ഇന്ത്യൻ ഭരണവർഗം ഈ മണ്ണിൽനിന്നും കമ്യൂണിസത്തിന്റെ അടിവേരറുക്കുമെന്ന പ്രതിജ്ഞയോടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ശബ്ദമായി സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് മധുരയിൽ സമാപിച്ചത്. നവഫാസിസത്തിന്റെ ശക്തികൾ ഇന്ത്യൻ ഭരണസംവിധാനത്തിന്റെ സമസ്ത രംഗങ്ങളെയും കീഴ്-പ്പെടുത്താനും സമ്പൂർണാധിപത്യം സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടിരിക്കെ അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പാത തെളിക്കുന്നതായി അഞ്ച് ദിനരാത്രങ്ങളിൽ മധുരയിൽ ഒത്തുചേർന്ന ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ സമരനായകർ കെെക്കൊണ്ട തീരുമാനങ്ങൾ. ആ തീരുമാനങ്ങളുടെ അന്തസ്സത്തയിലേക്ക് വെളിച്ചംവീശുന്നതാണ് ചിന്തയുടെ ഈ ലക്കം. നേതൃനിരയിലെ തലമുറ മാറ്റത്തിന്റേതായ ഈ പാർട്ടി കോൺഗ്രസ് ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ തേരാളിയായി തിരഞ്ഞെടുത്ത, സിപിഐ എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി സഖാവ് എം എ ബേബിയുമായി കെ എസ് രഞ്ജിത്ത് നടത്തിയ അഭിമുഖമാണ് ഈ ലക്കത്തിന്റെ മുഖ്യസവിശേഷത. പിണറായി വിജയൻ, എളമരം കരീം, പി കെ ശ്രീമതി, പി കൃഷ്ണപ്രസാദ്, വി പി സാനു എന്നിവരാണ് വിവിധ സമര മുന്നണികളിലെ കടമകളിലേക്ക് വിരൽചൂണ്ടുന്ന ലേഖനങ്ങൾ എഴുതുന്നത്.
വർഗീയ ശക്തികൾ ഇന്ത്യൻ സമൂഹത്തിലാകെ കരിനിഴൽ വീഴ-്ത്തി ആക്രമണോത്സുകമായി നിൽക്കുമ്പോൾ മതനിരപേക്ഷതയുടെ കൊടി ഉയർത്തിപ്പിടിച്ച് വർഗീയ വിപത്തിനെ ചെറുക്കുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളെയും ഒന്നിച്ചണിനിരത്താൻ ശേഷിയുള്ള പ്രസ്ഥാനമാണ് സിപിഐ എം. കോർപ്പറേറ്റ് –വർഗീയ കൂട്ടുകെട്ട് ഇന്ത്യൻ ജനതയെ നിഷ്ഠുരമായവിധം കൊള്ളയടിച്ചുകൊണ്ടിരിക്കുമ്പോൾ തൊഴിലാളി –കർഷക ഐക്യം ഉൗട്ടിയുറപ്പിച്ച് അതിനെതിരെ ചെറുത്തുനിൽപ്പ് പോരാട്ടം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നതും സിപിഐ എമ്മാണ്.
രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയ ഐതിഹാസികമായ കർഷകസമരത്തിൽ സിപിഐ എം വഹിച്ച പങ്ക് അവഗണിക്കാനാവാത്തത്ര വിപുലമാണ്. മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാറും അതിന്റെ നേതൃത്വത്തിലുള്ള യൂണിയൻ ഗവൺമെന്റും നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാനും മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. സിഎഎക്കെതിരായ സമരത്തിലും ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവിയും അവിടത്തെ ജനതയുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിലും പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കു വിധേയരാകുന്നവർക്ക് ആശ്വാസമേകാനും മണിപ്പൂരിലും ഒഡീഷയിലും യുപിയിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലുമെല്ലാം ക്രിസ്തുമത വിശ്വാസികളും പുരോഹിതരും ആക്രമിക്കപ്പെടുമ്പോൾ ശബ്ദമുയർത്താനും മുന്നിൽതന്നെയാണ് സിപിഐ എം.
ഇങ്ങനെ ഇന്ത്യയിലെ സമസ്ത ജനവിഭാഗങ്ങൾക്കും സംരക്ഷണത്തിന്റെ കവചം തീർക്കുന്നതിൽ മുന്നിൽ തന്നെയുള്ള സിപിഐ എം, ലോകത്ത് സാമ്രാജ്യത്വശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെയും ശക്തമായി പ്രതികരിക്കുന്നു. നവഫാസിസത്തിന്റെ കടന്നാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന വേളയിലാണ് സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസ് മധുരയിൽ ചേർന്നത്. ഈ ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ സിപിഐ എമ്മിനെ താഴേതലം മുതൽ കരുത്തുറ്റതാക്കേണ്ടത് അനിവാര്യമാണ്. അതിനായുള്ള തീരുമാനങ്ങളാണ് ഏപ്രിൽ 2 മുതൽ 6 വരെ ചേർന്ന മധുര പാർട്ടി കോൺഗ്രസ് കെെക്കൊണ്ടത്. l