Friday, September 20, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിലെ കൃഷി 
ഒരനുഭവക്കുറിപ്പ്

കേരളത്തിലെ കൃഷി 
ഒരനുഭവക്കുറിപ്പ്

ഡോ. എ പ്രേമ

നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച ആശയരൂപീകരണത്തിന്റെ ജനകീയ വേദിയാണ് എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠന കോണ്‍ഗ്രസ്സുകള്‍. പഠന കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളെ ഭരണപ്രക്രിയയുമായി കൂട്ടിയിണക്കി വികസനം സാധ്യമാക്കുകയും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പ്രക്രിയയുടെ ഉദ്ദേശ്യം. 2024ല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള അഞ്ചാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ്സിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വികസന മേഖലകള്‍ സംബന്ധിച്ച് പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇതിന്റെ ഭാഗമായാണ് കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്കുള്ള വേദിയായി മെയ് 20–22 തീയതികളില്‍ തൃശ്ശൂരില്‍ നടന്ന ‘കേരളത്തിലെ കൃഷി’ എന്ന സെമിനാര്‍ നടത്തിയത്.

കര്‍ഷകര്‍ മുതല്‍ ഗവേഷകര്‍ വരെ
മനുഷ്യന് ഭക്ഷണം ഒഴിവാക്കി ജീവിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും സ്വായത്തമല്ലാത്തതിനാല്‍ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ ഘടകമാണ് കൃഷി. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവ ധാരാളം ചര്‍ച്ചകളും സിമ്പോസിയങ്ങളും പഠനപരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍/കര്‍ഷകത്തൊഴിലാളികൾ മുതല്‍ കാര്‍ഷിക മേഖലയിലെ ഗവേഷകര്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദകര്‍ മുതല്‍ ഭക്ഷ്യസംസ്കരണ രംഗത്തെ വമ്പന്‍ കമ്പനികളെവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കാർഷികസെമിനാര്‍ ഒരു പ്രത്യേക അനുഭവമായി മാറി.

ചെറുകിട കൃഷിയിടങ്ങളില്‍ നിന്നുള്ള കുറഞ്ഞതോതിലുള്ള ഉല്പാദനമിച്ചം ശേഖരിക്കാനോ വിറ്റഴിക്കാനോ ഉള്ള കാര്യക്ഷമമായ സംവിധാനങ്ങളുടെ അഭാവമാണ് കേരളത്തിലെ കൃഷി അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി. കാര്‍ഷികോല്പാദന സമാഹരണത്തിനും വിപണനത്തിനും സംസ്കരണത്തിനും വിജയകരമായി ഇടപെടുന്ന മയ്യില്‍, പള്ളിയാക്കല്‍ സഹകരണ ബാങ്കുകള്‍, കഞ്ഞിക്കുഴി പഞ്ചായത്ത് തുടങ്ങിയവയുടെ അനുഭവാവതരണങ്ങള്‍ പ്രാദേശികമായി കാര്‍ഷിക വികസനത്തില്‍ ഇടപെടുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുകയും അവ എങ്ങനെ തരണംചെയ്യാമെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ മേഖലയിലെ മറ്റ് ശ്രദ്ധേയമായ ഇടപെടല്‍ സാധ്യതകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിപണന ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ഈ മേഖലയില്‍ നാം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. ‘വിത്തു മുതല്‍ വിപണി വരെ’ എന്നതില്‍ നിന്നും മാറി ‘വിത്തു മുതല്‍ വിത്തു വരെ’ എന്നതിലേക്ക് നാം മാറണം. സമഗ്രവും ഉദ്ഗ്രഥിതവുമായ സമീപനം ഈ വിഷയത്തില്‍ ആവശ്യമാണ്.

