ഫാസിസത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഹിറ്റ്ലറുടെ ജർമനിയിൽ ഫാസിസ്റ്റുവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഫാസിസ്റ്റ് ആശയങ്ങൾക്കും കടന്നുകയറ്റത്തിനുമെതിരായി ജൂൺ 3 ശനിയാഴ്ച ലീപ്‌സിഗ് നഗരത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു കൊണ്ട് നടന്ന പ്രകടനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണോത്സുകമായാണ് നേരിട്ടത്. ഫാസിസ്റ്റുവിരുദ്ധ പ്രവർത്തകയായ ലിനയെയും (28) കൂട്ടാളികളായ ലെന്നാർട്ടിനെയും ജോനാഥൻ ഫിലിപ്പിനെയും ജന്നിസ് ആറിനേയും തടവു ശിക്ഷയ്ക്ക് വിധിച്ച ഡ്രസ്സ്ഡനിലെ പ്രാദേശിക കോടതിയുടെ മെയ് 31ലെ വിധിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത്. 2018 നും 2022 നും ഇടയിലുള്ള കാലത്ത് തീവ്ര വലതുപക്ഷ പ്രവർത്തകരെ ആക്രമിക്കുകയും, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ നാലുപേർക്കുംമേൽ കോടതി ചുമത്തിയിരിക്കുന്ന കുറ്റം. ലിനയ്ക്ക് അഞ്ചുവർഷവും മൂന്നുമാസവും തടവുശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. കോടതിയുടെ വിധിക്കെതിരായി ഫാസിസ്റ്റുവിരുദ്ധ സംഘങ്ങൾ ജർമ്മനിയിലെ നഗരങ്ങളിലൂടനീളം മെയ് 31ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. അതേസമയം ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പോലെയുള്ള തീവ്ര വലതുപക്ഷ പാർട്ടികളും ഗ്രുപ്പുകളും വിധിയെ സ്വാഗതം ചെയ്തു.
വിചാരണ കാലയളവിൽ ജർമ്മനിയിലെ വിവിധ പുരോഗമന ഫാസിസ്റ്റുവിരുദ്ധ സംഘടനകൾ, ജർമ്മനിയിലെ ഗ്രീൻ യൂത്ത്, സ്ലോവാക്കിയയിലെ ലെഫ്റ്റ് യൂത്ത് ഫ്രണ്ട് തുടങ്ങിയ വിവിധ സംഘടനകൾ ലിനയ്ക്കും കൂട്ടാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ഫാസിസ്റ്റുകളെയും നവ നാസികളെയും എതിർക്കുന്നവരെ ശിക്ഷിക്കുന്ന കാര്യത്തിൽ ജർമ്മനിയിലെ ഭരണകൂടത്തിനുള്ള വേഗതയും അതേസമയം തീവ്ര വലതുപക്ഷ സംഘങ്ങൾ നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽ നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നതും വിവിധ വിഭാഗങ്ങൾ ഉയർത്തി കാണിക്കുകയുണ്ടായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജർമനിയിൽ തീവ്രവലതുപക്ഷ ക്രിമിനൽ സംഘങ്ങളും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളും തമ്മിൽ നിരവധി കേസുകളിൽ ഗൂഢാലോചന നടക്കുന്നു എന്ന് വലിയ രീതിയിൽ ആരോപണമുണ്ട്. 2021 ജൂലൈയിൽ ഫ്രാങ്ക്ഫർട്ട് പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരുമായ 20 പേർ തങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളിൽ തീവ്ര വലതുപക്ഷ ചിഹ്നങ്ങളും വിദ്വേഷം വിതയ്ക്കുന്ന സന്ദേശങ്ങളും ഷെയർ ചെയ്തതായി കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. തീവ്ര വലതുപക്ഷ പ്രവർത്തനവുമായി കൂട്ടുചേർന്നതിന് ഫെഡറൽ അധികാരികൾ ബുന്ദേശ്വറിലെ സ്പെഷ്യൽ ഫോഴ്‌സസ് കമാന്റിന്റെ സെക്കന്റ് കമ്പനിയെ പിരിച്ചുവിട്ടിരുന്നു.
ഇത്തരത്തിൽ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കേണ്ട ജർമ്മനിയിലെ സുരക്ഷാ സംവിധാനവും വലതുപക്ഷ തീവ്രവാദികളും തമ്മിൽ വലിയ രീതിയിലുള്ള കൂട്ടുകെട്ട് രാജ്യത്ത് നിലനിൽക്കുന്നുവെന്നും ഫാസിസ്റ്റ് ആശയങ്ങളും നവനാസി വിഭാഗങ്ങളും ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെ ഏതുവിധേനയും ചെറുക്കേണ്ടതുണ്ടെന്നും ജർമ്മനിയിലെ ഫാസിസ്റ്റുവിരുദ്ധ ആക്ടിവിസ്റ്റുകൾ പറയുന്നു. ‘വലതുപക്ഷ തീവ്രവാദികൾ ശക്തമായി കൊണ്ടിരിക്കുകയാണ്; കഴിഞ്ഞവർഷം തീവ്ര വലതുപക്ഷത്തിന്റെ പ്രചോദനത്താൽ ഉണ്ടായ കുറ്റകൃത്യങ്ങളുടെ എണ്ണം ഏഴ് ശതമാനം കണ്ട്, അതായത് 23000 ത്തിലധികമായി വർദ്ധിക്കുകയുണ്ടായി’ എന്ന് ജർമനിയിലെ ഇടതുപക്ഷ പാർട്ടിയായ ‘ദൈ ലിങ്കേ’ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രക്ഷോഭകർക്കുനേരെ പൊലീസ് നടത്തിയ അടിച്ചമർത്തലിനെകുറിച്ച് ചർച്ച ചെയ്യുന്നതിന് ആഭ്യന്തര ഭരണസമിതി പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്നും ഞായറാഴ്ച സാക്സൺ സംസ്ഥാന പാർലമെന്റിൽ സ്റ്റേറ്റ് പാർലമെന്റിൽ ദൈ ലിങ്കേയുടെ പാർലമെന്ററി ഗ്രൂപ്പ് ആവശ്യപ്പെടുകയുണ്ടായി. സമാധാനപരമായി പ്രതിഷേധിച്ച പ്രക്ഷോഭകരെ വളരെ പെട്ടെന്ന് പോലീസ് വളയുകയും അടിച്ചമർത്തുകയും ആയിരുന്നു. ഇത്തരത്തിൽ ജർമ്മനിയിൽ അടുത്തകാലത്തായി വീണ്ടും ശക്തമായി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് – നാസിസ്റ്റ് പ്രവണതയ്ക്കെതിരായി ശക്തമായ പ്രചരണ പ്രക്ഷോഭ പ്രവർത്തനങ്ങൾ ആണ് പുരോഗമന സംഘടനകളുടെയും ഫാസിസ്റ്റുവിരുദ്ധ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്നത്. നാസിസത്തിന്റെ പ്രയോക്താവായ ഹിറ്റ്ലറിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനുള്ള അറുപിന്തിരിപ്പൻ ശക്തികളുടെ നീക്കത്തെ ചെറുക്കുവാനുള്ള രാഷ്ട്രീയവും സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണിവർ. ♦