Saturday, November 23, 2024

ad

Homeചിത്രകലമുളംതണ്ടിലെ ചുവർചിത്രാലങ്കാരം

മുളംതണ്ടിലെ ചുവർചിത്രാലങ്കാരം

ജി അഴിക്കോട്

ഴുത്തു സാമഗ്രികളും വരപ്പു ഉപകരണങ്ങളും നിക്ഷേപിച്ചു മേശപ്പുറത്തു സൂക്ഷിക്കാവുന്നതാണ് ബാംബു മ്യൂറൽ കണ്ടെയ്‌നറുകൾ. പാഴ്‌മുളംതണ്ട് രൂപപ്പെടുത്തി ചുവർ ചിത്രാലങ്കാരം ബാധകമാക്കിയ ഇത്തരം കണ്ടെയ്‌നറുകളെ പെൻ ഹോൾഡറുകളെന്നും പറയും.

ഒരു അച്ചിൽ വാർത്തെടുത്ത പ്രകാരം ഒരേ ആകൃതി പ്രകൃതങ്ങളിൽ ഉള്ളവയല്ല ഇത്തരം മ്യൂറൽ കണ്ടെയ്‌നറുകൾ. കേരളീയ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചുവർ ചിത്രാലങ്കാരം ബാധകമാക്കുമ്പോൾ അവ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ഒരു ദേശത്തിന്റെ കലാപൈതൃക പ്രതീകങ്ങളാണവ. അസംസ്കൃതവസ്തുക്കൾ പ്രകൃതിദത്തവും സാങ്കേതികരീതി പാരമ്പരാഗതവുമാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്കു ലളിതകോമളവും കലാമേന്മയുള്ളതും കേരളത്തനിമയുള്ളതും ഉപയോഗപ്രദവുമായ കലാവസ്തുവെന്ന പരിഗണന ബാംബു മ്യൂറൽ കണ്ടെയ്‌നറുകൾക്കു ലഭിക്കുന്നു. കേവലമൊരു കരകൗശലവസ്തു കലാസൃഷ്ടിയായി പരിണമിക്കുന്നു.

മുള
പുല്ലുവർഗ്ഗത്തിൽപെട്ടതും വളരെ പൊക്കത്തിൽ നീണ്ടു വളരുന്നതുമായ ഒരിനം ചെടിയാണ് മുള. ബാംബു സോയിഡേ (Bamboo Soideac) എന്ന സസ്യകുടുംബത്തിലെ മുപ്പതു ഇനങ്ങളിലായി 600 ഇനം മുളകളുള്ളതായി കണക്കാക്കുന്നു. ഇന്ത്യയിൽ സർവസാധാരണമായി മുളകൾക്ക് പ്രാദേശികമായി വലിപ്പവ്യത്യാസമുണ്ട്.

മുളംതണ്ടിനകം പൊള്ളയായതിനാൽ സൗകര്യാനുസരണം കീറിയെടുത്തു വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. വീട് പണിയാനും വീട്ടുപകരണങ്ങൾ ഉണ്ടാക്കാനും അതിപ്രാചീന കാലംമുതൽ മുളയെ പ്രയോജനപ്പെടുത്തിയിരുന്നു. ധാന്യം അളക്കാനുള്ള മുളനാഴി പുട്ടുപുഴുങ്ങാനും തേൻ ശേഖരിക്കാനുമുള്ള മുളംകുറ്റികൾ, ഏണി തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.

കാലാന്തരത്തിൽ വസ്ത്രം, അലങ്കാര കമാനങ്ങൾ എന്നിവയുടെ നിർമാണത്തിനും മുള ഒരു അസംസ്കൃതവസ്തുവായി. ശാസ്ത്ര -സാങ്കേതികവിദ്യയുടെ പരിണാമാനന്തരം ഇക്കാലത്ത്‌ ബാംബൂ പ്ളേ തുടങ്ങിയ ഈടുറ്റ വ്യാവസായിക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. സമാനമായ ഒരു പരീക്ഷണ വിജയമാണ് മുളംതണ്ടിലെ ചുവർചിത്രാലങ്കാരം. തുരപ്പൻ പ്രാണികളുടെ ആക്രമണത്തിൽനിന്നും മുളയെ ശാസ്ത്രീയമായി സംരക്ഷിച്ച്‌ ചുവർചിത്രാലങ്കാരം നിർവഹിക്കുന്നത് ശ്രമകരമാണ്.