കോവിഡാനന്തര അതിജീവനത്തില്‍ വനിതാകര്‍ഷകരുടെയും സ്ത്രീകൂട്ടായ്മകളുടെയും പെണ്‍കരുത്ത് വിളിച്ചോതുന്ന അനുഭവസാക്ഷ്യങ്ങള്‍ ആവേശകരമായി.
വിദ്യാലയങ്ങളിലെ കൃഷിയിടപെടലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഭാവികേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.‘പാഠം ഒന്ന് പാടത്തേയ്ക്ക്’ തുടങ്ങിയ നിരവധി പരിപാടികളാണ് കേരളത്തിലങ്ങോളമിങ്ങോളം സ്കൂളുകളില്‍ നടന്നത്. കുട്ടികള്‍ക്ക് നേരിട്ട് കൃഷി ചെയ്യുവാനും കൃഷിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാനും സര്‍വ്വോപരി നമുക്ക് അന്നം നല്‍കുന്ന കര്‍ഷകരെ ആദരവോടെ നോക്കിക്കാണാനും ഈ പരിപാടികള്‍ വഴിയൊരുക്കുന്നു.

ഏകവിള, ബഹുവിള, സമ്മിശ്രക്കൃഷി എന്നിവ സംബന്ധിച്ച ഒട്ടേറെ വിജയഗാഥകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും അവതരിപ്പിക്കപ്പെട്ടു. സംസ്ഥാന–കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ വനിതാ–യുവകര്‍ഷകരുടെ അനുഭവവിവരണങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് നിസ്സംശയം പറയാം. കാര്‍ഷിക യന്ത്രവത്കരണം ഫലപ്രദമായി നടപ്പാക്കിയ കര്‍ഷക –കര്‍ഷകത്തൊഴിലാളി കൂട്ടായ്മകള്‍, വിദേശരാജ്യങ്ങളില്‍വരെ തെങ്ങുകയറ്റ പരിശീലനത്തിനു നേതൃത്വം നല്‍കിയ വനിതയുടെ അനുഭവ വിവരണങ്ങൾ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തിയത് സംബന്ധിച്ച പത്തോളം അനുഭവക്കുറിപ്പുകള്‍, വിത്തു മുതല്‍ വിളവെടുപ്പുവരെയും കര്‍ഷകന് കൈത്താങ്ങായി നില്‍ക്കുന്ന സഹകരണ സ്ഥാപനങ്ങള്‍, പങ്കാളിത്ത കാര്‍ഷിക വികസന മാതൃകകള്‍, ഭൗമസൂചികാപദവിയുള്ള വിളകളുടെ കൃഷിയറിവ് പങ്കുവെച്ച കര്‍ഷകര്‍, നൂതനസങ്കേതങ്ങള്‍ കൃഷിയിലും വിപണനത്തിലും പരീക്ഷിക്കുന്ന യുവകര്‍ഷക സംരംഭകര്‍, മാതൃകാപരമായ കാര്‍ഷിക ഇടപെടലുകളുടെ അനുഭവങ്ങളുമായി വന്ന പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിങ്ങനെ ഒന്നാം ദിനം 60 സമാന്തര സെഷനുകളിലായി ഇരുന്നൂറോളം അനുഭവങ്ങളാണ് കൃഷിയെ സ്നേഹിക്കുന്ന ആയിരത്തി ഇരുന്നൂറോളം ആളുകളുമായി പങ്കുവെയ്ക്കപ്പെട്ടത്. കര്‍ഷക–കര്‍ഷകത്തൊഴിലാളി സംഘടനാ നേതാക്കള്‍, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ സെഷനുകളായി നടത്തപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുകയും ആയത് കാലതാമസം കൂടാതെ കര്‍ഷകന്റെ അക്കൗണ്ടിലേക്ക്/കൈകളിലേക്ക് എത്തിക്കുകയും ചെയ്താല്‍, ആദായകരമായ ഏതു കൃഷി ചെയ്യുന്നതിനും കര്‍ഷകര്‍ തയ്യാറാകുമെന്ന് ഈ അനുഭവാവതരണങ്ങള്‍ സൂചിപ്പിക്കുന്നു.

