Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിലെ കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമതയും 
ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോഗവും

കേരളത്തിലെ കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമതയും 
ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോഗവും

ഡോ. ജിജു പി അലക്സ് (മെമ്പര്‍, സംസ്ഥാന ആസൂത്രണബോര്‍ഡ്)

കേരളത്തില്‍ കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും പ്രാഥമികമായി വേണ്ടത് ഉല്‍പ്പാദനക്ഷമതയിലെ വര്‍ദ്ധനവാണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പാദനത്തിന്റെ തോത് ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതിന് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. മാത്രവുമല്ല, നമുക്ക് ലഭ്യമായ ഉല്‍പ്പാദനോപാധികളുടെ ഏറ്റവും കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുന്നതിനും ഉല്‍പ്പാദനക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കുക തന്നെ വേണം. നമ്മുടെ കാര്‍ഷിക മേഖലയിലെ വിവിധ വിളകളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പൊതുവായ ഇടപെടലുകളെക്കുറിച്ചുള്ള ഒരവലോകനമാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമാണ്.

ഒരു യൂണിറ്റ് സ്ഥലത്ത് നമുക്ക് എത്രത്തോളം കാര്‍ഷികോത്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാം എന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത, നാം ഉപയോഗിക്കുന്ന വിളയിനങ്ങളുടെ ജനിതകമായ ഉല്‍പാദന സാദ്ധ്യത, വിളകളുടെ യഥാസമയത്തുള്ള ശാസ്ത്രീയ പരിപാലനം, വിളകളുടെ വിന്യാസം, വിള സാന്ദ്രത മുതലായവ ആശ്രയിച്ചാണിരിക്കുന്നത്. ആവശ്യാനുസരണം ജലവും വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് മൂലകങ്ങളും നിര്‍ദ്ദിഷ്ട അളവില്‍ നല്‍കാന്‍ കഴിയുകയും സൂക്ഷ്മതയോടെ പരിചരിക്കപ്പെടുകയും ചെയ്യുമ്പോഴേ പരമാവധി ഉല്‍പ്പാദനം സാധ്യമാകൂ. ഓരോ വിളയിലും മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള ശാസ്ത്രീയമായ നടപടിക്രമങ്ങള്‍ (Protocol) കാര്‍ഷിക സര്‍വ്വകലാശാലയും മറ്റു ഗവേഷണ കേന്ദ്രങ്ങളൂം തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറെ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ നിര്‍ദ്ദിഷ്ട രീതിയില്‍ കൃഷിയിടങ്ങളില്‍ അനുവര്‍ത്തിക്കപ്പെടുന്നത് തുലോം പരിമിതമാണ്. ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കാതെയും അവയെ അഭിസംബോധന ചെയ്യാതെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തദ്വാരാ കാര്‍ഷിക രംഗത്തെ പുരോഗതി ഉറപ്പാക്കുന്നതിനും കഴിയില്ല. കേരളത്തിലെ മിക്കവാറും കാര്‍ഷിക വിളകളുടേയും ഉല്‍പ്പാദനക്ഷമത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും കേരളത്തിലെ ചില വിളകളുടെ ഉല്‍പ്പാദനക്ഷമത അനുക്രമമായി വര്‍ദ്ധിക്കുന്നുണ്ട് എന്നു കാണാം. എന്നാല്‍ മറ്റു ചില വിളകളില്‍ മുന്‍പുണ്ടായിരുന്ന ഉല്‍പാദനക്ഷമത ഗണ്യമായിക്കുറഞ്ഞു വരുന്നതായും കാണുന്നു (കേരള വികസന റിപ്പോര്‍ട്ട്, 2021).

പ്രധാന വിളകളുടെ 
ഉല്‍പാദന ക്ഷമതയിലെ 
കഴിഞ്ഞ ദശാബ്ദത്തിലെ വ്യതിയാനം
കേരളത്തിലെ പ്രധാനപ്പെട്ട കാര്‍ഷിക വിളകളുടെ ഉല്‍പാദനക്ഷമതയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഗണ്യമായ വ്യതിയാനമുണ്ടായിട്ടുണ്ട്. നെല്ലിന്റെ ഉല്‍പാദനക്ഷമത 2011 -ല്‍ 2733 കി ഗ്രാം/ഹെക്ടര്‍ ആയിരുന്നത് ഇടയ്ക്കിടെ കുറയുകയും കൂടുകയും ചെയ്തു. നെല്ലുല്‍പാദനത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്ന പദ്ധതികളുണ്ടായിട്ടും സ്ഥിരമായി ഉല്‍പാദനക്ഷമത വര്‍ദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പരമ്പരാഗത നെല്ലുല്‍പാദന മേഖലകളില്‍ ഉല്‍പാദനക്ഷമത പൊതുവെ ഉയര്‍ന്നാണ് നില്‍ക്കുന്നതെങ്കിലും മറ്റ് സ്ഥലങ്ങളില്‍ അത് തീരെ കുറവാണെന്ന് കാണാം. ഉല്‍പാദന സാമഗ്രികള്‍ വിതരണം ചെയ്യുകയും സബ്സിഡി നല്‍കുകയും ചെയ്യുന്നതിനോടൊപ്പം ശാസ്ത്രീയമായ കൃഷിരീതികള്‍ പിന്തുടരാനും കര്‍ഷകരെ പ്രേരിപ്പിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വ്യതിയാനം. ഉദാഹരണത്തിന്, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഗ്രാമ പഞ്ചായത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷിയില്‍ സ്ഥിരമായി എഴു ടണ്‍/ഹെക്ടര്‍ എന്ന വളരെ ഉയര്‍ന്ന നിലയിലുള്ള ഉല്‍പാദനക്ഷമത കൈവരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃഷിയുടെ പ്രാരംഭ ഘട്ടംമുതല്‍ അവസാനംവരെ കൃത്യമായ അസൂത്രണത്തോടെ, പുതിയ സാങ്കേതിക വിദ്യകള്‍ പിന്തുടര്‍ന്നുകൊണ്ടുള്ള കൃഷിചെയ്യുന്നതുകൊണ്ടാണ് ഇതു നേടാന്‍ കഴിയുന്നത് എന്ന് ഫീല്‍ഡുതല പഠനങ്ങളില്‍ നിന്ന് ബോധ്യമായിട്ടുണ്ട് (കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, 2020).