ശീമമുള, ഓലമുള, കല്ലുമുള, ആനമുള എന്നിവയാണ് കേരളത്തിൽ സർവസാധാരണയായി കണ്ടുവരുന്നത്. ഇവയിൽ മഞ്ഞ നിറത്തിലുള്ളതും അകം കൂടുതൽ വിസ്താരമുള്ളതുമായ ശീമമുളയും പച്ച നിറത്തിലുള്ള ഓലമുളയുമാണ് കണ്ടെയ്‌നറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ബെഡ്‌റൂം ലാംബ് തുടങ്ങിയ മറ്റു ഉൽപന്നങ്ങളുടെ നിർമാണത്തിന് ആനമുളയും ഉപയോഗിക്കുന്നു.


രൂപപ്പെടുത്തലും പ്രാണി സംരക്ഷണവും

മുളംകൂട്ടങ്ങളുടെ മധ്യഭാഗത്തു വളരുന്നവയാണ് മൂപ്പെത്തിയ മുള. ഇതിന്റെ പാർശ്വഭാഗങ്ങളിൽ വളരുന്നതും കനം കുറഞ്ഞതും മൂപ്പെത്താത്തതുമായ മുളകൾ ഉണങ്ങുമ്പോൾ ശുഷ്കിച്ചു പോകാൻ സാധ്യതയുണ്ട്.

ചുവട്ടിൽനിന്ന് മുളയുടെ മൊത്തം നീളത്തിന്റെ മൂന്നിലൊന്നു ഭാഗത്തുവച്ച് മുറിച്ചെടുക്കുന്നു. ഇപ്രകാരം മുറിച്ചെടുത്ത മുള അപ്പോൾതന്നെ വെട്ടി രൂപപ്പെടുത്തി പ്രാണിശല്യം ഉണ്ടാകാതിരിക്കാൻ സംരക്ഷണപ്രവർത്തനങ്ങൾ ചെയ്യുന്നു. സമയക്കുറവോ മറ്റു അസൗകര്യങ്ങളോ കൊണ്ട് മറ്റൊരിക്കലാകാമെന്ന് കരുതി മാറ്റിവയ്ക്കുന്നതുകൊണ്ടു രണ്ടുതരം ബുദ്ധിമുട്ടുകളുണ്ടാകും. നമ്മുടെ നഗ്നനേത്രങ്ങൾക്കു ദർശിക്കാനാവാത്തവിധം മുറിത്തലപ്പിലൂടെ തുരപ്പൻ പ്രാണികളുടെ ആക്രമണം ഉണ്ടാകുന്നതാണ് ഒരു കാരണം. മുള ഉണങ്ങിക്കഴിഞ്ഞാൽ അതിന്റെ ഇനാമൽപോലെ മിനുസമുള്ള ഭാഗം ചുരണ്ടിമാറ്റാൻ പ്രയാസമാകും.