കാർഷിക സെമിനാറിന്റെ രണ്ടാംദിനം മാറ്റിവയ്ക്കപ്പെട്ടത് കേരളത്തിലെ കാര്‍ഷിക മുരടിപ്പിനു കാരണമായ വസ്തുതകള്‍, മുന്നോട്ടുള്ള പ്രയാണത്തിനുള്ള പോംവഴികള്‍, വെല്ലുവിളികള്‍ എന്നിവ ഗവേഷകരുടെയും പ്രഗത്ഭരുടെയും അവതരണങ്ങളിലൂടെ കര്‍ഷകരില്‍ എത്തിക്കുന്നതിനും ആരോഗ്യകരമായ സംവാദത്തിനുള്ള വേദി ഒരുക്കുന്നതിനുമായിരുന്നു. ഉല്പാദന, ഉല്പാദനക്ഷമതാ വര്‍ദ്ധനവിനാവശ്യമായ വിളപരിപാലന രീതികള്‍, വിളകളുടെ കാര്യക്ഷമമായ വിപണന സമീപനങ്ങള്‍, വരുമാന വര്‍ദ്ധനവിനുതകുന്ന മൂല്യവര്‍ദ്ധനാസാധ്യതകള്‍, കാര്‍ഷിക പുരോഗതിക്കുവേണ്ടിയുള്ള സ്ഥാപനസംവിധാനങ്ങള്‍ എന്നിങ്ങനെ നാലു പ്രധാന വിഷയങ്ങളെ ആസ്പദമാക്കി സമാന്തരസെഷനുകളില്‍ നൂറോളം അവതരണങ്ങള്‍ നടത്തപ്പെടുകയുണ്ടായി.

കേരളത്തിന്റെ വിളയായ തെങ്ങിന്റെ ഉല്പാദനക്ഷമത കൂട്ടുവാനുള്ള ചര്‍ച്ചയ്ക്കൊപ്പംതന്നെ നൂറുവര്‍ഷം പിന്നിട്ട ‘കാറ്റു വീഴ്ച’ രോഗത്തിന്റെ ഇന്നത്തെ സ്ഥിതിവിവരം അവലോകനം ചെയ്യുന്ന പ്രത്യേക സെഷനുമുണ്ടായിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും നാളികേര വികസന ബോര്‍ഡിലേയും കാര്‍ഷിക സര്‍വ്വകലാശാലയിലേയും ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സംവാദം ‘കാറ്റുവീഴ്ച’ രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവി മൈക്കോപ്ലാസ്മ തന്നെയാണോ എന്ന് ഇപ്പോഴും സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ തെങ്ങിന്റെ ശാസ്ത്രീയപരിചരണവും കൽപ വജ്ര എന്ന സിപിസിആർഐയുടെ കായംകുളം സെന്റർ വികസിപ്പിച്ച പ്രതിരോധശേഷിയുള്ള തെങ്ങിനത്തിന്റെ വ്യാപനവും മാത്രമാണ് നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പോംവഴി എന്ന് വ്യക്തമാക്കി.

നാളികേര കര്‍ഷകരുടെ വരുമാനവര്‍ദ്ധനവില്‍ ‘നീര’ ഉല്പാദനത്തിന്റെ സാധ്യതയും, വെല്ലുവിളികളും മറ്റൊരു പ്രധാന സെഷനായിരുന്നു. നീര ഉല്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള നാളികേര ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികളുടെ സുസ്ഥിരതയ്ക്ക് എഫ്പിഐകളുടെ കടബാധ്യത തരണം ചെയ്യുന്നതിനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍, പരിശീലനം സിദ്ധിച്ച തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യത, നീരയ്ക്ക് അനുയോജ്യമായ വിപണി കണ്ടെത്തല്‍ എന്നിവ അനിവാര്യമാണ്.

