കൊല്ലം ജില്ലയിലെ കടൽ തീരത്ത് ആഴക്കടൽ മണൽ ഖനനം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവും അതുമായി ബന്ധപ്പെട്ട് 2023ൽ പാർലമെന്റ് പാസാക്കിയ നിയമഭേദഗതിയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികളെയാകെ ആശങ്കപ്പെടുത്തുന്നതാണ്. മത്സ്യത്തൊഴിലാളികൾ കക്ഷി രാഷ്ട്രീയ ഭേദമെനേ-്യ ഒന്നടങ്കം ഈ നീക്കത്തിനെതിരെ പ്രക്ഷോഭത്തിലുമാണ്. സംസ്ഥാന നിയമസഭ ഇതിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും അത് പരിഗണിക്കാൻ പോലും മോദി സർക്കാർ തയ്യാറായിട്ടില്ല. ആഴക്കടൽ മണൽ ഖനനം ഉയർത്തുന്ന പ്രശ്നങ്ങളാണ് ഈ ലക്കത്തിലെ കവർസ്റ്റോറിയിൽ ചർച്ച ചെയ്യുന്നത്. ജെ മേഴ്സി-ക്കുട്ടിയമ്മ, ഡോ. കെ വി തോമസ്, ഡോ. ബിജുകുമാർ, പ്രൊഫ. ഇ ഷാജി, ഡോ. അബേഷ് രഘുവരൻ എന്നിവരാണ് ലേഖകർ.
ആഴക്കടൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതികവും ജിയോളജിക്കലും മറ്റുമായ ആഘാതങ്ങളെക്കുറിച്ച് യാതൊരു പഠനവും കൂടാതെയാണ് മോദി സർക്കാർ വിനാശകരമായ ഈ പദ്ധതി കൊണ്ടുവന്നത്. മണ്ണും വിണ്ണും കടലുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും സ്വകാര്യമേഖലയ്ക്ക് തീറെഴുതാനും കോർപറേറ്റുകളുടെ കൊള്ളലാഭക്കൊതിയെ തൃപ്തിപ്പെടുത്താനുമുള്ള മോദി സർക്കാരിന്റെ വ്യഗ്രതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്. ഇതിനെതിരെ ശാസ്ത്രരംഗത്തുനിന്നടക്കം ഉയർന്നുവരുന്ന പ്രതികരണങ്ങൾക്കൊന്നും ചെവി കൊടുക്കാതെയാണ് അവർ മുന്നോട്ടുപോവുന്നത്.
നിർമാണാവശ്യങ്ങൾക്കുവേണ്ട ഗുണനിലവാരമുള്ള മണൽലഭ്യതയില്ലയെന്ന വിഷയം അവതരിപ്പിച്ചാണ് ഇത്തരമൊരു കൊള്ളയടിക്കലിന് മോദി സർക്കാർ അവസരമൊരുക്കുന്നത്. എന്നാൽ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ത്തന്നെ തകർക്കുന്ന ആഴക്കടൽ ഖനനം സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ സമ്പദ-്-ഘടനയിൽ, പ്രതേ-്യകിച്ചും ബ്ലൂ ഇക്കണോമിയിൽ, ദൂരവ്യാപകമായ അനന്തരഫ-ലങ്ങൾ സൃഷ്ടിക്കുമെന്നത് കേന്ദ്ര സർക്കാരിനെ തെല്ലും ഉൽകണ്ഠപ്പെടുത്തുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ തകർക്കുന്നുവെന്നതുൾപ്പെടെ സംസ്ഥാനത്തെ ജനതാൽപ്പര്യങ്ങളെയാകെ ബലി കഴിച്ചുകൊണ്ടാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. കെഎംഎംഎൽ, ഐആർഇ തുടങ്ങി പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലാഭക്ഷമതയെ മാത്രമല്ല അവയുടെ നിലനിൽപ്പിനെപ്പോലും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പുതിയ നീക്കം. ഇന്ത്യയിൽ ഏറ്റവുമധികം മത്സ്യസമ്പത്തുള്ള കൊല്ലത്തെ തീരമേഖലയിൽത്തന്നെ ഈ പുതിയ പദ്ധതി ആദ്യം നടപ്പാക്കാൻ തീരുമാനിച്ചതും സംശയാസ്പദമാണ്.
ഇവിടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കുന്നവയാണ്. l