മുളയുടെ മുട്ടിനു കീഴ്ഭാഗം മൂന്നു സെന്റിമീറ്റർ താഴെയായി ഒരേ നിരപ്പിൽ മുറിച്ചെടുക്കുന്നു. അവിടെനിന്ന് പതിനഞ്ചു സെന്റിമീറ്ററിൽ കുറയാതെ മുളയുടെ വണ്ണത്തിനനുസരിച്ചു ആനുപാതികമായ നീളത്തിൽ ചരിച്ചുവെട്ടി രൂപപ്പെടുത്തിയെടുക്കുന്നു. ഇതിനായി കൈവാളും ഹാക്‌സയും മറ്റു സൗകര്യപ്രദമായ കട്ടറുകളും ഉപയോഗിക്കാം. മുളനാഴിയുടെ ആകൃതി (സിലിണ്ടർ)യിലും മുറിച്ചെടുക്കാം. ഇപ്രകാരം മുറിച്ചെടുക്കുമ്പോൾ കിട്ടുന്ന ശേഷഭാഗം രണ്ടായി കീറി രൂപപ്പെടുത്തിയെടുത്താൽ ചുവരിൽ തൂക്കിയിടാനുള്ള ഹാങ്ങർ അലങ്കാരത്തിനുപയോഗിക്കാം.

തുരപ്പൻപ്രാണിപോലെയുള്ള ക്ഷുദ്രജീവികളുടെയും ഫംഗസിന്റെയും ആക്രമണത്തിൽനിന്ന് മുളംതണ്ടുകളെ സംരക്ഷിക്കുന്നതിന് മൂന്നു മാർഗങ്ങൾ അവലംബിക്കാറുണ്ട്. പ്രാദേശികമായോ പാരമ്പരാഗതമായോ അനുവർത്തിച്ചുവരുന്ന മറ്റേതെങ്കിലും മാർഗങ്ങളും സ്വീകരിക്കാം.

1. 10 ലിറ്റർ ശുദ്ധജലത്തിൽ 50 ഗ്രാം ബോറിക് (ബോറാക്സ്) പൗഡർ എന്ന അനുപാതത്തിൽ ലയിപ്പിച്ചു തയ്യാറാക്കിയ ലായനിയിൽ മുളംതണ്ടുകളെ 15 ദിവസത്തോളം ഊറക്കിടുന്നു.
2. 10 ലിറ്റർ ശുദ്ധജലത്തിൽ 100 ഗ്രാം കാസ്റ്റിക് സോഡ എന്ന അനുപാതത്തിൽ ലയിപ്പിച്ച ലായനിയിൽ മുളംതണ്ടുകൾ നിക്ഷേപിച്ചു തിളപ്പിച്ചെടുക്കുന്നു.
3. 10 ലിറ്റർ ശുദ്ധജലത്തിൽ 100 ഗ്രാം കറിയുപ്പ് എന്ന അനുപാതത്തിൽ ലയിപ്പിച്ചു ലായനിയിൽ മുളംതണ്ടുകൾ നിക്ഷേപിച്ചു തിളപ്പിച്ചെടുക്കുന്നു. ലായനി തയ്യാറാക്കുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടികൂടി ചേർക്കാറുണ്ട്.

ഇതിൽ അവസാനം പറഞ്ഞ രണ്ടു മാർഗങ്ങൾ ഉടനടി ഫലം ലഭിക്കുന്നതും അവസാനം പറഞ്ഞ ഉപ്പുലായനി താരതമ്യേന ചെലവുകുറഞ്ഞതും എല്ലാ ഭവനങ്ങളിലും ലഭ്യവുമാണ്.

ഈ മുളംതണ്ടുകളെ നനവുള്ളപ്പോൾ അതിന്റെ പുറത്തുള്ള ഇനാമൽപോലെ മിനുസമായ ഭാഗം ചുരണ്ടിമാറ്റി വൃത്തിയാക്കിയെടുത്തു സൂക്ഷിക്കാം. മുളംതണ്ട് ഉണങ്ങിക്കഴിഞ്ഞാൽ ഈ മിനുസഭാഗം ചുരണ്ടിമാറ്റാൻ പ്രയാസമാണ്.