ഉല്പാദനക്രമങ്ങളുടെയും വിളകളുടെയും ഉല്പാദനക്ഷമതാ – വര്‍ദ്ധനവിനുതകുന്ന പുതിയ വിത്തുകള്‍, ഉത്തമ കൃഷിരീതികള്‍, ഫാം പ്ലാന്‍ അധിഷ്ഠിത കൃഷി, സംയോജിത രോഗകീടപരിപാലനമുറകള്‍, സംയോജിത കൃഷി മാതൃകകള്‍, കാര്യക്ഷമമായ ജലസേചനരീതികള്‍, നൂതന സങ്കേതങ്ങളായ ബയോ ടെക്നോളജി, നാനോ ടെക്നോളജി എന്നിവയിലൂടെ കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ മുന്നോട്ടുവച്ചു.

കൃഷിഭൂമിയുടെ ലഭ്യത ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ഈ കൊച്ചുകേരളത്തില്‍ കാര്‍ഷിക വികസനത്തിനുതകുന്ന ബദല്‍ സംവിധാനങ്ങളായ കര്‍ഷക കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍, കാര്‍ഷികോല്പന്ന സമാഹരണത്തിനും സംഭരണത്തിനുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും പരിമിത പരിഹാര മാര്‍ഗ്ഗങ്ങളും തുടങ്ങിയ വിഷയങ്ങളും വിദഗ്ധര്‍ ചര്‍ച്ച ചെയ്തു.

ഉല്പന്ന മൂല്യവര്‍ദ്ധനവിനുതകുന്ന സാങ്കേതികവിദ്യകള്‍, പരിശീലനങ്ങള്‍, സാങ്കേതിക പിന്തുണാസംവിധാനങ്ങള്‍ എന്നിവ നിലവില്‍ ലഭ്യമായ സ്ഥാപനങ്ങള്‍, അവയുടെ പ്രവര്‍ത്തന പരിപാടികള്‍ എന്നിവയൊക്കെ കര്‍ഷകശ്രദ്ധ ആകര്‍ഷിച്ച അവതരണങ്ങളായിരുന്നു.

കര്‍ഷകരോടൊപ്പംതന്നെ തുല്യപ്രാധാന്യമര്‍ഹിക്കുന്ന കര്‍ഷകതൊഴിലാളികളുടെ പ്രശ്നങ്ങളും കര്‍ഷകത്തൊഴിലാളി കൂട്ടായ്മകള്‍ രൂപീകരിക്കേണ്ടതിന്റെ അനിവാര്യതയും തൊഴില്‍ സേനകളുടെ അനന്തസാധ്യതകളും സെമിനാര്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. നമ്മുടെ മുന്നിലുള്ള തൊഴില്‍ സേനാ മാതൃകകളെയും സഹകരണബാങ്കുകളുടെ കൃഷി വകുപ്പിന്റെ/പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള മാതൃകകളെയും കുറിച്ചുള്ള പഠനങ്ങള്‍ ഏറെ പ്രയോജനകരമായി. തൊഴില്‍ സേനകള്‍ക്കാവശ്യമായ നൈപുണിവികസന പരിശീലനങ്ങളും ചെറുകിടയന്ത്രങ്ങളും ലഭ്യമാക്കുന്നതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

കാലാവസ്ഥാ വ്യതിയാനം സാമ്പ്രദായികമായി തുടര്‍ന്നുവന്നുകൊണ്ടിരുന്ന കൃഷിമുറകളിലും വിള ക്രമങ്ങളും വ്യത്യാസപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതോടൊപ്പം, കര്‍ഷകര്‍ റിസ്ക് മാനേജ്മെന്റിലും വിള ഇന്‍ഷുറന്‍സിലും നേരിടുന്ന വെല്ലുവിളികളും ഗൗരവമായിത്തന്നെ സെമിനാര്‍ ചര്‍ച്ച ചെയ്തു. കാലാവസ്ഥയ്ക്കനുയോജ്യമായ കൃഷിരീതികള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും സെമിനാറില്‍ നിര്‍ദ്ദേശമുയര്‍ന്നു.

