മാറ്റം എന്നത് ഒരു ശാസ്ത്ര സത്യമാണ്. എന്നാൽ മാറ്റം വേണമെന്ന് പറയുമ്പോൾ ആ മാറ്റം എവിടേയ്ക്ക്, എന്തിലേക്ക് എന്ന പ്രശ്നം ഉയരുന്നു. ആ മാറ്റം പിന്നിലേക്കാണോ മുന്നിലേക്കാണോ, ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും പുരോഗതിയിലേക്കുമാണോ അതോ വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്കും അധോഗതിയിലേക്കുമാണോ എന്ന ചോദ്യം ഉയരുന്നു. ഭരണമാറ്റം വേണമെന്നു പറയുന്നവർ തീർച്ചയായും ഈ ചോദ്യത്തിനു മറുപടി പറഞ്ഞേ തീരൂ. ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ഒളിച്ചോടുകയും ചെയ്യുമ്പോൾ അവരറിയാതെ പുറത്തു ചാടുന്നത് അരാഷ്ട്രീയതയുടെ മുഖംമൂടിയണിഞ്ഞ അവരുടെ രാഷ്ട്രീയ ഒളി അജൻഡയാണ്. ഈ ലക്കം കവർസ്റ്റോറി ഈ വിഷയമാണ് പരിശോധിക്കുന്നത്. എം വി ഗോവിന്ദൻ, ഡോ. ടി എം തോമസ് ഐസക്, കെ എൻ ഗണേശ്, കെ ജെ ജേക്കബ്, എം വി നികേഷ് കുമാർ, ഡോ. കെ പി മോഹനൻ എന്നിവർ എഴുതുന്നു.
പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിനു തുടർച്ച വേണമെന്ന ചർച്ച നമ്മുടെ പൊതുമണ്ഡലത്തിൽ സജീവമായ സന്ദർഭത്തിലാണ് ഭരണമാറ്റം വേണമെന്ന വർത്തമാനം തുടങ്ങിയത്. അപ്പോൾ സ്വാഭാവികമായും എൽഡിഎഫിനുപകരം ആരാണ് അധികാരത്തിൽ വരേണ്ടത് എന്ന ചോദ്യം ഉയരുന്നു. യുഡിഎഫ് ആണോ അതോ ബിജെപിയാണോ ഭരണമാറ്റവാദക്കാരുടെ ഉള്ളിലിരിപ്പ് എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. യുഡിഎഫുകാർ 10 വർഷത്തിനുമുൻപ് കേരളം ഭരിച്ചിരുന്നവരാണ്. മാത്രമല്ല, അതിനുമുൻപും പലവട്ടം കോൺഗ്രസും സഖ്യകക്ഷികളും ഇടയ്ക്കിടെ കേരളത്തിൽ അധികാരത്തിൽ വന്നിട്ടുമുണ്ട്. അക്കാലങ്ങളിലെല്ലാം അവരുടെ ഭരണം സംബന്ധിച്ച നമ്മുടെ അനുഭവം ജനദ്രോഹനയങ്ങളും വർഗീയതയും അനീതിയും അക്രമങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇരുണ്ട നാളുകളാണ്. ഒന്നിടവിട്ട കാലങ്ങളിൽ അധികാരത്തിലെത്തിയിരുന്ന ഇടതുപക്ഷ ഭരണത്തിലെ സർവനന്മകളും ആസൂത്രിതമായി തകർത്ത അനുഭവമാണ് തുടർന്ന് അധികാരത്തിൽ വന്ന യുഡിഎഫിനെക്കുറിച്ച് കേരളീയർക്ക് അയവിറക്കാനുള്ളത‍്. അതിൽ മാറ്റം വന്നത് 2021ൽ ആദ്യമായി ഭരണത്തുടർച്ച ഉണ്ടായപ്പോഴാണ്. അപ്പോൾ ഭരണമാറ്റവാദികളോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത് ഇനിയും ആ കെട്ടകാലത്തിലേക്ക് കേരളത്തെ പിൻനടത്തിക്കണമോ എന്നതാണ്. എന്നാൽ, അതിനവർക്ക് മറുപടിയില്ല.
ഇനി അത്തരക്കാരുടെ ഉള്ളിലിരിപ്പ് കേരളത്തെ ബിജെപി – ആർഎസ്എസ് വാഴ്ചയിലേക്ക് കൊണ്ടുപോകണമെന്നാണോ? നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത, 20 ശതമാനം വോട്ടർമാരുടെ പോലും പിൻബലമില്ലാത്ത കേരളത്തിൽ ബിജെപിക്ക് ഉടൻ അധികാരത്തിലെത്താനാവുമെന്ന് അവർ പോലും കരുതുമെന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെങ്ങനെ? യുഡിഎഫിനെ അധികാരത്തിലെത്തിച്ച് അതിലൂടെ ബിജെപിക്ക് വഴിയൊരുക്കുകയെന്ന ചിന്തയാണ് ഇത്തരക്കാരെ നയിക്കുന്നതെന്ന് വ്യക്തം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചതും അങ്ങനെയാണല്ലോ.
അപ്പോൾ എൽഡിഎഫിന്റെ തുടർഭരണം ഇല്ലാതാക്കി ബിജെപിക്ക് പരോക്ഷമായി വഴിയൊരുക്കുകയെന്നതുതന്നെയാണ് ഭരണമാറ്റവാദികളുടെയും ലക്ഷ്യമെന്ന് കരുതാതിരിക്കാനാവില്ല. എല്ലാ മാനവ വികസന സൂചികകളിലും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥയിലേക്ക് കേരളവും പിന്തിരിഞ്ഞോടണമോയെന്നതാണ് പരിശോധിക്കേണ്ടത്. വംശഹത്യകളും ബുൾഡോസർരാജും അഴിമതിയും അഴിഞ്ഞാടുന്ന അവസ്ഥയിലേക്കാണ് നമ്മളും പോകേണ്ടത് എന്നാണോ ഈ ഭരണമാറ്റവാദികൾ നമ്മോട് പറയുന്നത്. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ. ഞങ്ങൾ കേരളീയർ അതിനു തയ്യാറല്ല; ഞങ്ങൾക്കുവേണ്ട മാറ്റം വളർച്ചയിലേക്കാണ്; പുരോഗതിയിലേക്കാണ്; ഇനിയും മുന്നോട്ടേക്കാണ്. അതിനുവേണം ഭരണത്തുടർച്ച. l