ചിത്രരചനയ്ക്കുവേണ്ടി പ്രതലം ഒരുക്കിയെടുക്കുന്നതാണ് അടുത്തഘട്ടം. ഇതിലേക്ക് പ്രകൃതിദത്ത വർണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ കരിക്കിൻവെള്ളത്തിൽ ചുണ്ണാമ്പ്‌ പശുവിൻപാലിന്റെ നേർമയിൽ കലക്കി അരിച്ചെടുത്തു വെള്ള പൂശാം. മുളംതണ്ടിന്റെ മുറിത്തലകളും പുറവും വൈറ്റ് വാഷ് ചെയ്യേണ്ടതാണ്. ഒരു പ്രാവശ്യം തലങ്ങനെ വെള്ളപൂശിയാൽ അത് ഉണങ്ങിയശേഷം വിലങ്ങനെ ആവർത്തിക്കുന്നു. ഇപ്രകാരം എട്ടോ പത്തോ പ്രാവശ്യം ആവർത്തിക്കുമ്പോൾ ചിത്രരചനയ്ക്കുള്ള പ്രതലം ഊടുംപാവും പോലെ ബലപ്പെട്ടിരിക്കും.

ഒരു വ്യാവസായിക ഉൽപ്പന്നം എന്ന നിലയ്ക്ക് അക്രലിക് ചായങ്ങൾകൊണ്ടാണ് ചുവർചിത്ര ശൈലിയിൽ വരയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ മുകളിൽ പ്രസ്താവിച്ച പ്രകാരം അക്രലിക് ഡിസ്റ്റംബർകൊണ്ട് വൈറ്റ് വാഷ് ചെയ്യേണ്ടതാണ്. കുഴമ്പു പരുവത്തിൽ ലഭിക്കുന്ന അക്രലിക് ഡിസ്റ്റംബർ ആവശ്യത്തിന് ശുദ്ധജലവും ചേർത്ത് പശുവിൻ പാലിന്റെ നേർമയിൽ കലക്കി വെള്ള പൂശാം. ഇതും ഒരു പ്രാവശ്യം തലങ്ങനെ ചെയ്തു കഴിഞ്ഞാൽ അത് ഉണങ്ങിയ ശേഷം വിലങ്ങനെ ആവർത്തിക്കുന്നു.

പ്രതലം നല്ലവണ്ണം ഉണങ്ങിയശേഷം ചിത്രരചന ആരംഭിക്കാം. മറ്റു പ്രതലങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതും ഒറ്റ രൂപങ്ങളുള്ളതും താരതമ്യേന ലളിതവുമായ ചിത്രങ്ങൾ തെരഞ്ഞെടുക്കാം. ഗണപതി, കൃഷ്ണൻ, മുരുകൻ, ദക്ഷിണാമൂർത്തി, ധന്വന്തരി, ക്രിസ്മസ് ഫാദർ, മാതാവു കുഞ്ഞും, സുന്ദരയക്ഷി, ശകുന്തള, ഹംസദമയന്തി തുടങ്ങിയവ ഉദാഹരണങ്ങളാണ്. രേഖാചിത്രങ്ങളുടെ ഫോട്ടോകോപ്പി (സിറോക്സ്) ചെറുതാക്കിയെടുത്തു ട്രേസ് ചെയ്തു വരയ്ക്കാം. ഉദാഹരണമായി ഇവിടെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ മഷിപ്പൂക്കൾ ക്രമമായി വരച്ചിരിക്കുന്നത് കാണാം.

ചുവർ ചിത്രരചന നിർവഹിക്കുന്ന രീതിയിൽ വർണംകൊടുത്ത ശേഷം പിക്ചർ വാർണിഷ് സ്പ്രേ ചെയ്തു സൂക്ഷിക്കാം. അതിന്റെ അഭാവത്തിൽ ടച്ച്‌വുഡ്, സ്ലീക് (Sleek), ക്ലിയർ വാർണിഷ് എന്നിവയിൽ ഏതെങ്കിലും ഒന്ന് മുളംതണ്ടിന്റെ അകവും പുറവും ഒരു പ്രാവശ്യം കൊടുക്കുന്നു. ഫ്രഞ്ച് പോളിഷ് പോലെ നിറാംശം കലർന്ന മറ്റൊന്നും ഉപയോഗിക്കാൻ പാടില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − one =

Most Popular