സാമ്പ്രദായിക രീതികളില്‍നിന്നും മാറി നൂതനവും ആവശ്യാനുസൃതവുമായ കാര്‍ഷിക ഗവേഷണങ്ങള്‍ക്ക് അര്‍ഹമായ തോതില്‍ ധനസഹായം നല്‍കുന്നതിന് ചുമതലപ്പെട്ട സംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനുവദിക്കുന്ന ഫണ്ട് കാര്യക്ഷമമായ ഗവേഷണത്തിന് വിനിയോഗിക്കപ്പെടുന്നുണ്ട് എന്ന് ചുമതലപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച അവതരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി, ഇന്ദ്രിയ സംയോജനത്തിനുള്ള പൂന്തോട്ടം എന്നിവയായിരുന്നു അവ. കൃഷിയും സംസ്കരണവും ചർച്ച ചെയ്തു. വിളകളിലെ കീടനാശിനി അവശിഷ്ടം സംബന്ധിച്ച പഠനങ്ങളും സെമിനാറില്‍ അവതരിപ്പിക്കപെട്ടു.

ശ്രദ്ധേയമായ പ്ലീനറി സെഷനുകള്‍
സമാന്തര സെഷനുകള്‍ കൂടാതെ കാര്‍ഷിക നയങ്ങള്‍ സംബന്ധിച്ച ഗൗരവമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്ലീനറി സെഷനുകളും സംഘടിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യകരാറുകള്‍ കേരളത്തിലെ കൃഷിമേഖലയിൽ, പ്രത്യേകിച്ചും വാണിജ്യവിളകളുടെമേല്‍ ചെലുത്തുന്ന സ്വാധീനം, കാലാവസ്ഥാ വ്യതിയാനവും ആ മേഖലയില്‍ ഇടപെടുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളും കര്‍മ്മപരിപാടികളും മുന്‍ഗണനകളും എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം ഒരു ആഗോളപ്രശ്നമായതിനാല്‍ ലോക കാര്‍ബണ്‍ ബജറ്റിന്റെ സിംഹഭാഗവും ഇതിനകംതന്നെ വിനിയോഗിച്ചു കഴിഞ്ഞ വികസിത രാഷ്ട്രങ്ങള്‍, അവികസിത രാജ്യങ്ങളോട് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിലെ വൈരുധ്യം ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒരു ഭൂപ്രദേശത്തിനു മാത്രമായി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഏറ്റെടുക്കുന്നത് അശാസ്ത്രീയമാണെന്നും അത്തരം പദ്ധതികള്‍ക്ക് ചെലവാകുന്ന പണം കാലാവസ്ഥയ്ക്കനുകൂലമായ കാര്‍ഷിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിനിയോഗിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘കാര്‍ഷികോല്പന്ന മൂല്യവര്‍ദ്ധനവിലെ സ്വകാര്യ നിക്ഷേപങ്ങളും സാധ്യതകളും, എന്ന വിഷയത്തിൽ അഗ്രി ബിസിനസ്സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്ലീനറി സെഷനായിരുന്നു. ഈ മേഖലയിലെ മുഖ്യ പ്രശ്നം ആവശ്യത്തിന് അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് എന്ന വസ്തുത കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അസംസ്കൃതവസ്തുക്കളുടെ ആവശ്യാനുസൃത ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇതിനായി കര്‍ഷകരും കാര്‍ഷിക വ്യവസായ സംരംഭകരും തമ്മിലുണ്ടാവേണ്ട ആരോഗ്യകരമായ പരസ്പര ബന്ധവും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രാദേശികമായി ആവശ്യത്തിന് അസംസ്കൃത വസ്തുക്കള്‍ സ്ഥിരമായി ലഭിക്കുന്നില്ല എന്നതാണ് കാര്‍ഷിക മേഖലയിലെ വ്യവസായ സംരംഭകര്‍ ചൂണ്ടിക്കാണിച്ച പ്രധാന വെല്ലുവിളി. മുന്‍കൂട്ടിയുള്ള പ്ലാന്‍ അനുസരിച്ചുള്ള കൃഷിയ്ക്കും, ആവശ്യക്കാരായ കാര്‍ഷികാധിഷ്ഠിത വ്യവസായ സംരംഭകരുമായി ബന്ധം സ്ഥാപിക്കുന്നതിനും നിലവിലുള്ള മാതൃകകള്‍ പര്യാപ്തമല്ല എന്നും കാര്യക്ഷമമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വെളിപ്പെടുത്തുന്നു. മുന്‍ കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍തന്നെ ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഏറെ ശ്രദ്ധേയമായി.