തെങ്ങിന്റെ ഉല്‍പാദനക്ഷമതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒരു ഹെക്ടറില്‍ നിന്ന് 2011-–12-ല്‍ 7237 എണ്ണം നാളീകേരം വരെ ഒരു വര്‍ഷം ലഭിച്ചിരുന്നത് 2019–20 ല്‍ 6077 ആയി കുറഞ്ഞതായി കാണുന്നു. ജലലഭ്യതയും ക്രമമായ വളപ്രയോഗവും പരിചരണവും ഉറപ്പാക്കിയാല്‍ വളരെയധികം ഫലംതരുന്ന വിളയാണ് തെങ്ങ്. ഈ പരിചരണത്തിന്റെ അഭാവം മൂലമാണ് നാളികേരത്തിന്റെ ഉല്‍പാദനം വര്‍ദ്ധിക്കാത്തതെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നുണ്ട് (CPCRI, 2021). വാഴയിലാകട്ടെ, ഉല്‍പാദനക്ഷമത കാര്യമായി വര്‍ദ്ധിച്ചതു കാണാം. പത്തു വര്‍ഷത്തിനിടയില്‍ ഒരു ഹെക്ടറില്‍ നിന്നും 8703 കി ഗ്രാമില്‍ നിന്നും 9038 കി ഗ്രാം എന്ന നിലയിലേക്ക് ഉല്‍പാദനക്ഷമത വര്‍ദ്ധിച്ചിട്ടൂണ്ട്. വാഴയുടെ വിളവിസ്തൃതിയും അനുക്രമമായി വളര്‍ന്നിട്ടുണ്ട്. സ്ഥിരമായ വിപണി മൂല്യം ഉള്ളതുകൊണ്ടാകാം വാഴ കൃഷിയില്‍ കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ട്. വാഴയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉള്‍പ്പന്നങ്ങളൂം ഏറെയാണ്. വിപണി സ്ഥിരത കൂടുതലുള്ള വിളകളില്‍ കൂടൂതല്‍ പരിചരണം നല്‍കുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍ റബ്ബറിന്റെ കാര്യത്തില്‍ ഉല്‍പാദനക്ഷമത ഗണ്യമായി കുറയുകയാണ്. സ്ഥിരമായ വിലയിടിവുമൂലം റബ്ബര്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന നിലയിലെത്തുമ്പോഴാണ് ഉല്‍പാദനക്ഷമതയിലെ ഈ കുറവും സംഭവിക്കുന്നത് എന്നോര്‍ക്കണം.

ഉല്‍പാദനക്ഷമതയിലെ ഈ കുറവ് നമ്മുടെ കാര്‍ഷികോല്‍പാദന വ്യവസ്ഥകളുടെ ബലഹീനതയാണെന്നതില്‍ സംശയമില്ല. ഉല്‍പന്നങ്ങളുടെ വില അസ്ഥിരമായി തുടരുമ്പോഴും ഉയര്‍ന്ന ഉല്‍പാദനക്ഷമതയുണ്ടെങ്കില്‍ ഒരു പരിധിവരെ വിലയിടിവിന്റെ പ്രത്യാഘാതം ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇടിയുന്ന ഉല്‍പാദനക്ഷമത കാര്‍ഷിക രംഗത്തെ ബാധിച്ചിരിക്കുന്ന നാശോന്‍മുഖമായ പ്രവണതകളുടെ പ്രതിഫലനമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ സൂക്ഷ്മമായ പരിശോധന ആവശ്യപ്പെടുന്ന വിഷയമാണിത്.

നിലവിലെ സ്ഥിതിയും
വളര്‍ച്ചാ സാധ്യതകളും
എന്നാല്‍ ഉയര്‍ന്ന ഉല്‍പാദനക്ഷമത എന്നത് അപ്രാപ്യമായ കാര്യമല്ല. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍പ്രകാരം നെല്ലിന്റെ ശരാശരി ഉല്‍പ്പാദനക്ഷമത ഒരു ഹെക്ടറില്‍ വെറും 2.38 ടണ്‍ ആണ്. എന്നാല്‍ പൊതുവേ കേരളത്തില്‍ ലഭിക്കാവുന്ന പരമാവധി ഉല്‍പ്പാദനക്ഷമത 4.55 ടണ്‍ വരെയാണ്. ഒരു തെങ്ങില്‍നിന്നും ഒരു വര്‍ഷം ലഭിക്കാവുന്ന പരമാവധി (ശരാശരി) നാളികേരത്തിന്റെ എണ്ണം 150 എന്നാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് വെറും 40 നാളികേരമാണ്. ഉല്‍പ്പാദനത്തിലെ വിടവ് 275 ശതമാനംവരെയെത്തും. കേരളത്തില്‍ ഏറ്റവും ഫലപ്രദമായി കൃഷി ചെയ്തിരിക്കുന്ന റബ്ബറിന്റെ ശരാശരി ഉല്‍പ്പാദനക്ഷമത നമുക്കു ലഭിക്കാവുന്ന പരമാവധി ഉല്‍പ്പാദനക്ഷമതയെക്കാള്‍ 42.9 ശതമാനം കുറവാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ സുഗന്ധവിളയായ കുരുമുളകിന്റെ കാര്യത്തില്‍ നമ്മുടെ ശരാശരി ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 295 കിലോഗ്രാമാണ്. എന്നാല്‍ കുരുമുളകിന്റെ സാധ്യമായ ശരാശരി ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 1.5 ടണ്‍ ആണ്. ഇപ്പോഴത്തെ ഉല്‍പ്പാദനക്ഷമത നമുക്ക് ലഭിക്കാവുന്ന പരമാവധി ഉല്‍പ്പാദനക്ഷമതയേക്കാള്‍ 408.5 ശതമാനം കുറവാണ് എന്ന് കണക്കാക്കിയിരിക്കുന്നു.

