(സിപിഐ എം പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയത്)
1. കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇങ്ങനെ പറയുന്ന: ‘‘പിന്തിരിപ്പൻ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള അമിതാധികാരത്വരയുമാണ് നവഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്നത്”. രാഷ്ട്രീയ പ്രമേയത്തിന്റെ ദേശീയ സ്ഥിതിയെക്കുറിച്ചുള്ള ഭാഗത്ത് ഇതാദ്യമായിട്ടാണ് നാം ‘നവഫാസിസ്റ്റ്’ എന്ന പദം ഉപയോഗിക്കുന്നത്.
2. ഇതിനുമുമ്പ് 22–ാം കോൺഗ്രസിൽ അമിതാധികാര ഹിന്ദുത്വ ആക്രമണങ്ങൾ ‘‘വളർന്നുവന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ” പ്രകടിപ്പിക്കുന്നതായി നാം പ്രസ്താവിച്ചു. 23–ാം കോൺഗ്രസിൽ മോദി ഗവൺമെന്റ് ആർ.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജൻഡ നടപ്പിലാക്കുന്നതായും നാം പറഞ്ഞു.
3. ‘‘നവഫാസിസം” എന്ന പദത്തിന്റെ അർത്ഥം എന്താണ്? ‘നവം’ എന്നതിന്റെ അർത്ഥം പുതിയത് എന്നോ പഴയ എന്തിന്റെയെങ്കിലും സമകാലിക രൂപം എന്നോ ആണ്. യൂറോപ്പിൽ രണ്ട് മഹായുദ്ധങ്ങൾക്കിടയിൽ, മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്ലറിന്റെ ജർമ്മനിയിലെപ്പോലെയോ വളർന്നുവന്ന ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് ഇപ്പോഴത്തേതിനെ വേർതിരിക്കാനാണ് നവഫാസിസം എന്ന പദം ഉപയോഗിക്കുന്നത്. ഈ കാലഘട്ടത്തിൽ ലോക മുതലാളിത്ത പ്രതിസന്ധി 1929 മുതൽ 1933 വരെ നീണ്ടുനിന്ന വൻ സാമ്പത്തിക മാന്ദ്യത്തിൽ കലാശിച്ചു. സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങൾക്ക് മൂർച്ചകൂടി. ഒന്നാം ലോകയുദ്ധവും, രണ്ടാം ലോകയുദ്ധവും സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങളുടെ ഫലമായിരുന്നു. അധികാരം പിടിച്ചെടുത്തതിനുശേഷം ഫാസിസ്റ്റ് ശക്തികൾ ബൂർഷ്വാ ജനാധിപത്യം നിർത്തലാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി യുദ്ധത്തിന്റെ മറവിൽ ആയുധ നിർമ്മാണം വർദ്ധിപ്പിക്കുകയും ചെയ്തു. ഈ രാഷ്ട്രങ്ങളിലെ കുത്തക മൂലധനം ഫാസിസ്റ്റ് ശക്തികളെ പൂർണ്ണമായി പിന്തുണച്ചു. പ്രതിസന്ധി മറികടക്കാനായി ഏറ്റവും തീവ്രമായ നടപടികൾ സ്വീകരിക്കുന്നതിന് കുത്തക മുതലാളിമാർ ഫാസിസ്റ്റ് ശക്തികളെ ആശ്രയിച്ചു.
4. നവഫാസിസത്തിന്റെ ചില അംശങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ഫാസിസത്തിലേതുപോലെ തന്നെയാണ്. ചരിത്രപരമായ തെറ്റുകളുടെയും, അനീതികളുടെയും ഫലമെന്ന് നിരീക്ഷിക്കപ്പെടുന്ന വികാരങ്ങളുടെ അടിത്തറയിൽ ഉണ്ടാകുന്ന തീവ്ര ദേശീയത, വംശീയമോ, മതപരമോ, ഗോത്രപരമോ ആയ ഒരു ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി, തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് ശക്തികൾക്കും, പാർട്ടികൾക്കും വൻകിട ബൂർഷ്വാസി നൽകുന്ന പിന്തുണ എന്നിവ പഴയതുപോലെ തന്നെയാണ്. ഇന്ത്യയിൽ നവഫാസിസത്തെ രൂപപ്പെടുത്തുന്നത് ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവുമാണ്. ഇവ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് നമ്മുടെ പാർട്ടി പരിപാടിയിൽ പറയുന്നുണ്ട്. ബി.ജെ.പി ഭരണത്തിൻ കീഴിൽ അധികാരത്തിന്റെ ചുക്കാൻ പിടിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഹിന്ദുത്വ സങ്കുചിത പ്രത്യയശാസ്ത്രം, നവലിബറൽ പ്രതിസന്ധി, വൻകിട ബൂർഷ്വാസിയുടെ താൽപര്യമനുസരിച്ച് അമിതാധികാരം അടിച്ചേൽപ്പിക്കൽ എന്നിവ നവഫാസിസത്തിന്റെ ആദിമ രൂപത്തിൽ ഉൾപ്പെടുന്നവയാണ്.