പുത്തന്‍ സാങ്കേതികവിദ്യയെക്കുറിച്ചും അവ കാര്‍ഷിക മേഖലയുടെ വികസനത്തിന് എങ്ങനെ ഉപയോഗപ്രദമാക്കാമെന്നതിനെ സംബന്ധിച്ചും പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ, നാനോ ടെക്നോളജി, മൂല്യവര്‍ദ്ധന ശൃംഖല എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കാര്‍ഷിക നയരൂപീകരണത്തിന് ദിശാബോധം നല്‍കുന്നതാണ്.

കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗുണനിലവാരമുള്ള വിത്തുകളുടെയും നടീല്‍വസ്തുക്കളുടെയും പങ്ക് ഏറെയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല വിവിധ വിളകളുടെ 300ലേറെ പുതിയ ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നെല്‍ക്കൃഷിയുടെ 90 ശതമാനവും, പച്ചക്കറികൃഷിയുടെ 80 ശതമാനവും കെഎയു ഇനങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത് എന്ന് ആധികാരികമായിത്തന്നെ സെമിനാറില്‍ വെളിവാക്കപ്പെട്ടു.

കേരളത്തിലെ കൃഷി ‏ 
ഇനിയെങ്ങോട്ട് ?
അനുഭവ സാക്ഷ്യങ്ങളെയും ശാസ്ത്രീയ സമീപനങ്ങളെയും അധികരിച്ച് ഒന്നും രണ്ടും ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ക്രോഡീകരണമാണ് മൂന്നാം ദിവസം നടന്നത്. സെഷന്‍ കോഡിനേറ്റര്‍മാര്‍ രേഖപ്പെടുത്തിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ സെമിനാറിന്റെ മുഖ്യ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങളില്‍ നിന്നും പങ്കെടുത്തവരുടെ നേതൃത്വത്തില്‍ സംപുഷ്ടീകരിച്ച് പ്ലീനറി സെഷന്‍ അവതരിപ്പിച്ചു.