കേരളത്തിലെ വിവിധ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ നമ്മുടെ പ്രധാനപ്പെട്ട വിളകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പാദനക്ഷമത വിശകലനം ചെയ്യുമ്പോള്‍ സൂക്ഷ്മവും കൃത്യവുമായ വിളപരിപാലന രീതികള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് വളരെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ലഭിക്കുന്നുവെന്ന് വ്യക്തമാകും. ഉദാഹരണത്തിന്, നമ്മുടെ നെല്ലറയായ കുട്ടനാട്ടില്‍ ഹെക്ടറിന് 4.35 ടണ്‍ ഉല്‍പ്പാദനക്ഷമതയുള്ളപ്പോള്‍, ആ പ്രദേശത്തെ ചില കര്‍ഷകര്‍ക്ക് ഹെക്ടറിന് 7.55 ടണ്‍ എന്ന നിരക്കില്‍ ഉല്‍പ്പാദനക്ഷമത ലഭിക്കുന്നുണ്ട്. താരതമ്യേന ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള കോള്‍നിലങ്ങളില്‍ ശരാശരി ഉല്‍പ്പാദനക്ഷമത 4.55 ടണ്‍ ആണ്. എന്നാല്‍ സ്ഥിരമായി 7.5 ടണ്‍ വരെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിക്കുന്ന കോള്‍ കര്‍ഷകരുണ്ട്. ഓണാട്ടുകര പ്രദേശത്ത് നെല്ലിന്റെ ശരാശരി ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 2.75 ടണ്‍ ആണെങ്കിലും 6.55 ടണ്‍വരെ ഉല്‍പ്പാദനക്ഷമത കൈവരിക്കുന്ന കൃഷിയിടങ്ങളുമുണ്ട്. മറ്റ് വിളകളിലും ഈ പ്രവണത കാണാം. വടക്കന്‍ കേരളത്തിലെ ചെങ്കല്ല് നിറഞ്ഞ പ്രദേശങ്ങളില്‍ വാഴയ്ക്ക് ശരാശരി 20.2 ടണ്‍/ഹെക്ടര്‍ ഉല്‍പ്പാദനക്ഷമതയുള്ളപ്പോള്‍ ഈ പ്രദേശത്തെ ചില കര്‍ഷകര്‍ ഹെക്ടറിന് 60 ടണ്‍വരെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത നേടിയിട്ടുള്ളതായി കാണുന്നു. ഒരു കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍ ഉല്‍പാദനക്ഷമതയിലുണ്ടാകുന്ന വ്യതിയാനം പ്രധാനമായും ഉല്‍പാദന രീതികളിലെ വ്യത്യാസംകൊണ്ട് മാത്രമാണ് എന്ന് പറയാന്‍ കഴിയും. ശരാശരിയില്‍നിന്നും വളരെ ഉയര്‍ന്ന ഉല്‍പാദനക്ഷമതയാണ് ചില കൃഷിയിടങ്ങളില്‍ കാണുന്നത്. കേരളത്തിലെ ചില കാര്‍ഷിക കാലാവസ്ഥാ മേഖലകളിലെ പ്രധാനപ്പെട്ട വിളകളുടെ ശരാശരി ഉല്‍പ്പാദനക്ഷമതയും കര്‍ഷകര്‍ നിലവില്‍ കൈവരിച്ചിട്ടുള്ള ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും ഉല്‍പാദനത്തിലെ വ്യതിയാനവും താഴെ നല്‍കുന്നു.

ഓരോ വിളയിലുമുള്ള ഉല്‍പ്പാദന വിടവ് പരിശോധിക്കുമ്പോള്‍ ഈ വ്യത്യാസത്തിന്റെ ഗൗരവം കൂടുതല്‍ മനസ്സിലാകും. ഉദാഹരണത്തിന്, ഏറ്റവുമധികം വിലസ്ഥിരതയും ആഗോള വിപണിയില്‍ സ്ഥിരം ആവശ്യവുമുള്ള കുരുമുളകിന്റെ മദ്ധ്യ സമതല പ്രദേശത്തെ ഉല്‍പ്പാദന വിടവ് 500 ശതമാനമാണ്. നാം ശരാശരി ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന കുരുമുളകിന്റെ അഞ്ചിരട്ടിവരെ നമുക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെല്ലിന്റെ കാര്യത്തിൽ അധികം ഉല്‍പാദന ക്ഷമതയുള്ള കോള്‍ നിലങ്ങളില്‍ പോലും നിലവിലുള്ളതിന്റെ 111 ശതമാനം കൂടുതല്‍ ഇപ്പോള്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ശരാശരി ഉല്‍പാദനക്ഷമത പൊതുവെ ഉയര്‍ന്നിട്ടുള്ള വാഴയുടെ ഉല്‍പാദനക്ഷമത ഏതാണ്ട് രണ്ടിരട്ടി വര്‍ദ്ധിപ്പിക്കാന്‍ യാതൊരു പ്രയാസവുമില്ല. എന്താണിതിന്റെ അര്‍ത്ഥം? കേരളത്തിന്റെ എല്ലാ വിളകളുടെയും ഉല്‍പ്പാദനക്ഷമത വന്‍തോതില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍തന്നെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന ഫലക്ഷമതയുള്ള സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ അതിലുമധികം ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാവും.

ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഓരോ കാര്‍ഷിക കാലാവസ്ഥാമേഖലകളിലും ഓരോ കൃഷിയിടത്തിലും വ്യത്യസ്തമായിരിക്കും. ഉല്‍പ്പാദനമേഖലയില്‍ പ്രാദേശികമായി കൈവരിക്കാവുന്ന വളര്‍ച്ചയുടെ സാദ്ധ്യതകള്‍ ശാസ്ത്രീയമായി വിലയിരുത്താനും ഓരോ കൃഷിയിടത്തിലും അതിനനുസരിച്ചുള്ള സവിശേഷമായ വികസന ഇടപെടലുകള്‍ ആവിഷ്കരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ഈ സമീപനം കേരളത്തിന്റെ 13, 14 പഞ്ചവത്സരപദ്ധതികളുടെ സമീപന രേഖകളില്‍ അത്യധികം പ്രാധാന്യത്തോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത്ര എളുപ്പത്തില്‍ കൈവരിക്കാവുന്ന ഒന്നല്ല ഈ ലക്ഷ്യം. ഇതിനായി വിശദമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ 23 കാര്‍ഷിക കാലാവസ്ഥാ മേഖലകളുടെ സവിശേഷതകളനുസരിച്ച് ഓരോ വിളയിലും ഈ ഉല്‍പ്പാദന വ്യവസ്ഥകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. മണ്ണിന്റെ തരം, ജലലഭ്യത, ഫലഭൂയിഷ്ഠത, ജൈവ വൈവിധ്യം, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആസ്പദമാക്കിയാണ് കാര്‍ഷിക കാലാവസ്ഥാ മേഖലകളെ തരംതിരിച്ചിരിക്കുന്നത്. ഇവയിലോരോന്നിലും ഒരേ വിളയുടെതന്നെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഉല്‍പ്പാദനക്ഷമത പരിമിതപ്പെടുത്തുന്ന സ്വാഭാവികമായ ഘടകങ്ങളെ സാങ്കേതികവിദ്യകള്‍കൊണ്ട് മറികടക്കാന്‍ കഴിയും എന്നതിനു ശാസ്ത്രീയമായ തെളിവുകളുണ്ട്. തീരെ ഫലഭൂയിഷ്ഠമല്ലാത്ത മണ്ണുകളിലും വന്‍ ഉല്‍പ്പാദനം സാദ്ധ്യമാണെന്ന് നേരത്തെ നാം കണ്ട പട്ടികയിലെ വിവരങ്ങള്‍തന്നെ തെളിയിക്കുന്നുണ്ട്. ഓരോ ഉല്‍പാദനവ്യവസ്ഥയിലും വിവിധ ഉല്‍പ്പാദന ഘടകങ്ങളുടെയും ഉല്‍പ്പാദന പ്രക്രിയകളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി സാദ്ധ്യതകളുണ്ടാകും. മികച്ച ഉല്‍പ്പാദനക്ഷമത കൈവരിച്ചിട്ടുള്ള സ്ഥലങ്ങളിലൊക്കെ സവിശേഷമായ ഉല്‍പാദന രീതികള്‍ അവലംബിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ഈ സാദ്ധ്യത മുന്‍നിര്‍ത്തി നമ്മുടെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ ഓരോ പ്രദേശത്തിനും യോജിച്ച മികച്ച സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലാവസ്ഥയുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെയും പരിമിതികളെ അതിലംഘിക്കുന്ന സാങ്കേതിക വിദ്യകള്‍ നമുക്ക് ലഭ്യമാണ്.

ശാസ്ത്ര–സാങ്കേതിക വിദ്യകളുടെ 
പ്രയോഗ സാധ്യതകള്‍
ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലെ വ്യതിയാനം ഉല്‍പ്പാദനക്ഷമതയെ നേരിട്ടു ബാധിക്കുന്നുണ്ട് എന്നു പറഞ്ഞുവല്ലോ. വികസിത രാജ്യങ്ങള്‍ കാര്‍ഷിക സാങ്കേതികവിദ്യകളെ വര്‍ദ്ധിച്ച തോതിലാണ് പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയില്‍ തന്നെ വന്‍ കാര്‍ഷിക പുരോഗതി നേടിയിട്ടുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക സാങ്കേതികവിദ്യകളുടെ ഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള വിയറ്റ്നാമിലെ നെല്ലുല്പാദനത്തേയും കേരളത്തിലെ നെല്ലുല്പാദനമേഖലയേയും താരതമ്യംചെയ്ത് ഈ അടുത്തകാലത്ത് നടന്ന ഒരു പഠനത്തില്‍ അവിടെ ഉല്‍പ്പാദനച്ചെലവിൽ ഒരുഭാഗം ആധുനിക സാങ്കേതികവിദ്യകള്‍ക്കായാണ് വിനിയോഗിക്കുന്നതെന്നു കണ്ടെത്തിയിരുന്നു (Deepak Johnson, 2022). കൃഷിയില്‍നിന്നുള്ള വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിന് വര്‍ദ്ധിച്ച ഉല്‍പ്പാദനക്ഷമത അനുപേക്ഷണീയമാണ് എന്നാണ് ഈ പഠനം തെളിയിക്കുന്നത്. ഉല്‍പാദനവര്‍ദ്ധനവിനും ഉല്‍പന്നങ്ങള്‍ കാര്യക്ഷമമായി സംഭരിച്ച് വിപണനം ചെയ്യുന്നതിനും മൂല്യവര്‍ദ്ധനവിനും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായം അത്യന്താപേക്ഷിതമാണ്. നിലമൊരുക്കി വിത്തിടുന്നതുമുതല്‍ ഉപഭോഗത്തിനുള്ള അവസാന ഉല്‍പ്പന്നത്തിന്റെ നിര്‍മ്മിതി വരെയുള്ള ഘട്ടങ്ങളില്‍ ശാസ്ത്ര സാങ്കേതികവിദ്യകള്‍ പ്രയോഗിക്കേണ്ടതുണ്ട്. ഇതിന്റെ നിലവിലുള്ള സ്ഥിതിയും ഭാവി സാദ്ധ്യതകളും ഹ്രസ്വമായി പരിശോധിക്കുകയാണ് ചുവടെ:

മണ്ണിന്റെ ഘടനയും ഫലഭൂയിഷ്ഠതയും കാര്‍ഷികോല്‍പ്പാദനത്തിലെ സുപ്രധാന ഘടകങ്ങളാണല്ലോ. കേരളത്തില്‍ പൊതുവെ ഒന്‍പതു തരം മണ്ണുകളുണ്ട്. മണ്ണിന്റെ വൈവിധ്യമനുസരിച്ചാണ് വിവിധ കാര്‍ഷിക കാലാവസ്ഥാ മേഖലകള്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ണിനങ്ങളും അമ്ലസ്വഭാവമുള്ളവയാണ്. മാത്രമല്ല സിങ്ക്, കോപ്പര്‍, ബോറോണ്‍, ഇരുമ്പ്, മാംഗനീസ്, എന്നീ സൂക്ഷ്മ മൂലകങ്ങളുടെയും കാല്‍ഷ്യം, മഗ്നീഷ്യം, സല്‍ഫര്‍ എന്നീ ദ്വിതീയ മൂലകങ്ങളുടെയും അപര്യാപ്തതയാണ് മറ്റൊരു സവിശേഷത. കേരളത്തില്‍ മണ്ണ് സംരക്ഷണത്തിനായും മണ്ണിന്റെ സര്‍വ്വേനടത്തി വിവരശേഖരം പരിപാലിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മണ്ണിന്റെ സ്വഭാവസവിശേഷതകള്‍, ഘടന, ധാതുലവണങ്ങളുടെ അളവ് എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയും അവ ഭൗമ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ ഭൂപടങ്ങളില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സംസ്ഥാനമൊട്ടാകെ വ്യാപകമായി നടത്തിയിട്ടുള്ള മണ്ണു പരിശോധനാ ഫലങ്ങള്‍ ഉപയോഗപ്പെടുത്തി ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവവും ഫലഭൂയിഷ്ഠതയും അനായാസം കണ്ടെത്താവുന്ന ഒരു മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഓരോ കര്‍ഷകനും മണ്ണിന്റെ ഘടനയും ഫലഭൂയിഷ്ഠതയും രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. ഭൗമവിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ഓരോ കൃഷിയിടത്തിന്റേയും ഫലഭൂയിഷ്ഠതയും ഓരോ സീസണിലും വിളകളുടെ സൂക്ഷ്മ മൂലകങ്ങളുടെയുള്‍പ്പടെയുള്ള ആവശ്യങ്ങളും കണ്ടെത്തി വിളപരിപാലന സമ്പ്രദായം തയ്യാറാക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. ഇതിനകം തന്നെ ഇത്തരത്തില്‍ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ടു നല്‍കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ചില സര്‍വ്വകലാശാലകളും ഏജന്‍സികളും സംരംഭകരും തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഓരോ കൃഷിയിടത്തിലെയും ജലാംശം, മണ്ണിന്റെ സവിശേഷതകള്‍, താപനില, ആപേക്ഷിക സാന്ദ്രത എന്നിവ സെന്‍സറുകളുടെ സഹായത്തോടെ കണ്ടെത്തുകയും ശാസ്ത്രീയമായ വിളപരിപാലനത്തിനുവേണ്ട ശുപാര്‍ശകള്‍ വളര്‍ച്ചയുടെ ഗണിത മാതൃകകളും കംപ്യൂട്ടറും ഉപയോഗിച്ച് വിലയിരുത്തുകയും അത് കൃഷിയിടത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഫെര്‍ട്ടിഗേഷന്‍ സംവിധാനങ്ങളും നിലവിലുണ്ട്. എന്നാല്‍ ചെറുകിട – നാമമാത്ര കര്‍ഷകര്‍ക്കുമടക്കം ഉപയോഗിക്കാവുന്ന വിധത്തില്‍ ഈ സങ്കേതങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള ഗവേഷണ ശ്രമങ്ങള്‍ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ജലസമൃദ്ധമാണ് നമ്മുടെ സംസ്ഥാനമെങ്കിലും ഏതാണ്ട് 15% മാത്രമാണ് കേരളത്തിലെ മൊത്തം കൃഷി വിസ്തൃതിയില്‍ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. നിലവിലുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും പ്രാദേശിക തലത്തില്‍ പുതിയവ ആരംഭിക്കുകയും ചെയ്യുന്നതിനോടൊപ്പംതന്നെ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികള്‍ സ്ഥാപിക്കാനും കഴിയും. മണ്ണിലെ ജലാംശം സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിയാനും അതിനനുസരിച്ച് വിളകളുടെ വേരുപടലത്തില്‍ സൂക്ഷ്മമായി ജലം എത്തിക്കാനുമുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ പ്രചാരം നേടുന്നുണ്ട്. ചെറു കൃഷിയിടങ്ങളിലും മട്ടുപ്പാവുകളിലും ഉപയോഗിക്കാവുന്ന കണിക ജലസേചനം, തിരി, നന മുതലായ സംവിധാനങ്ങളും പ്രചരിപ്പിക്കാവുന്നതാണ്. നീര്‍ത്തടവികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ഭൗമ വിവരസാങ്കേതികവിദ്യകള്‍ കഴിയുന്നത്ര ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഭൗമ വിവരസാങ്കേതികവിദ്യ വളരെയേറെ വികസിച്ചുവെങ്കിലും കേരളത്തിലെ കാര്‍ഷിക വികസനത്തിന്റെ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും നാമമാത്രമായേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു കാണുന്നുള്ളൂ. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജലവിഭവ പരിപാലനത്തിന് വിശിഷ്യ, പ്രളയം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിനും നീര്‍ത്തട വികസന പരിപാലന പരിപാടികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.

അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും അവയോടനുബന്ധിച്ചുള്ള സാങ്കേതികവിദ്യകളുമാണ് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് നമ്മെ സഹായിച്ചത്. കേരളത്തില്‍ ഹരിതവിപ്ലവത്തിനു തുല്യമായ ഉല്‍പ്പാദന വര്‍ദ്ധനവ് കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരള കാര്‍ഷിക സര്‍വ്വകലാശാലയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളും കേരളത്തിലെ എല്ലാ വിളകളിലും വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക കാലാവസ്ഥകള്‍ക്കും മണ്ണിനുമനുസരിച്ചുള്ള അത്യുല്‍പ്പാദന ശേഷിയുള്ളതോ രോഗകീട പ്രതിരോധ ശേഷിയുള്ളതോ ആയ ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജൈവ സാങ്കേതികവിദ്യയും ജനറ്റിക് എഞ്ചിനീയറിംഗും ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. സങ്കര വിത്തുകള്‍ കൂടുതലും ലഭ്യമാകുന്നത് സ്വകാര്യമേഖലയില്‍ നിന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വികസിപ്പിച്ച F1 സങ്കര ഇനങ്ങളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് വലിയതോതില്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ണ്ണമായി വിജയം കണ്ടിട്ടില്ല.

കേരളത്തിലെ വീട്ടുവളപ്പിലെ ചെറുകിട കൃഷി മുതല്‍ വലിയ പാടശേഖരങ്ങളിലും തോട്ടങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍വല്‍കൃത യന്ത്രങ്ങളുള്‍പ്പടെയുള്ളവ ഇന്ന് കേരളത്തില്‍ പ്രയോഗത്തിലുണ്ട്. ഒരു പ്രദേശത്തെ കാര്‍ഷിക യന്ത്രങ്ങള്‍ നന്നായി പ്രവര്‍ത്തിപ്പിക്കാനറിയുന്ന സാങ്കേതിക വിദഗ്ദ്ധരുടേയും തൊഴിലാളികളുടേയും കര്‍മ്മസേനകള്‍ക്ക് സംരംഭകത്വമാതൃകയില്‍ ലാഭകരമായും ഫലപ്രദമായും യന്ത്രവല്‍ക്കരണത്തിന്റെ പ്രയോജനം എല്ലാത്തരം കര്‍ഷകര്‍ക്കും നല്‍കാന്‍ സാധിക്കും. ഗ്രീന്‍ ആര്‍മി പോലെയുള്ള മാതൃകകള്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് ആവിഷ്കരിക്കാന്‍ കഴിഞ്ഞുവെങ്കിലും സംസ്ഥാനമൊട്ടാകെ ഇത്തരം മാതൃകകള്‍ ഉയര്‍ന്നു വന്നിട്ടില്ല എന്നു കാണാം. ഓരോ ബ്ലോക്ക് പഞ്ചായത്തിലുമുള്ള യന്ത്രങ്ങളുടെ കണക്കെടുപ്പും കാറ്റലോഗിങ്ങും പൂര്‍ത്തിയാക്കുകയും കര്‍ഷകരുടെ ആവശ്യപ്രകാരം അവ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്യാവുന്ന ഡിജിറ്റല്‍ സംവിധാനത്തിന് രൂപം കൊടുക്കാവുന്നതാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് വിവിധ തരങ്ങളിലുള്ള 4633 കാര്‍ഷിക യന്ത്രങ്ങളുണ്ട് (Economic Review, 2022). കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയില്ല. ചെടികള്‍ക്കാവശ്യമായ പോഷക വസ്തുക്കളും ജലവും കമ്പ്യൂട്ടര്‍വത്കൃത സംവിധാനങ്ങളിലൂടെ ചെടികള്‍ക്ക് നല്‍കുന്ന വന്‍കിട സംവിധാനങ്ങള്‍ മുതല്‍ ലളിതമായി വളപ്രയോഗവും ജലസേചനവും നടത്തുന്ന സംവിധാനങ്ങള്‍ വരെയുള്ള വിവിധ കൃത്യതാകൃഷി സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. ഈ സാങ്കേതിക വിദ്യകള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ആധുനിക രീതികളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് സസ്യ സംരക്ഷണത്തിനുള്ള കീട-രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കള്‍ എന്ന നിലയില്‍ നിയന്ത്രിതമായി മാത്രം ഉപയോഗിക്കേണ്ടവയാണ് കീടനാശിനികള്‍. കേരളത്തിലെ സസ്യ സംരക്ഷണ ഉപാധികളുടെ ഉപയോഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെക്കുറവാണ്. വന്‍തോതില്‍ തോട്ടവിളകളും സുഗന്ധവ്യജ്ഞനങ്ങളും കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടുകൂടി 2017-–18 ലെ കണക്കുകള്‍പ്രകാരം കേരളത്തില്‍ ആയിരം ഹെക്ടറിന് 0.41 മെട്രിക് ടണ്‍ ആണ് കീടനാശിനികളുടെ ഉപയോഗം. ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചാബിലും ഹരിയാനയിലും കീടനാശിനികളുടെ ഉപയോഗം യഥാക്രമം 0.82 മെട്രിക് ടണ്ണും 0.62 മെട്രിക് ടണ്ണുമാണ്. അനുവദനീയമായ തോതിലധികം കീടനാശീനികളാണ് കാര്‍ഷിക വിളകള്‍ക്കുള്ളത് എന്നു പരക്കെപറയുന്നുണ്ടെങ്കിലും കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ടങ്ങള്‍ വിശകലനംചെയ്യുന്ന പരീക്ഷണശാലയുടെ കണക്കുകള്‍പ്രകാരം മൊത്തം പരിശോധിച്ച 1,318 സാമ്പിളുകളില്‍ 969 സാമ്പിളുകളിലും (73 %) കീടനാശിനി അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എണ്‍പതു സാമ്പിളുകളില്‍ മാത്രമാണ് അനുവദനീയമായ പരമാവധി അവശിഷ്ട തോതില്‍ കൂടുതല്‍ കീടനാശിനി കണ്ടെത്തിയത്. മറ്റൊരു പരീക്ഷണത്തില്‍ മൊത്തം പരീക്ഷിച്ച 549 സാമ്പിളുകളില്‍ വെറും 16 സാമ്പിളുകളില്‍ (2.9 ശതമാനം) മാത്രമാണ് പരമാവധി അനുവദനീയമായ തോതിനേക്കാള്‍ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടത്. പരിസ്ഥിതി സൗഹൃദമായതും ഉല്‍പ്പാദനക്ഷമത കുറഞ്ഞതുമായ ഓരോ പ്രദേശത്തിനും യോജിച്ച നല്ല കൃഷി മുറകള്‍ (Good Agricultural Practices) ഓരോ വിളയിലും തയ്യാറാക്കിയിട്ടുണ്ട്. ഈ മികച്ച കാര്‍ഷിക രീതികള്‍ പ്രയോഗിക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന ആപ്പുകളുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിശ്വസനീയമായ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കി പ്രചരിപ്പിക്കാവുന്നതാണ്. എന്നാല്‍ ഈ ആധുനിക സങ്കേതങ്ങളുടെ ഉപയോഗം കേരളത്തില്‍ പരിമിതമാണ്. സൂക്ഷ്മാണുക്കളെയും മിത്ര പ്രാണികളെയുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പ്രകൃതി സൗഹൃദ രീതികളൂം വ്യാപകമായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

