതൽ തെളിയട്ടെ എന്ന് പ്രത്യാശിക്കാം. ♦