കേരളത്തിന്റെ കാര്‍ഷിക മേഖലയെ മുന്നോട്ടു നയിക്കുന്നതിനുള്ള വളരെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. നെല്ല്, തെങ്ങ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിളകളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പംതന്നെ വിപണി ഉറപ്പാക്കുന്നതിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളിലൂടെ കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നെല്‍ക്കൃഷി നിലനിര്‍ത്താന്‍ ഉല്‍പ്പാദനോപാധികള്‍ സമയബന്ധിതമായി കൃഷിയിടത്തില്‍ എത്തിക്കേണ്ടതുണ്ട്; അതോടൊപ്പം സംഭരിച്ച നെല്ലിന്റെ വില കാലതാമസം കൂടാതെ കര്‍ഷകര്‍ക്കു നല്‍കുന്നതിനുള്ള സംവിധാനങ്ങളും കാര്യക്ഷമമാക്കണം. കൃഷി നിലങ്ങള്‍ പരിരക്ഷിക്കുന്നതിനും നെല്‍കര്‍ഷകരെ പരിസ്ഥിതി സംരക്ഷകരായിക്കണ്ട് ഇന്‍സെന്റീവ് നല്‍കുന്നതിനും സമൂഹം തയ്യാറാകണം. സെമിനാറില്‍ ഉയര്‍ന്നുവന്ന മറ്റു സുപ്രധാന നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്നതിനായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തുക.
മൊബൈല്‍ ആപ്പുകളുടെ സാധ്യത പ്രയോജനപ്പെടുത്തി പ്രാദേശിക ഡിമാന്റ് മുന്‍കൂട്ടി അറിയുന്നതിനും അതനുസരിച്ച് വിപണന ശൃംഖല ക്രമീകരിക്കുന്നതിനും കഴിയണം.
മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കാര്‍ഷിക വിപണന (Directorate of Agricultural Marketing and Price) ഡയറക്ടറേറ്റിന് രൂപം നല്‍കുക.
കാര്‍ഷിക വിളകള്‍ക്കുള്ള വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കുക
അഗ്രി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക.
ഡിമാൻഡ് ഫോര്‍കാസ്റ്റ്, പ്രൊഡക്ഷന്‍ ഫോര്‍കാസ്റ്റ്, മാര്‍ക്കറ്റ് ഫോര്‍കാസ്റ്റ്, ഫാം പ്ലാന്‍, എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള കാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
സമാഹരണം– സംഭരണം– മൂല്യവര്‍ദ്ധനവ് – വിപണന ഔട്ട്ലെറ്റുകള്‍ എന്നിവയുടെ സംഘാടനത്തില്‍ സഹകരണ മേഖലയുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുക.
നിലവില്‍ ലഭ്യമായ അഗ്രി ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍, കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ എന്നീ സ്ഥാപനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയും കര്‍ഷകര്‍ക്കും മറ്റും സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക.
കര്‍ഷകരുടെയും വിളകളുടെയും കൃത്യമായ ഡാറ്റാ ബേസ് തയ്യാറാക്കുകയും അവ എല്ലാ വിഭാഗത്തിനും ലഭ്യമാക്കുകയും ചെയ്യുക.
ഭൗമസൂചികാ പദവി കിട്ടിയിട്ടുള്ള കാര്‍ഷിക വിളകള്‍, ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് ഉയര്‍ന്ന വിപണി മൂല്യം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക.
കാലാവസ്ഥയില്‍ കാതലായ മാറ്റം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥയ്ക്കനുയോജ്യമായ കാര്‍ഷിക രീതികളും ഇനങ്ങളും വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

2023 മെയ് 20–ാം തീയതി തൃശ്ശൂര്‍ ദേവമാതാ പബ്ലിക്–സ്കൂളില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ പ്രൗഢഗംഭീരമായ ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ എസ് രാമചന്ദ്രന്‍ പിള്ള പഠന കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും രാഷ്ട്രീയ–സാമൂഹ്യ പശ്ചാത്തലവും വിശദമാക്കി. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് സെമിനാറിന്റെ സംഘാടനരീതി വിശദീകരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍.ബിന്ദു, കെ കൃഷ്ണന്‍കുട്ടി, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എംഎല്‍എമാരായ മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കേരള കര്‍ഷക സംഘം പ്രസിഡന്റ് എം. വിജയകുമാര്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എം. ചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. നമശിവായം, ഡോ. ആര്‍ രാംകുമാര്‍, ഡോ. ജിജു പി അലക്സ്, മുന്‍മന്ത്രിമാരായ വി സുനില്‍കുമാര്‍, ഡോ. രവീന്ദ്രനാഥ് എന്നിവര്‍ വിവിധ പ്ലീനറി സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. തൃശ്ശൂരിലെ സി ഒ പൗലോസ് മാസ്റ്റര്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ സജീവ പിന്തുണയോടെ നടത്തപ്പെട്ട കാര്‍ഷിക സെമിനാറിന് സംഘാടക സമിതി ചെയര്‍മാന്‍ എം എം വര്‍ഗ്ഗീസ്, എ സി മൊയ്തീന്‍ എംഎല്‍എ, യു പി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കേരളത്തിന്റെ കാര്‍ഷിക മേഖലയെ മുന്നോട്ടു നയിക്കുന്നതിനായി ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ 2024ല്‍ നടക്കുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച് കൂടുതല്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + ten =

Most Popular