കാര്‍ഷിക മേഖലയില്‍ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കപ്പെടുന്നത് മൂല്യവര്‍ദ്ധനവിന്റെ രംഗത്താണെന്നു പറയാം. കൃഷിയിടത്തില്‍ വച്ചുതന്നെ ഉല്‍പ്പന്നങ്ങളെ നിര്‍ദ്ദിഷ്ട ഗുണനിലവാര മാനദണ്ഡപ്രകാരം തരംതിരിക്കുകയും, വൃത്തിയാക്കുകയും പായ്ക്ക് ചെയ്യുകയുമൊക്കെ ചെയ്യുന്നതിന് നിരവധി സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. എന്നാല്‍ കേരളത്തില്‍ 10–-15 ശതമാനത്തിനപ്പുറത്തേക്ക് മൂല്യ വര്‍ദ്ധനവ് നടക്കുന്നില്ല. മൂല്യവര്‍ദ്ധനവിലൂടെ കര്‍ഷകര്‍ക്ക് ഗണ്യമായ വരുമാനവര്‍ദ്ധനവുണ്ടാകേണ്ടതാണ്. എങ്കിലും ചെറുകിട – നാമമാത്ര കര്‍ഷകരുടെ മിക്ക ഉല്‍പ്പന്നങ്ങളും മൂല്യവര്‍ധന ലക്ഷ്യമാക്കിയുള്ള പ്രാഥമിക സംസ്കരണത്തിനു വിധേയമാകില്ല. ഗുണനിലവാരം നിലനിര്‍ത്തുന്നതിനും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനും പാക്കേജിംഗ് സാങ്കേതികവിദ്യകളും ലഭ്യമാണ്. ഈ രംഗത്തും നമുക്കു ഇനിയുമധികം മുന്നോട്ടുപോകാനുണ്ട്.