5. നവഫാസിസം നവലിബറലിസത്തിന്റെ പ്രതിസന്ധിയുടെ ഉൽപ്പന്നവും ഒരു ആഗോള പ്രവണതയുമാണ്. നവഫാസിസ്റ്റ് ശക്തികൾ വ്യത്യസ്ത രാഷ്ട്രങ്ങളിൽ രൂപംകൊണ്ടിട്ടുണ്ട്. ചിലതിൽ അവ അധികാരത്തിൽ വന്നിട്ടുണ്ട്. 1930 കളിൽ നിന്ന് വ്യത്യസ്തമായി സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങൾ ഇപ്പോൾ ആഗോള ധനമൂലധനത്തിന്റെ വളർച്ച കാരണം നിശബ്ദമായിരിക്കുന്നു. അതുകൊണ്ട് സാമ്രാജ്യത്വ ശത്രുക്കൾമൂലം നവഫാസിസ്റ്റ് ഭരണകൂടങ്ങൾ യുദ്ധത്തിന് മുതിരാറില്ല. നവലിബറൽ പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ വളർന്നുവന്ന അസംതൃപ്തിയും തീവ്ര വലതുപക്ഷ – നവഫാസിസ്റ്റ് ശക്തികൾ ജനപ്രിയ വായാടിത്തം വഴിയാണ് മുതലെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ അധികാരത്തിൽ വരുമ്പോൾ അവർ നവലിബറൽ നയങ്ങളിൽ നിന്നും പിന്മാറാറില്ല. പകരം വൻകിട മൂലധനത്തിന്റെ താൽപര്യങ്ങളനുസരിച്ച് അവർ അതേ നയങ്ങൾ തന്നെ പിന്തുടരുന്നു. ക്ലാസിക്കൽ ഫാസിസവുമായുള്ള മറ്റൊരു വ്യത്യാസം, നവഫാസിസ്റ്റ് പാർട്ടികൾ അവരുടെ രാഷ്ട്രീയ ദൗത്യവുമായി മുന്നേറുന്നതിനായി തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നു എന്നതാണ്. അധികാരത്തിൽ വന്നതിനുശേഷവും അവർ തിരഞ്ഞെടുപ്പ് സമ്പ്രദായം കൈവിടാറില്ല. അവർ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉപയോഗിക്കുകയും അതേസമയം പ്രതിപക്ഷത്തെ അടിച്ചമർത്തുകയും, നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നതിനുവേണ്ടി അമിതാധികാര രീതികൾ ഉപയോഗിക്കുകയും ചെയ്യുന്നു. അവർ ഭരണകൂടത്തിനുള്ളിൽ നിന്നുതന്നെ ദീർഘകാലം ജോലി ചെയ്ത് ഭരണകൂടത്തിന്റെ ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നു.
6. ബിജെപി – ആർഎസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘‘നവഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്ന” ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാര ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. മോദി ഗവൺമെന്റ് ഒരു ഫാസിസ്റ്റ് അല്ലെങ്കിൽ നവഫാസിസ്റ്റ് ഗവൺമെന്റ് ആണെന്ന് നാം പറയുന്നില്ല. ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമായി നാം വിശേഷിപ്പിക്കുന്നില്ല. ആർ.എസ്.എസിന്റെ രാഷ്ട്രീയ ഘടകമായ ബി.ജെ.പിയുടെ പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിൻ കീഴിൽ ബി.ജെ.പി – ആർ.എസ്.എസിന്റെ കയ്യിൽ രാഷ്ട്രീയാധികാരത്തിന്റെ ദൃഢീകരണം സംഭവിച്ചിട്ടുണ്ട്. അത് ‘‘നവഫാസിസ്റ്റ് സവിശേഷതകളുടെ” പ്രകടനത്തിലേക്ക് നയിച്ചിട്ടുണ്ട്. ‘‘സവിശേഷതകൾ” എന്ന പദത്തിന്റെ അർത്ഥം പ്രവണതകൾ എന്നോ ലക്ഷണങ്ങൾ എന്നോ ആണ്. അവ ഫാസിസ്റ്റ് ഗവൺമെന്റോ ഭരണ സംവിധാനമോ ആയിട്ടില്ല. അതുകൊണ്ട് ബിജെപി – ആർ.എസ്.എസിനോട് ഏറ്റുമുട്ടി അവരെ തടഞ്ഞുനിർത്തിയില്ലെങ്കിൽ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാരം നവഫാസിസത്തിലേക്ക് നീങ്ങുമെന്നതിന്റെ അപകടത്തെക്കുറിച്ചാണ് രാഷ്ട്രീയ പ്രമേയം പറയുന്നത്.
7. ഈ നിലപാട് സി.പി.ഐയുടെയും, സിപിഐ (എം.എൽ)ന്റെയും നിലപാടുകളിൽ നിന്ന് ഭിന്നമാണ്. സി.പി.ഐ മോദി ഗവൺമെന്റിനെ ഫാസിസ്റ്റ് ഗവൺമെന്റ് ആയി വിശേഷിപ്പിക്കുന്നു. ഇന്ത്യയിൽ ഫാസിസം നിലവിൽ വന്നു എന്നാണ് സി.പി.ഐ (എം.എൽ) പ്രസ്താവിച്ചിരിക്കുന്നത്. l