കാര്‍ഷിക വിളകളില്‍ നിന്നുണ്ടാക്കാവുന്ന നാനാതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. നാളികേരം, നെല്ല്, വാഴ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് ഇവയുടെ സാങ്കേതിക വിദ്യകള്‍, യന്ത്രങ്ങളുടെ രൂപകല്‍പ്പന, പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള എഞ്ചിനീയറിംഗ് എന്നിവ സംബന്ധിച്ചുള്ള സാങ്കേതികോപദേശങ്ങള്‍ നല്‍കുന്നതിന് കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കും, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനും, ശാസ്ത്ര – വ്യാവസായിക ഗവേഷണ കൗണ്‍സിലിനും പ്രതിരോധ ഗവേഷണ സംഘടനക്കും മറ്റും കീഴിലുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ക്കും കഴിയും. സ്വകാര്യമേഖലയിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏറിയ അളവില്‍ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളുടെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഓളിയോറെസിനുകള്‍, തൈലങ്ങള്‍, എന്നിവയുടെ ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 35 ശതമാനത്തോളം കേരളത്തിലെ സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ഏലം, കുരുമുളക്, ഗ്രാമ്പു മുതലായ സുഗന്ധവിളകളില്‍ നിന്നുല്പാദിപ്പിക്കുന്ന സുഗന്ധവസ്തുക്കള്‍ക്ക് അന്താരാഷ്ട്ര കമ്പോളത്തില്‍ വന്‍ വിലയാണ് ലഭിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ ഉല്‍പ്പാദനവും തദ്വാരാ ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

ചെറുകിട ഉല്‍പാദകരില്‍ നിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള (aggregation) സങ്കേതങ്ങളും ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങള്‍, ഉല്‍പ്പാദക സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ പരിമിതമായ ചെറുകിട – നാമമാത്ര കര്‍ഷകര്‍ക്ക് ലഭ്യമായിട്ടുള്ളൂ. ഉപഭോക്താവിന് ഉല്പന്നങ്ങളുടെ ഗുണനിലവാരവും ഉല്പാദനപ്രക്രിയകളുടെ മാനദണ്ഡങ്ങളുമൊക്കെ അറിയുന്നതിനുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിക്ക് കാര്‍ഷികരംഗത്ത് വിപുലമായ സാധ്യതകളാണുള്ളത്. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ചുള്ള കൃഷിയിടങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് സഹായിക്കും. ഉല്‍പ്പാദന സംഘങ്ങളും സഹകരണ സംഘങ്ങളും മറ്റും ഈ സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോള, ദേശീയ, പ്രാദേശിക വിപണികളിലെ പ്രവണതകളും വിലനിലവാരവും ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും മെച്ചപ്പെട്ട സംവിധാനങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ല. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായ വിലനിര്‍ണ്ണയ- വിലവിവര വിനിമയ സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.

മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കാര്‍ഷിക മേഖലകളുടെ പങ്ക് കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ കൃഷി കൂടുതല്‍ ആകര്‍ഷകവും ലാഭകരവുമാക്കേണ്ടതുണ്ട്. കൃഷി ആയാസരഹിതമാക്കിയാലല്ലാതെ കാര്‍ഷികവൃത്തി ആകര്‍ഷകമാകില്ല. കുറച്ചുസ്ഥലത്തു നിന്ന് കൂടുതല്‍ ഉല്‍പ്പാദനം എന്നതാവണം നമ്മുടെ കാര്‍ഷിക വികസന പരിപാടികളുടെ ലക്ഷ്യം. വ്യവസായവല്‍ക്കരണത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളുടെ വര്‍ദ്ധനവിന്റെയും പശ്ചാത്തലത്തില്‍ ലഭ്യമായ കൃഷിഭൂമിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതായി വരും. കേരളത്തിന്റെ കാര്യത്തില്‍ ഇതിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ചെറുകിട – നാമമാത്ര കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം എങ്ങനെ പൊതു ഉടമസ്ഥതയില്‍ ലഭ്യമാക്കാം എന്ന സങ്കീര്‍ണ്ണവും എന്നാല്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതുമായ ഒരു ചോദ്യം ഉയരുന്നുണ്ട്. നമ്മുടെ സുശക്തമായ തദ്ദേശഭരണ സംവിധാനവും സഹകരണ സ്ഥാപനങ്ങളുടെ ശൃംഖലയും പുതുതലമുറ കാര്‍ഷിക സാങ്കേതികവിദ്യകള്‍ കര്‍ഷക സമൂഹങ്ങളിലെത്തിക്കാന്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്.

പതിനാലാം പഞ്ചവത്സരപദ്ധതിയുടെ പ്രഖ്യാപിത സമീപനം വര്‍ദ്ധിച്ച ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലുമൂന്നിയ പ്രാദേശിക വികസനമാണ്. കൃഷി – അനുബന്ധ മേഖലകളില്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉല്‍പ്പാദനക്ഷമത ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നതാണ് ഇതിനായി നാം ആവിഷ്കരിക്കുന്ന പ്രധാന തന്ത്രം. മൂല്യവര്‍ദ്ധനവിനുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രാഥമിക കാര്‍ഷികോല്പന്നങ്ങളെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളായി മാറ്റാനും പതിനാലാം പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വന്‍തോതിലുള്ള തൊഴില്‍ സൃഷ്ടിയും സാമ്പത്തിക വികസനവുമാണ് ലക്ഷ്യമാക്കുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കൃഷി – അനുബന്ധ മേഖലയുടെ ആധുനികവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സാമ്പത്തിക വികസനത്തിന്റെ പ്രക്രിയയില്‍ പങ്കാളികളാക്കാനുള്ള ഭാവനാ പൂര്‍ണ്ണമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ച ആധുനിക സാങ്കേതികവിദ്യകള്‍ അത്തരം സ്ഥാപനങ്ങളില്‍ നിന്നും വില കൊടുത്തു വാങ്ങുന്നതിനും നിലവിലുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമൊക്കെ സംരംഭകരെയും പ്രാദേശിക സംഘങ്ങളെയും സഹായിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ കഴിയും. കേരളം ഒരു വൈജ്ഞാനിക സമൂഹമായി വളരണമെന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് പ്രാഥമിക ഉല്പാദന മേഖലകളില്‍ ആധുനിക വിജ്ഞാനത്തിന്റെ പ്രയോഗം ഉറപ്പാക്കുക എന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × one =

Most Popular